2019 October 23 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മുത്തങ്ങയില്‍ ലോറിയിടിച്ച് പരുക്കേറ്റ കാട്ടാന ചരിഞ്ഞു

സുല്‍ത്താന്‍ബത്തേരി: ലോറിയിടിച്ച് ഗുരുതരമായി പരുക്കേറ്റ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് മുത്തങ്ങ റെയിഞ്ചില്‍ കൗണ്ടന്‍മൂല വനമേഖലയില്‍ 25 വയസുള്ള പിടിയാനയെ ചരിഞ്ഞ നിലയില്‍ ആനയെ നിരീക്ഷിക്കാനായി പോയ വനപാലകര്‍ കണ്ടെത്തിയത്. ലോറിയിടിച്ച് വാരിയെല്ലിനും മുന്‍കാലിനും സാരമായി പരുക്കേറ്റ ആന പരുക്കിനെ അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് പ്രാഥമിക ചികിത്സ നല്‍കിയ ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍സക്കറിയ ബുധനാഴ്ച തന്നെ വ്യക്തമാക്കിയിരുന്നു.
ചൊവ്വാഴ്ച രാത്രി 8.30ടെയാണ് മുത്തങ്ങ പൊന്‍കുഴിക്ക് ദേശീയപാത 766ല്‍ വച്ച് ആനയെ ലോറി ഇടിച്ചത്. ആനക്കൂട്ടം റോഡ് മുറിച്ചുകടക്കുന്നതിനിടെ മൈസൂരു ഭാഗത്തുനിന്നും വരുകയായിരുന്ന ലോറി അതിലൊന്നിനെ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആനയുടെ മുന്നിലെ വലതുകാലിന് സാരമായി പരുക്കേല്‍ക്കുകയും വാരിയെല്ലിന് പൊട്ടല്‍ സംഭവിക്കുകയും ചെയ്തിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പാതയോരത്ത് വീണുപോയ ആന പിന്നീട് കാട്ടിലേക്ക് നീങ്ങിയിരുന്നു. തുടര്‍ന്ന് ബുധനാഴ്ച രാവിലെ വനംവകുപ്പ് പരുക്കേറ്റ ആനക്ക് സമീപം നിലയുറപ്പിച്ച ആനക്കൂട്ടത്തെ കുങ്കിയാനകളെ ഉപയോഗിച്ച് തുരത്തുകയും മയക്കുവെടിവച്ച് പ്രാഥമിക ചികില്‍സ നല്‍കി വിടുകയുമായിരുന്നു.
സംഭവത്തില്‍ അന്നുതന്നെ അറസ്റ്റിലായ ലോറി ഡ്രൈവര്‍ ബാലുശ്ശേരി സ്വദേശി സമീജി(26)നെ ബുധനാഴ്ച സുല്‍ത്താന്‍ ബത്തേരി കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. അതേസമയം ആന ലോറിയിടിച്ച് ചരിഞ്ഞ സാഹചര്യത്തില്‍ ദേശീയപാതയില്‍ പട്രോളിങ് നടത്താന്‍ വനം വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. വൈകിട്ട് ആറ് മുതല്‍ രാത്രി ഒന്‍പത് വരെ പട്രോളിങ് നടത്താനാണ് തീരുമാനമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.

അപകടം കേസില്‍ കേരളത്തിന് വിനയാകാന്‍ സാധ്യത

കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ പൊന്‍കുഴിക്കു സമീപം കാട്ടാന ചരക്കുലോറിയിടിച്ചു ചരിഞ്ഞ സംഭവം കോഴിക്കോട് -കൊല്ലഗല്‍ ദേശീയപാത 766ലെ രാത്രിയാത്ര വിലക്കുമായി ബന്ധപ്പെട്ടു സുപ്രിംകോടതിയിലുള്ള കേസില്‍ കേരളത്തിനു വിനയാകുമെന്നു വിലയിരുത്തല്‍. ദേശീയപാതയില്‍ കടുവാസങ്കേതം പരിധിയില്‍ രാത്രിയാത്ര വിലക്ക് തുടരണമെന്ന നിലപാടുള്ള കര്‍ണാടക വനം-വന്യജീവി വകുപ്പും പരിസ്ഥിതി സംഘടനകളും കേസില്‍ വാദത്തിനു ശക്തിപകരാന്‍ പൊന്‍കുഴി സംഭവം ഉപയോഗപ്പെടുത്തുമെന്നു ആശങ്കപ്പെടുന്നവര്‍ നിരവധി. ലോറിയിടിച്ചു കാട്ടാനയ്ക്കു പരിക്കേറ്റതു ചൂണ്ടിക്കാട്ടി ദേശീയപാതയില്‍ വയനാട് വന്യജീവി സങ്കേതം പരിധിയിലും രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം പരിസ്ഥിതി സംഘടനകള്‍ ഉന്നയിച്ചേക്കുമെന്നും ഇവര്‍ ഭയപ്പെടുന്നു.
രാത്രിയാത്ര വിലക്ക് നീക്കുന്നതിനെ എതിര്‍ക്കുന്ന നിരവധി പരിസ്ഥിതി സംഘടനകളുണ്ട്. വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് ഇതില്‍ മുഖ്യം. സുപ്രിംകോടതിയിലുള്ള കേസില്‍ സമിതി കക്ഷിയുമാണ്. കാട്ടാനയെ ലോറിയിടിച്ച സംഭവം സുപ്രിംകോടതിയില്‍ ബോധിപ്പിക്കുമെന്ന നിലപാടിലാണ് നിലവില്‍ പ്രകൃതി സംരക്ഷണ സമിതിയുള്ളത്.
വന്യജീവികളുടെ ജീവനു ഭീഷണിയും സൈ്വരവിരാഹത്തിനു തടസവുമാകുന്നുവെന്നു വിലയിരുത്തി 2009ല്‍ അന്നത്തെ ചാമരാജ് നഗര്‍ ജില്ലാ ഡെപ്യൂട്ടി കമ്മിഷണറാണ് ദേശീയപാതയില്‍ രാത്രിയാത്ര വിലക്കി ഉത്തരവായത്. ഇതിനെതിരേ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലാണ് സുപ്രിംകോടതിയിലുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.