2020 February 16 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

Editorial

ഹിന്ദി അജന്‍ഡയുമായി വീണ്ടും


 

കഴിഞ്ഞ ദിവസം ഹിന്ദി ദിനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ പ്രസംഗം രാജ്യത്തൊട്ടാകെ പ്രതിഷേധത്തിന്റെ അലകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹിന്ദി രാജ്യത്തിന്റെ പൊതു ഭാഷയാക്കണമെന്ന അദ്ദേഹത്തിന്റെ നിര്‍ദേശമാണ് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഇടനല്‍കിയത്. ദേശീയ ഹിന്ദി ദിനാചരണത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ നടത്തിയ പ്രസംഗത്തില്‍ ഹിന്ദി ഭാഷയുടെ പ്രാധാന്യത്തെ കുറിച്ച് ഗാന്ധിജിയും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലും പറഞ്ഞതിനെ അദ്ദേഹം ഉദ്ധരിച്ചുവെങ്കില്‍ പിന്നീട് ട്വിറ്ററില്‍ കുറിച്ചത് ഒരു രാജ്യം ഒരു ഭാഷ എന്ന വാചകമായിരുന്നു. ഇതില്‍ നിന്ന് തന്നെ സംഘ്പരിവാര്‍ വിഭാവനം ചെയ്യുന്ന ഏകശിലാ ഭരണത്തിന്റെ അജന്‍ഡയാണ് അദ്ദേഹം പുറത്തെടുത്തതെന്ന് വ്യക്തമായി. ഇന്ത്യയുടെ ഏകത്വത്തിലേക്കള്ള ചുവട് വെപ്പിനെ നിഷ്‌കളങ്കമായി അവതരിപ്പിക്കാന്‍ ഗാന്ധിജിയെയും പട്ടേലിനെയും കൂട്ടുപിടിക്കുകയായിരുന്നു അമിത് ഷാ.
അദ്ദേഹത്തിന്റെ പ്രസംഗം പുറത്തുവന്ന ഉടനെ തമിഴ്‌നാട്, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍ നിന്ന് ശക്തമായ പ്രതികരണങ്ങളാണുണ്ടായിരിക്കുന്നത്. തികച്ചും ബാലിശമായ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് രാഷ്ട്രത്തിന്റെ ഭാഷയായി ഹിന്ദിയെ അടിച്ചേല്‍പിക്കാന്‍ അദ്ദേഹം നടത്തുന്ന ശ്രമം. ഇന്ത്യയുടെ ആദികാല ഭാഷയുമായി ഹിന്ദിക്ക് യാതൊരു ബന്ധവുമില്ല. സിന്ധു നദീതട സംസ്‌കാരവുമായി ബന്ധപ്പെട്ട അതിന്റെ വികാസത്തിലൂടെയാണ് രാജ്യത്ത് വിവിധ ഭാഷകള്‍ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ ഉണ്ടായത്. സിന്ധു നദീതടങ്ങളില്‍ ജീവിച്ചിരുന്നവര്‍ക്ക് സ്വന്തമായ ഭാഷയും ലിപിയുമുണ്ടായിരുന്നുവെന്ന് ചരിത്രരേഖകള്‍ പറയുന്നു. അത് ഹിന്ദിയായിരുന്നില്ല. പുരാതന തമിഴ് ഭാഷയോടാണ് അത് ബന്ധപ്പെട്ട് നില്‍ക്കുന്നതെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിവിധ ജനവിഭാഗങ്ങള്‍ സംസാരിച്ചിരുന്ന വിവിധ ഭാഷകള്‍ പോലെ ഒന്നായിരുന്നു ഹിന്ദിയും. സ്വാതന്ത്ര്യാനന്തരം സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടത് ഭാഷാടിസ്ഥാനത്തിലായിരുന്നു. നാട്ടുരാജ്യങ്ങളായി വിവിധ ഭാഷകള്‍ സംസാരിച്ച് പോന്ന ജനതയെ നാനാത്വത്തിലെ വൈവിധ്യം ഉള്‍ക്കൊണ്ടു ഒരൊറ്റ ജനതയായി നിലനിര്‍ത്താന്‍ കഴിഞ്ഞത് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനാലാണ്.
