2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

Editorial

അയോഗ്യത: സ്പീക്കറുടെ അധികാരം ഒഴിവാക്കണം


 

നിയമ നിര്‍മാണ സഭകളിലെ അംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള സ്പീക്കറുടെ അധികാരം എടുത്തുകളയരുതോ എന്ന സുപ്രിംകോടതിയുടെ ചോദ്യം പ്രസക്തമാണ്. രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുന്ന ആളാണ് സ്പീക്കറും. സ്വാഭാവികമായും സ്പീക്കറുടെ നടപടികള്‍ ഭരണകക്ഷിക്ക് അനുകൂലമായിരിക്കും. അതിനാല്‍തന്നെ അംഗങ്ങളുടെ കൂറുമാറ്റം സംബന്ധിച്ച കാര്യങ്ങളില്‍ സ്പീക്കര്‍മാര്‍ നിഷ്പക്ഷമായല്ല ഇടപെടാറ്. ഈയൊരു പശ്ചാത്തലത്തില്‍ സുപ്രിംകോടതിയില്‍ നിന്ന് വന്ന പ്രതികരണം ന്യായയുക്തമാണ്.

അംഗങ്ങളെ അയോഗ്യരാക്കുന്നതിനുള്ള അധികാരം സ്പീക്കര്‍മാരില്‍നിന്ന് എടുത്തുമാറ്റി പകരം ഇതിനായി ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുന്നത് ആലോചിക്കേണ്ട വിഷയമാണെന്നുള്ള ജസ്റ്റിസ് റോഹിന്റന്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ നിര്‍ദേശം പരിഗണിക്കേണ്ടതുണ്ട്. വിരമിച്ച ജഡ്ജിമാരെ ട്രൈബ്യൂണലുകളുടെ തലവന്മാരായി നിയമിക്കുകയും ചെയ്യാം. പാര്‍ലമെന്റാണ് ഇതു സംബന്ധിച്ച നിയമഭേദഗതി കൊണ്ടുവരേണ്ടത്. അങ്ങിനെ വരുമ്പോള്‍ കൂറുമാറ്റം നടത്തിയ എം.എല്‍.എമാരെയും എം.പിമാരെയും അയോഗ്യരാക്കുന്ന നടപടി പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കഴിയും.

സ്പീക്കര്‍ നിഷ്പക്ഷനായിരിക്കണമെന്നാണ് അലിഖിത നിയമം. എന്നാല്‍ തന്റെ കടപ്പാട് പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയോടും ഭരണപക്ഷത്തോടുമാണ് പ്രസ്തുത സ്ഥാനത്ത് എത്തുന്നവര്‍ പ്രകടിപ്പിക്കാറ്. ജനാധിപത്യ ഭരണസമ്പ്രദായത്തിന്റെ സുഗമമായ നടത്തിപ്പിന് ഇത് ഒട്ടും സഹായകരമല്ല. പ്രതിപക്ഷത്ത് നിന്ന് ഭരണപക്ഷത്തേക്ക് കൂറുമാറിയ എം.എല്‍.എമാര്‍ക്കെതിരേ അയോഗ്യത കല്‍പിക്കുന്ന നടപടികളില്‍ സ്പീക്കര്‍മാര്‍ കാലവിളംബം വരുത്തുന്നത് പതിവായിരിക്കുകയാണ്.
കോണ്‍ഗ്രസ് എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട മണിപ്പൂരിലെ ശ്യാംകുമാര്‍ നിയമസഭയിലെത്തിയപ്പോള്‍ കൂറുമാറി ബി.ജെ.പിയാവുകയും തുടര്‍ന്ന് വനംവകുപ്പ് മന്ത്രിയാവുകയും ചെയ്തു. ഇതിനെതിരേ അയോഗ്യതാ നടപടികള്‍ സ്വീകരിക്കണമെന്ന കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവിന്റെ ആവശ്യത്തിന്മേല്‍ മണിപ്പൂര്‍ നിയമസഭാ സ്പീക്കര്‍ നടപടിയെടുക്കാതെ നീട്ടികൊണ്ടുപോവുകയായിരുന്നു. ഇതിന്‍മേല്‍ കോണ്‍ഗ്രസ് എം.എല്‍.എ ഫജുര്‍ റഹീമും മറ്റും സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി തീര്‍പ്പാക്കിയുള്ള വിധിയിലാണ് ജസ്റ്റിസ് റോഹിന്റന്‍ നരിമാന്‍ സഭാ അംഗങ്ങളെ അയോഗ്യരാക്കാനുള്ള അധികാരം സ്പീക്കര്‍മാരില്‍നിന്ന് എടുത്തുമാറ്റണമെന്ന നിര്‍ദേശം വെച്ചിരിക്കുന്നത്.

