2019 May 20 Monday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

Editorial

സെക്രട്ടേറിയറ്റ് വളപ്പിലെ ആത്മഹത്യാശ്രമം ദുഃഖകരം


 

കെ.എസ്.ആര്‍.ടി.സി എംപാനലില്‍പ്പെട്ട മുന്‍ വനിതാ കണ്ടക്ടര്‍ സെക്രട്ടേറിയറ്റ് വളപ്പിലെ മരത്തില്‍ ആത്മഹത്യാശ്രമം നടത്തിയത് ദുഃഖകരമാണ്. പിരിച്ചുവിടപ്പെട്ട എംപാനല്‍ കണ്ടക്ടര്‍മാര്‍ സമരം ചെയ്തുവന്ന സമരപ്പന്തല്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയാണ് തിരുവനന്തപുരം കോര്‍പറേഷന്റെ നിര്‍ദ്ദേശപ്രകാരം പൊളിച്ചുമാറ്റിയത്. ഇതില്‍ പ്രതിഷേധിച്ചാണ് മുന്‍ വനിതാ കണ്ടക്ടര്‍ ജീവനൊടുക്കാന്‍ തുനിഞ്ഞത്. ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് റോഡില്‍ സൗകര്യമൊരുക്കാനാണ് സമരപ്പന്തല്‍ പൊളിച്ചുമാറ്റിയതെന്നാണ് കോര്‍പറേഷന്‍ പറയുന്നത്. പൊങ്കാലയോടനുബന്ധിച്ച് വഴിതടസം ഒഴിവാക്കുക എന്നത് അനിവാര്യമാണ്. എന്നാല്‍ അതിനുവേണ്ടി, ജീവിക്കാനുള്ള അവകാശത്തിനായി നടത്തിവരുന്ന സമരത്തെ അപമാനിക്കുംവിധം അവരുടെ സമരപ്പന്തല്‍ പൊളിച്ചുനീക്കേണ്ടതുണ്ടായിരുന്നോ?
സമരപ്പന്തല്‍ വഴിതടസം സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അക്കാര്യം സമരനേതാക്കളുമായി സംസാരിച്ച് പകല്‍നേരത്ത്തന്നെ പൊളിച്ചുനീക്കാമായിരുന്നുവല്ലോ. ജനാധിപത്യ മാര്‍ഗത്തില്‍ നടത്തുന്ന സമരങ്ങള്‍ക്കു നേരെ ഇടതുമുന്നണി സര്‍ക്കാര്‍ അവലംബിക്കുന്ന നിഷേധാത്മകമായ നയമായി മാത്രമേ ഇതിനെ കാണാനാകൂ.

ഹൈക്കോടതി ഉത്തരവിനെതുടര്‍ന്നാണ് കെ.എസ്.ആര്‍.ടി.സി താല്‍കാലിക ജീവനക്കാരായിരുന്ന 3,872 കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടത്. ഇതില്‍ പ്രതിഷേധിച്ചും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടും ഡിസംബര്‍ 19ന് ആലപ്പുഴയില്‍നിന്ന് എംപാനല്‍ കണ്ടക്ടര്‍മാര്‍ സെക്രട്ടേറിയറ്റിലേക്ക് ലോങ് മാര്‍ച്ച് നടത്തിയെത്തി അവിടെ അനിശ്ചിതകാല സമരം ആരംഭിക്കുകയായിരുന്നു. തിരിച്ചെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. എന്നാല്‍ തിരിച്ചെടുക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധിയെതുടര്‍ന്ന് ഇത്രയുമാളുകള്‍ പെരുവഴിയിലായിരിക്കുകയാണ്. ജീവനക്കാരെ പിരിച്ചുവിടാനുള്ള സമയം രണ്ടു മാസത്തേക്ക് നീട്ടണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി ഫയല്‍ ചെയ്ത ടൈംഎക്‌സ് സ്റ്റെന്‍ഷന്‍ പെറ്റീഷന്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയത് അവരുടെ ബാക്കിനിന്ന പ്രതീക്ഷയെയും തല്ലികെടുത്തുന്നതായിരുന്നു. ഹരജി തള്ളിക്കൊണ്ട് കോടതി പറഞ്ഞത് യോഗ്യതയില്ലാത്ത താല്‍കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ അഞ്ചു മിനിറ്റ് പോലും അനുവദിക്കാനാവില്ല എന്നായിരുന്നു.

പി.എസ്.സി നിയമന ശുപാര്‍ശ നല്‍കിയവര്‍ നിലവിലുള്ളപ്പോള്‍ എംപാനലുകാര്‍ ജോലി ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും ഇവരെ ഒഴിവാക്കിയേ തീരൂവെന്നും അന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ നടപടി തികച്ചും ന്യായമാണ്. യോഗ്യതയുള്ള ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ പുറത്ത് തൊഴിലിനായി കാത്ത്‌നില്‍ക്കുമ്പോള്‍ അവരില്‍പെട്ട ചിലര്‍ക്ക് പി.എസ്.സി നിയമന ശുപാര്‍ശ ലഭിച്ചിട്ടും ജോലി കൊടുക്കാതിരിക്കുന്നത് ഭരണഘടനാവിരുദ്ധമാണ്. തൊഴിലെടുത്തു ജീവിക്കാനുള്ള അവകാശത്തിന് നേരെയുള്ള സര്‍ക്കാരിന്റെ കൈയേറ്റമായി മാത്രമേ ഇതിനെ കാണാനാകൂ.

