2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

Editorial

മാധ്യമപ്രവര്‍ത്തകര്‍ക്ക് മഞ്ഞക്കാമില ബാധിച്ചാല്‍


 

കേരളത്തില്‍ സംസ്‌കാരസമ്പന്നവും കുലീനവുമായ സമൂഹം വാര്‍ത്തെടുക്കുന്നതില്‍ മഹാരഥന്മാര്‍ വഹിച്ച പങ്ക് വിവരണാതീതമാണ്. ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും പോലെയുള്ള മഹത്തുക്കള്‍ ഊടും പാവും നല്‍കി രൂപപ്പെടുത്തിയതാണു കേരളം. സഹിഷ്ണുതയുടെയും ജാതിമത അഭേദചിന്തയുടെയും പരസ്പരസ്‌നേഹത്തിന്റെയും സഹവര്‍തിത്വത്തിന്റെയും അന്തരീക്ഷം ഇവിടെ വളര്‍ത്തിയെടുത്തത് അവരുടെ ഉദ്‌ബോധനങ്ങളായിരുന്നു.
വര്‍ഗീയ, ഫാസിസ്റ്റ് ശക്തികള്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കേരള ജനതയെ ജാതീയമായും മതപരമായും വിരുദ്ധധ്രുവങ്ങളിലാക്കാന്‍ കഴിയാതെ പോയത് ആ മഹത്തുകള്‍ നട്ടുവളര്‍ത്തിയ സംസ്‌കാരത്തിന്റെ വേരോട്ടം ഒന്നുകൊണ്ടുമാത്രമാണ്. വിവിധ മതവിഭാഗക്കാരും വ്യത്യസ്ത രാഷ്ട്രീയപ്പാര്‍ട്ടിക്കാരുമായി നിലനില്‍ക്കെത്തന്നെ അവര്‍ ഫാസിസത്തെ കേരളത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ ഒറ്റക്കെട്ടായി നിന്നു.

കേരളത്തെപ്പോലൊരു സാംസ്‌കാരിക ഭൂമിക ഇല്ലാതിരുന്ന ഉത്തരേന്ത്യയില്‍ പലയിടങ്ങളിലും സംഘ്പരിവാറിന് മതമൈത്രിയും സാഹോദര്യവും സഹിഷ്ണുതയും തകര്‍ക്കാന്‍ നല്ലൊരു പങ്കു കഴിഞ്ഞുവെന്നതു നേരാണ്. ആ വര്‍ഗീയക്കൊടുങ്കാറ്റ് ഉത്തരേന്ത്യയില്‍നിന്ന് ദക്ഷിണേന്ത്യയിലേയ്ക്ക് അതിശക്തമായി ആഞ്ഞടിപ്പിക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമങ്ങള്‍ കേരളീയ പൊതുബോധം വിന്ധ്യാപര്‍വതംപോലെ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
ബാബരി മസ്ജിദ് ധ്വംസനവും 2002 ലെ ഗുജറാത്ത് ന്യൂനപക്ഷ കൂട്ടക്കുരുതിയും ഇന്നും ഇന്ത്യന്‍ മുസ്‌ലിംകളുടെ ഹൃദയത്തിനേറ്റ ഉണങ്ങാത്ത മുറിവാണ്. ഗുജറാത്ത് മുസ്‌ലിം കൂട്ടക്കൊല അരങ്ങേറിയത് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ്. അന്നും അദ്ദേഹത്തിന്റെ വലംകൈയും രഹസ്യസൂക്ഷിപ്പുകാരനും ഇന്നത്തെ ബി.ജെ.പി പ്രസിഡന്റ് അമിത്ഷാ ആയിരുന്നു. അവരുടെ നിര്‍ദേശപ്രകാരവും ആഗ്രഹപ്രകാരവുമാണ് അതിഭീകരമായ ഗുജറാത്ത് കൂട്ടക്കൊല അരങ്ങേറിയതെന്ന് ജനാധിപത്യസമൂഹം ഇന്നും ഉറച്ചുവിശ്വസിക്കുന്നുണ്ട്.

