2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

Editorial

മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചാലെന്താ


 

17-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിലേയ്ക്കുള്ള നടപടികള്‍ ആരംഭിച്ചതു മുതല്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷനെതിരേയുള്ള പരാതികളും ഉയര്‍ന്നുവരാന്‍ തുടങ്ങിയിരുന്നു. വിവിപാറ്റ് 50 ശതമാനം എണ്ണണമെന്ന പ്രതിപക്ഷാവശ്യം കമ്മിഷന്‍ തള്ളിയതു മുതല്‍ ഇതാരംഭിക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടിരുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരേ കമ്മിഷനെക്കൊണ്ടു നടപടിയെടുപ്പിക്കാന്‍ സുപ്രിംകോടതി ഇടപെടേണ്ടിവന്നു.

തങ്ങള്‍ക്കു പരിമിതമായ അധികാരമേയുള്ളുവെന്നായിരുന്നു കോടതിയില്‍ കമ്മിഷന്‍ പറഞ്ഞത്. കമ്മിഷന്റെ അധികാരം തങ്ങള്‍ വ്യക്തമാക്കിത്തരണമോയെന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ചോദിച്ചതിനെത്തുടര്‍ന്നാണു മുസ്‌ലിം ലീഗ് പച്ച വൈറസാണെന്ന വിഷലിപ്ത പ്രസംഗങ്ങള്‍ തുടര്‍ച്ചയായി നടത്തിയ യോഗി ആദിത്യനാഥിനെതിരേയും ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തി പ്രസംഗിച്ച മനേകാഗാന്ധിക്കെതിരേയും ജയപ്രദയെ വ്യക്തിപരമായി അധിക്ഷേപിച്ച അസ്‌ലംഖാനെതിരേയും മുസ്‌ലിം വോട്ടുകള്‍ തനിക്കു വേണമെന്നാവശ്യപ്പെട്ട മായാവതിക്കെതിരേയും പ്രസംഗവിലക്ക് ഏര്‍പ്പെടുത്താന്‍ കമ്മിഷന്‍ നിര്‍ബന്ധിതമായത്. ഇക്കാര്യം കോടതിയെ കമ്മിഷന്‍ അറിയിച്ചപ്പോള്‍ അപ്പോള്‍ നിങ്ങളുടെ അധികാരത്തെക്കുറിച്ചു ബോധ്യമുണ്ടല്ലേയെന്നായിരുന്നു കോടതിയുടെ പ്രതികരണം.
സ്വതന്ത്രവും നീതിപൂര്‍വവുമായ രീതിയില്‍ തെരഞ്ഞെടുപ്പു നടത്താന്‍ കമ്മിഷന് അധികാരം നല്‍കുന്നതാണു ഭരണഘടനയുടെ 324-ാം വകുപ്പ്. ഭരണഘടനയ്ക്കു മുകളിലല്ല ആരും. ഈ യാഥാര്‍ഥ്യം ബി.ജെ.പിയുടെ ആജ്ഞാനുവര്‍ത്തികളായ ഉദ്യോഗസ്ഥര്‍ മനസിലാക്കണം. പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററിനോ വാഹനത്തിനോ പ്രത്യേക പരിഗണന വേണമെന്നോ പരിശോധനകള്‍ പാടില്ലെന്നോ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിലെവിടെയും പറയുന്നില്ല.

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച തെരഞ്ഞെടുപ്പു നിരീക്ഷകന്‍ മുഹമ്മദ് മുഹ്‌സിന്‍ നരേന്ദ്രമോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിന്റെ പേരില്‍ സസ്‌പെന്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ഉള്ള അധികാരം ബി.ജെ.പി നേതാക്കള്‍ക്കെതിരേ പ്രയോഗിക്കാത്ത കമ്മിഷന്‍ ഇവിടെ ഇല്ലാത്ത അധികാരം സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനു നേരേ പ്രയോഗിച്ചിരിക്കുന്നു. ഒഡീഷയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിനാണു മുഹമ്മദ് മുഹ്‌സിനെ കമ്മിഷന്‍ സസ്‌പെന്റ് ചെയ്തത്.

