2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

Editorial

കേരള പൊലിസിനെ ഭരിക്കുന്നത് ആരാണ്?

അടുത്ത കാലത്തായി കേരള പൊലിസിന്റെ ഭാഗത്തുനിന്ന് അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന സര്‍ക്കാര്‍ വിരുദ്ധ നടപടികള്‍ കേവലം യാദൃച്ഛികമാണെന്ന് പറയാനാവില്ല. ആ ധാരണയെ അരക്കിട്ടുറപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ നടന്ന ഭരണഘടനാ സംരക്ഷണ റാലിക്കുനേരെ പൊലിസില്‍ നിന്നുണ്ടായ പ്രകോപനങ്ങള്‍. ഒരേസമയം കോഴിക്കോട്ട് എലത്തൂരിലും തൃശൂരിലും കുറ്റ്യാടിയിലും പൗരത്വ നിയമത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരേ പൊലിസ് നടപടിയെടുത്തതില്‍ നിന്ന് മനസ്സിലാക്കേണ്ടത് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശങ്ങളല്ല ഒരു വിഭാഗം അനുസരിക്കുന്നതെന്നും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ അദൃശ്യമായ ആജ്ഞകളാണോ അവര്‍ അനുസരിക്കുന്നതെന്നും കരുതേണ്ടിയിരിക്കുന്നു.
പൗരത്വ നിയമത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ കേസെടുക്കുവാന്‍ നിര്‍ദേശമൊന്നും നല്‍കിയിട്ടില്ലെന്ന ഡി.ജി.പിയുടെ പ്രസ്താവനക്ക് പുല്ല് വിലയാണ് പൊലിസിലെ ഒരു വിഭാഗം നല്‍കുന്നത്. കേരള വര്‍മ്മ കോളജില്‍ അക്രമാസക്തരായ എ.ബി.വി.പി വിദ്യാര്‍ഥികളെ തടയാന്‍ചെന്ന പൊലിസുകാരനെ കയ്യേറ്റം ചെയ്ത പാരമ്പര്യമുള്ള അന്നത്തെ ഡി.ജി.പി ടി.പി സെന്‍കുമാറു തന്നെയാണോ ഇപ്പോഴത്തെ ഡി.ജി.പിയുമെന്ന് തോന്നിപ്പോകുന്നു.

ഇങ്ങിനെ കയറൂരിവിട്ടാല്‍ പൗരത്വ നിയമത്തിനെതിരേ പ്രതിഷേധ പ്രകടനം നടത്തിയവരെ വെടിവെച്ച് കൊന്ന യു.പി പൊലിസിന്റെ മാനസികാവസ്ഥയിലേക്ക് കേരള പൊലിസിലെ ഒരു വിഭാഗവും നാളെ എത്തിക്കൂടായ്കയില്ല. ഇപ്പോള്‍ പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരേ കേസെടുത്തുകൊണ്ടിരിക്കുന്ന പൊലിസ് നാളെ അതിനും മടിക്കുകയില്ല. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റക്കും ആഭ്യന്തര വകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും പൊലിസിന്റെമേല്‍ യാതൊരു നിയന്ത്രണവുമില്ലെന്ന സന്ദേശമാണ് ഇതുവഴി പൊതുസമൂഹത്തിന് കിട്ടുന്നത്.
മുമ്പൊരിക്കല്‍പോലും കേരളം ദര്‍ശിക്കാത്തവിധത്തിലുള്ള പ്രതിഷേധ പോരാട്ടങ്ങളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും നടക്കുന്നത്. ഓരോ മനുഷ്യനും ഒരാളുടെയും പ്രേരണയില്ലാതെ സ്വയം സമരസജ്ജനായിത്തീരുന്ന ഈ കാഴ്ചക്ക് മുഖ്യമന്ത്രി പിണറായി വിജയനോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടുമാണ് കേരളീയ സമൂഹം കടപ്പെട്ടിരിക്കുന്നത്. കക്ഷി രാഷ്ട്രീയ, സാമുദായിക ഭേദമില്ലാതെ ഒരൊറ്റ ജനതയായി സംഘ്പരിവാറിന്റെ മനുഷ്യനെ ഭിന്നിപ്പിക്കുന്ന നിയമത്തിനെതിരേ പോരാടുമ്പോള്‍ അതിനെ തുരങ്കംവെക്കുന്ന കുത്സിത നീക്കങ്ങളുമായി ഒരു വിഭാഗം പൊലിസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവര്‍ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് നിന്നായിരിക്കണം നിര്‍ദേശങ്ങള്‍ സ്വീകരിക്കുന്നത്. പൊലിസ് സേനയിലെ ഇത്തരം നീക്കങ്ങള്‍ ലോക്‌നാഥ് ബെഹ്‌റക്ക് കണ്ടെത്താന്‍ കഴിയുന്നില്ലെന്നത് പരിഹാസ്യമാണ്.