നരേന്ദ്രമോദി പരോക്ഷമായി ഗുജാറാത്ത് കലാപത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നതായി വാര്‍ത്തകളിലൂടെയും അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകളിലൂടെയും വെളിവായ കാര്യമാണ്. കലാപത്തിന്റെ പ്രധാന ആസൂത്രകന്‍ അമിത്ഷായായിരുന്നു. മോദിയെ കൊല്ലാന്‍ ആയുധങ്ങളുമായെത്തിയ തീവ്രവാദികളെന്നു മുദ്രകുത്തിയാണ് ഇല്ലാത്ത ഏറ്റുമുട്ടലിന്റെ മറവില്‍ ഇസ്രത്ത് ജഹാനെയും മലയാളിയായ പ്രാണേഷ്‌കുമാറിനെയുമുള്‍പ്പെടെ വെടിവച്ചു കൊന്നത്.
അത്രയും നീചമായി രാഷ്ട്രീയകരുക്കള്‍ നീക്കി രാജ്യത്തുടനീളം വര്‍ഗീയവിത്തു വിതച്ചാണ് മോദിയും അമിത്ഷായും രാജ്യാധികാരത്തിന്റെ സിംഹാസനം പിടിച്ചടക്കിയത്. ആ ശക്തികളാണിപ്പോള്‍ വയനാട്ടില്‍ മുസ്‌ലിം ലീഗിന്റെ പതാക പാറുന്നതു കണ്ട് പാകിസ്താന്‍ ഉപമയുമായി രംഗത്തെത്തിയിരിക്കുന്നത്. അതു പറഞ്ഞ അമിത്ഷായുടെ ലക്ഷ്യം വയനാടിനെ അപമാനിക്കല്‍ മാത്രമല്ല, കേരളത്തില്‍ വര്‍ഗീയതയുടെ വിഷവിത്തു പാകല്‍ കൂടിയാണ്.

തെക്കന്‍കാശി എന്നറിയപ്പെടുന്ന തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത് വയനാട്ടിലാണ്. അത് അറിയാനോ ആ ക്ഷേത്രത്തെ ആദരിക്കാനോ തയാറായില്ല അമിത്ഷായിലെ വര്‍ഗീയമനസ്. അതിനു പകരം വയനാട്ടുകാരെല്ലാം പാകിസ്താന്‍ പക്ഷപാതികളും ഇന്ത്യാവിരുദ്ധരുമെന്ന് ആക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തത്. വയനാടിനെ പാകിസ്താനായി ചിത്രീകരിച്ച അമിത്ഷാ ആ തെറ്റിന് ഇതുവരെ ഖേദം പ്രകടിപ്പിച്ചിട്ടില്ല. ഇവിടെയാണ് വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി ദക്ഷിണകാശിയിലെത്തി ഇന്ത്യയിലെ ധീരദേശാഭിമാനികളായിരുന്ന പുല്‍വാമാ സൈനിക രക്തസാക്ഷികള്‍ക്കു വേണ്ടി ബലിതര്‍പ്പണം നടത്തിയതിന്റെ മഹത്വം തിരിച്ചറിയേണ്ടത്.
ഏറ്റവും ഒടുവിലായി വന്ന വാര്‍ത്ത ഈ പറഞ്ഞതിനെയെല്ലാം കടത്തിവെട്ടുന്നതായിരുന്നു. കള്ളപ്പണം പുറത്തു കൊണ്ടുവരാനെന്ന നാട്യത്തില്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിന്റെ പിന്നില്‍ വമ്പിച്ച കുംഭകോണമാണു നടന്നതെന്നു കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തില്‍ മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ആരോപിച്ചിരുന്നു. എന്നാല്‍, പ്രമുഖ ദേശീയ ദിനപ്പത്രങ്ങളും കേരളത്തിലെ പ്രമുഖ പത്രങ്ങളും തമസ്‌കരിച്ചു. ദിവസങ്ങള്‍ക്കു മുമ്പും ഇതേ അഴിമതി ആരോപണം അദ്ദേഹം പത്രസമ്മേളനം നടത്തി വിശദീകരിച്ചിരുന്നു. അന്നും ദേശീയ മാധ്യമങ്ങള്‍ അതു തമസ്‌കരിച്ചു.

