2018 June 15 Friday
എല്ലാ നന്‍മകളുടെയും ഉറവിടം വിനയമാണ്
മുഹമ്മദ് നബി(സ്വ)

നിര്‍വൃതിയുടെ നിലാശോഭയേകി ഗള്‍ഫ് നാടുകളില്‍ ചെറിയ പെരുന്നാള്‍ ഇന്ന്

നിസാര്‍ കലയത്ത്

ജിദ്ദ: സഊദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കും. റമദാന്‍ 29 പൂര്‍ത്തിയാക്കിയ വ്യാഴാഴ്ച വൈകിട്ടോടെ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് വെള്ളിയാഴ്ച ശവ്വാല്‍ ഒന്ന് ആയി നിശ്ചയിച്ചത്.

സഊദി സുപ്രീം ജുഡീഷ്യറി കൗണ്‍സില്‍ ആണ് ആദ്യം തീരുമാനം പ്രഖ്യാപിച്ചത്. തുടര്‍ന്ന് യു.എ.ഇ.യുടെ ചാന്ദ്ര നിരീക്ഷണസമിതിയും മാസപ്പിറവി സ്ഥിരീകരിച്ചു.

മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രിം കോടതി അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ കാണാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സ്വദേശികള്‍ നേരത്തെ തന്നെ ക്യാമ്പ് ചെയ്തിരുന്നു

പെരുന്നാള്‍ സുദിനമായ വെള്ളിയാഴ്ച കാലത്ത് സൂരോദയം കഴിഞ്ഞ് ഏകദേശം 30 മിനിറ്റ് കഴിയുന്നതോടെ എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടക്കും. അതാതു രാജ്യങ്ങളിലെ ഔഖാഫ്മത കാര്യ വകുപ്പുകള്‍ക്കു കീഴില്‍ ഇതിനായി പള്ളികളും പ്രത്യേക ഈദ് മുസ്വല്ലകളും സജ്ജീകരിച്ചിട്ടുണ്ട്.

ഇതിനു പുറമെ ഗള്‍ഫ് രാഷ്ടങ്ങളിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഈദ് ഗാഹുകളും ഒരുക്കിയിട്ടുണ്ട്. അതേ സമയം സുരക്ഷാ കാരണങ്ങളാല്‍ ഇത്തവണ കുവൈത്തില്‍ തുറസ്സായ സ്ഥലങ്ങളില്‍ ഈദ് ഗാഹുകള്‍ പാടില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇതേ തുടര്‍ന്ന് ഇവിടെ തുറസ്സായ സ്ഥലങ്ങളില്‍ പ്രഖ്യാപിക്കപ്പെട്ട ഈദ് ഗാഹുകളെല്ലാം നിര്‍ത്തലാക്കിയിട്ടുണ്ട്. മലയാളി സംഘടനകളുടെ കീഴില്‍ മാത്രമായി ഇവിടെ ഇരുപതോളം ഈദ്ഗാഹുകളാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്.

പെരുന്നാള്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് ഗള്‍ഫ് നാടുകളില്‍ ഒരുക്കിയത്. പള്ളികളിലും പ്രാര്‍ഥനാഗ്രൗണ്ടുകളിലും നേരത്തെയെത്താന്‍ വിശ്വാസികള്‍ ശ്രദ്ധിക്കണമെന്ന് മതകാര്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരുന്നത്.
രാജ്യത്തെ ജനങ്ങള്‍ക്കും ലോകമുസ്‌ലിംകള്‍ക്കും സഊദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഐശര്യത്തിന്റെയും സമൃദ്ധിയുടെയും ഈദ് ആശംസകള്‍ നേര്‍ന്നു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.