1985ല്‍ രാജീവ്ഗാന്ധി സര്‍ക്കാരാണ് 52-ാം ഭരണഘടനാ ഭേദഗതിയിലൂടെ കൂറുമാറ്റ നിരോധനം പാര്‍ലമെന്റില്‍ പാസാക്കിയത്. ഇതിനുവേണ്ടി ഭരണഘടനയുടെ 102-ാം വകുപ്പില്‍ ഭേദഗതി വരുത്തുകയുണ്ടായി. 10-ാം പട്ടിക കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചതിനുശേഷം പാര്‍ട്ടിയുടെ വിപ്പ് ലംഘിക്കുകയോ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുകയോ ചെയ്താല്‍ ആ ജനപ്രതിനിധിയെ അയോഗ്യനാക്കുന്നതാണ് നിയമം. എന്നാല്‍ 2014ലും 2019ലും അധികാരത്തില്‍ വന്ന ബി.ജെ.പി സര്‍ക്കാര്‍ ഈ നിയമത്തിന്റെ ദൗര്‍ബ്ബല്യം മനസിലാക്കി കോടികള്‍ ചെലവഴിച്ച് എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും വിലയിട്ട് കൂറുമാറ്റം ഒരു വ്യവസായമെന്ന മട്ടില്‍ നടത്തുകയായിരുന്നു.

ഈ നിയമം എത്ര ദുര്‍ബലമാണെന്ന് ജനാധിപത്യ മതേതര വിശ്വാസികള്‍ക്ക് ഇതോടെ ബോധ്യപ്പെട്ടു. 2004ല്‍ ഇതു സംബന്ധിച്ച മറ്റൊരു നിയമവും പാസാക്കി. ഒരു പാര്‍ട്ടി പിളര്‍ന്ന് മൂന്നില്‍ രണ്ട് ഭാഗം മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കുകയോ മറ്റൊരു പാര്‍ട്ടിയുമായി ചേര്‍ന്ന് മൂന്നാമതൊരു പാര്‍ട്ടിയായി രൂപാന്തരപ്പെടുകയോ ചെയ്താല്‍ കൂറുമാറ്റ നിയമം ബാധകമാവുകയില്ല. ഇതും ബി.ജെ.പിക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി. കുറച്ചധികം കോടികളും മന്ത്രിപദവികളും വാഗ്ദാനം ചെയ്തിട്ടാണെങ്കിലും ഈ പരീക്ഷണം ബി.ജെ.പി ആദ്യമായി കര്‍ണാടകയിലാണ് നടത്തിയത്. ഓപറേഷന്‍ താമര എന്ന ഓമനപ്പേരിട്ട് ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് ബി.ജെ.പി കീഴ്‌പ്പെടുത്തിയ കാഴ്ചയാണ് മാസങ്ങള്‍ക്ക് മുന്‍പ് കര്‍ണാടകയില്‍ കണ്ടത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസിലെയും ജെ.ഡി.എസിലെയും 15 എം.എല്‍.എമാരെ വിലക്ക് വാങ്ങിയാണ് അവരെക്കൊണ്ട് യദ്യൂരപ്പ രാജിവെപ്പിച്ചത്. ഇതിനെതുടര്‍ന്ന് എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭക്ക് രാജിവെച്ചൊഴിയേണ്ടിവന്നു. ഇവരെ സ്പീക്കര്‍ അയോഗ്യരായി പ്രഖ്യാപിച്ചുവെങ്കിലും ഇവര്‍ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന് ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും നിയമസഭയിലെത്തി. നമ്മുടെ ജനാധിപത്യ ഭരണസമ്പ്രദായത്തെയും ഭരണഘടനയെയും ബി.ജെ.പി ഏതുവിധമാണ് തകര്‍ത്തുകൊണ്ടിരിക്കുന്നത് എന്നതിന്റെ ചെറിയ ഒരു ഉദാഹരണമാണിത്.
കൂറുമാറ്റ നിരോധന നിയമപ്രകാരം കേരള നിയമസഭയില്‍നിന്ന് അയോഗ്യനാക്കപ്പെട്ട ഏക എം.എല്‍.എ ആര്‍.ബാലകൃഷ്ണ പിള്ളയാണ്. ഒരു ജനപ്രതിനിധി എന്നാല്‍ ഒരു വലിയ വിഭാഗം ജനങ്ങളുടെ പ്രതീക്ഷയുടെ പ്രതീകമാണ്. എന്നാല്‍ ജനങ്ങളുടെ പ്രതീക്ഷകളെ കാറ്റില്‍ പറത്തിയാണ് പല ജനപ്രതിനിധികളും അടുത്തകാലത്തായി പണാധിപത്യത്തിന് കീഴ്‌പ്പെട്ട് കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ജനാധിപത്യം നേരിട്ടുകൊണ്ടിരിക്കുന്ന ഈ വലിയ അപചയത്തിന്റെ ഉപജ്ഞാതാക്കള്‍ ബി.ജെ.പിയുമാണ്. അവര്‍ക്ക് ഇതിന്റെ പിന്നില്‍ കൃത്യമായ അജണ്ടയുമുണ്ട്.

