2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

നെയ്യാറ്റിന്‍കര ആത്മഹത്യയിലെ രണ്ടു വശങ്ങള്‍


 

കാനറാ ബാങ്ക് നെയ്യാറ്റിന്‍കര ബ്രാഞ്ചിന്റെ മാനസിക പീഡനം കാരണം അമ്മയും മകളും ആത്മഹത്യ ചെയ്തുവെന്നതരത്തില്‍ പ്രചരിക്കപ്പെട്ട വാര്‍ത്ത, സംഭവത്തിന്റെ ഒരുവശം മാത്രമാണെന്ന് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങളില്‍നിന്ന് മനസ്സിലാകുന്നു. ബാങ്കുകളുടെ നിരന്തരമായ ഭീഷണികളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന ഒരവസരത്തില്‍ നെയ്യാറ്റിന്‍കരയിലെ ചന്ദ്രന്റെ ഭാര്യ ലേഖയും മകള്‍ അമ്മിണിയും തീകൊളുത്തി മരിച്ചതില്‍ ആദ്യം മറ്റു പ്രത്യേക കാരണങ്ങളൊന്നും കണ്ടെത്താനായില്ല. ആത്മഹത്യ ചെയ്യുന്ന ദിവസം ബാങ്കിന്റെ ജപ്തി അറിയിപ്പ് വന്നതിനാല്‍ ആത്മഹത്യയ്ക്കു ബാങ്കിന്റെ ഭീഷണി കുറേക്കൂടി കാരണമായി.

അമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ പ്രതിഷേധിച്ച് നാട്ടുകാരും രാഷ്ട്രീയപ്പാര്‍ട്ടികളും സമരങ്ങളും റോഡ് പിക്കറ്റിങും നടത്തിയെങ്കിലും പൊലിസ് ബാങ്ക് അധികൃതര്‍ക്കെതിരേ കേസെടുക്കാന്‍ അമാന്തിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ നെയ്യാറ്റിന്‍കര കാനറാ ബാങ്കിന്റെ ഫ്രണ്ട് ഓഫിസ് തല്ലിത്തകര്‍ത്തു. ശാസ്ത്രീയമായ തെളിവുകിട്ടാതെ ബാങ്കിനെതിരേ നടപടിയെടുക്കാനാവില്ല എന്ന നിലപാടിലായിരുന്നു പൊലിസ്. ആത്മഹത്യയെത്തുടര്‍ന്ന് പൂട്ടി സീല്‍വച്ച വീട് ഇന്നലെയാണ് പൊലിസ് തുറന്നു പരിശോധിച്ചത്. ചുമരില്‍ പതിച്ച ലേഖയുടെ ആത്മഹത്യാ കുറിപ്പാണ് കേസിനിപ്പോള്‍ വഴിത്തിരിവ് ഉണ്ടാക്കിയിരിക്കുന്നത്. ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും ഭര്‍ത്താവിന്റെ സഹോദരിമാരും നിരന്തരമായി പീഡിപ്പിക്കുകയാണെന്നും വിവാഹം കഴിഞ്ഞതു മുതല്‍ സ്ത്രീധനത്തിനു വേണ്ടി ഭര്‍ത്താവിന്റെ അമ്മ സമ്മര്‍ദം ചെലുത്തുകയായിരുന്നുവെന്നും ലോണ്‍ തിരിച്ചടയ്ക്കാന്‍ ബാങ്കില്‍നിന്ന് തുടര്‍ച്ചയായി ഫോണ്‍വിളി വന്നിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഗൗനിച്ചില്ലെന്നും വീടും സ്ഥലവും വിറ്റ് ബാങ്കിന്റെ കടം തീര്‍ക്കാന്‍ ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും തടസ്സംനിന്നെന്നും ഈ കാരണത്താലാണ് മരിക്കുന്നതെന്നുമുള്ള ആത്മഹത്യാ കുറിപ്പാണ് സംഭവത്തിലേക്കു വെളിച്ചം വീശിയത്.