ഗുജറാത്തിലെയും മുംബൈയിലെയും ബി.ജെ.പി ഓഫിസുകളെയും ബി.ജെ.പി നേതാക്കളെയും കേന്ദ്രീകരിച്ച് കോടിക്കണക്കിന് രൂപയുടെ നോട്ടുകള്‍ മാറ്റിനല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തിയ ദൃശ്യസഹിതമാണ് കപില്‍ സിബല്‍ വാര്‍ത്ത പുറത്തു വിട്ടത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് മുമ്പ് വിദേശത്ത് രണ്ടായിരത്തിന്റെ വ്യാജ കറന്‍സികള്‍ അച്ചടിക്കുകയും അത് ഇന്ത്യയിലേയ്ക്കു കടത്തുകയും റദ്ദാക്കിയ നോട്ടുകള്‍ക്കു പകരം അത് വിറ്റഴിക്കുകയും ചെയ്തതിലൂടെ കോടികളുടെ കുംഭകോണമാണു ബി.ജെ.പി നടത്തിയതെന്നാണ് ആരോപണം. ഇതിനു നേതൃത്വം നല്‍കിയതും അമിത്ഷായാണെന്നു കപില്‍ സിബല്‍ പറയുന്നു.
ഈ വാര്‍ത്ത പുറത്തു വിട്ടപ്പോള്‍ ദേശീയ മാധ്യമങ്ങളെപ്പോലെ ബി.ജെ.പിയും മൗനം പാലിക്കുകയാണു ചെയ്തത്. ദേശീയ മാധ്യമങ്ങള്‍ ഈ വാര്‍ത്തകളൊന്നും പ്രസിദ്ധീകരിക്കാതിരുന്നതു ബി.ജെ.പിയോടും നരേന്ദ്രമോദിയോടുമുള്ള വിധേയത്വം കൊണ്ടാണ്. കേരളത്തിലെ ചില മാധ്യമങ്ങളും ഈ വഴിക്കാണോ നീങ്ങുന്നതെന്നു തോന്നിപ്പോകുന്നു. ഇന്ത്യയുടെ ചരിത്രത്തില്‍ ഇതുവരെ കാണാത്ത കുംഭകോണ വാര്‍ത്ത കൊടുത്തില്ലെന്നു മാത്രമല്ല ഇതിന് നെടുനായകത്വം വഹിച്ചു എന്നാരോപിക്കപ്പെടുന്ന, വര്‍ഗീയവിഷം നിരന്തരം തുപ്പിക്കൊണ്ട് കേരളത്തിന്റെ സ്വാസ്ഥ്യം തകര്‍ക്കാന്‍ ഇടക്കിടെ കേരളം സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്ന അമിത്ഷായുടെ അഭിമുഖം പ്രാധാന്യത്തോടെ നല്‍കാനും കേരളത്തിലെ ചില മാധ്യമങ്ങള്‍ ധൈര്യം കാണിച്ചു.

മലയാളിയുടെ ധാര്‍മിക ബോധവും നീതിയിലും സഹിഷ്ണുതയിലുമുള്ള വിശ്വാസവും അരക്കിട്ടുറപ്പിക്കുന്നതില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അനല്‍പ്പമായ പങ്കാണു വഹിച്ചിരുന്നത്. എത്ര പരിശ്രമിച്ചിട്ടും ആര്‍.എസ്.എസിനു മലയാളമണ്ണില്‍ സൂചികുത്താന്‍ ഇടംകൊടുക്കാതിരുന്നത് ഇവിടത്തെ പൊതുബോധത്തെ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ക്കൊപ്പം മാധ്യമങ്ങളുംകൂടി ശരിയായ ദിശയില്‍ നയിച്ചതുകൊണ്ടാണ്. മാധ്യമങ്ങളുടെ സക്രിയമായ ഇടപെടലുകള്‍ കലാപങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ആര്‍.എസ്.എസ് ആലോചനകളെ തകര്‍ത്തിട്ടുണ്ട്. ആ സല്‍പ്പേരാണ് ഇപ്പോള്‍ തകര്‍ക്കപ്പെടുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.