2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ആണുങ്ങള്‍ക്ക് കഴിയാത്തത് സാധിച്ച് ഓസ്‌ട്രേലിയയുടെ വനിതാ ഓള്‍ റൗണ്ടര്‍ എലീസ പെറി; ട്വന്റിയില്‍ 1000 റണ്‍സും 100 വിക്കറ്റും തികയ്ക്കുന്ന ആദ്യതാരം

 

ലണ്ടന്‍: ആണുങ്ങള്‍ക്ക് കഴിയാത്തത് സാധിച്ചെടുത്ത് ഓസ്‌ട്രേലിയന്‍ വനിതാ ടീം ഓള്‍ റൗണ്ടര്‍ എലീസ പെറി. ട്വന്റി- 20 ക്രിക്കറ്റില്‍ 1,000 റണ്‍സും 100 വിക്കറ്റും തികയ്ക്കുന്ന ആദ്യതാരമായി മാറിയിരിക്കുകയാണ് എലീസ പെറി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് പെറി റെക്കോഡ് സ്വന്തമായത്. വമ്പന്‍ ഓള്‍റൗണ്ടര്‍മാര്‍ നിരവധിയുണ്ടെങ്കിലും പുരുഷ ക്രിക്കറ്റില്‍ ഇതിനുമുമ്പ് ആര്‍ക്കും ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല.

കഴിഞ്ഞവര്‍ഷം നവംബര്‍ 24നുനടന്ന ട്വന്റി-20 വനിതാ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന്റെ നതാലി ഷിവറെ പുറത്താക്കി പെറി 100 വിക്കറ്റ് തികച്ചിരുന്നു. ഇത്തവണ ഇംഗ്ലണ്ടിനെതിരേ വ്യക്തിഗത സ്‌കോര്‍ 45 റണ്‍സിലെത്തിയപ്പോളാണ് 1000 റണ്‍സ് കടന്നത്. മത്സരത്തില്‍ പുറത്താകാതെ 47 റണ്‍സുമെടുത്തു.

 

28കാരിയായ എലീസ പെറി 2008ല്‍ ഇംഗ്ലണ്ടിനെതിരേയാണ് അരങ്ങേറിയത്. 104 മത്സരം കളിച്ച താരം 60 ഇന്നിങ്‌സുകളില്‍നിന്ന് 1005 റണ്‍സ് നേടി. മൂന്ന് അര്‍ധസെഞ്ചുറിയുണ്ട്. ബൗളിങ്ങില്‍ 103 വിക്കറ്റാണുള്ളത്. 12 റണ്‍സിന് നാലുവിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഏകദിന ക്രിക്കറ്റില്‍ 4948 റണ്‍സും 145 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ടെസ്റ്റില്‍ എട്ടു മത്സരങ്ങളില്‍നിന്നായി 564 റണ്‍സും 31 വിക്കറ്റുമുണ്ട്.

ക്രിക്കറ്റില്‍ പെറിക്ക് തൊട്ടടുത്തുള്ളത് പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷാഹീദ് അഫ്രീദിയാണ്. 1416 റണ്‍സും 98 വിക്കറ്റുമാണ് പാക് താരത്തിനുള്ളത്. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് 1471 റണ്‍സും 88 വിക്കറ്റുമുണ്ട്.

 

കായികതാരങ്ങളുടെ കുടുംബമാണ് പെറിയുടെത്. ക്രിക്കറ്റ് താരവും സ്‌ക്വാഷ് കളിക്കാരനുമാണ് അച്ഛന്‍ മാര്‍ക്. മികച്ച നീന്തല്‍താരമാണ് അമ്മ കാത്തി. ഫുട്‌ബോളിലും ക്രിക്കറ്റിലും ഒരേ പോലെ കഴിവുതെളിയിച്ചയാളാണ് സഹോദരന്‍ ഡാമിയന്‍. ഓസ്‌ട്രേലിയന്‍ റഗ്ബി താരം മാര്‍ക് ടൂമ്വയാണ് ഭര്‍ത്താവ്.

Ellyse Perry first player ever to reach 1000 runs, 100 wickets in T20sI


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.