എസ്.പി.ജി സുരക്ഷയുള്ളവരെ പരിശോധനയില്‍ നിന്നൊഴിവാക്കണമെന്ന നിര്‍ദേശം പാലിച്ചില്ലെന്നു പറഞ്ഞാണു മുഹമ്മദ് മുഹ്‌സിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്. എസ്.പി.ജി സുരക്ഷയുള്ളവര്‍ക്കു തെരഞ്ഞെടുപ്പു കാലത്ത് ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനു തടസമില്ലെന്നു മാത്രമാണു നിയമത്തില്‍ പറയുന്നത്. അവരുടെ വാഹനം പരിശോധിക്കാന്‍ പാടില്ലെന്നു പറയുന്നില്ല.

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ ഹെലികോപ്റ്റര്‍ രണ്ടു തവണയാണ് പരിശോധിച്ചത്. ഒഡീഷാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ഹെലികോപ്റ്ററും പരിശോധിച്ചു. ഇവരുടെ വാഹനങ്ങള്‍ക്ക് പരിശോധന ബാധകമാണെങ്കില്‍ നരേന്ദ്രമോദിയുടെ ഹെലികോപറ്ററും പരിശോധിക്കപ്പെടേണ്ടതുണ്ട്.
ഒളിച്ചു വയ്ക്കാന്‍ മാത്രം എന്തായിരുന്നു കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ മോദിയുടെ ഹെലികോപ്റ്ററില്‍നിന്നും വാഹനത്തിലേക്ക് മാറ്റിയ പെട്ടിയില്‍ ഉണ്ടായിരുന്നതെന്ന് അറിയാനുള്ള അവകാശം ഏതൊരു ഇന്ത്യന്‍ പൗരനും ഉണ്ട്. ഓരോരുത്തര്‍ക്കും ഓരോ നിയമം ഇന്ത്യന്‍ ഭരണഘടന നിശ്ചയിച്ചിട്ടില്ല. സര്‍ക്കാറിന്റെയോ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ വിമാനങ്ങളോ ഹെലികോപ്റ്ററുകളോ ഒരുകാരണവശാലും തെരഞ്ഞെടുപ്പ് സബന്ധിച്ച യാത്രക്കാര്‍ക്കായി ഉപയോഗിച്ചുകൂടെന്നു 1999 ലെ ഉത്തരവില്‍ മുഖ്യതെരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കിയതാണ്. ഇതില്‍നിന്നൊഴിവുള്ളത് അതത് സമയം ഭരിക്കുന്ന പ്രധാനമന്ത്രിമാര്‍ക്കു മാത്രമാണ്.
2014 ലെയും 2019 ലെയും നിര്‍ദേശങ്ങളില്‍ ഇത് ആവര്‍ത്തിക്കുന്നുണ്ട്. അതോടൊപ്പംതന്നെ എസ്.പി.ജി സുരക്ഷയുള്ള വ്യക്തികളെയും സര്‍ക്കാര്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിക്കുന്നതിനുള്ള വിലക്കും നീക്കിയിട്ടുണ്ട്. ഉപയോഗിക്കുന്നതിനുള്ള വിലക്കാണു നീക്കിയത്, വാഹനപരിശോധന പാടില്ലെന്നല്ല.
മുഖ്യതെരഞ്ഞെടുപ്പു കമ്മിഷന്റെ കണ്ണും കാതുമാണു തെരഞ്ഞെടുപ്പ് നിരീക്ഷകര്‍. കമ്മിഷന്‍തന്നെ അതു കൊട്ടിയടക്കുകയാണോ. ജനപ്രതിനിധി പ്രാതിനിധ്യ നിയമമനുസരിച്ചുള്ള തസ്തികയാണു തെരഞ്ഞെടുപ്പു നിരീക്ഷകന്റേത്. അവര്‍ക്കു സ്വതന്ത്രവും നിര്‍ഭയവുമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും അധികാരവുമുണ്ട്. മുഖ്യതെരഞ്ഞെടുപ്പു കമ്മിഷന്റെ കസേരയില്‍ ടി.എന്‍ ശേഷനാണ് ഇപ്പോഴെങ്കില്‍ മുഹമ്മദ് മുഹ്‌സിനെ അദ്ദേഹം അഭിനന്ദനങ്ങള്‍കൊണ്ടു മൂടുമായിരുന്നു.
ഇപ്പോഴത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറില്‍ നിന്നുണ്ടാകുന്ന നടപടികള്‍ സത്യസന്ധരായ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ മനോബലം തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.