2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

Editorial

പ്രതിക്കൂട്ടില്‍ നീരവ് മോദി മാത്രമാവില്ല


രാജ്യത്തെ എത്ര വലിയ തട്ടിപ്പുകാരും നീരവ് മോദിക്കു മിടുമിടുക്കനെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നുറപ്പാണ്. വലുപ്പത്തില്‍ രാജ്യത്തെ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ച് 11,500 കോടി രൂപ അനായാസം വെട്ടിച്ചെടുത്ത് ഒരു പോറലുമേല്‍ക്കാതെ കുടുംബസമേതം നാടുവിട്ട ഈ വജ്രവ്യാപാരി ചില്ലറക്കാരനല്ലെന്നുറപ്പാണ്. സാധാരണ കള്ളന്‍മാര്‍ക്കോ വെട്ടിപ്പുകാര്‍ക്കോ സാധ്യമാകുന്ന കാര്യമല്ലിത്.
എന്നാല്‍, ഇത്ര വലിയ മിടുക്ക് പ്രാവര്‍ത്തികമാക്കണമെങ്കില്‍ കാര്യമായൊരു കൈത്താങ്ങ് വേണ്ടിവരുമെന്നു സാമാന്യയുക്തിയുള്ള ആരും പറയും.
ആ കൈകള്‍ അന്വേഷിച്ചുപോയാല്‍ ഒരുപക്ഷേ, രാജ്യത്തെ ബാങ്കിങ് സംവിധാനം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥവൃന്ദം മുതല്‍ ഭരണരംഗത്തുള്ളവര്‍ വരെ പ്രതിക്കൂട്ടില്‍ നില്‍ക്കേണ്ടി വന്നേക്കാം.
പി.എന്‍.ബിയുടെ മുംബൈയിലെ ശാഖകളിലൊന്നില്‍നിന്ന് അനധികൃതമായി കടമെടുത്തും അവിടെ ഇല്ലാത്ത നിക്ഷേപത്തിന്റെ ജാമ്യച്ചീട്ട് തരപ്പെടുത്തി അതിന്റെ ഈടില്‍ വിദേശത്തുനിന്നു വായ്പയെടുത്തുമൊക്കെ അതിവിദഗ്ധമായാണു നീരവ് മോദി ഇന്ത്യന്‍ ബാങ്കിങ് സംവിധാനത്തെ കബളിപ്പിച്ചത്. ഇതിനു പുറമെ അയാള്‍ നേരത്തേ നടത്തിയ സമാനമായ വന്‍കിട തട്ടിപ്പുകളുടെ കഥകളും പുറത്തുവരുന്നുണ്ട്.
ഒരു വജ്രവ്യാപാരി മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലിത്. നാട്ടിന്‍പുറങ്ങളിലെ സഹകരണബാങ്കുകളില്‍ മുക്കുപണ്ടം പണയം വച്ചും മറ്റും നടത്തുന്ന വെട്ടിപ്പുകള്‍ക്കുപോലും ജീവനക്കാരുടെ സഹായം ആവശ്യമാണ്. ഇടപാടുകാരന്റെ എല്ലാ വിവരങ്ങളും നിമിഷങ്ങള്‍ക്കകം അറിയാന്‍ പാകത്തില്‍ അത്യാധുനിക ബാങ്കിങ് സംവിധാനങ്ങളുമുള്ള പൊതുമേഖലാ ബാങ്കില്‍ നിന്ന് ഇങ്ങനെയൊരു തിരിമറി നടത്തണമെങ്കില്‍ ഉന്നതതലത്തിലുള്ള ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിരിക്കണം.
