2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ജനാധിപത്യ വിപ്ലവത്തിലൂടെ അധികാരത്തില്‍, ഒടുവില്‍ വിചാരണയ്ക്കിടെ കോടതിയില്‍ മരണം; മുര്‍സിയുടെ ജീവിതം ഇങ്ങനെ

 

കെയ്‌റോ: ജനാധിപത്യ വിപ്ലവത്തിലൂടെ അധികാരത്തില്‍ വന്ന് പിന്നീട് പട്ടാള അട്ടിമറിക്കു വിധേയമായി ജയിലിലടക്കപ്പെടുകയും കോടതിയില്‍ വിചാരണയ്ക്കിടെ മരിക്കുകയും ചെയ്യുക… ഈജിപ്തിന്റെ ചരി
ത്രത്തിലാദ്യമായി ജനാധിപത്യപീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് മുര്‍സിക്ക് സംഭവിച്ചതാണിത്.
ഏകാധിപത്യം നിലനിന്ന ആഫ്രോ അറബ് രാജ്യങ്ങളില്‍ കാര്യമായ രക്തച്ചൊരിച്ചിലില്ലാതെ വിജയകരമായി ജനാധിപത്യ വഴിയിലേക്ക് എത്തിയ രാജ്യങ്ങളിലൊന്നായിരുന്നു ഈജിപ്ത്. രണ്ടരപതിറ്റാണ്ടിലേറെ കാലം ഈജിപ്ത് അടക്കിഭരിച്ച ഹുസ്‌നി മുബാറക്കിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ നടന്ന ജനകീയ സമരത്തിനൊടുവിലാണ് രാജ്യത്ത് ജനാധിപത്യരീതിയില്‍ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പ് ചിത്രത്തില്‍ ആദ്യം മുര്‍സിയുണ്ടായിരുന്നില്ല.

മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ മുഖമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ (എഫ്.ജെ.പി) അധ്യക്ഷനായിരുന്നു മുര്‍സിയെങ്കിലും ബ്രദര്‍ഹുഡിന്റെ മാര്‍ഗദര്‍ശകനും പണ്ഡിതനും ചിന്തകനുമായിരുന്ന ഖൈറാത് അല്‍ ശാത്വിര്‍ ആയിരുന്നു പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. എന്നാല്‍, മുബാറകിന്റെ കാലത്ത് ജയിലില്‍ കിടന്നത് ചൂണ്ടിക്കാട്ടി ഖൈറാത്ത് ശാത്വറിന്റെ സ്ഥാനാര്‍ഥിത്വം തെരഞ്ഞെടുപ്പ് കമ്മിഷന്‍ റദ്ദാക്കുകയായിരുന്നു. ഇതോടെയാണ് ഡമ്മി സ്ഥാനാര്‍ഥിയായിരുന്ന മുര്‍സി മത്സരിക്കുന്നതും വിജയിച്ച് ഈജിപ്തിന്റെ ആദ്യ ജനാധിപത്യരീതിയിലൂടെ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാവുന്നതും. 2012 ജൂണ്‍ 24ന് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മുര്‍സിയെ അടുത്തവര്‍ഷം ജൂലൈ നാലിനാണ് അദ്ദേഹത്തിനു കീഴില്‍ പട്ടാളമേധാവിയായിരുന്ന ജനറല്‍ അബ്ദുല്‍ ഫതഹ് അല്‍ സിസി അട്ടിമറിച്ചത്.

 

മുര്‍സിയും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും

സിസി അധികാരം പിടിച്ചതിന് പിന്നാലെ മുര്‍സിയെയും ബ്രദര്‍ഹുഡ് നേതാക്കളെയും വ്യാപകമായി അറസ്റ്റ്‌ചെയ്തു ജയിലിലടച്ചു. ഫലസ്തീനിലെ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസുമായി ചേര്‍ന്ന് ഈജിപ്തില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് രാജ്യദ്രോഹകുറ്റമായിരുന്നു മുര്‍സിക്കെതിരെ സിസി ഭരണകൂടം ചുമത്തിയിരുന്നത്. മുര്‍സിയുള്‍പ്പെടെയുള്ള മുതിര്‍ന്ന ബ്രദര്‍ഹുഡ് നേതാക്കള്‍ക്കെതിരെയും ഇതേ ആരോപണം ഉയരുകയുണ്ടായി.