16 വര്‍ഷം മുമ്പാണ് നെയ്യാറ്റിന്‍കരയിലെ മഞ്ചവിളാകം മലയിക്കട വൈഷ്ണവി ഭവനില്‍ ചന്ദ്രന്‍ നെയ്യാറ്റിന്‍കരയിലെ കാനറാ ബാങ്കില്‍നിന്ന് അഞ്ചു ലക്ഷം രൂപ ഭവനവായ്പയെടുത്തത്. ഇതിനകം എട്ടു ലക്ഷം രൂപ തിരിച്ചടച്ചു. 2010ല്‍ അടവു മുടങ്ങിയതോടെ അടച്ച തുകയത്രയും നിഷ്‌ക്രിയ ആസ്തിയായി ബാങ്ക് പ്രഖ്യാപിക്കുകയായിരുന്നു. 6.8 ലക്ഷം കുടിശ്ശികയുണ്ടെന്നു പറഞ്ഞ് ബാങ്ക് അധികൃതര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ചന്ദ്രന്‍ പറയുമ്പോഴും തങ്ങളുടെ പക്കല്‍നിന്ന് അത്തരമൊരു നടപടി ഉണ്ടായിട്ടില്ലെന്നും ഇനിയും കാലാവധി നീട്ടിക്കൊടുക്കാന്‍ തയ്യാറായിരുന്നുവെന്നും ബാങ്കിന്റെ സീനിയര്‍ മാനേജര്‍ ഇന്നലെ വെളിപ്പെടുത്തിയിട്ടുണ്ട്.

ഇങ്ങനെ രണ്ടു വശങ്ങളാണ് കൂട്ട ആത്മഹത്യയില്‍ പ്രകടമായിരിക്കുന്നത്. ഒന്ന് കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ ബാങ്കിന്റെ നിരന്തരമായ ഭീഷണി. മറുവശത്ത് ചന്ദ്രന്റെ കുടുംബാംഗങ്ങളുടെ നിരന്തരമായ മാനസിക പീഡനം. വീടു വില്‍ക്കാന്‍ സമ്മതിക്കാതിരുന്നത് ചന്ദ്രനും ചന്ദ്രന്റെ അമ്മയുമാണെന്ന് ലേഖയുടെ ആത്മഹത്യാ കുറിപ്പില്‍ സൂചിപ്പിക്കുന്നുമുണ്ട്. വീടു വില്‍ക്കേണ്ടെന്നും മന്ത്രവാദംകൊണ്ട് സാമ്പത്തികനില മെച്ചപ്പെടുമെന്നും അതുവഴി ബാങ്കിന്റെ കടം വീട്ടാമെന്നും ഒരു മന്ത്രവാദി ചന്ദ്രനെയും കുടുംബത്തെയും പറഞ്ഞ് വിശ്വസിപ്പിച്ചതായും പറയപ്പെടുന്നു. മന്ത്രവാദത്തിന്റെ ഭാഗമായി ലേഖയെ നിരന്തരം ഉപദ്രവിക്കുകയും ചെയ്തു. തനിക്കു വിഷംതന്ന് കൊല്ലാന്‍വരെ ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ ശ്രമിച്ചിരുന്നുവെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

ചന്ദ്രന്റെ വീട്ടുകാരുടെ നിരന്തരമായ ഇത്തരം പീഡനങ്ങള്‍ക്കിടയിലാണ് ജപ്തി ഭീഷണിയുടെ നോട്ടീസുമായി ബാങ്ക് അധികൃതരും വന്നത്. സര്‍ഫാസി നിയമം ഉയര്‍ത്തിപ്പിടിച്ചായിരുന്നുവത്രെ ബാങ്ക് അധികൃതര്‍ ജപ്തി ഭീഷണി മുഴക്കിയത്. മൂന്നു തിരിച്ചടവ് മുടങ്ങിയാല്‍ വായ്പ വാങ്ങിയവരില്‍നിന്ന് മുതലും പലിശയും ഈടാക്കാന്‍ നിയമംവഴി കോടതി മുഖേന ജപ്തി ചെയ്യാമെന്ന സര്‍ഫാസി നിയമത്തിന്റെ ബലത്തിലാണ് ബാങ്കുകളെല്ലാം ജപ്തി ഭീഷണികള്‍ മുഴക്കുന്നത്. വീട്ടുകാരുടെ പീഡനത്തില്‍ തളര്‍ന്നിരിക്കുന്ന അമ്മയുടെയും മകളുടെയും മുന്നിലേക്ക് ബാങ്കിന്റെ ജപ്തി ഭീഷണി കൂടി വന്നപ്പോള്‍ അവര്‍ക്ക് പിന്നീടൊന്നും ആലോചിക്കേണ്ടിവന്നില്ല. ആത്മഹത്യാ കുറിപ്പ് എഴുതി ചുമരില്‍ ഒട്ടിച്ച് മരണത്തിലേക്ക് പോകുകയായിരുന്നു അവര്‍. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ബാങ്ക് നല്‍കിയ അവസാന തിയതി. ആ തിയതിയില്‍ പണമടക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ലേഖയും മകള്‍ വൈഷ്ണവിയും ജീവനൊടുക്കിയത്.

