2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

Editorial

ശ്രീലങ്ക അതിജീവിക്കും


 

നീണ്ട 25 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിനു ശേഷം പുരോഗതിയുടെ പാതയില്‍ കുതിക്കുമ്പോഴാണ് ശ്രീലങ്കയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികളില്‍ ഓര്‍ക്കാപ്പുറത്ത് ഭീകരാക്രമണമുണ്ടായിരിക്കുന്നത്. വേലുപ്പിള്ള പ്രഭാകരന്‍ നയിച്ച എല്‍.ടി.ടി.ഇ തീവ്രവാദസംഘടനയെ പിഴുതെറിയാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിനു കഴിഞ്ഞുവെങ്കില്‍ ഇത്തരം ഭീകരാക്രമണങ്ങളെയും അതിജീവിക്കുവാന്‍ കഴിയും. ഭീകരര്‍ക്ക് മുമ്പില്‍ മുട്ടുകുത്തുകയില്ലെന്ന മറുപടി തന്നെയായിരിക്കണം ഓരോ രാജ്യവും നല്‍കേണ്ടത്.
ന്യൂസിലന്‍ഡിന്റെ സമാധാനപൂര്‍വമായ ജീവിതത്തിനു താല്‍ക്കാലിക പോറലേല്‍പ്പിക്കാന്‍ ഒരു ഫാസിസ്റ്റ് ഭീകരനു കഴിഞ്ഞെങ്കിലും പ്രധാനമന്ത്രി ജസീന്താ ആര്‍ഡേന്റെ നേതൃത്വത്തില്‍ ആ രാഷ്ട്രം വളരെപ്പെട്ടെന്നു തന്നെ സാധാരണ ജീവിതത്തിലേയ്ക്കു മടങ്ങി. ആ പാത തുടരാന്‍ ശ്രീലങ്കയ്ക്കും കഴിയണം.

കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലാണ് കൊളംബോയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഒരേസമയം സ്‌ഫോടനം നടന്നത്. ഉച്ചകഴിഞ്ഞു മറ്റു രണ്ടിടങ്ങളിലും സ്‌ഫോടനമുണ്ടായി. മുന്നൂറോളംപേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാതിരിക്കുകയായിരുന്നു ഇതുവരെ. ഇപ്പോള്‍ ഇസ്‌ലമാമിക് സ്റ്റേറ്റ് (ഐ.എസ്) എന്ന ഭീകരസംഘടന ഉത്തരവാദിത്വം ഏറ്റെടുത്തു രംഗത്തുവന്നിട്ടുണ്ട്. ഐ.എസിന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമമായ അല്‍ അമാഖ് വെബ് പോര്‍ട്ടല്‍ വഴിയാണ് അവര്‍ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.

തങ്ങളുടെ കേന്ദ്രങ്ങള്‍ക്കു നേരേ ആക്രമണം നടത്തുന്ന രാജ്യങ്ങള്‍ക്കും ക്രിസ്ത്യന്‍സംഘടനകള്‍ക്കും എതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ഈ സ്‌ഫോടന പരമ്പര എന്നാണ് അവര്‍ അവകാശപ്പെട്ടിരിക്കുന്നത്. സ്‌ഫോടനത്തിനു രാജ്യാന്തരബന്ധമുണ്ടാകാമെന്നു ശ്രീലങ്കന്‍ സര്‍ക്കാര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഐ.എസ് ഉത്തരവാദിത്വം ഏറ്റെടുത്തതോടെ അതു തെളിഞ്ഞിരിക്കുകയാണ്.
ഐ.എസിന്റെ ഭാഗത്തു നിന്നുണ്ടായ ഈ വിവേകശൂന്യമായ നടപടിയുടെ ഭവിഷ്യത്ത് അനുഭവിക്കേണ്ട ഗതികേടിലാകും ഇനി ശ്രീലങ്കയിലെ മുസ്‌ലിംന്യൂനപക്ഷം. നേരത്തേ, എല്‍.ടി.ടി.ഇയുടെ ആക്രമണകാലത്ത് അവരില്‍നിന്നും സിംഹളരില്‍ നിന്നും ഒരുപോലെ വംശീയഭീഷണി നേരിട്ടവരായിരുന്നു ശ്രീലങ്കയിലെ മുസ്‌ലിംകള്‍. എല്‍.ടി.ടി.ഇ ഭീഷണിക്ക് അറുതി വന്നിട്ടും ബുദ്ധമത ഭീകരരില്‍നിന്നുള്ള ആക്രമണങ്ങള്‍ക്ക് അവര്‍ ഇരകളായി. ഇപ്പോഴിതാ ഐ.എസ് എന്ന ഭീകരസംഘടനയുടെ രംഗപ്രവേശം കൂടി അവര്‍ക്കു വിനയായി ഭവിച്ചിരിക്കുന്നു.

നാഷനല്‍ തൗഹീദ് ജമാഅത്ത് എന്ന സംഘടനയെയാണ് ശ്രീലങ്കന്‍ ഭരണകൂടം ആദ്യം സംശയിച്ചിരുന്നത്. ഐ.എസുമായി അവര്‍ക്കു ബന്ധമുണ്ടോ അവരും ഇതില്‍ പങ്കാളികളാണോ എന്നു വ്യക്തമായിട്ടില്ല. അവര്‍ക്ക് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും വ്യക്തമല്ല. ഇസ്‌ലാമിലെ പരിപാവനമായ നാമമാണു തൗഹീദ്. പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹു എന്നതാണ് അതിന്റ വിശേഷണം. അങ്ങനെ വിശേഷിപ്പിക്കപ്പെടുന്ന അല്ലാഹുവിന്റെ ഏകത്വത്തെ സൂചിപ്പിക്കുന്ന പദമാണ് തൗഹീദ്.

