2019 April 25 Thursday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

Editorial

അന്നവിചാരം വിചാരണ ചെയ്യപ്പെടുമ്പോള്‍


മനുഷ്യന്‍ അവശ്യം അറിഞ്ഞിരിക്കേണ്ട ഒന്നാണ് ആഹാര സംബന്ധമായ കാര്യങ്ങള്‍. എന്നാല്‍, ഇക്കാര്യത്തില്‍ അവനുള്ള അറിവ് ഏറെ പരിമിതമാണ്. ശരിയെന്നു കരുതി ശീലമാക്കിയതാകട്ടെ പലതും അബദ്ധജടിലവും. ഫലമോ? ആരോഗ്യ സംരക്ഷണത്തിനായി കഴിക്കുന്ന ആഹാരങ്ങള്‍ അവനെത്തന്നെ തിരിഞ്ഞുകൊത്തുന്നു. ആശുപത്രികളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാല്‍ മതി ഇക്കാര്യം ബോധ്യപ്പെടാന്‍.
മനുഷ്യന് ദൈനംദിന ജീവിതത്തില്‍ ആവശ്യമായതൊന്നും ഔപചാരിക വിദ്യാഭ്യാസത്തില്‍ നിന്ന് ലഭിക്കുന്നില്ലെന്ന് വിമര്‍ശിക്കുന്ന സാമൂഹിക നിരീക്ഷകര്‍ ആദ്യം വിരല്‍ ചൂണ്ടുന്നത് ആഹാര കാര്യത്തിലെ അജ്ഞതയിലേക്കാണ്. ഭക്ഷണത്തെക്കുറിച്ച് ഗൗരവമായ ഒരു പരിജ്ഞാനവും സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നു ലഭിക്കാറില്ല. വിശപ്പിന്റെ വിളി വരുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുക എന്നതായിരുന്നു ആദിമ മനുഷ്യന്റെ രീതി. എന്നാല്‍, കാലാന്തരത്തില്‍ ജോലികളില്‍ വ്യാപൃതനാവാന്‍ തുടങ്ങിയതോടെ മറ്റു ദിനചര്യകള്‍ക്കെന്ന പോലെ ഭക്ഷണത്തിനും നിശ്ചിത സമയം നിര്‍ണയിക്കപ്പെട്ടു. അതോടെ വിശപ്പില്ലാതെയും ആഹരിക്കുക എന്നത് ഒരു ശീലമായി. മനുഷ്യന്‍ രോഗിയായി തുടങ്ങുന്നത് ഈയൊരു സമ്പ്രദായത്തോടെയാണ്. തന്റെ ആരോഗ്യ പരിരക്ഷണത്തിനായി വൈദ്യനെ അയച്ചുതന്ന അയല്‍നാട്ടിലെ ഭരണാധികാരിയോട് പ്രവാചകന്‍ പറഞ്ഞ ഒരു വലിയ ശാസ്ത്രസത്യമുണ്ട്: വിശക്കുമ്പോഴല്ലാതെ ഞങ്ങള്‍ ഭക്ഷണം കഴിക്കാറില്ല. അതിനാല്‍ രോഗങ്ങളും കുറവാണ്. അതുകൊണ്ട് സ്‌നേഹപൂര്‍വം ആ ‘സമ്മാനം’ ദൈവദൂതന്‍ തിരിച്ചയച്ചു. വയറിന്റെ മൂന്നിലൊന്നു മാത്രം ഭക്ഷണത്തിനും ഒരു ഭാഗം വെള്ളത്തിനും ശേഷിക്കുന്നത് ശൂന്യമായി ഒഴിച്ചിടാനും നിര്‍ദേശിച്ച പ്രവാചകന്‍ മാനവലോകത്തിനു പ്രദാനം ചെയ്തത് മഹത്തായ പാഠങ്ങളാണ്. ഹിപ്പോക്രാറ്റസ് പറഞ്ഞത് ഭക്ഷണമല്ലാതെ മനുഷ്യന് മറ്റൊരു ഔഷധവുമില്ലെന്നാണ്. പക്ഷേ, ഔഷധമാവേണ്ട ഭക്ഷണം അനവസരത്തിലും അമിതമായും ഭക്ഷിച്ചും അപകടകരമായ ചേരുവകള്‍ ചേര്‍ത്തും വിഷലിപ്തമാക്കി സ്വന്തം ശവക്കുഴി തോണ്ടുകയാണ് നമ്മള്‍.
