2019 June 20 Thursday
കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല. ജനങ്ങളോട് നന്ദി ചെയ്യാത്തവര്‍ക്ക് അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല -മുഹമ്മദ് നബി(സ)

Editorial

വ്യക്തിവിവര സംരക്ഷണ നിയമം അനിവാര്യം


ആധാര്‍ വിവരങ്ങളുടെ ചോര്‍ച്ച തടയാന്‍ വ്യക്തിവിവര സംരക്ഷണ നിയമത്തില്‍ ഭേദഗതി വേണ്ടിവരുമെന്ന് ജസ്റ്റിസ് സി.എന്‍ കൃഷ്ണ കേ ന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്. ആധാര്‍ വിവരങ്ങളുടെ ദുരുപയോഗം വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയിലും വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ വില്‍പ്പന വസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്ന വേളയിലും ഇത്തരമൊരു നിയമ ഭേദഗതി അനിവാര്യമാണ്. ഇതിനായി സവിശേഷ തിരിച്ചറിയല്‍ അതോറിറ്റിക്ക് ( യു.ഐ.ഡി.എ.ഐ ) കൂടുതല്‍ അധികാരം നല്‍കണമെന്നാണ് സമിതിയുടെ നിലപാട്.
വ്യക്തികളുടെ സ്വകാര്യത ഉറപ്പാക്കുക എന്നത് വ്യക്തിയുടെ മൗലികാവകാശമാണ്. അത് കാത്ത് സൂക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.വ്യക്തിയുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിനെതിരേ നിലവില്‍ നിയമങ്ങളില്ല. ആധാര്‍ നിയമം, വിവരാവകാശ നിയമം, വിവര സാങ്കേതിക നിയമം എന്നിവയില്‍ ഭേദഗതി വരുത്തിയാല്‍ മാത്രമേ ഇത് സാധ്യമാകൂ. ഇതിനായി ആധാര്‍ അതോറിറ്റിക്ക് സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സ്വതന്ത്രമായ തീരുമാനങ്ങളെടുക്കുവാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം.
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുവാന്‍ കമ്പനികള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ തടയുവാനുള്ള മതിയായ നിയമത്തിന്റെ അപര്യാപ്തതയാണ് ഇത്തരം കമ്പനികള്‍ പരസ്യമായി പ്രവര്‍ത്തിക്കുന്നതിനു കാരണം. ആധാര്‍ വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കുവാന്‍ നടപ്പാക്കിയ വെര്‍ച്ച്വല്‍ ഐഡി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ പ്രായോഗികതയെക്കുറിച്ചും ആശങ്കകള്‍ ഉയരുന്ന സാഹചര്യത്തില്‍ നിര്‍ണായക പൊതുവിവരങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാവുന്നത് തടയേണ്ടതുണ്ട്. ഇതിനായി വിവരാവകാശനിയമത്തില്‍ ഭേദഗതി വേണ്ടിവരും. അതാണ് ശ്രീ കൃഷ്ണ സമിതിയുടെ ശുപാര്‍ശയും. അനാവശ്യമായി ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടുക, അനുമതിയില്ലാത്ത ആവശ്യങ്ങള്‍ക്ക് ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുക ഇതെല്ലാം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യഥാര്‍ഥ വസ്തുതകളാണ്. ഇതെല്ലാം നടത്തുന്ന കമ്പനികള്‍ക്കെതിരേ നിയമ നടപടികള്‍ എടുക്കാന്‍ കഴിയാതെ വരുന്നത് നിയമത്തിന്റെ അപര്യാപ്തതയാലും.
വ്യക്തിയുടെ സ്വകാര്യത ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ അഞ്ച് കോടി പിഴ ചുമത്തണമെന്നും ഇത് കുട്ടികളുടെ കാര്യത്തിലാണെങ്കില്‍ 15 കോടിയാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിരിക്കുകയാണ്. സ്വകാര്യ കമ്പനികള്‍ ശേഖരിക്കുന്ന പാസ് വേഡ്, സാമ്പത്തിക ആരോഗ്യ വിവരങ്ങള്‍, ജാതി മത വിവരങ്ങള്‍ എന്നിവയെല്ലാം വ്യക്തിയുടെ സംരക്ഷണ വിവരത്തിന്റെ പരിധിയില്‍ വരും. ഒരു വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്ന വിവര ചോര്‍ച്ച ഗൗരവമുള്ള വിഷയമായിരിക്കെ ആധാറില്‍ ചോരാന്‍ മാത്രം എന്തിരിക്കുന്നുവെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്‍ മാസങ്ങള്‍ക്ക് മുമ്പ് തന്റെ ഫേസ് ബുക്കിലൂടെ ചോദിച്ചിരുന്നു. വിവരങ്ങള്‍ ചോരുന്നുവെന്നത് കള്ളമാണെന്നും അത്തരം പ്രചാരണങ്ങള്‍ ദുരുദ്ദേശ്യത്തോടെയുള്ളതാണെന്നും അച്ഛന്റെ പേരും അമ്മയുടെ പേരും ചോര്‍ത്തുന്നത് വലിയ കാര്യമല്ല എന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ വ്യക്തിയുടെ സ്വകാര്യത ചോര്‍ത്തുന്നവര്‍ക്കെതിരേ ഒരു കോടി രൂപ പിഴ ചുമത്തണമെന്ന് ശ്രീകൃഷ്ണാ സമിതി സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമ്പോള്‍ കാര്യം അത്ര നിസാരമല്ല എന്നാണ് ബോധ്യപ്പെടുന്നത്. പാന്‍ കാര്‍ഡ് നമ്പര്‍ കിട്ടിയാല്‍ തന്നെ ആദായ നികുതി വകുപ്പ് വിചാരിക്കാതെ വിവരങ്ങള്‍ കിട്ടുമോ, ബാങ്ക് അക്കൗണ്ട് നമ്പര്‍ കിട്ടിയാലും ബാങ്കുകള്‍ വിചാരിക്കാതെ ബാലന്‍സ് ഷീറ്റ് ലഭിക്കുമോ എന്നൊക്കെയാ യി രുന്നു കെ. സുരേന്ദ്രന്റെ സംശയങ്ങള്‍. സമിതി റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പരിശോധിച്ച് പാര്‍ലമെന്റ് അംഗീകാരം നല്‍കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ സംശയങ്ങള്‍ക്കെല്ലാം അറുതിയാകുമെന്ന് പ്രതീക്ഷിക്കാം. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തി നിയമവിരുദ്ധമായി വില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ സജീവമായി നില്‍ക്കുമ്പോഴാണ് ഇത്തരം വില്‍പ്പനകളുമായി പങ്കില്ലെന്ന് അഞ്ച് ദിവസം മുമ്പ് സൈബര്‍ ഡോം നോഡല്‍ ഓഫിസര്‍ ഐ.ജി മനോജ്എബ്രഹാം പറഞ്ഞത് ഈ സന്ദര്‍ഭത്തില്‍ സ്മരണീയമാണ്. ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തി നിയമവിരുദ്ധമായി വില്‍ക്കപ്പെടുന്നുവെന്ന ധാരണ സമൂഹത്തില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന വേളയില്‍ തന്നെയാണ് ഇത്തരം വില്‍പ്പനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു ദല്ലാള്‍, ഹാക്കിങ് വഴിയല്ലാതെ തന്നെ കോടി കണക്കിനാളുകളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ഫോണ്‍ നമ്പറുകളും ചോര്‍ത്താന്‍ കഴിയുമെന്ന് ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്. സേവനദാതാക്കളില്‍ നിന്ന് പണം നല്‍കി വാങ്ങുന്ന വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയ വിലക്ക് മറിച്ച് വില്‍ക്കാറുണ്ടെന്നാണ് ദല്ലാള്‍ വെളിപ്പെടുത്തിയത്. കോടിക്കണക്കിന് വരുന്ന ഇത്തരം വിവരങ്ങള്‍ 1500 രൂപക്കാണ് വില്‍ക്കാറുള്ള തെന്നും ദല്ലാള്‍ വെളിപ്പെടുത്തുകയുണ്ടായി. വ്യക്തിവിവരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഇടനിലക്കാര്‍ ഈ രംഗത്ത് സജീവമാണ് താനും. ആവശ്യക്കാരെ കണ്ടെത്തി അവര്‍ക്ക് എസ്.എം.എസ് സന്ദേശം അയച്ച് കച്ചവടം ഉറപ്പിക്കുകയാണ് പതിവ്. ഇതിനെതിരേ ഇത് വരെ നിയമം ഇല്ലാത്തതിനാല്‍ ആയിരക്കണക്കിന് ആളുകള്‍ ഈ രംഗത്ത് കച്ചവടം ചെയ്യുന്നു. ഇങ്ങനെ വിശദമായും വേര്‍തിരിക്കപ്പെട്ടതുമായ വിവരങ്ങള്‍ ലഭ്യമാവണമെങ്കില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ അറിവോടെ മാത്രമേ സാധ്യമാകൂ. ചെറിയ പണം നല്‍കി സ്ഥാപനങ്ങളില്‍ നിന്ന് വ്യക്തികളുടെ വിവരങ്ങള്‍ വാങ്ങി പുറമേക്ക് വലിയ വിലക്ക് വില്‍ക്കുന്നവരും ഈ രംഗത്ത് സജീവമാണ്.
ഇതൊക്കെയും വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ്. സംസ്ഥാന സര്‍ക്കാരിന്റെ വെബ് സൈറ്റുകളില്‍നിന്ന് പോലും ഈ തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നുണ്ട്. സര്‍ക്കാര്‍ വെബ്‌സൈറ്റുകളില്‍ നിരന്തരമായി നടക്കേണ്ട സുരക്ഷാ പരിശോധനകള്‍ ഇല്ലാതെ പോകുന്നതിനാലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നത്. മെഡിക്കല്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്കുള്ള അപേക്ഷകരുടെ വിവരങ്ങളടക്കം ഇങ്ങിനെ ചോര്‍ന്നു പോയിട്ടുണ്ട്. ഇങ്ങനെ ചോര്‍ന്നതറിഞ്ഞാലും ആരും പരാതി നല്‍കാറില്ലെന്നാണ് ഐ.ജി മനോജ് എബ്രഹാം പറയുന്നത്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറി അത് വില്‍പ്പന ച്ചരക്കാക്കുന്ന പ്രവണതകള്‍ക്ക് അറുതി ഉണ്ടായേപറ്റൂ. ജസ്റ്റിസ് ശ്രീകൃഷ്ണാ സമിതി സര്‍ക്കാരിന് ഇത് സംബന്ധിച്ച് നല്‍കിയ ശുപാര്‍ശകള്‍ എത്രയും പെട്ടെന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ആധാര്‍ നിയമ ഭേദഗതി കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.