2020 February 27 Thursday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

Editorial

കരുതല്‍ തടങ്കല്‍ എന്ന രാഷ്ട്രീയ ക്രൂരത


 

 

പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്ത് പടര്‍ന്ന് കൊണ്ടിരിക്കുന്ന രൂക്ഷമായ പ്രതിഷേധ സമരങ്ങളെ തോക്കുകൊണ്ടും ലാത്തികൊണ്ടും അടിച്ചൊതുക്കാന്‍ കഴിയാതെ വന്നപ്പോള്‍ സംഘ്പരിവാര്‍ സര്‍ക്കാര്‍ കരുതല്‍ തടങ്കല്‍ എന്ന അവസാനത്തെ ആയുധവുമായി രംഗത്ത് വന്നിരിക്കുകയാണ്. രാജ്യത്തെ ജനത ഒറ്റക്കെട്ടായി പൗരത്വ നിയമ ഭേദഗതിക്കെതിരേയുള്ള സമരത്തില്‍ തെരുവുകളിലാണ്. കാംപസുകളും തെരുവുകളും ഒരേപോലെ സമര ജ്വാലയില്‍ ആളിക്കത്തുകയാണ്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഡല്‍ഹിയിലെ ഷഹീന്‍ബാഗില്‍ വീട്ടമ്മമാരുടെ തുടര്‍ന്ന് കൊണ്ടിരിക്കുന്ന സമരമാണ് സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു കൊണ്ടിരിക്കുന്നത്. കൊടും ശൈത്യത്തെ വകവയ്ക്കാതെ ആയിരക്കണക്കിന് വീട്ടമ്മമാര്‍ കൈകുഞ്ഞുങ്ങളുമായി ദിവസങ്ങളായി ഷഹീന്‍ബാഗില്‍ നടത്തിവരുന്ന സമരം ബി.ജെ.പി സര്‍ക്കാരിനെ ഭയപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു.
നേരത്തെ പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് പൗരരായിരുന്നു ആശങ്കപ്പെട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ സംഘ്പരിവാര്‍ ഭരണകൂടമാണ് ഭയപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനാലാണ് അമിത്ഷാ ഇടക്കിടെ പറഞ്ഞ് കൊണ്ടിരിക്കുന്നത് പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന്. വെപ്രാളമാണ് ആ സ്വരത്തില്‍. മുമ്പൊരിക്കല്‍പോലും ഏതെങ്കിലും സമരത്തില്‍ പങ്കെടുത്ത് രക്തസാക്ഷിത്വം വഹിച്ച ചരിത്രം ഇല്ലാത്ത സംഘ്പരിവാറിന് രാജ്യമൊട്ടാകെ സമരതീച്ചൂളയില്‍ എരിയുന്നത് കാണുമ്പോള്‍ അങ്കലാപ്പുണ്ടാവുക സ്വാഭാവികം.
ഒരു മാസത്തിലേറെയായി ഷഹീന്‍ബാഗില്‍ വൃദ്ധരായ സ്ത്രീകളടക്കം നടത്തിവരുന്ന സമരത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരം ആരംഭിച്ചിട്ടുണ്ട്. വീട്ടുവേല ചെയ്യുന്നവര്‍ മുതല്‍ പ്രൊഫഷനലുകളും മധ്യ- ഉപരിതല വര്‍ഗ വിഭാഗങ്ങളും വരെ ഈ സമരങ്ങളുടെ ഭാഗമായിത്തീരുന്നു. തീര്‍ത്തും സമാധാനപരമായി നടത്തുന്ന ഷഹീന്‍ബാഗിലേത് ഉള്‍പ്പെടെയുള്ള സമരങ്ങള്‍ അടിച്ചമര്‍ത്തുവാന്‍ വഴികാണാതെ ഫാസിസ്റ്റ് സര്‍ക്കാര്‍ ഉഴലുന്നുമുണ്ട്.
