2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

Editorial

ജനനസര്‍ട്ടിഫിക്കറ്റ് ആവശ്യം ക്ഷേമപെന്‍ഷന്‍ നിഷേധിക്കാന്‍


സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ദുര്‍ബലരും അവശരും വയോധികരുമായ ജനങ്ങളെ സഹായിക്കുവാന്‍ ആരംഭിച്ച സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ദരിദ്രരായ വയോധികര്‍ക്കും ആലംബമില്ലാത്ത വിധവകള്‍ക്കും വലിയ സഹായമാണ് നല്‍കിവരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാറുകളുടെ മാറിമറിയുന്ന നിലപാടുകള്‍ കാരണം ഇത്തരം പെന്‍ഷനുകള്‍ മാത്രം ആശ്രയിച്ചുകഴിയുന്ന നിസ്സഹായരായ വൃദ്ധജനങ്ങളെ ദുരിതത്തിലാഴ്ത്തുകയാണ്.
സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് തുടര്‍ന്നും അത് ലഭ്യമാകണമെങ്കില്‍ മസ്റ്ററിങ് വേണമെന്നതിന്റെ നിര്‍ബന്ധ ബുദ്ധിയുടെ ഫലമായി കൊടിയ പീഡനമായിരുന്നു വൃദ്ധജനങ്ങള്‍ അനുഭവിച്ചത്. അക്ഷയ കേന്ദ്രങ്ങള്‍ മുഖേന നടപ്പിലാക്കേണ്ട മസ്റ്ററിങ്ങിനായി പലരും ഏറെ കഷ്ടപ്പെട്ടു. കെട്ടിടങ്ങളുടെ മുകള്‍നിലയിലായിരിക്കും പല അക്ഷയ കേന്ദ്രങ്ങളുമെന്നിരിക്കെ വൃദ്ധരും ഭിന്നശേഷിക്കാരും രോഗികളുമായ വലിയൊരു വിഭാഗത്തിന് മസ്റ്ററിങ് പ്രയാസമായി. ഇതിനെതുടര്‍ന്നാണ് മസ്റ്ററിങ് കെട്ടിടങ്ങളുടെ താഴേക്ക് മാറ്റിയത്.
ഈ ദുരിതം കഴിഞ്ഞപ്പോഴാണ് മറ്റൊരു ദുരിതമുണ്ടായത്. ക്ഷേമ പെന്‍ഷനുകള്‍ക്ക് പുതുതായി അപേക്ഷിക്കുന്നവര്‍ വയസ് തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റോ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ പാസ്‌പോര്‍ട്ടോ ഹാജരാക്കണമെന്നാണ് ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഉത്തരവ് ഇറക്കിയിരിക്കുന്നത്. നേരത്തെ വയസ് തെളിയിക്കുന്നതിനുള്ള രേഖയായി ആധാര്‍ മതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് പോരെന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധം പിടിക്കുകയാണ്. ആയിരക്കണക്കിന് വൃദ്ധരും ഭര്‍ത്താവ് മരിച്ച അമ്പത് വയസ് കഴിഞ്ഞ വിധവകളുമാണ് ഇതുമൂലം കഷ്ടപ്പെടാന്‍പോകുന്നത്. ആധാര്‍ കാര്‍ഡല്ലാതെ മറ്റു രേഖകളൊന്നും വയസ് തെളിയിക്കാന്‍ ഇവരുടെ പക്കല്‍ ഇല്ലെന്നാണ് യാഥാര്‍ഥ്യം. ഫലത്തില്‍ പലര്‍ക്കും സാമൂഹ്യ ക്ഷേമപെന്‍ഷന്‍ നിഷേധിക്കപ്പെടും. ഇപ്പോള്‍തന്നെ ഉദ്യോഗസ്ഥര്‍ നിരവധി അപേക്ഷകള്‍ നിരാകരിച്ചുകഴിഞ്ഞു.
സാധാരണക്കാരായ ഭൂരിഭാഗം ആളുകളുടെയും കയ്യില്‍ അവരുടെ ജനന സര്‍ട്ടിഫിക്കറ്റോ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ ഉണ്ടായിക്കൊള്ളണമെന്നില്ല. ഇവരില്‍ പാസ്‌പോര്‍ട്ട് എടുക്കാത്തവരുമുണ്ടാവും. ഇതേ ആവശ്യങ്ങളാണ് പൗരത്വ രജിസ്റ്ററിന് വേണ്ടി കേന്ദ്രസര്‍ക്കാറും ഉന്നയിക്കുന്നത്. അതിനാലാണ് സെന്‍സസിന് വരുന്ന ഉദ്യോഗസ്ഥരോട് ജനന തിയതിയും മാതാപിതാക്കളുടെ ജന്മ സംബന്ധമായ കാര്യങ്ങളും ഉള്‍കൊള്ളുന്ന രണ്ട് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. ജനസംഖ്യാ രജിസ്റ്റര്‍ പൗരത്വ രജിസ്റ്ററിലേക്കുള്ള വഴിയാണെന്നും അതിലേക്കുള്ള മറ്റൊരു മാര്‍ഗമാണ് സെന്‍സസിലെ ജനന തിയതി ചോദിക്കുന്നതെന്നുമുള്ള സര്‍ക്കാര്‍ വിശദീകരണവും ഇതിന്റെകൂടെ വന്നതാണ്.
