2020 June 01 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

സംഘര്‍ഷഭരിതമാകുന്ന ഗള്‍ഫ് മേഖല


 

ഒരിടവേളക്ക് ശേഷം ഗള്‍ഫില്‍ വീണ്ടും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. യമനിലെ വിമത വിഭാഗം ഹൂതികള്‍ തൊടുത്തുവിട്ട പത്ത് ഡ്രോണുകള്‍ സഊദിയുടെ സാമ്പത്തിക നട്ടെല്ലായ അരാംകോയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയായ അരാംകോക്ക് നേരെ മാസങ്ങളായി യമനിലെ ഹൂതികള്‍ ആക്രമണം അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. പലതിനെയും സഊദി പട്ടാളം ആകാശത്ത് വെച്ച്തന്നെ നിര്‍വീര്യമാക്കിയിരുന്നു.
എണ്ണ സംസ്‌കരണശാലയില്‍ ഉല്‍പാദനത്തിന്റെ അമ്പത് ശതമാനം സഊദി കുറച്ചിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനം അന്താരാഷ്ട്ര ക്രൂഡ് ഓയില്‍ വിപണിയില്‍ ദൃശ്യമാവുകയും ചെയ്തു. കഴിഞ്ഞ 28 വര്‍ഷത്തിനുള്ളില്‍ ഉയരാത്ത വിലയാണ് ബാരലിന് ഒരു ദിവസത്തെ ആക്രമണത്തിനാല്‍ ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയെ ഇത് ബാധിക്കുകയില്ലെന്ന് പറയുന്നുണ്ടെങ്കിലും അവസരം മുതലാക്കി ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ പെട്രോളിനും ഡീസലിനും ഗ്യാസിനും വില കൂട്ടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂതികള്‍ ഏറ്റെടുത്തുവെങ്കിലും ഇറാനാണ് ഇതിനുപിന്നിലെന്ന് അമേരിക്ക ആരോപിച്ചിരിക്കുകയാണ്. അമേരിക്കയും ഇറാനും പരസ്പരം പോരടിച്ച് നില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു പ്രതികരണമുണ്ടാവുക സ്വാഭാവികം. ഇറാന്‍ ഇത് നിഷേധിച്ചിട്ടുണ്ടെങ്കിലും അത്ര നിഷ്‌കളങ്കമല്ല സഊദിയോടുള്ള ഇറാന്റെ നിലപാട്. യമനിലെ ഹൂതികളെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചുകൊണ്ടിരിക്കുന്നത് ഇറാനാണ്. അമേരിക്ക പ്രകോപനം തുടരുകയാണെങ്കില്‍ തുറന്ന യുദ്ധത്തിന് തയ്യാറാണെന്ന് ഇറാന്‍ ഭരണകൂടം ഇന്നലെ പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഗള്‍ഫ് മേഖല മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
പ്രതിദിനം ഏഴ് മില്യന്‍ ബാരല്‍ എണ്ണയാണ് അരാംകോയില്‍നിന്നും സഊദി ഉല്‍പാദിപ്പിക്കുന്നത്. ലോകത്തിന് ആവശ്യമുള്ള പതിനെട്ട് ശതമാനവും ഇവിടെനിന്നായിരുന്നു ലഭിച്ചിരുന്നത്. 2006ലും അരാംകോക്ക് നേരെ ഭീകരാക്രമണം ഉണ്ടായിരുന്നു. അല്‍ഖാഇദ ചാവേര്‍ നടത്തിയ ഈ ആക്രമണം പരാജയപ്പെടുകയാണുണ്ടായത്. കഴിഞ്ഞ വര്‍ഷം ലോകത്തില്‍ ഏറ്റവുമധികം ലാഭം നേടിയ കമ്പനിയാണ് അരാംകോ.
അറബ് വസന്തത്തിന് പിന്നാലെയാണ് യമന്‍ സര്‍ക്കാരും യമനിലെ വിമത വിഭാഗക്കാരായ ഹൂതികളും തമ്മില്‍ ആഭ്യന്തരയുദ്ധം രൂക്ഷമായത്. യമന്‍ പ്രസിഡന്റ് അലി അബ്ദുല്ല സ്വാലിഹിനെതിരേ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭത്തെതുടര്‍ന്ന് അദ്ദേഹത്തിന് സ്ഥാനം ഒഴിയേണ്ടിവന്നു. തുടര്‍ന്ന് അധികാരത്തില്‍വന്ന അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുടെ ബലഹീനതകള്‍ ഉപയോഗപ്പെടുത്തി വിമതര്‍ ആക്രമണം ശക്തിപ്പെടുത്തി. യമനിലെ സുപ്രധാന മേഖലയായ സന ഉള്‍പ്പെടെയുള്ളവ പിടിച്ചെടുത്തു. തുടക്കത്തില്‍തന്നെ ഹൂതികളുടെ വിധ്വംസക പ്രവര്‍ത്തനങ്ങളെ അബ്ദുറബ്ബ് മന്‍സൂര്‍ അടിച്ചമര്‍ത്തിയിരുന്നുവെങ്കില്‍ ഗള്‍ഫില്‍ ഇന്ന് കാണുന്ന സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയില്ലായിരുന്നു.