മനുഷ്യന്‍ ഏറ്റവും കൂടുതല്‍ അക്രമം കാണിക്കുന്നത് സ്വന്തം ശരീരത്തോടു തന്നെയാണ്. ഇടവേളയില്ലാതെ ആഹാരം കഴിച്ച് ആന്തരാവയവങ്ങള്‍ക്ക് ‘പണി’ കൊടുക്കുന്നതില്‍ ഹരം കണ്ടെത്തുന്നവരാണ് ഭൂരിപക്ഷവും. നേരത്തെ കഴിച്ച ഭക്ഷണം തന്നെ ദഹിപ്പിക്കാന്‍ പാടുപെടുന്ന ആമാശയത്തിലേക്ക് നിഷ്‌ക്കരുണം നിര്‍ലജ്ജം ആഹാരം വീണ്ടും വീണ്ടും തള്ളിക്കയറ്റുകയാണ്. എളുപ്പം ദഹിക്കുന്നവയാണ് തനത് ഭക്ഷ്യവിഭവങ്ങള്‍ എല്ലാം തന്നെ. മിക്കതും പാചകം ചെയ്യാതെ തന്നെ കഴിക്കാവുന്നവ. നമ്മുടെ പൂര്‍വികര്‍ ആഹരിച്ചതും അങ്ങനെയായിരുന്നു. എന്നാല്‍, രുചിക്കും നിറത്തിനും മുന്‍ഗണന കല്‍പിക്കപ്പെട്ടതോടെ ഇതില്‍ മാറ്റം വന്നു. പഴുത്ത നേന്ത്രപ്പഴം അതേപടി ആര്‍ക്കും വേണ്ട. ആരോഗ്യത്തിന് ഹാനികരമായ മൈദയും പഞ്ചസാരയും എണ്ണയും ചേര്‍ത്ത് പഴംപൊരിയായേ കഴിക്കൂ. ഒരു പഴം, ഉന്നക്കായയായി തീന്‍മേശയിലെത്തുമ്പോഴുള്ള ധന-സമയ-ആരോഗ്യ നഷ്ടത്തെക്കുറിച്ച് ആരും ചിന്തിക്കാറില്ല.
