2019 March 21 Thursday
ഉജ്ജ്വലമായ ആത്മാവിന് ഒരിക്കലും അടിതെറ്റില്ല – അരിസ്‌റ്റോട്ടില്‍

Editorial

ഇനി മദ്യമൊഴുകും പഞ്ചായത്തുകള്‍തോറും


ഒരു പൂ ചോദിച്ചപ്പോള്‍ പൂക്കാലം തന്നുവെന്നൊരു ചൊല്ലുണ്ട്. അതുപോലെയാണ് കേരളത്തിലെ മദ്യനയം സംബന്ധിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍. പൂട്ടിയ ബാറുകള്‍ ഏതു വിധേനയും തുറന്നുതരാന്‍ സഹായിക്കണമെന്നായിരുന്നു ബാറുടമകള്‍ ആവശ്യപ്പെട്ടത്. അതിനപ്പുറമാണിപ്പോള്‍ സര്‍ക്കാര്‍ ചെയ്തുകൊടുത്തു കൊണ്ടിരിക്കുന്നത്.
കെ.എം മാണിക്കെതിരായ ആരോപണം കൊഴുപ്പിക്കുകയാണെങ്കില്‍ പൂട്ടിയ ബാറുകള്‍ തുറക്കുന്ന കാര്യം തങ്ങളേറ്റുവെന്നു ബാര്‍ ഉടമകള്‍ക്ക് ഇടതുമുന്നണി നേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നതായി കെ.എം മാണിക്കെതിരേ ആരോപണമുന്നയിച്ച ബാര്‍മുതലാളി തന്നെ ഈയിടെ വെളിപ്പെടുത്തിയിരുന്നു. ഇടതുമുന്നണി ആ വാക്കു പാലിച്ചിരിക്കുകയാണിപ്പോള്‍.
പഞ്ചായത്തുകള്‍ തോറും മദ്യഷാപ്പുകളും കള്ളുഷാപ്പുകളും തുറന്നുകൊടുക്കാന്‍ തയാറായിരിക്കുന്നു. ഈ നീക്കത്തിന് ആക്കംകൂട്ടാന്‍ സുപ്രിംകോടതി വിധിയും കൈയിലുണ്ട്. യു.ഡി.എഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ ബാറുകളൊക്കെയും അടുത്തമാസം മുതല്‍ സര്‍ക്കാര്‍ തുറന്നുകൊടുക്കും. അടുത്തയാഴ്ച കൂടുന്ന മന്ത്രിസഭായോഗം ഇതുസംബന്ധിച്ചു തീരുമാനം കൈകൊള്ളും.
ദേശീയ,സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പനശാലകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് കഴിഞ്ഞദിവസത്തെ ഉത്തരവിലൂടെ സുപ്രിംകോടതി ഇളവു വരുത്തിയത്. പട്ടണസ്വഭാവമുള്ള പഞ്ചായത്തുകളില്‍ മദ്യശാലകള്‍ തുറക്കാമെന്നും ഇക്കാര്യം സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാമെന്നുമാണു സുപ്രിംകോടതി വിധി. ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്നു നേരത്തേ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍, നഗരപാതകളെയും മുനിസിപ്പല്‍ പാതകളെയും ദൂരപരിധിയില്‍ നിന്ന് ഒഴിവാക്കിയപ്പോള്‍ പഞ്ചായത്തുകളെയും ദൂരപരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കേരളം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. ആ ഹരജിയിലാണിപ്പോള്‍ സുപ്രിംകോടതി വിധി വന്നിരിക്കുന്നത്.
കേരളത്തിലെ പഞ്ചായത്തുകളില്‍ മിക്കവയും പട്ടണസ്വഭാവമുള്ളവയാണ്. പല പട്ടണങ്ങളും ഇപ്പോള്‍ മുനിസിപ്പാലിറ്റികളാണ്. ഏപ്രില്‍ മുതല്‍ പൂട്ടിയ എല്ലാ ബാറുകളും തുറന്നുകൊടുക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ഇതനുസരിച്ച് 152 ബാറുകള്‍ കൂടി തുറന്ന് കൊടുക്കും. അങ്ങനെ, കേരളത്തിലെങ്ങും മദ്യമൊഴുകും .
