2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

Editorial

ഇന്ത്യ-സഊദി വ്യാപാരകരാര്‍ ബന്ധം കൂടുതല്‍ ഊഷ്മളമാക്കണം


ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള ഊഷ്മളബന്ധം നിലനിര്‍ത്തുന്നതായി സഊദി ഭരണാധികാരിയും കിരീടാവകാശിയുമായ രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ ഇന്ത്യാസന്ദര്‍ശനം. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ സഊദി രാജകുമാരന്റെ ഇന്ത്യാസന്ദര്‍ശനം ലോകശ്രദ്ധ പിടിച്ചുപറ്റുന്നതായിരുന്നു. ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള സമഗ്ര ചര്‍ച്ച പുനരാരംഭിക്കേണ്ടതാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും സഊദി ഭരണാധികാരി മുഹമ്മദ് ബിന്‍ സല്‍മാനും നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണയായെങ്കിലും കൂടുതല്‍ ശ്രദ്ധേയമായത് ഭീകരതക്കെതിരേയുള്ള പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമുണ്ടെന്ന സഊദി ഭരണാധികാരിയുടെ ഉറപ്പ് തന്നെയാണ്. രാജ്യങ്ങള്‍ ഭീകരവാദത്തെ നയമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് പാകിസ്താനെ പേരെടുത്ത് പറയാതെ സംയുക്തമായി നടത്തിയ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നുണ്ട്. പാകിസ്താനില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെ ഇന്ത്യയിലെത്തി ഇന്ത്യക്കൊപ്പം നിന്ന് ഇത്തരമൊരു സംയുക്ത പ്രസ്താവന നടത്താന്‍ സഊദി അറേബ്യയെ ഒപ്പംനിര്‍ത്താന്‍ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്.

ഭീകരവാദം എല്ലാ രാജ്യങ്ങളുടെയും പ്രശ്‌നമാണെന്നും ഏതെങ്കിലുമൊരു വര്‍ഗവുമായോ മതവുമായോ ബന്ധപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നുണ്ടെങ്കിലും ഇന്ത്യയില്‍ പലപ്പോഴും ഭീകരാക്രമണങ്ങളെ തുടര്‍ന്ന് മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് സാധാരണമായിട്ടുണ്ട്. പുല്‍വാമയിലെ ഭീകരാക്രമണത്തെതുടര്‍ന്ന് കശ്മിര്‍ ജനത രാജ്യമൊട്ടാകെ വ്യാപകമായ ആക്രമണങ്ങള്‍ക്ക് ഇരകളായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ഥനപ്രകാരം സഊദി ജയിലിലുള്ള 850 തടവുകാരെ വിട്ടയക്കുവാന്‍ സഊദി കിരീടാവകാശി സമ്മതിച്ചതിന് അദ്ദേഹത്തോട് ഇന്ത്യ കടപ്പെട്ടിരിക്കുന്നു.

വിവിധ മേഖലകളില്‍ 7.1 ലക്ഷം കോടിയുടെ നിക്ഷേപം നടത്താന്‍ സഊദി തയാറായത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം നേട്ടംതന്നെയാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ്തന്നെ ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മില്‍ ഊഷ്മള ബന്ധമാണ് നിലനിന്നത്. കച്ചവടത്തിലൂടെ തുടങ്ങിയ ബന്ധം ഇരുരാഷ്ട്രങ്ങള്‍ തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ അത് തന്ത്രപ്രധാന മേഖലകളിലേക്ക്കൂടി വ്യാപിച്ചിട്ടുണ്ട്. യു.പി.എ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിങിന്റെ കാലത്താണ് ഇത്തരമൊരു ബന്ധത്തിന് നാന്ദികുറിച്ചത്. ഇന്തോ-അറബ് ചേംബറിന്റെ പിന്തുണയോടെ വാതക പൈപ്പ് ലൈനും ഫാഷന്‍സിറ്റിയുമുള്‍പ്പെടെയുള്ള നിരവധി പദ്ധതികളില്‍ അന്ന് ഇരുരാഷ്ട്രങ്ങളും ഒപ്പ് വച്ചിരുന്നു. സഊദി അറേബ്യയുടെ നാലാമത്തെ വാണിജ്യ പങ്കാളിയാണിപ്പോള്‍ ഇന്ത്യ. പ്രതിവര്‍ഷം 9,400 കോടി റിയാല്‍ മൂല്യമുള്ള വസ്തുക്കള്‍ ഇന്ത്യ കയറ്റുമതി ചെയ്യുന്നു. സഊദി അറേബ്യ ഇന്ത്യയില്‍ 100 ബില്യന്‍ ഡോളറിന്റെ നിക്ഷേപം നടത്തുന്നതിലും അത് എത്തിയിട്ടുണ്ട്.