എന്നാല്‍ ക്ഷേമ പെന്‍ഷന് ജനന തിയതി ആവശ്യപ്പെടുന്നത് പൗരത്വ രജിസ്റ്ററിന് വിവരങ്ങള്‍ തേടുന്നതിന്റെ മറ്റൊരു രൂപമല്ലേ എന്ന സംശയം ന്യായമാണ്. സെന്‍സസില്‍ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടെന്നും സാമൂഹ്യ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ ജനന തിയതി വെളിപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്നും നിര്‍ബന്ധം പിടിക്കുന്നതിന്റെ പിന്നില്‍ എന്താണ് ലക്ഷ്യം? പൗരത്വ രജിസ്റ്ററിലേക്കുള്ള വിവരങ്ങള്‍ ഒളിച്ചുകടത്താന്‍ സാമൂഹ്യ പെന്‍ഷന്‍ അപേക്ഷകള്‍ ഉപയോഗപ്പെടുത്തുകയാണോ? പൗരത്വ പട്ടിക ലക്ഷ്യംവെക്കുന്നത് തന്നെ ജനനസര്‍ട്ടിഫിക്കറ്റും മതിയായ രേഖകളും ഹാജറാക്കാന്‍ കഴിയാത്തവരെ പൗരന്മാരല്ലാതാക്കുന്നതിന് വേണ്ടിയാണ്. അതിന്റെ മറ്റൊരു രൂപമാണ് ഇപ്പോള്‍ ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി കഴിഞ്ഞ 16-ാംതിയതി നല്‍കിയ ഉത്തരവിലും നിഴലിക്കുന്നത്.
നിര്‍ധനരും രോഗികളും നിരാലംബരുമായ ഭൂരിഭാഗം വൃദ്ധജനങ്ങളുടെ കൈകളിലും അവരുടെ ജനന സര്‍ട്ടിഫിക്കറ്റോ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ പാസ്‌പോര്‍ട്ടോ ഉണ്ടാവില്ലെന്ന് ഉറപ്പാണ്. അതില്‍ ഏതെങ്കിലും ഒന്ന് വേണം പെന്‍ഷന്‍ കിട്ടാന്‍ എന്ന് ശഠിക്കുന്നതിന്റെ പിന്നില്‍ പെന്‍ഷന്‍ നിഷേധിക്കാന്‍ വേണ്ടി തന്നെയാണ്. നേരത്തെ ഗവണ്‍മെന്റ് ഡോക്ടര്‍മാര്‍ നല്‍കുന്ന ജനനസര്‍ട്ടിഫിക്കറ്റ് മതിയായിരുന്നു വയസ് തെളിയിക്കാനുള്ള രേഖയായി. പിന്നീട് ഇടത് മുന്നണി സര്‍ക്കാറാണ് അതൊഴിവാക്കിയത്. ആധാര്‍ കാര്‍ഡ് വയസ് തെളിയിക്കാനുള്ള രേഖയായി സര്‍ക്കാര്‍ നിജപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ അതും ഒഴിവാക്കിയിരിക്കുന്നു.
ജനനസര്‍ട്ടിഫിക്കറ്റിന് വേണ്ടി ഉദ്യോഗസ്ഥര്‍ വാശിപിടിക്കുന്നത് ധനകാര്യ വകുപ്പില്‍നിന്നുള്ള കര്‍ശന നിര്‍ദേശത്താലായിരിക്കണം. ഒന്നുകില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ ദാതാക്കള്‍ക്ക് അത് നിഷേധിക്കാനുള്ള നിഗൂഢ നീക്കം ഇതിന്റെ പിന്നില്‍ ഒളിഞ്ഞുകിടപ്പുണ്ടായിരിക്കണം. അല്ലെങ്കില്‍ സര്‍ക്കാറിന്റെ അറിവോ സമ്മതമോ കൂടാതെ പൗരത്വത്തിന് വേണ്ടിയുള്ള, കിട്ടാന്‍ സാധ്യതയില്ലാത്ത രേഖകള്‍ക്കുവേണ്ടി ചില ഉദ്യോഗസ്ഥന്മാര്‍ വാശിപിടിക്കുകയാണെന്നുവേണം കരുതാന്‍. അതിനാല്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പുതുതായി അനുവദിക്കുന്നവര്‍ക്ക് വയസ് തെളിയിക്കാന്‍ ആധാര്‍ കാര്‍ഡുതന്നെ മതിയെന്ന് സര്‍ക്കാര്‍ അടിയന്തരമായും ഉത്തരവ് ഇറക്കേണ്ടതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.