ഈ വാക്ക് മനുഷ്യരെ കൊല്ലുന്നതിനുപയോഗിക്കുന്ന ഒരു ഭീകരനെയും മുസ്‌ലിം എന്നു പറയാനാകില്ല. തൗഹീദിനെ പൊതുസമൂഹത്തില്‍ നികൃഷ്ടമായി അവതരിപ്പിച്ചു കൊലവിളി നടത്താന്‍ ഇസ്‌ലാമിന്റെ ശത്രുക്കള്‍ക്കേ കഴിയൂ. ഇസ്‌റാഈല്‍ ചാരസംഘടനയായ മൊസാദ് മറ്റു രാഷ്ട്രങ്ങളില്‍ നുഴഞ്ഞു കയറി സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

ജനാധിപത്യം പുനഃസ്ഥാപിച്ചും സൈന്യത്തെ ശക്തിപ്പെടുത്തിയും ഐശ്വര്യത്തിന്റെ പാതയിലൂടെ വളരെവേഗം മുന്നേറുന്ന ശ്രീലങ്കയുടെ കുതിപ്പ് ജനാധിപത്യ വിരുദ്ധ മുതലാളിത്ത രാഷ്ട്രങ്ങളില്‍ പലതിനും ഇഷ്ടപ്പെടുന്നുണ്ടാവില്ല. സാമ്പത്തിക ഉന്നതിയിലേയ്ക്കു നീങ്ങുന്ന ശ്രീലങ്കയെ തകര്‍ക്കാന്‍ അണിയറയില്‍ നിഗൂഢശക്തികള്‍ പ്രവര്‍ത്തിക്കുന്നത് അറിയാതെപോയത് രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനത്തിന്റെ പരാജയമാണ്. പ്രത്യേകിച്ച്, സ്‌ഫോടനം സംബന്ധിച്ച് രണ്ടാഴ്ച മുമ്പു തന്നെ സര്‍ക്കാരിന് വിവരം നല്‍കിയതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്ന സാഹചര്യത്തില്‍.

സേന ശാക്തീകരണത്തിലും ശ്രീലങ്കയെ സാമ്പത്തികാഭിവൃദ്ധിയില്‍ എത്തിക്കുന്നതിനും പരിശ്രമിച്ച സര്‍ക്കാര്‍ അതോടൊപ്പം രാജ്യത്തെ ബാധിക്കുന്ന തീവ്രവാദ ഭീകര ഭീഷണികളെ കാണാതെപോയി. സുസ്ഥിരമായ ഭരണത്തിനു മാത്രമേ ആഭ്യന്തര സുരക്ഷ ഉറപ്പുവരുത്തുവാന്‍ കഴിയൂ. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുമ്പോള്‍ രാജ്യസുരക്ഷയാണ് അവഗണിക്കപ്പെടുന്നത്. ഭീകരവാദികള്‍ക്ക് ഇത് അവസരവും നല്‍കുന്നു.

ദക്ഷിണേഷ്യയില്‍ ചാവേറാക്രമണം ആദ്യം അരങ്ങേറിയത് ശ്രീലങ്കയിലാണ്. വേലുപ്പിള്ള പ്രഭാകരന്റെ നേതൃത്വത്തില്‍. 1959ല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായിരുന്ന സോളമന്‍ ബന്ദാരനായകെ തീവ്രവാദികളാലായിരുന്നു വധിക്കപ്പെട്ടത്. എണ്‍പതുകളില്‍ ഇടത്പക്ഷ തീവ്രവാദവും ശ്രീലങ്കയില്‍ തലപൊക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ ഐ.എസ് തീവ്രവാദവും ഇപ്പോഴുണ്ട്. 2007 മെയ് മാസത്തില്‍ മക്കാ മസ്ജിദിലും സംഝോതാ എക്‌സ്പ്രസിലും സ്‌ഫോടനങ്ങള്‍ നടത്തിയ ഹിന്ദുത്വ ഭീകര സംഘടനക്ക് ശ്രീലങ്കന്‍ ബന്ധമുണ്ടായിരുന്നതായി പറയപ്പെട്ടിരുന്നു.

നിരവധി സാധ്യതകളാണ് ശ്രീലങ്കയിലുണ്ടായ സ്‌ഫോടനത്തെ ചൂഴ്ന്നുനില്‍ക്കുന്നതെന്നര്‍ഥം. കുറ്റമറ്റ അന്വേഷണത്തിലൂടെ ഇതിന്റെ നിജസ്ഥിതി പുറത്ത് വരണം. ലോകത്ത് സമാധാനവും ശാന്തിയും നിലനില്‍ക്കാന്‍ ഇത് അനിവാര്യമാണ്. ന്യൂസിലന്‍ഡ് ജനത എങ്ങനെ ഭീകരാക്രമണത്തെ അതിജീവിച്ചുവോ അതുപോലെ ശ്രീലങ്കയും വളരെ പെട്ടെന്നു തന്നെ ഈ ഭീകരാക്രമണത്തെ അതിജീവിക്കും. അതു തന്നെയായിരിക്കും തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു ജനതയുടെ മറുപടിയും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.