2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

Editorial

ഇരയുടെ നാളുകള്‍ നിശ്ചയിക്കുന്ന കാപാലിക രാഷ്ട്രീയം


ദിവസങ്ങള്‍ക്കുമുമ്പ് കണ്ണവത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ എസ്.ഡി.പി.ഐക്കാരായ പ്രതികളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയായിരുന്ന ശുഹൈബ് എടയന്നൂരിന്റെ കൊലപാതകം സംഭവിച്ച് മൂന്നു ദിവസമായിട്ടും കൊലയാളിയെ കണ്ടെത്താന്‍ പൊലിസിനു കഴിഞ്ഞിട്ടില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു.
ശുഹൈബിന്റെ കൊലയാളികളുടെ പട്ടിക പാര്‍ട്ടി ഓഫിസില്‍ നിന്നു കിട്ടാന്‍ കാത്തിരിക്കുകയാവാം. കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. രേഖപ്പെടുത്തിയാലും അവര്‍ ഒറിജിനല്‍ പ്രതികളായിക്കൊള്ളണമെന്നില്ല. അതാണു സി.പി.എമ്മും ബി.ജെ.പിയും പുലര്‍ത്തിപ്പോരുന്ന കാപാലികരാഷ്ട്രീയത്തിന്റെ രീതി.
പിടിക്കപ്പെടുന്നവര്‍ക്കെതിരേ ആരും സാക്ഷി പറയില്ല. പറയാന്‍ തയാറാകുന്നവനെ ഭീഷണിപ്പെടുത്തും. അല്ലെങ്കില്‍ അവന്റെ തലയും ഉരുളും. അതാണ് കണ്ണൂരിലെ അറുംകൊല രാഷ്ട്രീയം. ഉന്നതരായ നേതാക്കളുടെ ആശീര്‍വാദത്തോടെ കണ്ണൂരില്‍ കൊലപാതകരാഷ്ട്രീയം അരങ്ങേറുന്നത് ഇതിനാലാണ്. അരനൂറ്റാണ്ടിനിടയില്‍ 220 കൊലപാതകങ്ങളാണു കണ്ണൂരില്‍ നടന്നത്.
കണ്ണൂരില്‍ കൊലപാതകരാഷ്ട്രീയത്തിനു തുടക്കമിട്ടത് വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിക്കൊണ്ടാണ്. ആ കേസിലെ പ്രതികളിലൊരാള്‍ പിണറായി വിജയനായിരുന്നു. അദ്ദേഹമാണിപ്പോള്‍ മുഖ്യമന്ത്രി. ഈ വര്‍ഷം ഫെബ്രുവരിയായപ്പോഴേക്കും രണ്ടാമത്തെ കൊലപാതകമാണു ശുഹൈബിന്റെ കൊലപാതകത്തോടെ കണ്ണൂരില്‍ നടന്നിരിക്കുന്നത്.
പതിവുപോലെ സി.പി.എം നേതാക്കള്‍ കൊലപാതകത്തെ അപലപിച്ചിട്ടുണ്ട്. പാര്‍ട്ടിക്കു പങ്കില്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരിലാര്‍ക്കെങ്കിലും പങ്കുണ്ടെന്നു തെളിഞ്ഞാല്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവുകയില്ലെന്നും നേതാക്കള്‍ പതിവുപോലെ പറഞ്ഞിട്ടുണ്ട്. എന്നാല്‍, കുറ്റവാളികളും കൊലപാതകികളുമായ എത്ര സി.പി.എമ്മുകാരെ പാര്‍ട്ടി പുറത്താക്കിയിട്ടുണ്ട് എന്ന ചോദ്യത്തിനെന്താണു മറുപടി. അമ്പത്തിയൊന്ന് വെട്ടുവെട്ടി ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പി.കെ കുഞ്ഞനന്തനെ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ ചരിത്രമാണുള്ളത്.
ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയായിരുന്നില്ല ശുഹൈബ്. രാഷ്ട്രീയ,സാമൂഹ്യപ്രവര്‍ത്തകനായിരുന്നു. സാന്ത്വനം പദ്ധതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനാല്‍ സാധാരണക്കാരായ സി.പി.എം പ്രവര്‍ത്തകര്‍ക്ക് പോലും ശുഹൈബ് പ്രിയങ്കരനായിരുന്നു. അങ്ങനെയൊരാള്‍ എടയന്നൂരില്‍ വളര്‍ന്നുവന്നാല്‍ സി.പി.എമ്മിനു ഭാവിയില്‍ ഭീഷണിയായിത്തീരുമെന്ന കണക്കുകൂട്ടലില്‍ നിന്നല്ലേ ആ ജീവന്‍ കെടുത്തിയത്. അതിനായി കുറേ കേസുകള്‍ ശുഹൈബിന്റെ മേല്‍ ചാര്‍ത്തുകയും ചെയ്തു.
ടി.പി ചന്ദ്രശേഖരന്റെ തല പൂക്കുറ്റി പോലെ ചിതറുമെന്ന് സി.പി.എം നേതാവ് പ്രസംഗിച്ചു ചൂടാറും മുമ്പ് ചന്ദ്രശേഖരനെ വെട്ടിക്കൊന്നു. അതേരീതിയില്‍ ഭീഷണി മുഴക്കി ഒരു മാസം തികയുന്ന ദിവസം ശുഹൈബിനെയും കൊലപ്പെടുത്തി. തല വെട്ടാനും കഴുത്തു വെട്ടാനും അരയ്ക്കു താഴെ വെട്ടാനും പ്രത്യേക പരിശീലനം സിദ്ധിച്ചവര്‍ക്കു മാത്രമേ 51 തവണയും 37 തവണയും യാതൊരു മനശ്ചാഞ്ചല്യമോ കാരുണ്യമോ ഇല്ലാതെ വെട്ടാന്‍ കഴിയൂ. ഇരകള്‍ കാലു പിടിച്ചു കേണപേക്ഷിച്ചാലും ആസ്വദിച്ചു തുരുതുരാ വെട്ടുന്നതാണ് ഈ കൊലപാതകികളുടെ രീതി. അതാണു ചന്ദ്രശേഖരന്റെയും ശുഹൈബിന്റെയും കൊലപാതകങ്ങളിലൂടെ ദൃശ്യമായത്.
നേതാക്കളുടെ മക്കളൊന്നും ഇത്തരം കൊലപാതകക്കേസുകളില്‍ പ്രതികളാവുന്നില്ല. അവര്‍ കോടികളുടെ തട്ടിപ്പുകേസുകളില്‍ അഭിരമിക്കുന്നവരാണ്. യഥാര്‍ഥ കൊലയാളികള്‍ ഒരിക്കലും പിടിക്കപ്പെടാറില്ല. പിടിക്കപ്പെടുന്നവനെതിരേ ആരും സാക്ഷി പറയില്ല. അതിനാല്‍ കേസുകളെല്ലാം വിട്ടുപോരുന്നു.
ഇത്തരം കൊലയാളികള്‍ക്കെതിരേ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നില്ല. പരപ്പനങ്ങാടിക്കാരനായ സക്കരിയയെപ്പോലുള്ളവര്‍ ജാമ്യം കിട്ടാതെ ജയിലറകളില്‍ വര്‍ഷങ്ങള്‍ കഴിയുകയും ചെയ്യുന്നു. സംസ്ഥാനത്തെ ജനങ്ങള്‍ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ കണ്ണൂരിലെ ഈ കാപാലികരാഷ്ട്രീയത്തിനെതിരേ രംഗത്തു വരുന്നില്ലെങ്കില്‍ അന്യന്റെ തല കൊയ്തു രക്തം രുചിച്ചുകൊണ്ടിരിക്കുന്ന കണ്ണൂരിലെ കാപാലികരാഷ്ട്രീയത്തിന് അന്ത്യമുണ്ടാവുകയില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.