2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എട്ട് ജില്ലകളിലായി 80 ഉരുള്‍പൊട്ടല്‍, 45 മരണം, മലപ്പുറം മുണ്ടേരി ഭാഗത്ത് 200 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു, എത്രപേര്‍ മണ്ണിനടിയിലാണെന്ന് അറിയില്ല, നാട് ഒരുമിച്ച് നിന്ന് പോരാടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത്് എട്ട് ജില്ലകളിലായി 80 ഉരുള്‍പൊട്ടലുകളുണ്ടായെന്നും മലപ്പുറം മുണ്ടേരി ഭാഗത്ത് 200 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു കഴിയുകയാണെന്നും എത്രപേര്‍ മണ്ണിനടിയിലാണെന്നതിന്റെ കൃത്യമായ കണക്ക് ലഭ്യമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ നാട് ഒരു മിച്ച് നിന്ന് പോരാടണമെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

രക്ഷാപ്രവര്‍ത്തകര്‍ സജീവമാണ്. വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും സജീവമായി തന്നെ രംഗത്തുണ്ട്. രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനിയര്‍ ബൈജു മരണപ്പെട്ടു. അര്‍പണ ബോധത്തോടെ എല്ലാവരും രംഗത്തിറങ്ങുന്നത്. ബൈജുവിന്റെ വിയോഗത്തില്‍ അവലോകന യോഗം അനുശോചനം രേഖപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 45 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വയനാട് ജില്ലയില്‍ മാത്രം 11 മരണം. ഒരു ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു. നിലമ്പൂര്‍ കവളപ്പാറയില്‍ നിന്ന് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണ് നീക്കിയുള്ള തിരിച്ചില്‍ തുടരുന്നുണ്ട്. വയനാട് മുത്തുമലയില്‍ 40 പേരുള്ള ഫെയര്‍ഫോഴ്‌സ് സംഘമാണുള്ളത്. ആ പ്രദേശം മുഴുവന്‍ മണ്ണിനടിയിലാണ്. ഇളകിയ പാറയും മണ്ണിടിച്ചിലും ഇവിടെ രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമായി നില്‍ക്കുകയാണ്.

പുത്തുമലയുടെ മറുഭാഗത്ത് ചിലര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരെ ഉടന്‍ മാറ്റും. വയനാട് മഴയുടെ തീവ്രത ഇന്ന് രാവിലെ കുറഞ്ഞിട്ടുണ്ട്. ഉച്ചക്ക് ശേഷം മഴ കൂടുമെന്നാണ് പ്രവചനം. ബാണാസുര സാഗര്‍ ഷട്ടര്‍ ഉച്ചക്ക് മൂന്ന് മണിക്ക് തുറക്കും. ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം. വെള്ളം പൊങ്ങാന്‍ സാധ്യതയുള്ള സ്ഥലത്തെ ജനങ്ങളെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍കരുതല്‍ എടുക്കണം. എറണാകുളത്ത് മഴ ശമിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ മഴ കൂടുതലാണ്. തിരുവല്ലയില്‍ ക്യാമ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപൂര്‍വ്വം ചിലര്‍ തെറ്റായി സന്ദേശങ്ങള്‍ അയക്കുന്നുണ്ട്. ഇതു അനാവശ്യ ഭീതി പടര്‍ത്തുന്നുണ്ട്. ഇവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കേണ്ടിവരും. പെട്രോള്‍ പമ്പ് അടക്കും എന്നും ചിലര്‍ വ്യാജ പ്രചരണം നടത്തുന്നുണ്ട്. ഇടുക്കിയില്‍ ഇപ്പോഴും അപകടകരമായ രീതിയില്‍ വെള്ളം എത്തിയിട്ടില്ല. ഇനിയും ഇവിടെ ഡാമുകളില്‍ വെള്ളം ശേഖരിക്കാന്‍ കഴിയും.

15 ലക്ഷം വൈദ്യുതി കണക്ഷന്‍ തടസ്സപ്പെട്ടു. ചാലിയാറില്‍ വെള്ളം ഉയര്‍ന്നപ്പോള്‍ ചാലിയാര്‍ ക്രോസ് ചെയ്യുന്ന ലൈന്‍ ഓഫ് ചെയ്തിരുന്നു. ഇന്ന് അതു ഓണ്‍ ചെയ്യുകയും അവിടെ പോലീസ് സുരക്ഷ ഉറപ്പാക്കും ചെയ്യും. ആളുകള്‍ ക്രോസ് ചെയ്യാന്‍ പാടില്ലെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വൈദ്യുതി ബോര്‍ഡിന്റെ ഒമ്പത് സബ് സേറ്റഷന്‍ അടച്ചു. പൊതുമരാമത്ത് വകുപ്പിന്റെ ആറ് റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. ദുരിതാശ്വാസ കാമ്പില്‍ ആരോഗ്യ പരിശോധന നടക്കുന്നുണ്ട്്. എല്ലാ സജ്ജീകരണവും ആരോഗ്യ വകുപ്പ് ഒരുക്കിയിട്ടുണ്ട്. മരുന്നുകള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. അപകടത്തില്‍ മരണപ്പെടുന്നവരുടെ മൃതശരീരം അതിവേഗം പോസ്റ്റുമോട്ടം ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഉരുള്‍പൊട്ടാന്‍ സാധ്യത പ്രദേശങ്ങളില്‍ മുന്‍ കരുതല്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.