2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

നൈജീരിയയില്‍ തെരഞ്ഞെടുപ്പ് നീട്ടിവച്ചു

 

അബുജ: നൈജീരിയയില്‍ പ്രസിഡന്‍ഷ്യല്‍, പാര്‍ലമെന്ററി തെരഞ്ഞെടുപ്പുകള്‍ നീട്ടിവച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അപ്രതീക്ഷിത നീക്കം. ഇന്നലെ വോട്ടുചെയ്യുന്നതിനായി ജനങ്ങള്‍ പോളിങ് സ്റ്റേഷനിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കേയാണ് കമ്മിഷന്റെ പ്രഖ്യാപനം.

തെരഞ്ഞെടുപ്പ് ഒരാഴ്ചത്തേക്ക് നീട്ടിവച്ച് 23ന് നടത്താനാണ് തീരുമാനം. ഇന്നലെ രാവിലെ അബുജയില്‍ നടന്ന ഇന്‍ഡിപ്പെന്‍ഡന്റ് നാഷനല്‍ ഇലക്ടറല്‍ കമ്മിഷന്റെ അടിയന്തര യോഗത്തിനു ശേഷമാണ് കമ്മിഷന്‍ ചെയര്‍മാന്‍ മഹ്മൂദ് യാക്കൂബ് തീരുമാനം പ്രഖ്യാപിച്ചത്.
സ്വതന്ത്രവും നീതിയുക്തവുമായി തെരഞ്ഞെടുപ്പ് നടത്തുന്നതിനാണ് ഈ തീരുമാനമെന്നും നിലവില്‍ ചില പ്രയാസങ്ങള്‍ നേരിട്ടതുകൊണ്ടാണ് അടുത്തയാഴ്ചത്തേയ്ക്കു നീട്ടിവയ്ക്കുന്നതെന്നും നൈജീരിയ ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

ഈ ഘട്ടത്തില്‍ ഇത്തരമൊരു തീരുമാനം പ്രഖ്യാപിക്കുന്നതു പ്രയാസകരമാണെന്ന് അറിയാമെന്നും എന്നാല്‍, ജനാധിപത്യ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്നതിനാലാണ് തീരുമാനമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴും നൈജീരിയയിലെ വിവിധ പ്രദേശങ്ങളില്‍ ബാലറ്റ് പേപ്പറുകളടക്കമുള്ള വോട്ടിങ് സംവിധാനങ്ങള്‍ സജ്ജമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേതുടര്‍ന്നാണ് കമ്മിഷന്റെ തീരുമാനമെന്നാണ് വിവരം. അതേസമയം, മാര്‍ച്ച് രണ്ടിനു നടത്താന്‍ നിശ്ചയിച്ചിരുന്ന ഗവര്‍ണര്‍ഷിപ്പ്, ലോക്കല്‍ ബോഡി തെരഞ്ഞെടുപ്പുകള്‍ മാര്‍ച്ച് ഒന്‍പതിലേക്കും നീട്ടിവച്ചിട്ടുണ്ട്.
എന്നാല്‍ കമ്മിഷന്റെ തീരുമാനത്തില്‍ പ്രതിഷേധവുമായി രാജ്യത്തെ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.