2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പഠനനിലവാരം ഉയര്‍ത്താന്‍ ബിരുദ വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ്

 

#മനു റഹ്മാന്‍
തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ പഠനനിലവാരം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് നടപ്പാക്കിക്കൊണ്ടിരിക്കുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം(തൊഴില്‍ നൈപുണ്യ പരിപാടി) ആര്‍ട്‌സ്, സയന്‍സ് വിഷയങ്ങള്‍ പഠിപ്പിക്കുന്ന കോളജുകളിലേക്കും. എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കിവരുന്ന ഇന്റേണ്‍ഷിപ്പ് പരിപാടിയാണ് ബിരുദ വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജുകളിലേക്കും വ്യാപിപ്പിക്കുന്നത്.
പദ്ധതി പൂര്‍ണമായും പ്രാബല്യത്തില്‍ വരുന്നതോടെ പഠന വിഷയവുമായി ബന്ധപ്പെട്ട് തൊഴില്‍നൈപുണ്യം നേടാത്തവര്‍ക്ക് ബിരുദം നേടാനാവില്ല. സംസ്ഥാനത്തെ 19 എന്‍ജിനീയറിങ് കോളജുകളില്‍ അസാപി(അഡ്‌വാന്‍സ്ഡ് സ്‌കില്‍ ഡെവലപ്‌മെന്റ് സെന്റര്‍)ന് കീഴില്‍ നടപ്പാക്കുന്ന അതേ രീയിലാവും ഇതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. ഒരു വര്‍ഷ (150 മണിക്കൂര്‍) ത്തെ ദൈര്‍ഘ്യം കണക്കാക്കുന്ന ഇന്റേണ്‍ഷിപ്പിലൂടെ പഠനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ സാധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കരുതുന്നത്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുമായി സഹകരിച്ചാവും പദ്ധതി നടപ്പാക്കുക.
വിവിധ പൊതുമേഖലാ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഇതിനായി ടെന്‍ഡര്‍ സ്വീകരിക്കും. ഭാവിയില്‍ ഏറെ സാധ്യത കണക്കാക്കുന്ന എന്‍ജിനീയറിങ് രംഗത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷിന്‍ ലേണിങ്, ബ്ലോക് ചെയിന്‍ ടെക്‌നോളജി, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് അസാപ് എന്‍ജിനീയറിങ് കോളജുകളുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാവും ഇന്റേണ്‍ഷിപ്പിന് അവസരം ലഭിക്കുക. പിന്നീട് ഇത് സംസ്ഥാന വ്യാപകമായി നടപ്പാക്കാനാണ് ലക്ഷ്യം. നാലും അഞ്ചും സെമസ്റ്ററില്‍ പഠിക്കുന്ന എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കാവും ഇന്റേണ്‍ഷിപ്പ് നടപ്പാക്കുക.
ബിരുദം പൂര്‍ത്തിയാക്കണമെങ്കില്‍ നിര്‍ബന്ധമായും ഇന്റേണ്‍ഷിപ് ചെയ്തിരിക്കണമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കൊപ്പം മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന സ്വകാര്യകമ്പനികളെയും ഉള്‍ക്കൊള്ളിച്ച് അസാപ് ഇതിനായി പ്രത്യേക പോര്‍ട്ടലും രൂപപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ മോശം പ്രകടനവും പരീക്ഷകളിലെ കൂട്ടത്തോല്‍വിയുമായിരുന്നു പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം ഇന്റേണ്‍ഷിപ്പ് എന്ന ആശയം ഉരുത്തിരിയാന്‍ ഇടയാക്കിയത്.
സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയതുപോലെ സര്‍ക്കാര്‍ തലത്തില്‍ എന്‍ജിനീയറിങ് ബിരുദധാരികള്‍ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാന്‍ സാധിച്ചാല്‍ നിലവാരം മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന അഭിപ്രായവും ഈ രംഗത്തെ വിദഗ്ധര്‍ക്കുണ്ട്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.