കുടുംബ പീഡനമാണ് ലേഖയുടെയും മകളുടെയും മരണത്തിന് മുഖ്യകാരണമെങ്കില്‍ ബാങ്ക് അധികൃതരുടെ നിലപാട് അതിന് ശക്തികൂട്ടി എന്നതും വസ്തുതയാണ്. വീടും സ്ഥലവും വിറ്റ് കുടിശ്ശിക തീര്‍ക്കാന്‍ ആധാരത്തിന്റെ പകര്‍പ്പ് ചോദിച്ചിട്ട് ബാങ്ക് അധികൃതര്‍ നല്‍കിയില്ല എന്ന് പറയപ്പെടുന്നുണ്ട്. തിരിച്ചടവിലേക്കായി മകള്‍ വൈഷ്ണവിയുടെ ഒപ്പു വരെ നിര്‍ബന്ധിച്ച് വാങ്ങി. ചന്ദ്രന്റെ കുടുംബത്തിനൊപ്പംതന്നെ കാനറാ ബാങ്ക് അധികൃതരും ലേഖയുടെയും വൈഷ്ണവിയുടെയും ആത്മഹത്യയ്ക്ക് ഉത്തരവാദികളാണ്. നിരവധി ധനാഢ്യര്‍ ലക്ഷങ്ങളും കോടികളും ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് കുടിശിക മുടക്കിയിട്ടുണ്ടെന്നും എന്നാല്‍ അവര്‍ക്കൊന്നും ജപ്തി നോട്ടീസ് നല്‍കാതെ നിസ്സാര തുക വായ്പയെടുത്തവരെ നിരന്തരം പീഡിപ്പിക്കുകയാണ് ബാങ്ക് അധികൃതരെന്നും നാട്ടുകാര്‍ പറയുന്നു. നിരവധിപേര്‍ ഈ പ്രദേശത്ത് കാനറാ ബാങ്കിന്റെ ഭീഷണിയിലാണ്. അത്തരത്തില്‍പെട്ടതാണ് പുഷ്പലീലയുടെ കുടുംബം. 2018ന് ശേഷം തിരിച്ചടവ് മുടങ്ങിയ പുഷ്പലീലയോട് കുടിശിക തിരിച്ചടക്കുന്നില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്ന് ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.

സര്‍ഫാസി ആക്ടിന്റെ ധൈര്യത്തിലാണ് ബാങ്ക് അധികൃതര്‍ ഇത്തരം ഭീഷണികള്‍ മുഴക്കുന്നത്. നിയമം പാസായത് എ.ബി വാജ്‌പേയി ഭരിച്ചപ്പോഴാണ്. കേന്ദ്രനിയമമായതിനാല്‍ സംസ്ഥാനത്ത് സര്‍ഫാസിക്കെതിരേ ഒന്നുംചെയ്യാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. പാവങ്ങളുടെ വീടും സ്ഥലവും ബാങ്ക് അധികൃതരെ ഉപയോഗപ്പെടുത്തി ഭൂമാഫിയ ചുളുവിലയ്ക്കു വാങ്ങാന്‍ ശ്രമിക്കുന്നതായും പരാതികളുണ്ട്. ഇതിനെത്തുടര്‍ന്നാണ് പാവങ്ങളെ നിരന്തരം ബാങ്ക് മാനേജര്‍മാര്‍ സര്‍ഫാസി ഉയര്‍ത്തിപ്പിടിച്ച് ജപ്തി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ചന്ദ്രന്റെ വീട്ടുകാര്‍ ഇപ്പോള്‍ പൊലിസ് കസ്റ്റഡിയിലാണ്. അതേപോലെ തെറ്റു ചെയ്തവരാണ് കാനറാ ബാങ്ക് അധികൃതരും. ഈ ആത്മഹത്യയില്‍ അവര്‍ക്കും പങ്കില്ലേ അവരും നിയമത്തിനു മുമ്പില്‍ വിചാരണ ചെയ്യപ്പെടേണ്ടതാണ്. ബാങ്ക് മാനേജര്‍മാരുടെ ജപ്തി ഭീഷണിയാല്‍ ആത്മഹത്യയില്‍ അഭയം തേടുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന ഒരുകാലത്ത് പ്രത്യേകിച്ചും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.