2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

Editorial

കപടരാഷ്ട്രീയത്തിനൊരു മറുവാക്ക്


 

 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ‘കപട രാഷ്ട്രീയത്തിനൊരു മറുവാക്ക്’ എന്ന് വിശേഷിപ്പിക്കുന്നതാകും ഉചിതം. ജനതാപരിവാര്‍ എന്ന മഹാസഖ്യത്തെ തകര്‍ത്ത് ബിഹാറില്‍ ബി.ജെ.പിക്ക് ഫാസിസ്റ്റ് ഭരണകൂടം സ്ഥാപിക്കാന്‍ വഴിയൊരുക്കിയതിലൂടെ തുടങ്ങുന്നു നിതീഷ് കുമാറിന്റെ കപടരാഷ്ട്രീയ ജീവിതം.

അതില്‍ ഏറ്റവുമൊടുവിലത്തേതാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കാനുള്ള ജെ.ഡി.യുവിന്റെ തീരുമാനം. ദിവസങ്ങള്‍ക്കുമുന്‍പാണ് പൗരത്വ പട്ടിക ബിഹാറില്‍ നടപ്പാക്കുകയില്ലെന്നും പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ചര്‍ച്ചയാകാമെന്നും ബിഹാര്‍ നിയമസഭയില്‍ നിതീഷ് കുമാര്‍ പ്രഖ്യാപിച്ചത്. അതിനുമുന്‍പാണ് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പാര്‍ലമെന്റില്‍ വോട്ട് ചെയ്തത്. ഇതിന്റെയൊക്കെ ചൂടാറുംമുന്‍പ് തന്റെ തനത് രാഷ്ട്രീയ കാപട്യം ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ പുറത്തെടുക്കുകയും ചെയ്തു.

പൗരത്വ പട്ടികക്കെതിരേ ബിഹാര്‍ നിയമസഭയില്‍ തീരുമാനമെടുക്കേണ്ടിവന്നത് ജെ.ഡി.യു വൈസ് പ്രസിഡന്റും രാഷ്ട്രീയ തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന്റെയും ജെ.ഡി.യുവിന്റെ മറ്റൊരു നേതാവും മുന്‍ രാജ്യസഭാ അംഗവുമായിരുന്ന പവന്‍ കെ. വര്‍മയുടെയും കടുംപിടുത്തത്തെ തുടര്‍ന്നായിരുന്നു. ഇതിന്റെ അന്തഃസത്തക്ക് നിരക്കാത്തവിധമാണിപ്പോള്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചത്. എന്‍.ഡി.എ രൂപീകരിച്ച കാലംമുതല്‍ ഘടകകക്ഷിയായ അകാലിദള്‍ ബി.ജെ.പി സര്‍ക്കാരിന്റെ പൗരത്വ നിയമത്തിനെതിരേ പരസ്യമായി രംഗത്തുവന്നതാണ്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഹകരിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഈ രാഷ്ട്രീയ സദാചാരംപോലും പാലിക്കാന്‍ നിതീഷ് കുമാറിന് കഴിയുന്നില്ല. അകാലിദള്‍ നിലപാടിന്റെ നാലയലത്തുപോലും എത്താന്‍ തനിക്ക് യോഗ്യതയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് നിതീഷ് കുമാര്‍.
പൗരത്വ നിയമത്തിനെതിരേ ബിഹാര്‍ നിയമസഭ പ്രമേയം പാസാക്കുമ്പോള്‍ നിതീഷ് കുമാര്‍ പറഞ്ഞത് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും പ്രവര്‍ത്തനങ്ങളില്‍ ആശങ്കയുണ്ടെന്നായിരുന്നു. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആ ആശങ്ക അകന്നുപോയോ എന്ന പവന്‍ കെ. വര്‍മയുടെ കത്തിന് മറുപടി കൊടുക്കുന്നതിനുപകരം പവന്‍ കെ. വര്‍മക്ക് വേറെ പാര്‍ട്ടിയില്‍ പോകാമെന്ന അല്‍പത്വംനിറഞ്ഞ മറുപടിയാണ് നിതീഷ് കുമാര്‍ നല്‍കിയത്. പാര്‍ലമെന്റില്‍ ബി.ജെ.പിക്ക് അനുകൂലമായി വോട്ടുചെയ്ത ജെ.ഡി.യു രാജ്യമൊട്ടാകെ പടര്‍ന്നുപിടിക്കുന്ന പ്രതിഷേധത്തിന്റെ ശക്തികണ്ടാണ് പൗരത്വ പട്ടിക നടപ്പാക്കുകയില്ലെന്ന് നിയമസഭയില്‍ പ്രഖ്യാപിച്ചത്.

നിതീഷ് കുമാറിന്റെ രാഷ്ട്രീയ ഭൂതകാലം കാപട്യം നിറഞ്ഞതാണ്. സംഘ്പരിവാറിന് ഏറ്റവും വലിയ ഭീഷണിയാകുമായിരുന്ന, ഒരുപക്ഷേ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്ന് അവരെ അകറ്റിനിര്‍ത്താന്‍ കഴിയുമായിരുന്ന ജനതാപരിവാര്‍ സഖ്യത്തെ കേവലം അധികാരക്കൊതികൊണ്ട് പിന്നില്‍നിന്ന് കുത്തിവീഴ്ത്തിയ വ്യക്തിയാണ് നിതീഷ് കുമാര്‍. മുലായംസിങ്, ലാലുപ്രസാദ് യാദവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ ജനതാപരിവാര്‍ മഹാസഖ്യം വമ്പിച്ച ഭൂരിപക്ഷത്തോടെയാണ് ബിഹാറില്‍ അധികാരത്തില്‍വന്നത്.

മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ അവരോധിക്കപ്പെടുകയും ചെയ്തു. എന്നാല്‍, ഉപമുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വിയാദവ് തന്റെ മുഖ്യമന്ത്രിപദത്തിന് ഭീഷണിയാകുമെന്നുകണ്ട് ബി.ജെ.പിയുമായി അണിയറയില്‍ കരാറുണ്ടാക്കി തേജസ്വി യാദവിനെതിരേ അഴിമതിക്കുറ്റം ആരോപിച്ച് സി.ബി.ഐയെകൊണ്ട് കേസെടുപ്പിക്കുകയായിരുന്നു. കേസിലകപ്പെട്ട തേജസ്വിയാദവ് രാജിവയ്ക്കണമെന്ന് ‘സംശുദ്ധരാഷ്ട്രീയത്തിന്റെ’ കള്ളവേഷം ധരിച്ച് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടു. രാജിവയ്ക്കാന്‍ തേജസ്വി വിസമ്മതിച്ചപ്പോള്‍ രാത്രിക്ക് രാത്രി തന്റെ മന്ത്രിസഭ രാജിവച്ചതായി പ്രഖ്യാപിക്കുകയും തൊട്ടടുത്ത പ്രഭാതത്തില്‍ ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയാകുന്ന നിതീഷ് കുമാറിനെയാണ് ഇന്ത്യ കണ്ടത്.

ജനതാപരിവാര്‍ സഖ്യം തുടര്‍ന്നിരുന്നുവെങ്കില്‍ ഇന്ന് സംഘ്പരിവാര്‍ ഫാസിസ്റ്റ് ഭരണം ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ ഉണ്ടാകുമായിരുന്നില്ല. ഇന്ത്യയില്‍ ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണത്തിന് കളമൊരുക്കിക്കൊടുത്തത് നിതീഷ് കുമാറാണെന്ന് നിസംശയം വിലയിരുത്താവുന്നതാണ്. തന്റെ ബിഹാര്‍ മുഖ്യമന്ത്രിപദം നിലനിര്‍ത്താനാണ് ഈ വൃത്തികെട്ട രാഷ്ട്രീയ ചാഞ്ചാട്ടം നിതീഷ് കുമാര്‍ ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നത്.

ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയ അജന്‍ഡയെ എതിര്‍ത്തുതോല്‍പ്പിക്കുകയെന്ന ആശയത്തിന്മേലാണ് ജനതാപരിവാര്‍ സഖ്യം 2015ല്‍ ജന്മംകൊണ്ടത്. അതിനെയാണ് നിതീഷ് കുമാര്‍ കൗമാരം എത്തുംമുന്‍പെ കൊന്നുകളഞ്ഞത്. ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി, മുലായംസിങ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികളടങ്ങിയ സഖ്യത്തിനുമുന്നില്‍ ബി.ജെ.പി വിയര്‍ക്കുകയായിരുന്നു. എന്നാല്‍, നിതീഷ് കുമാറിന് ആജീവനാന്തകാലം ബിഹാര്‍ മുഖ്യമന്ത്രിസ്ഥാനം ബി.ജെ.പി വാഗ്ദാനം ചെയ്തപ്പോള്‍ ഈ മഹാസഖ്യത്തെ തകര്‍ക്കാന്‍ നിതീഷ് കുമാറിന് യാതൊരു മനഃസാക്ഷിക്കുത്തും ഉണ്ടായില്ല.
2015ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായതാണ് നിതീഷ് കുമാറിനെ ബി.ജെ.പിയിലേക്ക് അടുപ്പിച്ചത്. ലാലുപ്രസാദ് യാദവ് എല്ലാകാലത്തും ബി.ജെ.പിയുടെ വര്‍ഗീയരാഷ്ട്രീയത്തിനെതിരേ നിലകൊണ്ട രാഷ്ട്രീയ നേതാവാണ്. അദ്വാനി നടത്തിയ രഥയാത്ര മറ്റാരും തടയാതിരുന്നപ്പോള്‍ ബിഹാറില്‍ അദ്വാനിയെ അറസ്റ്റ്‌ചെയ്ത മുഖ്യമന്ത്രിയായിരുന്നു ലാലുപ്രസാദ് യാദവ്. അതിന്റെ ശിക്ഷയാണിപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ അദ്ദേഹത്തിന് നല്‍കിക്കൊണ്ടിരിക്കുന്ന ജയില്‍വാസം.

ഇപ്പോള്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് നിതീഷ് കുമാര്‍ പിന്തുണ നല്‍കുന്നത് നാളെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും ബി.ജെ.പിക്കൊപ്പം മത്സരിച്ച് മുഖ്യമന്ത്രിയാകാന്‍ വേണ്ടി മാത്രമാണ്. അങ്ങനെവന്നാല്‍ ഇപ്പോള്‍ നടപ്പാക്കില്ലെന്നുപറയുന്ന പൗരത്വ പട്ടിക നാളെ നടപ്പാക്കുമെന്നുപറയാനും രാഷ്ട്രീയ സദാചാരം എന്നോ ദൂരേക്കെറിഞ്ഞ ഈ മനുഷ്യന്‍ മുതിര്‍ന്നുകൂടായ്കയില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.