ഒടുവില്‍ വിമത ആക്രമണങ്ങളില്‍ നിന്ന് രക്ഷയില്ലാതെ അബ്ദുറബ്ബ് മന്‍സൂര്‍ സഊദിയില്‍ അഭയംതേടുകയാണുണ്ടായത്. 2015 മാര്‍ച്ച് മുതല്‍ യമനില്‍ യു.കെ, യു.എസ്, ഫ്രാന്‍സ് പിന്തുണയുള്ള സഊദി നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ ഇടപെടല്‍ ആരംഭിച്ചു. ഹൂതികള്‍ക്കെതിരേ വ്യോമാക്രമണം തുടങ്ങി. ഇതോടെ ഹൂതികള്‍ സഊദി ഭരണകൂടത്തിനെതിരേ ഡ്രോണ്‍ ആക്രമണങ്ങളിലൂടെ തിരിച്ചടിച്ചു. ഇറാന്‍ പരോക്ഷമായി ഇവരെ സഹായക്കുന്നുണ്ടെന്നാണ് സഖ്യരാജ്യങ്ങള്‍ പറയുന്നത്. ഹൂതികള്‍ പിടിച്ചടക്കിയ ഏദന്‍ പ്രദേശം ഇതുവരെ തിരിച്ചുപിടിക്കാന്‍ സഖ്യസേനക്ക് കഴിഞ്ഞിട്ടുമില്ല. ഹൂതികളുടെ സൈനികബലം തിട്ടപ്പെടുത്തുന്നതിലും ആയുധബലത്തെക്കുറിച്ചുള്ള ധാരണക്കുറവുമാണ് അവരെ പരാജയപ്പെടുത്താന്‍ സഖ്യസേനക്ക് കഴിയാതെ പോയത്.
യു.എന്നിന്റെ നേതൃത്വത്തില്‍ ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ നിരവധി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതുവരെ യമനിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. ഒരു രാഷ്ട്രീയ തീരുമാനത്തിലൂടെ മാത്രമേ ഹൂതികളും സഊദിയും തമ്മിലുള്ള യുദ്ധങ്ങള്‍ക്ക് പര്യവസാനം ഉണ്ടാകൂ. അറബ് രാഷ്ട്രങ്ങളെ തമ്മിലടിപ്പിച്ച് ലാഭം കൊയ്യുന്ന അമേരിക്കയെപോലുള്ള സാമ്രാജ്യ ശക്തികള്‍ അതിന് കൂട്ടുനില്‍ക്കുമെന്ന് തോന്നുന്നില്ല. അറബ് രാഷ്ട്രങ്ങള്‍ പരസ്പരം പോരടിച്ച് നശിച്ചാല്‍ മാത്രമേ തങ്ങള്‍ സ്വപ്നം കാണുന്ന അജണ്ടകള്‍ പൂര്‍ത്തിയാകൂവെന്ന് അമേരിക്കയും ഇസ്‌റാഈലുമടക്കമുള്ള സാമ്രാജ്യശക്തികള്‍ കരുതുന്നു.
പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്ന പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ക്ക് അതൊട്ട് മനസ്സിലാകുന്നുമില്ല. സാമ്രാജ്യ ശക്തികളുടെ അതിരുവിട്ട മോഹങ്ങള്‍ പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളില്‍ നടപ്പില്‍വരുത്താന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് അവിടങ്ങളില്‍ ആഭ്യന്തര യുദ്ധമുണ്ടാകുന്നത്. ഒടുവില്‍ അവര്‍തന്നെ മധ്യസ്ഥരായി ചമയുകയും ചെയ്യുന്നു. സിറിയയില്‍ കണ്ടത് അതാണ്.
സമാധാന ശ്രമ നാട്യങ്ങളുമായി രംഗത്ത് വരുന്ന അമേരിക്ക തന്നെയാണ് അത്തരം സമാധാന ശ്രമങ്ങളെ അണിയറയില്‍നിന്ന് പൊളിക്കുന്നതും. അപ്പോള്‍ വീണ്ടും പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങള്‍ യുദ്ധത്തിലേക്ക് നീങ്ങുന്നു. സഊദിക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുന്ന അമേരിക്കയുടെ ആഗ്രഹമാണ് സഊദി നശിക്കുക എന്നത്. അതിന്റെ ഭാഗമായുണ്ടാകുന്ന യുദ്ധങ്ങളെ അവര്‍ പുറമെക്ക് വിമര്‍ശിക്കുമെങ്കിലും അകമേ സന്തോഷിക്കും. ഈ അജണ്ടയുടെ ഭാഗമാണ് കഴിഞ്ഞ ദിവസം അരാംകോക്ക് നേരെ നടന്ന ഹൂതികളുടെ ഡ്രോണ്‍ ആക്രമണവും ആക്രമണത്തെ അപലപിച്ച് അമേരിക്ക നടത്തിയ പ്രസ്താവനയും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.