2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

വോട്ടെടുപ്പ്: കേരളാ പൊലിസില്‍ നിന്നു മാത്രം 58,000 പേര്‍ ഡ്യൂട്ടിയില്‍, സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെന്ന് ലോക്‌നാഥ് ബെഹ്‌റ

 

തിരുവനന്തപുരം: സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നു പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൂട്ടം കൂടി നില്‍ക്കുകയും സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പ്രശ്‌നബാധിത മേഖലകളില്‍ പൊലിസ് സംഘങ്ങള്‍ പോളിങ് ബൂത്തിന് സമീപം റോന്തു ചുറ്റും. വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്താല്‍ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ഇടുങ്ങിയതും എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ളതുമായ സ്ഥലങ്ങളില്‍ ഇരുചക്രവാഹനങ്ങളിലാകും പൊലിസ് പട്രോളിങ് നടത്തുകയെന്നും അദ്ദേഹം അറിയിച്ചു.

വനിതാ വോട്ടര്‍മാര്‍ക്ക് സ്വതന്ത്രമായും നിര്‍ഭയമായും വോട്ട് ചെയ്യാന്‍ അവസരം ഒരുക്കുന്നതിനായി 3500 ലേറെ വനിതാ പൊലിസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ലാത്ത പരാതികള്‍ ഉള്‍പ്പടെ സ്വീകരിക്കുന്നതിന് എല്ലാ പൊലിസ് സ്റ്റേഷനുകളിലും പതിവ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് ആവശ്യമെങ്കില്‍ സജ്ജരായിരിക്കാന്‍ മുതിര്‍ന്ന പൊലിസ് ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി കേരള പൊലിസില്‍ നിന്നുമാത്രം 58,138 പൊലിസ് ഉദ്യോഗസ്ഥരെയാണ് ഇത്തവണ നിയോഗിച്ചിരിക്കുന്നത്. 240 ഡിവൈഎസ്പിമാര്‍, 677 ഇന്‍സ്‌പെക്ടര്‍മാര്‍, 3273 എസ് ഐ/ എഎസ്‌ഐമാരും പൊലിസ് സംഘത്തില്‍ ഉള്‍പ്പെടുന്നു. കേരള പൊലിസിന് പുറമെ സിഐഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ് എന്നിവയില്‍ നിന്ന് 55 കമ്പനി ജവാന്മാരും, തമിഴ്‌നാട്ടില്‍ നിന്ന് 2000, കര്‍ണാടകയില്‍ നിന്ന് 1000 എന്നിങ്ങനെ പൊലീസ് ഉദ്യോഗസ്ഥരും കേരളത്തില്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി എത്തിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.