2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

Editorial

മാനവികതയ്ക്കു ഭീഷണിയാകുന്ന മനുഷ്യാധമന്‍മാര്‍


 

ലോകത്തു സമാധാനപൂര്‍വം കഴിയുന്ന ചുരുക്കം ചില രാഷ്ട്രങ്ങളിലൊന്നാണ് ന്യൂസിലന്‍ഡ്.വിവിധ മതസ്ഥര്‍ സഹവര്‍ത്തിത്വത്തോടെ കഴിയുന്നത് ഈ രാഷ്ട്രത്തിന്റെ പ്രത്യേകതയാണ്. വംശീയ വെറിയന്‍മാര്‍ക്കും ദേശീയതാ ഭ്രാന്തന്‍ന്മാര്‍ക്കും ഒരിക്കലും രസിക്കാത്തതാണ് ഒരു രാഷ്ട്രത്തെ ജനങ്ങള്‍ സഹവര്‍ത്തിത്വത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നത്. മതസാഹോദര്യം അവരുടെ നിഘണ്ടുവില്‍നിന്ന് തുടച്ചുനീക്കപ്പെട്ട വാക്കാണ്. അതുതന്നെയായിരിക്കണം വംശീയ ഭ്രാന്തനായ, അതിനീചനായ കൊലയാളി ആസ്‌ത്രേലിയക്കാരനായ 28 വയസുകാരന്‍ ബ്രന്റന്‍ ടറന്റിനെ ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ച് നഗരത്തിലെ അല്‍ നൂര്‍ മസ്ജിദിലും ലിന്‍ വുഡ് മസ്ജിദിലും പൈശാചിക രീതിയില്‍ കൂട്ടക്കൊല നടത്താന്‍ പ്രേരിപ്പിച്ചിട്ടുണ്ടാവുക. അല്‍ നൂര്‍ മസ്ജിദില്‍ 41 പേരും ലിന്‍ വുഡ് മസ്ജിദില്‍ ഏഴു പേരുമാണ് വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനിടെ ഈ മനുഷ്യാധമന്റെ തോക്കിന് ഇരകളായത്. ക്രൂരന്‍മാര്‍ ഭീരുക്കളുമായിരിക്കുമെന്ന സത്യത്തെ സാക്ഷ്യപ്പെടുത്തുന്നതാണ് കൊലയാളിയുടെ കൊലപാതക രീതി. നിസ്‌കാരത്തില്‍ മാത്രം ശ്രദ്ധയര്‍പ്പിക്കുന്നവരുടെ പിന്നിലൂടെ വന്ന് തുരുതുരാ നിറയൊഴിക്കാന്‍ ക്രൂരനായ ഭീരുവിനേ കഴിയൂ.

രാഷ്ട്രത്തലവര്‍ തന്നെ വംശീയവെറിയുടെ പ്രചാരകരാകുന്ന ഒരഭിശപ്ത കാലത്ത് ബ്രന്റന്‍ ടറന്റിനെപ്പോലുള്ള കൊലപാതകികള്‍ ഉണ്ടായില്ലെങ്കിലേ അത്ഭുതമുള്ളൂ. ന്യൂസിലന്‍ഡ് ജനതയ്ക്ക് അനുശോചനമറിയിക്കുന്നു എന്നു പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റിനെ,ന്യൂസിലന്‍ഡിലെ മുസ്‌ലിംകളെ അനുശോചനമറിയിക്കൂ എന്ന് തിരുത്തിയ ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജസിന്ത ആര്‍ഡേന്‍ മനുഷ്യത്വത്തിന്റെയും മാനവികതയുടെയും എക്കാലത്തെയും വക്താവായിരിക്കും.

ആറു മുസ്‌ലിം രാഷ്ട്രങ്ങളിലെ പൗരര്‍ക്ക് അമേരിക്കയിലേക്ക് വിസ നിഷേധിച്ച ആധുനിക രാഷ്ട്രത്തലവരിലെ ഒരു വംശീയ വെറിയനാണ് ഡൊണാള്‍ഡ് ട്രംപ്. അടുത്ത വര്‍ഷത്തെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അമേരിക്കക്കാര്‍ വെറുപ്പിനെതിരേ സ്‌നേഹത്തിനു വോട്ട് ചെയ്യണമെന്ന് ഓസ്‌കാര്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സ്‌പൈക് ലീ നടത്തിയ പ്രസംഗം ഇതിനിടെ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ട്രംപ് അനുവര്‍ത്തിക്കുന്ന വംശീയതയ്ക്കും തീവ്ര ദേശീയതയ്ക്കും എതിരേയുള്ള ചാട്ടുളിയായിരുന്നു ലീയുടെ വാക്കുകള്‍. ട്രംപ് അധികാരത്തില്‍ വന്നതിനു ശേഷം അമേരിക്കയുടെ സാമൂഹിക ജീവിതത്തില്‍ വലിയ മാറ്റമാണ് സംഭവിച്ചത്. ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണിന്ന് അമേരിക്കയില്‍. 2016- 17 കാലഘട്ടത്തില്‍ 20 ശതമാനത്തോളം വംശീയാക്രമണങ്ങള്‍ക്ക് ന്യൂനപക്ഷങ്ങള്‍ ഇരകളായി. ട്രംപിന്റെ തീവ്ര വംശീയത യൂറോപ്പിലേക്കു പടരുന്നുണ്ട്. ബ്രിട്ടന്റെ യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനം വംശീയ വെറിയാണ്.