ഇന്ത്യന്‍ ജനാധിപത്യത്തെയും ഭരണഘടനയെയും തകര്‍ക്കുക എന്നതാണവരുടെ ആത്യന്തിക ലക്ഷ്യം. അതിനുവേണ്ടി അവര്‍ കോടികള്‍ ഉപയോഗിച്ച് ജനാധിപത്യ ഭരണ സമ്പ്രദായത്തെ തകര്‍ക്കുന്നു. ഇതിനായി കോര്‍പറേറ്റുകള്‍ കോടികളാണ് ബി.ജെ.പിക്ക് സംഭാവനയായി നല്‍കിക്കൊണ്ടിരിക്കുന്നത്. ഇതിനൊരു അന്ത്യം ഉണ്ടാകണമെങ്കില്‍ കൂറുമാറ്റ നിരോധന നിയമം തന്നെ പൊളിച്ചെഴുതണം. കൂറുമാറിയ അംഗത്തെ ആജീവനാന്തകാലം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്ന നിയമനിര്‍മാണം ഉണ്ടാകണം.

കൂറുമാറിയ അംഗത്തെ അയോഗ്യനാക്കുന്ന അധികാരം സ്പീക്കറില്‍നിന്ന് എടുത്തു മാറ്റുന്നതോടൊപ്പം തന്നെ കൂറുമാറിയ വ്യക്തിക്ക് പിന്നീടൊരിക്കലും മത്സരിക്കാനുള്ള അവസരം നല്‍കരുത്. എങ്കില്‍ മാത്രമേ നമ്മുടെ ജനാധിപത്യ ഭരണസമ്പ്രദായം അഭംഗുരമായി തുടരൂ. അതിനുവേണ്ടത് പാര്‍ലമെന്റില്‍ ഭരണഘടനാ ഭേദഗതിയാണ്. ബി.ജെ.പി ഭരണകൂടം അതിന് സന്നദ്ധമാവില്ല എന്നതാണ് യാഥാര്‍ഥ്യം. അവര്‍ക്ക് വേണ്ടത് കാലുമാറ്റവും കൂറുമാറ്റവുമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.