ഇത്തരമൊരു വൈവിധ്യത്തിലെ ഏകത്വമല്ല സംഘ്പരിവാര്‍ ലക്ഷ്യംവയ്ക്കുന്നത്. അതില്‍ ആശയസമന്വയം ഇല്ല. ഹിന്ദുത്വ രാഷ്ട്ര നിര്‍മിതിയുടെ അടിസ്ഥാനത്തിലുള്ള ഏകശിലാ ഭരണകൂടത്തെയാണ് അവര്‍ ലക്ഷ്യം വെക്കുന്നത്. അവിടെ ഫെഡറലിസമില്ല. ഇതിനാലാണ് ഫെഡറലിസം കുഴിച്ചു മൂടേണ്ടതാണെന്ന് ആര്‍.എസ്.എസ് സ്ഥാപക നേതാക്കളില്‍ പ്രധാനിയായിരുന്ന ഗോള്‍വാല്‍ക്കര്‍ പറഞ്ഞത് . അതിനാലാണ് മഹത്തായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരങ്ങളില്‍ ഇവര്‍ പങ്കെടുക്കാതിരുന്നതും. ഗാന്ധിജിയും നെഹ്‌റുവും വിഭാവനം ചെയ്ത ഒരു ഇന്ത്യ ഒരൊറ്റ ജനത എന്ന ആശയത്തെ ഇല്ലാതാക്കാന്‍ സംഘ്പരിവാര്‍ ഉയര്‍ത്തിയ മുദ്രാവാക്യമാണ് ഹിന്ദു ഹിന്ദി ഹിന്ദുസ്ഥാന്‍ എന്നത്. ഹിന്ദി ഭാഷ സംസാരിക്കുന്ന ഹിന്ദുക്കളുടെ രാഷ്ട്രമാണ് ഹിന്ദുസ്ഥാന്‍ എന്ന മു ദ്രാവാക്യത്തില്‍ അടങ്ങിയിരിക്കുന്നത്, വിഘടനവാദത്തിന്റെ സ്വരമാണ്. അതുകൊണ്ട് തന്നെയാണ് ഗുജറാത്തി ഭാഷ സംസാരിക്കുന്ന ആളായിട്ട് പോലും അമിത് ഷാ ഹിന്ദിയെ അടിച്ചേല്‍പിക്കും വിധമുള്ള പ്രയോഗം ട്വിറ്ററില്‍ കുറിച്ചത്.
മൃഗീയ ഭൂരിപക്ഷത്തോടെ രണ്ടാം പ്രാവശ്യവും അധികാരത്തില്‍ വന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ ആര്‍.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്. മുത്വലാഖ് നടപ്പാക്കിയത് ഇതിന്റെ ഭാഗമാണ്. ഇത്തരമൊരു നിയമം രാജ്യത്തെ മുസ്‌ലിംകള്‍ക്ക് മേല്‍ അടിച്ചേല്‍പിക്കുന്നതിലൂടെ ഏക സിവില്‍ കോഡ് നിയമം എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയുമെന്നവര്‍ കണക്ക് കൂട്ടുന്നു. മറ്റൊരു അജന്‍ഡയായിരുന്നു കശ്മിരിന്റെ പ്രത്യേക പദവി എടുത്ത് കളയുക എന്നത്. ഒരു കഷണം കടലാസില്‍ കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളയുന്ന കുറിപ്പുമായി പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രത്യക്ഷപ്പെട്ട് അമിത് ഷാ ആ കുറിപ്പ് വായിച്ചപ്പോള്‍ കാര്യമായ പ്രതിഷേധ സ്വരങ്ങളൊന്നും ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും അഡ്രസുകളില്‍ പാര്‍ലമെന്റില്‍ എത്തിയ അംഗങ്ങളില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നില്ല. മുത്വലാഖ് ബില്‍ അവതരിപ്പിച്ചപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ. കാര്യമായ എതിര്‍പ്പുകളൊന്നും ബില്‍ നിയമമാക്കുമ്പോള്‍ ഉണ്ടായില്ല. ഈ ആത്മധൈര്യത്തിന്റെ ബലത്തിലാണ് ഹിന്ദി അടിച്ചേല്‍പിക്കും വിധത്തിലുള്ള പ്രസംഗം നടത്താനും ട്വിറ്ററില്‍ കൂടുതല്‍ പ്രകോപനപരമായി അത് കുറിച്ചിടാനും അമിത് ഷായെ ഉത്സുകനാക്കിയിരിക്കുക.