ഫാസിസം എല്ലാ മറകളും നീക്കി മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമാക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്ത്യ ഘട്ടത്തിലാണുള്ളത്. ഈ ബോധ്യത്തെ തുടര്‍ന്നാണ് ഭരണപക്ഷവും പ്രതിപക്ഷവും ഒറ്റക്കെട്ടായി ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ കൈകോര്‍ത്തത്. ഇത് കേന്ദ്ര സര്‍ക്കാരിനെ വിറളിപിടിപ്പിച്ചു എന്നത് യാഥാര്‍ഥ്യമാണ്. അപ്പോള്‍ ഈ നീക്കങ്ങളെ തകര്‍ക്കേണ്ടത് സംഘ്പരിവാറിന്റെ ആവശ്യവുമാണ്. ആ ആവശ്യമാണ് കേരള പൊലിസിലെ ഒരു വിഭാഗത്തെക്കൊണ്ട് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ചരിത്രത്തില്‍തന്നെ ഇടംപിടിക്കുന്നതാണ് സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും പൗരത്വ നിയമ ഭേദഗതിക്കെതിരേ നടത്തിയ പ്രതിഷേധ സമരങ്ങള്‍. ഒന്നിച്ചുള്ള സത്യഗ്രഹ സമരം, നിയമസഭയുടെ പ്രമേയം എന്നിവയ്ക്ക് പുറമെ ഇപ്പോഴിതാ സുപ്രിംകോടതിയില്‍ സൂട്ട് ഹരജിയും നല്‍കിയിരിക്കുന്നു. സര്‍ക്കാരിന്റെ ഈ നീക്കങ്ങള്‍ക്കെല്ലാം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശമുണ്ടായിരുന്നുവെന്ന് നിയമമന്ത്രി എ.കെ ബാലന്‍ തുറന്ന് പറയുകയും ചെയ്തു.

കേരളീയ ജനത ഒറ്റക്കെട്ടായി മുമ്പൊരിക്കലും ഇതുപോലുള്ളൊരു സമരം നയിച്ചിട്ടില്ല. ഇത് തകര്‍ക്കേണ്ടത് അനിവാര്യമാണെന്ന നിഗൂഢ പദ്ധതിയുടെ ഭാഗമാണ് പൊലിസിന്റെ ഭാഗത്തുനിന്നുള്ള കള്ളക്കേസുകള്‍. മുഖ്യമന്ത്രി ഉദ്ഘാടകനായി കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് നടന്ന ഭരണഘടനാ സംരക്ഷണ റാലിയെ പരാജയപ്പെടുത്തുവാന്‍ റാലിയുടെ പ്രചാരണ വിഭാഗം വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. അവിടെയുണ്ടായിരുന്ന പ്രവര്‍ത്തകരോട് ‘പൗരത്വ നിയമം വേണ്ടെന്ന് പറയുവാന്‍ മുഖ്യമന്ത്രി ആരാ’ എന്ന് ചോദിക്കാന്‍ എലത്തൂര്‍ പൊലിസ് സ്റ്റേഷനിലെ ഒരു സാദാ കോണ്‍സ്റ്റബിളായ ശ്രീജിത്ത് കുമാറിന് ധൈര്യം വന്നെങ്കില്‍ അയാള്‍ ഒറ്റക്കല്ല. അയാളെ സസ്‌പെന്റ് ചെയ്തുവെങ്കിലും നാളെ അയാള്‍ തിരിച്ചുകയറാതെയുമിരിക്കില്ല. മുഖ്യമന്ത്രിയെ അവഹേളിച്ച പൊലിസുകാരനെതിരേ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരനായ ജില്ലാ സെക്രട്ടറിക്കുതന്നെ പൊലിസില്‍ പരാതി നല്‍കേണ്ടിവരുന്ന ഒരു കേരളീയാവസ്ഥയെ എങ്ങിനെയാണ് വിലയിരുത്തേണ്ടത്.

