2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മുഹമ്മദ് മുര്‍സി അന്തരിച്ചു; മരണം കോടതിയില്‍ വിചാരണയ്ക്കിടെ

കെയ്‌റോ: ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി അന്തരിച്ചു. കെയ്‌റോയിലെ കോടതിയില്‍ വിചാരണ നടന്നുവരുന്നതിനിടെയാണ് മരണം. ഇന്ന് നടന്ന വിചാരണയ്ക്കിടെ ജഡ്ജിയുമായി 20 മിനിറ്റോളം സംസാരിച്ച അദ്ദേഹം ഇതിനിടെ കോടതിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

 


മുസ്ലിം ബ്രദര്‍ഹുഡിന്റെ (ഇഖ്‌വാനുല്‍ മുസ്‌ലിമൂന്‍) മുതിര്‍ന്ന നേതാവായ മുര്‍സി, ഹുസ്‌നി മുബാറകിന്റെ മൂന്നുപതിറ്റാണ്ട് നീണ്ട ഏകാധിപത്യ ഭരണത്തിന് ശേഷം ജനാധിപത്യരീതിയില്‍ അധികാരത്തിലേറിയ ആദ്യ ആജിപ്ഷ്യന്‍ പ്രസിഡന്റാണ്. പിന്നീട് 2013ല്‍ അദ്ദേഹത്തെ സൈന്യം അട്ടിമറഇക്കുകയായിരുന്നു. അതുമുതല്‍ തടവില്‍ കഴിയുകയായിരുന്ന അദ്ദേഹം, ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസുമായി ഗൂഢാലോചനടത്തി, രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക് വിചാരണ നേരിടുകയായിരുന്നു. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ മുഖമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ (എഫ്.ജെ.പി) മുന്‍ അധ്യക്ഷനായിരുന്നു.

 

2012 ജൂണ്‍ 24ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുര്‍സിയെ അടുത്തവര്‍ഷം ജൂലൈ നാലിനാണ് അദ്ദേഹത്തിനു കീഴില്‍ പട്ടാളമേധാവിയായിരുന്ന അബ്ദുല്‍ ഫതഹ് അല്‍ സിസി അട്ടിമറിച്ചത്.

1951 ആഗസ്റ്റില്‍ ഈജിപ്തിലെ ശറഖിയ്യയില്‍ ജനിച്ച മുര്‍സി കൈറോ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പിന്നീട് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവര്‍ഷം പ്രഫസറായി സേവനമനുഷ്ഠിച്ച ശേഷമാണ് സ്വദേശത്തെത്തി മുസ്ലിം ബ്രദര്‍ഹുഡില്‍ സജീവമായത്.

അപ്രതീക്ഷിതമായാണ് മുര്‍സി പ്രസിഡന്റ് സ്ഥാനാര്‍ഥി പട്ടികയിലെത്തിയത്. ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ അധ്യക്ഷനും ഔദ്യോഗിക സ്ഥാനാര്‍ഥിയുമായ ഖൈറാത്ത് ശാത്വിറിന് തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യത കല്‍പിച്ചതോടെയാണ് ഡമ്മി സ്ഥാനാര്‍ഥിയായിരുന്ന മുര്‍സി മത്സരത്തിന്റെ ഒന്നാംനിരയിലെത്തുന്നതും വിജയിച്ച് ഈജിപ്തിന്റെ ആദ്യ ജനാധിപത്യരീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റുമായത്.

 

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ മുര്‍സി ഇന്ത്യയും സന്ദര്‍ശിച്ചു. 2013 മാര്‍ച്ചില്‍ മൂന്ന് ദിവസത്തെ സൗഹൃദ സന്ദര്‍ശത്തിനെത്തിയ മുര്‍സി രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ്, സഹമന്ത്രി ഇ. അമ്മദ് എന്നിവരുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.