2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സാമ്പത്തികനയം പിന്തുടരൂവെന്ന് ധനമന്ത്രി നിര്‍മലയുടെ ഭര്‍ത്താവ് ബി.ജെ.പിയോട്

 

ന്യൂഡല്‍ഹി: ഇന്ത്യ അതീവ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുന്ന ഈ ഘട്ടത്തില്‍ സാമ്പത്തിക വിദഗ്ധനായ കോണ്‍ഗ്രസ് നേതാവ് ഡോ. മന്‍മോഹന്‍ സിങ്ങിന്റെ നയങ്ങള്‍ പിന്തുടരണമെന്ന് ബി.ജെ.പിയോട് അഭ്യര്‍ത്ഥിച്ച് ധനമന്ത്രി നിര്‍മല സീതാരാന്റെ ഭര്‍ത്താവ് പറകല പ്രഭാകര്‍. 90കളില്‍ ആഗോളതലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിക്ക് പിടികൊടുക്കാതെ ഇന്ത്യയെ പിടിച്ചുനിര്‍ത്തിയ ‘നരസിംഹറാവു- മന്‍മോഹന്‍ സാമ്പത്തികശില്‍പ്പികളി’ല്‍ നിന്ന് ആശയം സ്വീകരിക്കൂവെന്ന് ദി ഹിന്ദുവില്‍ ഇന്ന് എഴുതിയ ലേഖനത്തിലാണ് പ്രഭാകര്‍ അഭ്യര്‍ത്ഥിച്ചത്. 1991ല്‍ നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മോന്‍മോഹന്‍ സിങ് സ്വീകരിച്ച ഉദാരവല്‍കരണത്തെ സൂചിപ്പിച്ചായിരുന്നു പ്രഭാകറിന്റെ അഭ്യര്‍ത്ഥന.

 

പ്രഭാകര്‍ ഭാര്യ നിര്‍മലക്കൊപ്പം

ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സാമ്പത്തികരംഗത്ത് മികച്ച പദ്ധതികള്‍ കൊണ്ടുവരാന്‍ ബി.ജെ.പിക്കു കഴിഞ്ഞിട്ടില്ലെന്നു കുറ്റപ്പെടുത്തിയ അദ്ദേഹം, 1991ലെ റാവു- മന്‍മോഹന്‍ നയത്തെ ബി.ജെ.പി ചോദ്യംചെയ്യുകയോ തള്ളുകയോ ഉണ്ടായിട്ടില്ലെന്ന കാര്യവും ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് നേതാവായ സര്‍ദാര്‍ പട്ടേലിനെ ബി.ജെ.പി ഏറ്റെടുത്തതു പോലെ, സാമ്പത്തിക കാര്യത്തില്‍ ബി.ജെ.പിയുടെ പട്ടേല്‍ ആവേണ്ടിയിരുന്നു റാവുവെന്നും അദ്ദേഹം തന്റെ കോളത്തില്‍ അഭിപ്രായപ്പെട്ടു.

മുന്‍ ബി.ജെ.പി നേതാവായ പ്രഭാകര്‍ ആണ് നിര്‍മലാ സീതരാമനെ ബി.ജെ.പിയിലേക്ക് കൊണ്ടുവന്നതെങ്കിലും ആശയപരമായി ഇരുവരും ഇപ്പോള്‍ രണ്ടുദ്രുവങ്ങളിലാണ്. ജെ.എന്‍.യുവില്‍ പഠിക്കുന്ന കാലത്തെ പ്രണയമാണ് ഇരുവരെയും ഒന്നിപ്പിച്ചത്. ആദ്യം കോണ്‍ഗ്രസ് അനുഭാവിയായിരുന്ന പ്രഭാകര്‍, കേരള പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്‍.എസ്.യു പ്രസിഡന്റായിരിക്കുമ്പോള്‍ വൈസ് പ്രസിഡന്റായിരുന്നു. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ബി.ജെ.പിയില്‍ സജീവമായിരുന്നു പ്രഭാകര്‍. ഇക്കാലത്താണ് നിര്‍മ്മലയും ബി.ജെ.പിയോട് അടുക്കുന്നത്. 2006ല്‍ നിര്‍മ്മല ബി.ജെ.പിയില്‍ ഔദ്യോഗിക അംഗത്വമെടുത്തു. പിന്നീട് അവര്‍ പാര്‍ട്ടിയുടെ ദേശീയ വക്താവായതോടെ പ്രഭാകര്‍ ബിജെപി വിട്ട് ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിയില്‍ ചേര്‍ന്നു. എന്നാല്‍ നിര്‍മ്മല സീതാരാമന്‍ ബിജെപിയില്‍ തന്നെ തുടര്‍ന്നു.

ആന്ധ്രയില്‍ ടി.ഡി.പി അധികാരത്തിലെത്തിയ ഉടന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഭാകറെ കാബിനറ്റ് റാങ്കുള്ള കമ്യൂണിക്കേഷന്‍ ഉപദേശകന്‍ എന്ന പദവിയില്‍ നിയമിച്ചിരുന്നു. വെസ്റ്റ് ഗോദാവരിയിലെ നരസപുരത്തു നിന്ന് രണ്ടു വട്ടം നിയമസഭയിലേക്ക് കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചു തോറ്റ പ്രഭാകര്‍ മുന്‍പ് പി.വി. നരസിംഹ റാവുവിന്റെ വലംകൈ ആയിരുന്നു. ഒരു വട്ടം മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ പാര്‍ലമെന്റിലേക്കും മല്‍സരിച്ചു തോറ്റതോടെ പാര്‍ലമെന്ററി രാഷ്ട്രീയത്തോട് വിടപറയുകയായിരുന്നു. ഹൈദരാബാദിലെ കാവേരി ഹില്‍സ് ഫേസ്-1ല്‍ റൈറ്റ് ഫോളിയോ എന്ന ഡിജിറ്റില്‍് മാര്‍ക്കറ്റിങ് സ്ഥാപനം നടത്തിവരികയാണ് ഇപ്പോള്‍ പ്രഭാകര്‍.

Embrace Manmohan’s Economic Model: FM Sitharaman’s Husband to BJP


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.