2018 March 06 Tuesday
മൗനമാണ് അധികാരത്തിന്റെ ഏറ്റവും വലിയ ആയുധം.
ചാള്‍സ് ധിഗാര്‍

Editorial

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അംഗീകരിക്കപ്പെടേണ്ടത്


മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനമേറ്റതു മുതല്‍ നിരന്തരം വിമര്‍ശനങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്നുണ്ട്. മികച്ച വൈദ്യുതി മന്ത്രിയായിരുന്ന പിണറായി മുഖ്യമന്ത്രിയെന്ന നിലയില്‍ പരാജയമാണെന്നുവരെ വിമര്‍ശനമുണ്ടായി.
പ്രതിപക്ഷമുയര്‍ത്തുന്ന വിമര്‍ശനങ്ങളേക്കാള്‍ ഘടകകക്ഷിയായ സി.പി.ഐയാണ് ഒരുചുവടു മുന്നില്‍. ശരിയായ ഇടതുപക്ഷം തങ്ങളാണെന്നു ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വേണം ഇതിനെ കാണാന്‍. മുഖ്യമന്ത്രി എന്തു പറഞ്ഞാലും എതിര്‍പ്പുയര്‍ത്തുന്നതു ….അക്ഷന്തവ്യമല്ല.
പ്രവാസിയായ പുനലൂര്‍ സ്വദേശി സുഗതന്‍ പണി പൂര്‍ത്തിയാകാത്ത വര്‍ക്‌ഷോപ്പില്‍ ആത്മഹത്യചെയ്തതു സംബന്ധിച്ചു മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസ്താവന അഭിനന്ദനീയവും അംഗീകരിക്കപ്പെടേണ്ടതുമാണ്. പറഞ്ഞതു പിണറായിയാണെന്നതിനാല്‍ കണ്ണടച്ച് എതിര്‍ത്തുപോരുന്ന നിലപാടായി മാത്രമായിരിക്കില്ല കാനം ഈ പ്രസ്താവനയെ കണ്ടിട്ടുണ്ടാവുക. പ്രതിസ്ഥാനത്തു തങ്ങളുടെ യുവജന വിഭാഗമാണെന്നതിനാല്‍ മുഖ്യമന്ത്രി അവരെ ഉന്നംവയ്ക്കുകയാണെന്നായിരിക്കാം കാനത്തിന്റെ ധാരണ.
ഓരോ സ്ഥലത്തും കൊടികുത്തുന്നത് നല്ലപ്രവര്‍ത്തനമല്ലെന്ന മുഖ്യമന്ത്രിയുടെ വാക്ക് പൊതുസമൂഹം അംഗീകരിക്കുന്നുണ്ട്. കൊടികുത്തുന്നതു നിയമലംഘനങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധപ്രകടനമാണെന്ന കാനം രാജേന്ദ്രന്റെ മറുപടി അതിനാല്‍ത്തന്നെ അംഗീകരിക്കാനാവില്ല.
ഭൂമാഫിയയല്ല സുഗതന്‍. ഭൂമാഫിയ സംസ്ഥാനത്തൊട്ടാകെ വനവും വയലും കൈയേറിക്കൊണ്ടിരിക്കുമ്പോള്‍ അവിടെയൊന്നും കൊടികുത്താതെ സാധാരണക്കാരന്‍ തൊഴിലെടുത്തു ജീവിക്കാന്‍ കെട്ടിയുണ്ടാക്കിയ ഷെഡ്ഡിനു മുന്നില്‍ കൊടികുത്തുന്നത് എന്തു താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലാണ്.
അത് അംഗീകരിക്കാനാവില്ലെന്നതിനാലാണു മുഖ്യമന്ത്രി, ഓരോ പ്രസ്ഥാനത്തിന്റെയും വിലപ്പെട്ട സ്വത്തായ കൊടി ഓരോ സ്ഥലത്തും കൊണ്ടുപോയി കുത്താനുള്ളതല്ലെന്നു പറഞ്ഞത്. ചെറുകിടവ്യവസായം തുടങ്ങുന്നവരെ തടസ്സപ്പെടുത്തുന്നതിനു കൊടികുത്തുന്നതും നോക്കുകൂലി വാങ്ങുന്നതും ഏതു പാര്‍ട്ടിയാണെങ്കിലും അവസാനിപ്പിച്ചേ തീരൂ എന്ന മുഖ്യമന്ത്രിയുടെ വാക്കുകള്‍ നിരാകരിക്കപ്പെടേണ്ടതല്ല.