സംസ്ഥാനപാതയോര മദ്യവില്‍പന നിരോധിച്ച് സുപ്രിംകോടതി നേരത്തെ പുറപ്പെടുവിച്ച വിധി മറികടക്കാന്‍ സംസ്ഥാനപാതകള്‍ പുനര്‍നിര്‍ണയം നടത്താന്‍ ഇടതുമുന്നണി മന്ത്രിസഭ തീരുമാനിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് 129 ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുറന്നുകൊടുത്തു. 76 കള്ളുഷാപ്പുകളും 10 മദ്യവില്‍പ്പനശാലകളും തുറന്നുകൊടുത്തു.
2017 ജൂലൈ മാസത്തില്‍ 23 ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കിയതിനെതിരേ യു.ഡി.എഫ് മാര്‍ച്ചും സുന്നിയുവജന സംഘം താലൂക്കടിസ്ഥാനത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. ഈ താക്കീത് സര്‍ക്കാര്‍ ഗൗനിച്ചിട്ടില്ലെന്ന് വേണം പുതിയ തീരുമാനത്തിലൂടെ മനസ്സിലാക്കാന്‍.
മദ്യപാനത്തിന് എല്ലാ സൗകര്യവും ചെയ്തുകൊടുത്ത് മദ്യ വര്‍ജനമാണ് സര്‍ക്കാരിന്റെ നയമെന്ന് നാഴികക്ക് നാല്‍പത് വട്ടം പറയുന്ന ഇടതുമുന്നണി സര്‍ക്കാര്‍ കടുത്ത ജന വഞ്ചനയാണ് ചെയ്യുന്നത്.
സര്‍ക്കാരിന്റെ മദ്യ നയത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ജൂലൈ മാസത്തില്‍ എസ്.വൈ.എസ് ‘മദ്യം ജയിക്കുന്നു, മനുഷ്യന്‍ മരിക്കുന്നു’ എന്ന പ്രമേയം അടിസ്ഥാനമാക്കി നടത്തിയ ധര്‍ണയും റാലിയും സര്‍ക്കാരിനെ ഒരു പുനരാലോചനയ്ക്കു വിധേയമാക്കുന്നതായിരുന്നു.
അതെല്ലാം സര്‍ക്കാര്‍ അവഗണിക്കുകയാണ്. പഠിക്കുന്ന കുട്ടികളും വീട്ടമ്മമാരും മദ്യപിച്ചുവരുന്ന കുടുംബനാഥന്മാരുടെ പരാക്രമങ്ങള്‍ക്ക് വിധേയമാകുന്ന ദയനീയ കാഴ്ചകളായിരിക്കും ഇനിയുണ്ടാവുക.
വഴിനടക്കുന്ന സ്ത്രീകളെ അസഭ്യം പറയുന്ന ഗ്രാമീണ മദ്യപന്മാരുടെ കാലം തിരിച്ചുവരും. പത്തു വര്‍ഷത്തിനകം സംസ്ഥാനത്തെ പൂര്‍ണമായും മദ്യവിമുക്തമാക്കാനുള്ള യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനത്തെയാണു ബാര്‍ മുതലാളിമാര്‍ക്കു വേണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നത്.
ഒരു ഭാഗത്തു മദ്യമുതലാളിമാര്‍ക്ക് എല്ലാ പിന്തുണയും നല്‍കുകയും മറുഭാഗത്ത് ജനങ്ങളെ വിഡ്ഢികളാക്കുംവിധം മദ്യവര്‍ജനമാണ് സര്‍ക്കാരിന്റെ നയമെന്ന് കള്ളം പറയുകയും ചെയ്യുക. ഇനി പഴയതുപോലെ മദ്യപാനികള്‍ക്ക് വീണ്ടും മദ്യപിച്ചു കുടുംബത്തെ നശിപ്പിക്കാം.
എല്ലാം കണ്ടും കേട്ടും സര്‍ക്കാര്‍ മദ്യപന്മാര്‍ക്കും ബാറുടമകള്‍ക്കും ഒപ്പമുണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.