2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

Editorial

കരിനിയമത്തിനെതിരേ പോരാട്ടം ശക്തമാക്കണം


 

പൗരത്വനിയമ ഭേദഗതിയും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജനസംഖ്യാ രജിസ്റ്ററും സംബന്ധിച്ച ഹരജികള്‍ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാനുള്ള സാധ്യതയിലേക്കാണ് ഇന്നലെ ഈ കേസില്‍ വാദം കേട്ട സുപ്രിംകോടതി ബെഞ്ചിന്റെ വാക്കാല്‍ സൂചന. അത് ഈ പ്രശ്‌നത്തില്‍ ഒരു പരിഹാരമുണ്ടാകുന്നതില്‍ കാലതാമസമുണ്ടാക്കുമെന്ന ആശങ്ക വളര്‍ത്തുന്നുണ്ട്.
പൗരത്വനിയമം സംബന്ധിച്ചു 140 ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നും ഇതില്‍ അറുപതെണ്ണത്തില്‍ മാത്രമേ എതിര്‍സത്യവാങ്മൂലം നല്‍കാനായിട്ടുള്ളൂവെന്നും ബാക്കി 80 ഹരജികളില്‍ എതിര്‍സത്യവാങ്മൂലം നല്‍കാന്‍ ആറാഴ്ച കൂടി സമയം വേണമെന്നും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും നാലാഴ്ചയാണ് സുപ്രിംകോടതി അനുവദിച്ചത്. അഞ്ചാമത്തെ ആഴ്ച ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേസ് പരിഗണിക്കും. അപ്പോള്‍ അഞ്ചംഗ ബെഞ്ചിലേക്കു വിടുന്ന കാര്യം പരിഗണിക്കും.

നിലവില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ സംബന്ധിച്ച കേസ് പരിഗണിക്കുകയാണ്. അതു തീര്‍ന്ന ശേഷമേ പൗരത്വവുമായി ബന്ധപ്പെട്ട ഹരജികളില്‍ വാദം കേള്‍ക്കൂ. ചുരുക്കത്തില്‍, പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതിനെതിരേ സമസ്തയടക്കം നല്‍കിയ ഹരജികളില്‍ തീര്‍പ്പുണ്ടാകാന്‍ കാലതാമസം പിടിക്കും. കശ്മിരിന്റെ പ്രത്യേകാവകാശങ്ങള്‍ നീക്കം ചെയ്തതിനെതിരേയും കശ്മിരിനെ വെട്ടിമുറിച്ചു കേന്ദ്ര ഭരണപ്രദേശങ്ങളാക്കിയതിനെതിരേയുമുള്ള ഹരജികള്‍ ആറു മാസമായി കോടതിയിലാണെന്ന പശ്ചാത്തലമുണ്ട്.

ഈ കേസില്‍ ഹാജരാകുന്ന കപില്‍ സിബല്‍ ദിവസങ്ങള്‍ക്കു മുമ്പു കോഴിക്കോട്ട് അഭിപ്രായപ്പെട്ടത് കോടതി വിധി എന്തായാലും ഈ ജനവിരുദ്ധ നിയമഭേദഗതി ഇല്ലാതാക്കാന്‍ ശക്തമായ സമരം നിരന്തരം നടത്തണമെന്നാണ്. ആ സാഹചര്യത്തിലേക്കാണ് ഇന്നലെയുണ്ടായ കോടതിയുത്തരവു നല്‍കുന്ന സൂചന.
പരമാവധി സമയം വൈകിപ്പിക്കുക എന്ന തന്ത്രം, കോടതിയുടെ ഈ ഉത്തരവിലൂടെ ഭാഗികമായെങ്കിലും വിജയിപ്പിക്കാന്‍ ബി.ജെ.പി സര്‍ക്കാരിനു കഴിഞ്ഞുവെന്നതു സത്യമാണ്. സുപ്രിംകോടതി ഇനി ഈ കേസ് പരിഗണിക്കുമ്പോഴേക്കും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പും പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനവും കഴിഞ്ഞിരിക്കും. അങ്ങനെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വന്‍തിരിച്ചടി ഒഴിവാക്കാനാകുമെന്നും പാര്‍ലമെന്റിലെ ചൂടേറിയ വിമര്‍ശനങ്ങളില്‍ നിന്ന് തടിതപ്പാനാകുമെന്നുമുള്ള തന്ത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ മനസ്സിലിരുപ്പ്.
പൗരത്വനിയമഭേദഗതിയും പൗരത്വ രജിസ്റ്ററും ജനസംഖ്യാ രജിസ്റ്ററും ജനങ്ങളില്‍ ആശങ്കപരത്തിയിരിക്കുന്നതിനാല്‍ കോടതിയുടെ തീര്‍പ്പുണ്ടാകുന്നതുവരെ അതു നടപ്പാക്കാതിരിക്കണമെന്നത് മതേതരവിശ്വാസികളുടെ ആഗ്രഹമായിരുന്നു. പൗരത്വനിയമഭേദഗതി സംബന്ധിച്ച റൂള്‍സ് വരുന്നതിനു മുമ്പു തന്നെ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ നിയമം നടപ്പിലാക്കിത്തുടങ്ങിയിരിക്കുകയാണ്. അവിടെ നിരവധിപേരെ പൗരത്വത്തിന്റെ സംശയനിഴലില്‍ നിര്‍ത്തിയിരിക്കുന്നു.