രാജ്യം സാമ്പത്തിക ചുഴിയില്‍ അകപ്പെട്ട് വട്ടം കറങ്ങുമ്പോള്‍ ജനങ്ങളുടെ ശ്രദ്ധ അത്തരം വിഷയങ്ങളില്‍ നിന്നും മാറ്റി ഹിന്ദി അടിച്ചേല്‍പിക്കുന്ന വൈകാരിക പ്രശ്‌നങ്ങളിലേക്ക് തിരിച്ച് വിടുക എന്ന തന്ത്രവും അമിത് ഷായുടെ ഹിന്ദി പ്രേമത്തിന് പിന്നില്‍ ഉണ്ടായിരിക്കണം. ജനങ്ങള്‍ ജീവിത പ്രശ്‌നങ്ങള്‍ കൊണ്ട് പൊറുതിമുട്ടി അലയുമ്പോള്‍ ഇത്തരം വൈകാരിക പ്രശ്‌നങ്ങള്‍ അവര്‍ക്ക് മുന്നിലേക്ക് ഇട്ടു കൊടുക്കക എന്നതു ബി.ജെ.പി ഭരണകൂടം എന്നും പിന്തുടരുന്ന പതിവ് പരിപാടിയാണ്.
ജനങ്ങളെ ഭിന്നിപ്പിക്കുക എന്ന സംഘ്പരിവാര്‍ അജന്‍ഡയും ഹിന്ദി അടിച്ചേല്‍പിക്കുന്നതിന്റെ പിന്നിലുണ്ട്. പുതിയ സംഘര്‍ഷങ്ങള്‍ക്ക് അമിത് ഷായുടെ പ്രസംഗം വഴിവെക്കുമെങ്കില്‍ തൊഴിലില്ലാപ്പട പെരുകുന്ന രാജ്യത്തിന്റെ ശ്രദ്ധ അതില്‍നിന്നു തിരിച്ചുവിടാനും ഇതുവഴി സംഘ്പരിവാറിന് കഴിയും. ഒരു ഭാഷയുടെ മേധാവിത്വത്തെ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നത് ജനതയുടെ ഐക്യത്തെ ശിഥിലമാക്കുമെന്ന് സംഘ്പരിവാര്‍ കരുതുന്നു. ഹിന്ദു സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദി മാത്രം സംസാരിക്കുന്ന ഹിന്ദുസ്ഥാന്‍ രാഷ്ട്രമായിരിക്കും ഇന്ത്യ മേലില്‍ എന്നൊരു കുറിപ്പ് നവംബറില്‍ ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അമിത് ഷാ വായിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. തകര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക തകര്‍ച്ചയെ കുറിച്ചുള്ള ആശങ്കകളും, പെരുകിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മയെക്കുറിച്ചുള്ള വിഭ്രാന്തികളും അതോടെ അവസാനിക്കും. പകരം ജനങ്ങള്‍ ചേരിതിരിഞ്ഞു കൊണ്ടുള്ള ആരോപണ പ്രത്യാരോപണങ്ങളായിരിക്കും രാജ്യത്ത് ഉണ്ടാവുക. ഭരണകൂടം ആഗ്രഹിക്കുന്നതും ചിലപ്പോള്‍ ഇതായിരിക്കാം.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.