2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

തിടുക്കത്തില്‍ പിഴയീടാക്കല്‍ സര്‍ക്കാരിന്റെ വലിയ പിഴ


 

കേന്ദ്രസര്‍ക്കാര്‍ വാഹന നിയമലംഘന ചട്ടം ഭേദഗതി ചെയ്തതിന്റെ തൊട്ടുപിന്നാലെ സംസ്ഥാനത്ത് അത് നടപ്പിലാക്കിയത് സര്‍ക്കാരിന് പറ്റിയ വലിയ പിഴയായി മാറിയിരിക്കുകയാണ്. സെപ്റ്റംബര്‍ ഒന്ന് മുതല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ വളരെ ആവേശത്തോടെയാണ് പുതിയ പിഴത്തുക ഈടാക്കാന്‍ തുടങ്ങിയത്. നൂറ് രൂപ പിഴയടക്കേണ്ടിടത്ത് പതിനായിരം രൂപ പിഴയായി വന്നത് ഇപ്പോള്‍ സര്‍ക്കാരിന് തന്നെ തലവേദന സൃഷ്ടിച്ചിരിക്കുന്നു.
വര്‍ധിപ്പിച്ച പിഴത്തുക ലഘൂകരിക്കാനുള്ള ശ്രമത്തിലാണ് ഗതാഗത വകുപ്പ്. മോട്ടോര്‍വാഹന നിയമ ലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ പഴുത് ഉപയോഗിച്ചാണ് സര്‍ക്കാരിന്റെ ഇടപെടല്‍. പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫിസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുള്ളത്. ഇതില്‍ തീരുമാനമെടുക്കുന്നതുവരെ പരിശോധനകള്‍ നിര്‍ത്തി വയ്ക്കാനും സര്‍ക്കാര്‍ മോട്ടോര്‍ വാഹന വകുപ്പിനും പൊലിസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മദ്യപിച്ചുള്ള വാഹനമോടിക്കല്‍, മൊബൈലില്‍ സംസാരിച്ചുള്ള ഡ്രൈവിങ് എന്നിവകളില്‍ ഇളവുണ്ടായിരിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ നിയമം പാര്‍ലമെന്റില്‍ പാസാക്കിയ ഉടനെതന്നെ തിടുക്കപ്പെട്ട് പത്തിരട്ടി പിഴത്തുക ഈടാക്കാന്‍ സര്‍ക്കാര്‍ ചാടിപുറപ്പെടരുതായിരുന്നു. സര്‍ക്കാരിന് വീണ്ടുവിചാരം വന്നപ്പോഴേക്കും ഇത് സംബന്ധിച്ച വിജ്ഞാപനം ഇറങ്ങുകയും ചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളും നടപ്പിലാക്കിയിട്ടില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും വര്‍ധിപ്പിച്ച പിഴത്തുക ഈടാക്കി തുടങ്ങിയിട്ടില്ല. മഹാരാഷ്ട്ര, ബിഹാര്‍, ഗോവ, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിയമം നടപ്പാക്കിയിട്ടില്ല. ഉത്തരാഖണ്ഡില്‍ പിഴ കുറച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ഇളവ് അനുവദിച്ചിരിക്കുകയാണ്. കേരളം മാത്രമാണ് ധൃതിപിടിച്ച് നിയമം നടപ്പാക്കിയതും ഇപ്പോള്‍ ഇളവിനായി പാടുപെടുന്നതും.
നിയമം കേന്ദ്രസര്‍ക്കാരിന്റേതാണെങ്കിലും യാതൊരു ആലോചനയും കൂടാതെ ധൃതിപ്പെട്ട് നടപ്പാക്കിയതിന്റെ ഉത്തരവാദിത്വത്തില്‍നിന്നും സര്‍ക്കാരിന് മാറിനില്‍ക്കാനാവില്ല. പാലാ ഉപതെരഞ്ഞെടുപ്പില്‍ ഇത് തിരിച്ചടിയാകുമോ എന്ന ഭയപ്പാടും ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനേയും ഇടത് മുന്നണിയേയും അലട്ടിത്തുടങ്ങിയിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പുകള്‍ ഇനിയും വരാനുണ്ട്. ഇവിടെയെല്ലാം സര്‍ക്കാരിന്റെ നടപടി പ്രതിപക്ഷം പ്രചാരണായുധമാക്കുമെന്നതില്‍ സംശയമില്ല. സംസ്ഥാന സര്‍ക്കാര്‍ അമിതമായ ദാസ്യ മനോഭാവമാണ് ബി.ജെ.പി സര്‍ക്കാരിനോട് അനുവര്‍ത്തിക്കുന്നതെന്ന ധാരണയും സമൂഹത്തിലുണ്ട്. ഈ ഭയപ്പാടുള്ളതിനാലാണ്‌സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ തള്ളിപ്പറയാന്‍ നിര്‍ബന്ധിതനായത്. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിത്തുക വര്‍ധിപ്പിക്കാന്‍ മാത്രമേ ഇത്തരമൊരു പരിഷ്‌ക്കാരം ഇടനല്‍കൂവെന്നദ്ദേഹം കഴിഞ്ഞ ദിവസം പറയുകയുണ്ടായി. പതിനായിരം രൂപ പിഴ വന്നാല്‍ ഉദ്യോഗസ്ഥന് അയ്യായിരം കൊടുത്ത് നിയമലംഘകര്‍ രക്ഷപ്പെടുമെന്നും സര്‍ക്കാര്‍ ഖജനാവിലേക്ക് ഇതുവഴി വരുമാനം കുറയുമെന്നും അദ്ദേഹം പറയുകയുണ്ടായി.