നാല്‍പതുവര്‍ഷം പ്രവാസിയായി ജീവിച്ച സുഗതന്‍ കാര്യമായ സമ്പാദ്യമില്ലാതെയാണു പ്രവാസം മതിയാക്കി നാട്ടിലെത്തിയത്. തൊഴിലെടുത്തു ജീവിക്കാന്‍ വര്‍ക്‌ഷോപ്പിനായി പണിത ഷെഡ്ഡിന്റെ പെയിന്റിങ് ജോലി തുടങ്ങാറായപ്പോഴാണ് എ.ഐ.വൈ.എഫ് കൊടികുത്തുന്നത്.
ഇക്കാലത്തു പാര്‍ട്ടികള്‍ കൊടികുത്തുന്നതെന്തിനാണെന്നു പൊതുസമൂഹത്തിനു നല്ല നിശ്ചയമുണ്ട്. നേതാക്കളെ കാണേണ്ടവിധം കണ്ടാല്‍ കൊടിമാറും. കൊടികുത്തിയതെന്തിനെന്നു ചോദിച്ച സുഗതനു മറുപടി കൊടുക്കാതെ നെട്ടോട്ടമോടിക്കുകയാണു ചെയ്തത്.
സുഗതന്റെ ഭാര്യയുടെ ആഭരണം ബാങ്കില്‍ പണയംവച്ചു കിട്ടിയ 63,000 രൂപ സി.പി.ഐ കൈക്കൂലിയായി വാങ്ങിയിട്ടുണ്ടെന്നു പ്രതിപക്ഷനേതാവ് നിയമസഭയില്‍ പരാതി ഉന്നയിച്ചപ്പോള്‍ എന്തുകൊണ്ടു സി.പി.ഐ അദ്ദേഹത്തെ വെല്ലുവിളിച്ചില്ല.
തന്റെ സ്ഥലം ഡാറ്റാ ബാങ്കില്‍പ്പെട്ടതാണെന്ന അറിവ് സുഗതനുണ്ടായിരുന്നോ ഇല്ലയോ എന്നതല്ല കാര്യം. പണിയാരംഭിക്കുമ്പോള്‍ എന്തുകൊണ്ട് എ.ഐ.വൈ.എഫ് അതു നിയമലംഘനമാണെന്നു സുഗതനെ ബോധ്യപ്പെടുത്തിയില്ലെന്നതാണ്.
അത്തരമൊരു സമീപനമുണ്ടായിട്ടും സുഗതനും മക്കളും ധിക്കാരപൂര്‍വം പണിതുടരുകയായിരുന്നെങ്കില്‍ എ.ഐ.വൈ.എഫ് കൊടി നാട്ടിയതിനെ അംഗീകരിക്കാമായിരുന്നു. പണി പൂര്‍ത്തിയായതിനു ശേഷം പെയിന്റിങ് നടക്കുന്നതു കാത്തിരിക്കുകയായിരുന്നോ എ.ഐ.വൈ.എഫ്.
നെല്‍വയല്‍ തണ്ണീര്‍ത്തട നിയമപ്രകാരം നിയമവിരുദ്ധമായി വര്‍ക്‌ഷോപ്പ് പണിതതിന്റെ പേരിലാണു തങ്ങള്‍ക്കെതിരേ കൊടികുത്തി സമരം നടത്തിയതെങ്കില്‍ അതേ രീതിയില്‍ അവിടെ നടക്കുന്ന മറ്റൊരു നിര്‍മാണപ്രവര്‍ത്തനം എന്തുകൊണ്ടു തടഞ്ഞില്ലെന്ന സുഗതന്റെ മക്കളുടെ ചോദ്യത്തിന് എ.ഐ.വൈ.എഫിന് എന്തു മറുപടിയാണുള്ളത്. പാടം നികത്തി ഓഡിറ്റോറിയമടക്കം പണിതുയര്‍ത്തിയപ്പോള്‍ എവിടെയായിരുന്നു എ.ഐ.വൈ.എഫ്.ഭൂമാഫിയയെ സഹായിക്കുന്ന നിലപാടാണു മുഖ്യമന്ത്രിയുടേതെന്നു പറയുന്ന എ.ഐ.വൈ.എഫ് നേതാവിന്റെ മന്ത്രിയുടെ കൈയിലാണു റവന്യൂവകുപ്പ്. എന്തുകൊണ്ടു ഭൂമാഫിയയ്‌ക്കെതിരേ നടപടി വരുന്നില്ല. പാവപ്പെട്ടവന്റെ കഞ്ഞികുടി മുട്ടിച്ചുകൊണ്ടല്ല സമരജ്വാല ആളിപ്പടര്‍ത്തേണ്ടത്; കരപ്രമാണിമാരുടെയും ഭൂമാഫിയയുടെയും അനധികൃതകൈയേറ്റങ്ങള്‍ തിരിച്ചുപിടിച്ചുകൊണ്ടായിരിക്കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.