ദേശ, വംശപരമായി തങ്ങള്‍ ശ്രേഷ്ഠരാണെന്ന മിഥ്യാഭിമാനത്തില്‍ നിന്നാണ് വംശീയതയും തീവ്ര ദേശീയതയും ഉടലെടുത്തത്. ദുര്‍ബലരെ അപരവല്‍കരിക്കാന്‍ പ്രബല വിഭാഗങ്ങള്‍ കണ്ടെത്തിയ കുത്സിത മാര്‍ഗമായിരുന്നു ഇവ. ചരിത്രപരമായി ഒരടിസ്ഥാനവുമില്ലാത്ത ഈ നയം ഫാസിസ്റ്റുകള്‍ ഭരണം കൈയാളാന്‍ കണ്ടെടുത്ത ഒരു കുതന്ത്രം മാത്രമാണ്. ദേശത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ വിവേചനം സൃഷ്ടിക്കുന്നത് ഭൂരിപക്ഷത്തിനു ദുര്‍ബലരെ ചൂഷണം ചെയ്യാനാണ്. ഇവിടെ പരിഷ്‌കൃത ലോകം അടിച്ചമര്‍ത്തപ്പെടുന്നവന്റെ കൂടെയാണ് നില്‍ക്കേണ്ടത്.

കുടിയേറ്റത്തിന്റെ പേരിലാണ് പല രാഷ്ട്രങ്ങളിലും ന്യൂനപക്ഷങ്ങളടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങള്‍ വംശീയാക്രമണങ്ങള്‍ക്ക് ഇരകളാകുന്നത്. മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ തേടി സാധാരണക്കാര്‍ ഭൂഖണ്ഡങ്ങള്‍ താണ്ടുന്നത് വളരെ മുമ്പു തന്നെ നടന്നുപോരുന്നതാണ്. ഇവര്‍ക്കെതിരേ തദ്ദേശീയരെ സംഘടിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്ന രാഷ്ട്രീയ നേതാക്കളാണ് ലോകത്ത് വംശീയ വെറിയെന്ന അധമ വിചാരം പടര്‍ത്തുന്നത്. വംശീയ വിവേചനവും വര്‍ണവെറിയും വെളുത്ത വര്‍ഗക്കാരുണ്ടാക്കിയ രോഗമാണെന്നത് ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തമായിരുന്നു. വംശവെറിയുടെ എക്കാലത്തെയും എതിരാളിയായിരുന്നു ഐന്‍സ്റ്റീന്‍. ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ ജൂതരോട് എങ്ങനെയാണോ പെരുമാറിയിരുന്നത് അതേ പോലെയാണ് അമേരിക്കയിലെ വെള്ളക്കാര്‍ ഇതര വര്‍ഗക്കാരോട് പെരുമാറിയിരുന്നത് എന്നാണ് ഐന്‍സ്റ്റീന്‍ പറഞ്ഞിരുന്നത്. ആ വെള്ളക്കാരുടെ പ്രതിനിധിയായി ട്രംപ് മാറി.

ന്യൂസിലന്‍ഡില്‍ അതിനീചനും കൊടുംക്രൂരനും ഭീരുവുമായ ഫാസിസ്റ്റ് ബ്രന്റന്‍ ടറന്റിന്റെ പൈശാചികാക്രമണത്തിന്റെ ഞെട്ടലില്‍നിന്ന് ആ രാഷ്ട്രം ഇപ്പോഴും മോചിതമായിട്ടില്ല. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നാടായ ന്യൂസിലന്‍ഡിനെ ഈ ക്രൂരന്‍ തിരഞ്ഞെടുത്തത് മനഃപൂര്‍വമായിരുന്നു. സമാധാനത്തോടെ കഴിയുന്ന ഒരു രാഷ്ട്രവും ഫാസിസ്റ്റ് ഭീഷണിയില്‍നിന്ന് മുക്തമല്ലെന്ന് ലോകത്തെ അറിയിക്കാനാണ് താന്‍ ഈ നീചകൃത്യം ചെയ്തതെന്ന് കൂട്ടക്കുരുതിക്കു ശേഷം കൊലപാതകി ഇളിച്ചു കാണിച്ചാണ് പ്രതികരിച്ചത്.

അശുഭകരമായ ആ ദിവസത്തിനു ശേഷം ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയുടെ വാക്കുകള്‍ പ്രത്യാശാനിര്‍ഭരവും ആശ്വാസപ്രദവുമായിരുന്നു. മരണപ്പെട്ടവര്‍ ന്യൂസിലന്‍ഡിനെ അവരുടെ നാടായി സ്വീകരിച്ചവരാണ്, തീര്‍ച്ചയായും ഇത് അവരുടെയും കൂടി രാജ്യമാണ്, അവര്‍ ഞങ്ങളുടെ ഭാഗമാണ്, അവര്‍ നമ്മളാണ്, അവര്‍ രാജ്യത്തിന്റെ ഭാഗമാണ് തുടങ്ങിയ അവരുടെ വാക്കുകള്‍ വെറുപ്പിനെതിരേ ഉയരുന്ന സ്‌നേഹത്തിന്റെ അമരധ്വനികളാണ്. ട്രംപുമാരും നെതന്യാഹുമാരും വെറുപ്പിന്റെ പ്രചാരകരായി മാറുമ്പോഴും കരുണയും അപരസ്‌നേഹവും ആര്‍ദ്രതയും വറ്റാത്ത ഭരണാധികാരികളും ഈ ലോകത്തുണ്ടെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയിലൂടെ ലോകം സാക്ഷ്യപ്പെടുത്തുന്നു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.