എലത്തൂര്‍ എസ്.ഐ ജയപ്രസാദിനെയും പൊലിസുകാരന്‍ ശ്രീജിത്ത് കുമാറിനെയും പറഞ്ഞുവിടുകയാണ് വേണ്ടത്. അതിനുള്ള ചങ്കൂറ്റമാണ് സംസ്ഥാന ഭരണകൂടത്തില്‍നിന്ന് ഉണ്ടാകേണ്ടത്. കാക്കിക്കുള്ളില്‍ കാവിക്കൊടി ഒളിപ്പിച്ചവര്‍ക്ക് അത് മാത്രമേ പാഠമാകൂ. സര്‍വിസ് ചട്ടങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സസ്‌പെന്‍ഷന്‍ പോലുള്ള ശിക്ഷകള്‍കൊണ്ടെന്ത് ഫലം? എലത്തൂരില്‍ നടന്നതിന്റെ മറ്റൊരു ആവര്‍ത്തനമാണ് തൃശൂരില്‍ നടന്ന ഭരണഘടനാ സംരക്ഷണ സംഗമത്തിനെതിരെയും പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായത്. ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള കേരളത്തിന്റെ ഒന്നിച്ചുള്ള പോരാട്ടം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നായിരുന്നു. എന്നാല്‍ ആ മാതൃക പരാജയപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് തൃശൂരിലെ ഏമാന്മാര്‍ തീരുമാനിച്ചതിന്റെ ഫലമായിട്ടാണ് റാലിയില്‍ പങ്കെടുത്ത എസ്.കെ.എസ്.എസ്.എഫ്, കെ.എസ്.യു, എസ്.എഫ്.ഐ, സി.പി.ഐ നേതാക്കള്‍ക്കെതിരേ പൊലിസ് കള്ളക്കേസ് എടുത്തത്. സമാനമായ സംഗമങ്ങള്‍ മറ്റു ജില്ലകളില്‍ നടന്നെങ്കിലും അവിടെയൊന്നും പൊലിസ് യാതൊരു നടപടികളും സ്വീകരിച്ചിരുന്നില്ല.

മുകളില്‍നിന്ന് നിര്‍ദേശമുണ്ട് കേസെടുക്കാന്‍ എന്നായിരുന്നു പൊലിസ് ഭാഷ്യം. കേസെടുക്കുവാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നു ലോക്‌നാഥ് ബെഹ്‌റ പിന്നെ എന്തടിസ്ഥാനത്തിലാണ് പറയുന്നത്. തീര്‍ന്നില്ല, കഴിഞ്ഞ ദിവസം ബി.ജെ.പി പൗരത്വ നിയമം വിശദീകരിക്കുവാന്‍ കുറ്റ്യാടിയില്‍ നടത്തിയ റാലി മുസ്‌ലിംകള്‍ക്കെതിരെയുള്ള തെറിവിളികളുടെ അഭിഷേകമായിരുന്നു. ‘ഗുജറാത്ത് മറക്കേണ്ട’ എന്ന് പറഞ്ഞ് സാമുദായിക വിദ്വേഷം പടര്‍ത്തി നടത്തിയ ജാഥക്ക് പൊലിസ് അകമ്പടിയും സംരക്ഷണവും നല്‍കിയപ്പോള്‍ പ്രതിഷേധ സൂചകമായി കടകളടച്ചവര്‍ക്കെതിരെയാണ് കുറ്റ്യാടി പൊലിസ് കേസെടുത്തത്. പൊലിസില്‍നിന്ന് ഇതുപോലുള്ള നടപടികളാണ് മേലിലും ഉണ്ടാകുന്നതെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നടത്തിക്കൊണ്ടിരിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സന്ധിയില്ലാ സമരം ഒരുപറ്റം ആര്‍.എസ്.എസ് പൊലിസുകാര്‍ പ്രഹസനമാക്കി മാറ്റുമെന്നതിന് സംശയമില്ല. അതുപാടില്ല. ഇത്തരം ആളുകളെ സര്‍വിസില്‍നിന്ന് പറഞ്ഞുവിടുകതന്നെ വേണം. അല്ലാത്തപക്ഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഭരണഘടനാ സംരക്ഷണ റാലികളുടെ വിശ്വാസ്യതയായിരിക്കും തകരുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.