വെട്ടിപ്പ് നേരത്തേ കണ്ടെത്തിയിട്ടും പി.എന്‍.ബി സി.ബി.ഐക്കു പരാതി നല്‍കുന്നത് ജനുവരി 29നാണ്. പരാതി നല്‍കുന്നത് മുന്‍കൂട്ടിയറിഞ്ഞു ജനുവരി ഒന്നിനു തന്നെ നീരവ് മോദിയും കുടുംബവും രാജ്യം വിടുകയും ചെയ്തു. ഈ തട്ടിപ്പുവീരന് ഉന്നതങ്ങളിലുള്ള ബന്ധങ്ങളിലേക്കു വിരല്‍ചൂണ്ടുന്നതാണ് ഇക്കാര്യം.
കൂട്ടുനില്‍ക്കുന്നത് വന്‍ കുറ്റകൃത്യത്തിനാണെന്നു വ്യക്തമായി അറിയാവുന്ന ഉദ്യോഗസ്ഥര്‍ നീരവിനെ ഇങ്ങനെയൊക്കെ സഹായിക്കണമെങ്കില്‍ സംരക്ഷണം സംബന്ധിച്ച എന്തെങ്കിലും ഉറപ്പ് അവര്‍ക്കു ലഭിച്ചിട്ടുണ്ടാവണം. അത് ഉദ്യോഗസ്ഥതലത്തില്‍ നിന്നു മാത്രമായിരിക്കാനിടയില്ല.
ബാങ്കിനുമേല്‍ നിയന്ത്രണമുള്ള കേന്ദ്രഭരണതലത്തിലേക്കും അതിന്റെ വേരുകള്‍ ചെന്നെത്തുന്നുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.
വന്‍കിട സാമ്പത്തികക്കുറ്റവാളികള്‍ക്ക് എത്ര വലിയ തട്ടിപ്പും നടത്തി സുഖമായി നാടുവിടാന്‍ കഴിയുന്ന ഇടമായി ഇന്ത്യ മാറുകയാണോയെന്നു സംശയമുണര്‍ത്തുന്നതാണ് ഈ തട്ടിപ്പ്.
അതിനു ബലമേകുന്ന സംഭവങ്ങള്‍ വേറെയുമുണ്ട്. ഇതുപോലെ വന്‍കിട സാമ്പത്തികത്തട്ടിപ്പു നടത്തി രാജ്യം വിട്ട മദ്യരാജാവ് വിജയ്മല്യയെ തിരിച്ചുകൊണ്ടുവന്നു നീതിപീഠത്തിനു മുന്നില്‍ നിര്‍ത്താന്‍ നമ്മുടെ ഭരണകൂടത്തിന് ഇതുവരെ സാധിച്ചിട്ടില്ല.
മല്യയുടെ ഉന്നത രാഷ്ട്രീയബന്ധങ്ങള്‍ പകല്‍പോലെ വ്യക്തമാണ്. നീരവ് മോദിയുടെ രാഷ്ട്രീയബന്ധങ്ങളെക്കുറിച്ചും ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. മല്യയെപ്പോലെ നീരവ് മോദിയും നിയമത്തിനു മുന്നില്‍ നിന്നു രക്ഷപ്പെട്ടേയ്ക്കുമെന്നാണു നിലവിലെ സൂചന.
വെറും തട്ടിപ്പെന്നതിനേക്കാള്‍ വലിയൊരു മാനം ഈ സംഭവത്തിനുണ്ട്. ലോകത്തെ വന്‍കിട സാമ്പത്തികശക്തികളില്‍ ഒന്നായ ഇന്ത്യയിലെ ബാങ്കിങ് മേഖലയുടെ വിശ്വാസ്യത ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.
ഈ വിശ്വാസനഷ്ടം രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്കു ചെറുതല്ലാത്ത പരുക്കുകള്‍ ഏല്‍പ്പിക്കാനിടയുണ്ട്. വിശ്വാസ്യത വീണ്ടെടുക്കണമെങ്കില്‍ ഈ കുറ്റവാളിയെയും അയാള്‍ക്കു കൂട്ടുനിന്നവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടതുണ്ട്.
അതിനുള്ള ഇച്ഛാശക്തി ഭരണകൂടം കാണിക്കേണ്ട സമയമാണിത്. അതുണ്ടാവുമോയെന്നു കാത്തിരുന്നു കാണാം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.