 

മുര്‍സിയും ഹമാസ് രാഷ്ട്രീയവിഭാഗം മേധാവി ഖാലിദ് മിശ്അലും

ഒരുവര്‍ഷമാണ് പ്രസിഡന്റ് പദവിയിലിരുന്നതെങ്കിലും പശ്ചിമേഷ്യ വിഷയത്തിലുള്‍പ്പെടെ മുര്‍സിയെടുത്ത തീരുമാനങ്ങളും നയതന്ത്രനീക്കങ്ങളും ഏറെശ്രദ്ധിക്കപ്പെട്ടു. മുര്‍സിയുടെ ഈജിപ്തും ഉര്‍ദുഗാന്റെ തുര്‍ക്കിയും അല്‍ഥാനിയുടെ ഖത്തറും തമ്മില്‍ ഏറെ അടുക്കുകയും മേഖലയില്‍ വന്‍ശാക്തികചേരിയായി മാറുമെന്ന സൂചനകള്‍ ഉയരുകയും ചെയ്തതിനു പിന്നാലെയാണ് മുര്‍സിയെ സിസി അട്ടിമറിച്ചത്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ മുര്‍സി ഇന്ത്യയും സന്ദര്‍ശിച്ചു. 2013 മാര്‍ച്ചില്‍ ഇന്ത്യയിലെത്തിയ മുര്‍സി രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദ്, സഹമന്ത്രി ഇ. അഹമ്മദ് എന്നിവരുമായും കൂടിക്കാഴ്ച നടത്തുകയുണ്ടായി.
1951 ഓഗസ്റ്റില്‍ ഈജിപ്തിലെ ശര്‍ഖിയ്യയില്‍ ജനിച്ച മുര്‍സി കൈറോ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. പിന്നീട് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി. അവിടെ മൂന്നുവര്‍ഷം പ്രഫസറായി സേവനമനുഷ്ഠിച്ച ശേഷമാണ് സ്വദേശത്തെത്തി മുസ്‌ലിം ബ്രദര്‍ഹുഡില്‍ സജീവമായത്.

 

 

മുര്‍സിയെ മരണത്തിന് എറിഞ്ഞ് കൊടുത്ത് സിസി ഭരണകൂടം
കെയ്‌റോ: ആരോഗ്യപരമായി പ്രശ്‌നങ്ങളുണ്ടായിരുന്നെങ്കിലം വിചാരണ കാലയളവില്‍ യാതൊരു പരിഗണനയും സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിയില്ല. പ്രമേഹം, കിഡ്‌നി, കരള്‍ രോഗങ്ങള്‍ ജയില്‍ കാലയളവില്‍ അദ്ദേഹത്തെ വിടാതെ പിന്തുടര്‍ന്നിരുന്നു. മുര്‍സിക്ക് ആവശ്യമായ ചികിത്സകള്‍ ഉടന്‍ നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതു വഷളാവുമെന്ന് ബ്രിട്ടീഷ് പാര്‍ലമെന്റിലെ മൂന്ന് അംഗങ്ങള്‍ സമര്‍പ്പിച്ച സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കണ്ടെത്തല്‍ കൃത്യമാണെന്നും അദ്ദേഹത്തിന് ചികിത്സകള്‍ നിഷേധിക്കുന്നത് പെട്ടെന്നുള്ള മരണ വാതില്‍ തുറക്കുന്നതായിരിക്കുമെന്നും അന്വേഷണ ചെയര്‍മാന്‍ ക്രിസ്പിന്‍ ബ്ലന്റ് അറിയിച്ചിരുന്നു. നിലവിലെ പ്രസിഡന്റിനാണ് ഇതിനുള്ള ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുര്‍സിയെ കാണാന്‍ അന്വേഷണ കമ്മിറ്റിക്ക് ഈജിപ്ത് അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. സക്ഷികള്‍, എന്‍.ജി.എ റിപ്പോര്‍ട്ട്, സ്വതന്ത്രമായി സമര്‍പ്പിക്കപ്പെട്ട തെളിവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഒരു ദിവസത്തില്‍ 23 മണിക്കൂറും ഏകാന്ത തടവാണ് മുര്‍സി ജയിലില്‍ അനുഭവിച്ചിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.