പ്രധാനമന്ത്രിയുള്‍പ്പെടെ കേന്ദ്രമന്ത്രിമാരും ബി.ജെ.പി നേതാക്കളുമെല്ലാം പൗരത്വരജിസ്റ്ററിനെക്കുറിച്ച് പരസ്പരവിരുദ്ധമായ കാര്യങ്ങളാണു പറയുന്നത്. രാജ്യത്തുടനീളം പൗരത്വപ്പട്ടിക തയാറാക്കുമെന്നാണ് ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത്. അതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്നു പിന്നീട് പ്രധാനമന്ത്രി രാംലീല മൈതാനിയില്‍ പറഞ്ഞു. ഇതു കള്ളക്കളിയാണെന്നു ജനം വിശ്വസിക്കുന്നു. സര്‍ക്കാരിന്റെ മനസ്സിലിരിപ്പ് എന്തെന്നതില്‍ ജനങ്ങള്‍ക്ക് ആശങ്കയുണ്ട്. അധികാരം നിലനിര്‍ത്താന്‍ ഏതു കള്ളക്കളിയും ഈ സര്‍ക്കാര്‍ നടത്തും.
പൗരത്വ റജിസ്റ്റര്‍ തയാറാക്കുന്നതു സംബന്ധിച്ച സര്‍ക്കാര്‍ നിലപാടില്‍ വ്യക്തതവരുത്തണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യത്തിന്മേല്‍ കോടതി കേന്ദ്രസര്‍ക്കാരിനും യു.പി സര്‍ക്കാരിനും നോട്ടിസയയ്ക്കാന്‍ ഉത്തരവിട്ടത് ആശ്വാസകരമാണ്. പ്രത്യക്ഷത്തില്‍ പൗരത്വനിയമ ഭേദഗതിക്കും എന്‍.പി.ആറിനും എന്‍.ആര്‍.സിക്കും സുപ്രിംകോടതി സ്റ്റേ വിധിച്ചിട്ടില്ലെങ്കിലും ഫലത്തില്‍ സ്റ്റേയുടെ ഗുണമാണു ലഭിക്കുന്നതെന്നാണു വിലയിരുത്തപ്പെടുന്നത്.
ഇതു സംബന്ധിച്ച ചട്ടങ്ങളൊന്നും പ്രാബല്യത്തിലായിട്ടില്ലാത്തതിനാല്‍ സി.എ.എയും പ്രാബല്യത്തിലായിട്ടില്ല. ഇനി ജനവിരുദ്ധ നടപടിയുമായി ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടുപോയാലും കോടതിയുടെ അന്തിമവിധിക്കു വിധേയമായിരിക്കും. ആ സ്ഥിതിക്കു യു.പി മുഖ്യമന്ത്രി ആദിത്യനാഥ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന പൗരത്വം സുപ്രിംകോടതിയുടെ അന്തിമവിധിക്കു വിധേയമായിരിക്കും. അങ്ങനെ നോക്കുകയാണെങ്കില്‍ കോടതിയുടെ ഇടപെടല്‍ നിരാശാജനകമല്ല. അതേസമയം, ആശ്വാസകരവുമല്ല.

ആശ്വസിക്കാവുന്നത് ഒരു കാര്യത്തിലാണ്. ലോക്‌സഭയും രാജ്യസഭയും പാസാക്കുകയും രാഷ്ട്രപതി ഒപ്പിട്ടു നിയമമാക്കുകയും ചെയ്ത സി.എ.എയുടെ കാര്യത്തില്‍ നീതിപീഠത്തിന് ഇടപെടാനാവില്ലെന്നു പറഞ്ഞു കൈമലര്‍ത്തിയിട്ടില്ല സുപ്രിംകോടതി. സി.എ.എയ്ക്കും മറ്റുമെതിരേ സമര്‍പ്പിച്ച ഹരജികള്‍ തള്ളിക്കളഞ്ഞിട്ടില്ല.
സമസ്തയടക്കമുള്ള ഭൂരിപക്ഷം സംഘടനകളും പൗരത്വനിയമ ഭേദഗതിക്കെതിരേ രംഗത്തുവന്നത് അതു രാഷ്ട്രത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനാലാണ്. അക്കാരണത്താല്‍ തന്നെ ഇന്ത്യയുടെ മതേതരത്വത്തിനും ജനാധിപത്യത്തിനും എതിരാണ് ഈ നിയമം. അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിടാനുള്ള നീക്കം കാലതാമസമുണ്ടാക്കുമെങ്കിലും സമസ്തയുള്‍പ്പെടെയുള്ള ഹരജിക്കാരുടെ ആശങ്ക കോടതി അംഗീകരിച്ചുവെന്നു വേണം കരുതാന്‍. രാജ്യത്തു ശക്തമായ ജനകീയപ്രക്ഷോഭങ്ങള്‍ തന്നെയാകണം കോടതിയെ ഇത്തരമൊരു നിലപാടിലേക്ക് എത്തിച്ചതെന്നു വേണം കരുതാന്‍.
ഇനിയും സമരങ്ങളും പ്രക്ഷോഭങ്ങളും ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യയുടെ മാറിലേക്ക് മാരകവിഷം പുരട്ടിയ വര്‍ഗീയക്കൂരമ്പു തൊടുത്തുവിട്ട ബി.ജെ.പിയെ അടിയറവു പറയിക്കാന്‍ ശക്തവും നിരന്തരവുമായ സമരപരമ്പരകള്‍ അനിവാര്യമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.