താല്‍കാലിക ജീവനക്കാരെ നിലനിര്‍ത്താന്‍ കെ.എസ്.ആര്‍.ടി.സിയെ പ്രേരിപ്പിച്ചത് പുതിയവര്‍ക്ക് നിയമനം നല്‍കുന്നതിലൂടെ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണ്. കെ.എസ്.ആര്‍.ടി.സി മുങ്ങിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഒരു പിടിവള്ളിയായാണ് അധികൃതര്‍ എംപാനല്‍ കണ്ടക്ടര്‍മാരെ കണ്ടത്. ദിവസക്കൂലിയല്ലാതെ അവര്‍ക്കു മറ്റൊരു ആനുകൂല്യവും നല്‍കേണ്ടതില്ല. പി.എസ്.സി വഴി വരുന്നവര്‍ക്ക് ശമ്പളത്തിനു പുറമെ എല്ലാ ആനുകൂല്യങ്ങളും ഭാവിയില്‍ പെന്‍ഷനും നല്‍കേണ്ടിവരും. ഇതൊഴിവാക്കാനാണ് കാലാവധി കഴിഞ്ഞിട്ടും എംപാനല്‍ കണ്ടക്ടര്‍മാരെ കെ.എസ്.ആര്‍.ടി.സി നിലനിര്‍ത്തിയത്.

കെ.എസ്.ആര്‍.ടി.സിയെ ഈ പരുവത്തിലെത്തിച്ചതില്‍ ജീവനക്കാര്‍ക്കുള്ളതു പോലെതന്നെ പങ്ക് കെ.എസ്.ആര്‍.ടി.സിയെ ഭരിച്ചവര്‍ക്കും ഉണ്ട്. കെടുകാര്യസ്ഥതയുടെ മകുടോദാഹരണമായിമാറിയ ഒരു സ്ഥാപനം തകര്‍ച്ച നേരിടുക സ്വാഭാവികം. ട്രേഡ് യൂണിയനുകളുടെ അമിതാധികാരപ്രയോഗം തൊഴിലാളികളില്‍ തൊഴിലിനോടുള്ള ആഭിമുഖ്യംതന്നെ കുറയ്ക്കുന്നതാണ്. എന്തു സംഭവിച്ചാലും തങ്ങളുടെ ശമ്പളത്തിനും പെന്‍ഷനും മുടക്കമുണ്ടാവില്ലെന്ന ധാരണ തകിടംമറിഞ്ഞതോടെയാണ് തൊഴിലാളികളും കെ.എസ്.ആര്‍.ടി.സിയെ ഭരിച്ചവരും ഉണരാന്‍ തുടങ്ങിയത്. അതിന്റെ ഭാഗമായിട്ടുവേണം എംപാനല്‍ കണ്ടക്ടര്‍മാരെ നിലനിര്‍ത്താനെടുത്ത തീരുമാനത്തെ കാണാന്‍.

എന്നാല്‍ താല്‍കാലിക ജീവനക്കാരുടെ സേവനകാലത്തിനും ഒരു പരിധിയുണ്ടെന്നും പുറത്ത് പി.എസ്.സി അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ ഊഴംകാത്ത് നില്‍ക്കുകയാണെന്നും സര്‍ക്കാര്‍ ഓര്‍ക്കേണ്ടതുണ്ടായിരുന്നു. താല്‍കാലിക ജീവനക്കാര്‍ക്ക് അമിതപ്രതീക്ഷ നല്‍കി അവരെ യഥാസമയം പിരിച്ചുവിടാതെ കാലാവധി നീട്ടിക്കൊടുത്തു. 10 വര്‍ഷത്തിലധികം സര്‍വിസിലുള്ളവരെ നിലനിര്‍ത്തി ബാക്കിയുള്ള താല്‍കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടുമ്പോള്‍ അവരുടെ കുടുംബങ്ങളാണ് അനാഥമാകുന്നത്. പിരിച്ചുവിടപ്പെട്ടവരില്‍ 40 കഴിഞ്ഞവരാണേറെയും. മറ്റൊരു ജോലിക്ക് അപേക്ഷിക്കാന്‍ അവര്‍ക്കാവില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനും വീടു നിര്‍മാണത്തിനും അവര്‍ വായ്പയെടുത്തത് കെ.എസ്.ആര്‍.ടി.സിയിലുള്ള ജോലിയുടെ ബലത്തിലായിരുന്നു. അതെല്ലാം ഇല്ലാതായിരിക്കുകയാണ്.

അവര്‍ക്ക് പുനരധിവാസവും തൊഴിലും കൊടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. കൃത്യസമയത്ത് അവരെ പിരിച്ചുവിട്ടിരുന്നെങ്കില്‍ ഈ ബാധ്യത സര്‍ക്കാരിനുണ്ടാകുമായിരുന്നില്ല. അവര്‍ക്കു വേറെ തൊഴില്‍ തേടിപ്പോകാമായിരുന്നു. 10 വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം ഉള്ളവര്‍ വരെ പിരിച്ചുവിടപ്പെട്ടിരിക്കുന്നു. ഇത്തരമൊരവസ്ഥയില്‍ ഇന്ന് സമരപ്പന്തല്‍ പൊളിച്ചതിനാണ് ഒരു മുന്‍ വനിതാ കണ്ടക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചതെങ്കില്‍ പിരിച്ചുവിടപ്പെട്ട കണ്ടക്ടര്‍മാര്‍ നാളെ അവരുടെ കുടുംബങ്ങളുമായി സെക്രട്ടേറിയറ്റിലെ മരങ്ങള്‍ തേടിവന്നേക്കാം. സര്‍ക്കാര്‍ അതിന് ഇടവരുത്തരുത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.