2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ സ്വരം കടുപ്പിച്ച് പാകിസ്താന്‍: വീണ്ടും ഇന്ത്യന്‍ നയതന്ത്ര സഹായം അനുവദിക്കില്ല, തീവ്രശ്രമം തുടരുമെന്ന് ഇന്ത്യ

ഇസ്ലാമാബാദ്: പാകിസ്താന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിന് രണ്ടാമതൊരിക്കല്‍ കൂടി ഇന്ത്യന്‍ നയതന്ത്ര സഹായം അനുവദിക്കില്ലെന്ന് പാകിസ്താന്‍ വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മുഹമ്മജദ് ഫൈസനെ ഉദ്ധരിച്ചാണ് ഏജന്‍സി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

2016-ലാണ് മുന്‍ കരസേനാ ഉദ്യോഗസ്ഥാനായ കുല്‍ഭൂഷണ്‍ ജാദവിനെ ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ കസ്റ്റഡിയില്‍ എടുത്തത്.
ഇക്കഴിഞ്ഞ സെപ്തംബര്‍ രണ്ടിന് ഇന്ത്യന്‍ ഹൈകമ്മീഷണര്‍ ഗൗരവ് അലുവാലിയ കുല്‍ഭൂഷനെ ഇസ്‌ലാമാബാദിലെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയ്ക്കു പിന്നാലെ കുല്‍ഭൂഷണ്‍ ജാദവ് കടുത്ത സമ്മര്‍ദത്തിലാണ് ജയിലില്‍ കഴിയുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സ്വയം ചാരനാണെന്നു സമ്മതിച്ച് പ്രസ്താവന നല്‍കാന്‍ കുല്‍ഭൂഷനെ പാക്കിസ്താന്‍ നിര്‍ബന്ധിച്ചുവെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാറും പറഞ്ഞിരുന്നു.
അന്താരാഷ്ട്ര നീതിയന്യായ കോടതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നയതന്ത്ര സഹായം ലഭ്യമാക്കാന്‍ പാകിസ്താന്‍ അനുമതി നല്‍കിയത്. പാകിസ്താന്‍ വിയന്ന ഉടമ്പടി ലംഘിച്ചെന്ന ഇന്ത്യയുടെ വാദം ജൂലൈയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ശരിവയ്ക്കുകയും ചെയ്തിരുന്നു.

അതേ സമയം കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്രസഹായം നല്‍കാനുള്ള തീവ്രശ്രമം തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി. ജാദവിന് രണ്ടാമത് നയതന്ത്രസഹായം നല്‍കില്ലെന്ന് പാകിസ്താന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രസ്താവന. പാകിസ്താനുമായി ആശയവിനിമയം തുടരും. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധിപ്രസ്താവം പൂര്‍ണമായും നടപ്പാക്കിക്കിട്ടാനുള്ള ശ്രമം തുടരുമെന്നും വിദേശകാര്യവക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കി. തീര്‍ത്തും ശ്രദ്ധാപൂര്‍വമാണ് ഇന്ത്യയുടെ മറുപടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.