പിഴത്തുക ഉയര്‍ത്തിയതിന് ശേഷമുള്ള ആദ്യത്തെ നാല് ദിവസം 46 ലക്ഷം രൂപ പിരിഞ്ഞ്കിട്ടിയെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇതിലധികം പണം കിട്ടേണ്ടതുണ്ടായിരുന്നു. അത് എവിടെപ്പോയി. നിയമലംഘകര്‍ ചെറിയ തുക കൈക്കൂലി കൊടുത്ത് വലിയ സംഖ്യ പിഴകൊടുക്കാതെ രക്ഷപ്പെട്ടിരിക്കാം. അപ്പോള്‍ സര്‍ക്കാരിന് ഈവഴിക്കുള്ള റവന്യൂ വരുമാനം കൂടുകയല്ല കുറയുകയാണ് ചെയ്യുക.
പത്തിരട്ടി തുക പിഴ വിധിച്ചാല്‍ കോടതിയില്‍ അടയ്ക്കാമെന്ന് പറഞ്ഞ് നിയമലംഘകര്‍ പോയാലും പൊല്ലാപ്പ്തന്നെയാണ്. നിയമം ലംഘിച്ചതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ പൊലിസ് നിര്‍ബന്ധിതമാകും. ഇതുപോലെ ധാരാളം കേസുകള്‍ വരികയാണെങ്കില്‍ പൊലിസിന് ഇതിന്റെ പിന്നാലെ കോടതികളില്‍ കയറി ഇറങ്ങാനേ നേരമുണ്ടാകൂ. ഗതാഗത നിയമം പാലിക്കാതെയുള്ള ഡ്രൈവിങ്ങിനാല്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുകയാണെന്നത് വാസ്തവമാണ്. കലാപങ്ങളിലും വഴക്കുകളിലും ആളുകള്‍ മരിക്കുന്നതിനേക്കാള്‍ എത്രയോ അധികംപേര്‍ വാഹനാപകടങ്ങളില്‍ ഓരോ വര്‍ഷവും മരണപ്പെടുന്നുണ്ട്.
എന്നാല്‍ ഇത് മാത്രമല്ല ഇത്തരം മരണങ്ങള്‍ക്ക് കാരണം. പൊട്ടിപ്പൊളിഞ്ഞ റോഡുകളും അതിലെ കുഴികളും ആളുകളെ കൊല്ലുന്നുണ്ട്. യഥാസമയം റോഡുകളുടെ അറ്റകുറ്റപണി തീര്‍ക്കാത്തതും അപകടങ്ങള്‍ക്ക് കാരണമാണ്. വാഹനമോടിക്കുന്നവരില്‍ പലരും റോഡുകളില്‍ അമിത സ്വാതന്ത്ര്യം എടുക്കുകയാണ്. കാല്‍നട യാത്രക്കാരുടെ സ്വാതന്ത്ര്യം ഹനിച്ച്‌കൊണ്ടാണ് വാഹനമോടിക്കുന്നവര്‍ റോഡുകള്‍ സ്വന്തമാണെന്ന വിചാരത്തോടെ അമിത വേഗതയില്‍ ഓടിക്കുന്നത്. ഇത്തരം ആളുകള്‍ക്കെതിരേ നിയമം കര്‍ശനമാക്കുകതന്നെ വേണം. മന്ത്രിമാരും വി.ഐ.പികളും ഗതാഗത നിയമം ലംഘിക്കുന്നതില്‍ പിന്നിലല്ല. മുഖ്യമന്ത്രിയുടെ വാഹനംതന്നെ 14 തവണ റോഡ് നിയമം തെറ്റിച്ചിട്ടുണ്ട്. പിഴ അടച്ചതായി വിവരമില്ല. നിയമം പാലിച്ച് വാഹനം ഓടിക്കുന്നവര്‍ എന്തിന് ഭയപ്പെടണമെന്നാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ചോദിക്കുന്നത്. അദ്ദേഹത്തിന്റെ വാഹനം കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മൂന്ന് തവണയാണ് ഗതാഗത നിയമം ലംഘിച്ചത്. മന്ത്രിമാര്‍ക്കും ശ്രീരാം വെങ്കിട്ടരാമനെപ്പോലെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്കും വി.ഐ.പികള്‍ക്കും റോഡ് നിയമം ബാധകമല്ല എന്ന ധാരണയാണ് ഇതുവഴി പൊതുസമൂഹത്തിന് ഉണ്ടാവുക. മറ്റുള്ളവരെ ഉപദേശിക്കല്‍ എളുപ്പമാണ്. സ്വന്തം ജീവിതത്തില്‍ പകര്‍ത്താനാണ് പ്രയാസം. എല്ലാ പഴികളും പിഴകളും ചുമയ്ക്കാന്‍ വിധിക്കപ്പെട്ടവരാണല്ലൊ സാധാരണക്കാര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.