അന്നം കേവലം വിശപ്പടക്കാനുള്ള ഒന്നല്ല. അതില്‍ ഒരു സംസ്‌കാരമുണ്ട്, വിശ്വാസ പ്രമാണമുണ്ട്, ജീവിത ദര്‍ശനമുണ്ട്. നീ കഴിക്കുന്ന ഓരോ ധാന്യമണിയിലും നിന്റെ പേര് രേഖപ്പെടുത്തിയിട്ടുണ്ടെന്ന മൊഴിയില്‍ ഒരു ദര്‍ശനമുണ്ട്. കാരക്കയുടെ ഒരു കഷണം കൊണ്ടെങ്കിലും നരകത്തെ കാത്തുകൊള്‍ക എന്നതിലുമുണ്ട് ജീവിതത്തിന്റെ ഒരു കരുതല്‍. വിലക്കപ്പെട്ട കനി തിന്നാല്‍ പറുദീസ നഷ്ടമാവും എന്നത് മനുഷ്യന്റെ ആദിപാഠമാണ്. ആമാശയത്തിലൂടെയാണ് ഹൃദയത്തിലെത്തിച്ചേരാനാവുക എന്നത് ഒരു സ്‌നേഹ കല്‍പനയും അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ എന്റെ കൂട്ടത്തില്‍പെട്ടവനല്ലെന്ന തിരുമൊഴിയില്‍ ഒരു കാരുണ്യക്കടലുണ്ട്. ചിലര്‍ ജീവിക്കാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ മറ്റു ചിലര്‍ ഭക്ഷണം കഴിക്കാന്‍ ജീവിക്കുന്നു എന്ന ചൊല്ല് തുറന്നിടുന്നത് ഒരു ജീവിതപ്പൊരുളാണ്. ഇന്ന് ഒരാള്‍ എത്ര നേരം ഭക്ഷണം കഴിക്കുന്നു എന്ന് എണ്ണിത്തിട്ടപ്പെടുത്താനാവില്ല. ത്യാഗിയെന്നും യോഗിയെന്നും ഭോഗിയെന്നും രോഗിയെന്നുമൊക്കെ എണ്ണത്തിനൊത്ത് തരംതിരിച്ച് ഇവരെ കള്ളികളില്‍ നിര്‍ത്താറുണ്ട്. ടി.വിക്കു മുമ്പില്‍ ചടഞ്ഞിരിക്കുന്നവരെ ശ്രദ്ധിക്കാറില്ലേ? ടി.വി ഓഫാക്കി കിടപ്പുമുറിയിലേക്ക് പോകും വരെ അവര്‍ എന്തെങ്കിലും കൊറിച്ചുകൊണ്ടേയിരിക്കും. പൊണ്ണത്തടിയന്മാരുടെ എണ്ണം കൂട്ടുന്നതില്‍ ടി.വികള്‍ക്കും വലിയ പങ്കുണ്ട്. മലവും മൂത്രവും ഉല്‍പാദിപ്പിക്കുന്ന ജൈവ ഫാക്ടറികള്‍ എന്നാണ് ഇവര്‍ ആക്ഷേപിക്കപ്പെടാറുള്ളത്.
ഭക്ഷണത്തോടുള്ള പ്രിയം പക്ഷേ, ഇങ്ങനെ ആക്ഷേപിക്കേണ്ട ഒന്നല്ല. ആഹാരം മുഹബ്ബത്തോടെ, അളവറിഞ്ഞ് കഴിക്കാനാവുക എന്നത് ഒരു അനുഗ്രഹം തന്നെയാണ്. പ്രാര്‍ഥന പോലെ, അവധാനതയോടെ ഓരോ വറ്റും ആസ്വദിച്ചു കഴിക്കുന്നത് കണ്ടാല്‍ കണ്ടുനില്‍ക്കുന്നവരുടെ മനസ്സും നിറയും. എന്നാല്‍, മറ്റു ചിലര്‍ക്ക് തീന്‍മേശകള്‍ സീല്‍ക്കാരങ്ങളും ഞരക്കങ്ങളും കബന്ധങ്ങളും നിറഞ്ഞ യുദ്ധക്കളമാണ്. കണ്ടുനിന്നാല്‍ മനംപിരട്ടും.ആഹാരജന്യമായ രോഗങ്ങളെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് അന്താരാഷ്ട്ര പഠനങ്ങള്‍ ഈയിടെ പുറത്തുവിട്ടത്. ആഹാരം ആരോഗ്യദായകമാണെങ്കിലും ചില നേരങ്ങളില്‍ ആഹരിക്കാതിരിക്കുന്നതും ആരോഗ്യത്തിന് അനിവാര്യമാണെന്ന് ഈ പഠനങ്ങള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു. അറിവ് എന്നാല്‍ കംപ്യൂട്ടര്‍ പരിജ്ഞാനം മാത്രമല്ലെന്നും അടുക്കളക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും ജങ്ക്ഫുഡിന് പിന്നാലെ പായുമ്പോള്‍ മറക്കാതിരിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.