സഊദിയും-ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനായി സഊദി-ഇന്ത്യ യൂത്ത്‌ഫോറം എന്നൊരു വിഭാഗംതന്നെ സഊദിയില്‍ രൂപീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ കല, സംസ്‌കാരം, വിദ്യാഭ്യാസം, പൈതൃകം എന്നിവ സംബന്ധിച്ച് പഠിക്കാനായി സഊദി യുവതീ യുവാക്കള്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. വിദ്യാഭ്യാസ സാംസ്‌കാരിക വാണിജ്യബന്ധം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സഊദി അറേബ്യയുമായി നിലനിര്‍ത്തുക എന്നത് തന്ത്രപ്രധാനമായ കാര്യവുംകൂടിയാണ്.

എന്നാല്‍, സഊദി അറേബ്യ പാകിസ്താനുമായി കൂടുതല്‍ അടുക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. പാകിസ്താനുമായി 20 ബില്യന്‍ ഡോളറിന്റെ സാമ്പത്തിക കരാര്‍ സഊദി ഒപ്പിട്ടത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കയുളവാക്കുന്ന കാര്യമാണ്. ഇങ്ങിനെ കിട്ടുന്ന പണത്തില്‍ ഏറിയപങ്കും അവര്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും ഭീകരരെ സഹായിക്കുവാന്‍ വേണ്ടിയുമാണ് ചെലവാക്കുന്നതെന്നുവേണം കരുതാന്‍. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കുണ്ടെന്ന് ഇന്ത്യക്കൊപ്പം നിരവധി വിദേശ രാഷ്ട്രങ്ങളും അംഗീകരിക്കുന്ന സന്ദര്‍ഭത്തിലായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ പാക് സന്ദര്‍ശനം. ഇസ്‌ലാമാബാദില്‍ പ്രധാനമന്ത്രിയുടെ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ 20 ബില്യന്‍ ഡോളറിന്റെ കരാറിലാണ് ഒപ്പിട്ടത്. വരും മാസങ്ങളില്‍ കൂടുതല്‍ കരാറുകളില്‍ ഒപ്പിടുമെന്ന് സഊദി രാജകുമാരന്‍ പാകിസ്താനില്‍ പറയുകയും ചെയ്തു.

മറ്റു ലോകരാഷ്ട്രങ്ങളും സഊദി അറേബ്യയുടെ നയതന്ത്ര ബന്ധങ്ങള്‍ ആശങ്കയോടെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു പശ്ചാത്തലത്തിലാണ് ഇന്ത്യയിലും സഊദി രാജകുമാരന്‍ എത്തിയത്. സഊദി അറേബ്യയുടെ ഉത്സവാഘോഷത്തില്‍ അവര്‍ മുഖ്യാതിഥിയായി ഇന്ത്യയെയാണ് ക്ഷണിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏതാനും ദിവസംമുമ്പ് വിദേശകാര്യ മന്ത്രി സുഷമാസ്വരാജ് വലിയൊരു ഇന്ത്യന്‍ സംഘവുമായാണ് ഉത്സവാഘോഷത്തില്‍ പങ്കെടുത്തത്. ഇതിനെതുടര്‍ന്നാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ സന്നദ്ധനായത്. ഉത്സവത്തില്‍ ഇന്ത്യയുടെ കലകള്‍ക്ക് പ്രത്യേക പവലിയനുകളും ഒരുക്കുകയുണ്ടായി. സഊദി അറേബ്യയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. ഇരുപത് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ അവിടെയുണ്ട്. വിശ്വസ്തതയും ആത്മാര്‍ഥതയുമുള്ളവരാണ് ഇന്ത്യന്‍ തൊഴിലാളികളെന്ന് സഊദി അറേബ്യ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം ഗുണഗണങ്ങളും നൂറ്റാണ്ടുകളായുള്ള ഊഷ്മള ബന്ധവും കൂടുതല്‍ ദൃഢമാക്കുന്നതിന് സഊദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ ഇന്ത്യാ സന്ദര്‍ശനം ഉപയോഗപ്പെടുത്തുവാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.