ഇത്തരം സമരങ്ങളെ പരാജയപ്പെടുത്താനും സമരനായകരെ ഭീതിപ്പെടുത്താനുമാണ് അവസാനത്തെ ആയുധമായ കരുതല്‍ തടങ്കല്‍ നിയമം പുറത്തെടുത്തിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് ഭയപ്പെടേണ്ടെന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത് പോലെ കരുതല്‍ തടങ്കല്‍ നിയമവും വലിയ സംഭവമല്ലെന്നും ഓരോ മൂന്ന് മാസം കൂടുമ്പോള്‍ പ്രയോഗിക്കാറുള്ളതാണെന്നും ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വളരെ നിഷ്‌ക്കളങ്കമായി പറയുന്നുണ്ടെങ്കിലും പ്രതിഷേധം ഇല്ലാതാക്കല്‍ തന്നെയാണ് ലക്ഷ്യം. നിരന്തരം നുണകള്‍ മാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന ഒരുസര്‍ക്കാരില്‍നിന്ന് വരുന്ന വായ്ത്താരികളൊന്നും വിശ്വസിക്കാന്‍ കൊള്ളില്ലതാനും.
ജെ.എന്‍.യുവില്‍ അര്‍ധ രാത്രിയില്‍ മുഖംമൂടി ധരിച്ച് വിദ്യാര്‍ഥികളെ അതിക്രൂരമായി സംഘ്പരിവാര്‍ അക്രമികള്‍ മര്‍ദിച്ചവശരാക്കിയിട്ടും യു.പിയില്‍ സമരം ചെയ്തവരെ വെടിവച്ച് കൊന്നിട്ടും പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യത്ത് ആളിക്കത്തിക്കൊണ്ടിരിക്കുന്ന സമരത്തെ തണുപ്പിക്കാനാവാതെ വന്നപ്പോള്‍ ബി.ജെ.പി സര്‍ക്കാര്‍ അവസാനമെടുത്ത ആയുധമാണ് കരുതല്‍ തടങ്കല്‍ എന്ന കിരാത നിയമം. ദേശീയ സുരക്ഷയുടെ പേര് പറഞ്ഞ് നടപ്പിലായ ഈ കരിനിയമം കൊണ്ടൊന്നും രാജ്യത്ത് ജ്വലിച്ച് കൊണ്ടിരിക്കുന്ന സമരാഗ്നി അണയാന്‍ പോകുന്നില്ല.
ദേശീയ സുരക്ഷയ്ക്കാണെന്ന വ്യാജേന ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാല്‍ ഡല്‍ഹി പൊലിസ് കമ്മിഷണര്‍ക്ക് നല്‍കിയ പ്രത്യേകാധികാരം കൊണ്ടൊന്നും ഈ സമരം അവസാനിക്കാന്‍ പോകുന്നില്ല. പൗരത്വ നിയമ ഭേദഗതിക്കെതിരേ മുദ്രാവാക്യം വിളിക്കുന്നവരെ ദേശ വിരുദ്ധരായി മുദ്രകുത്തി വിചാരണ കൂടാതെ, എന്താണ് കുറ്റമെന്ന് തടങ്കലില്‍വച്ച ആളോട് പറയാതെ മാസങ്ങളോളം കരുതല്‍ തടങ്കലില്‍വച്ചാല്‍ ഡല്‍ഹിയില്‍ അനുദിനം ശക്തിയാര്‍ജിച്ചു കൊണ്ടിരിക്കുന്ന സമരത്തെ പരാജയപ്പെടുത്താമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
നാളിതുവരെ തീക്ഷ്ണമായ ഒരു സമരത്തില്‍ പങ്കെടുത്തതിന്റെ ചരിത്രമോ, സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഒറ്റകൊടുത്തതിന്റെ ചരിത്രമല്ലാതെ പൊരുതിയതിന്റെ ചരിത്രമോ ഇല്ലാത്തതിനാല്‍ തോന്നുന്നതാണിത്. ദേശീയ സുരക്ഷാ നിയമപ്രകാരം ഒരു വ്യക്തി ദേശീയ സുരക്ഷക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ഡല്‍ഹി പൊലിസ് കമ്മിഷണര്‍ക്ക് തോന്നിയാല്‍ മതി. കുറ്റമൊന്നും ചുമത്താതെ പ്രസ്തുത വ്യക്തിയെ മാസങ്ങളോളം തടങ്കലില്‍വയ്ക്കാന്‍ കഴിയും.
രാജ്യത്തെ മതപരമായി വെട്ടിമുറിക്കുന്ന പൗരത്വ നിയമ ഭേദഗതിക്കെതിരേ ഏതറ്റം വരെയും പോകുമെന്ന് ഇതിനകം തന്നെ വിവിധ രാഷ്ട്രീയ പാര്‍ട്ടി, സാമുദായിക, മത, സാംസ്‌കാരിക, സാമൂഹിക സംഘടനാ നേതാക്കള്‍ ഉറച്ച തീരുമാനമെടുത്തിരിക്കെ സമരങ്ങളെ പരാജയപ്പെടുത്താനുള്ള കരുതല്‍ തടങ്കല്‍ എന്ന കിരാത നിയമവും പരാജയപ്പെടുകയേയുള്ളൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.