2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

Editorial

ഉപതെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന മുന്നറിയിപ്പുകള്‍


മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭാംഗത്വം രാജിവച്ച ഒഴിവിലേക്ക് നടന്ന വേങ്ങര ഉപതെരഞ്ഞെടുപ്പു ഫലം ഇരു മുന്നണികള്‍ക്കും വ്യക്തമായ സൂചനകള്‍ നല്‍കുന്നതാണ്. രാജ്യത്ത് വളര്‍ന്നു വരുന്ന മോദി വിരുദ്ധ വികാരത്തിനു ഒപ്പം നില്‍ക്കുന്നില്ലെങ്കില്‍ ന്യൂനപക്ഷങ്ങള്‍ സി.പി.എമ്മില്‍ നിന്നകലുമെന്ന ധനമന്ത്രി തോമസ് ഐസക്കിന്റേയും സി.പി.എം സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും കേന്ദ്ര കമ്മിറ്റി അഭിപ്രായത്തിന്റെ പശ്ചാത്തലത്തില്‍ വിലയിരുത്തപ്പെടേണ്ടതാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിനെക്കാള്‍ ബി.ജെ.പി യെ ചെറുക്കാനാകുക സി.പി.എമ്മിനാണെന്ന പ്രചാരണം നടത്തിയായിരുന്നു സി.പി.എം നേതൃത്വം നല്‍കുന്ന ഇടത് പക്ഷ ജനാധിപത്യ മുന്നണി ഒന്നര വര്‍ഷം മുമ്പ് 2016ല്‍ അധികാരത്തില്‍ വന്നത്. എന്നാല്‍ അധികാരത്തില്‍ വന്നതിന് ശേഷം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കുന്നതായി പൊലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ പല നടപടികളും. പൊലിസിനെ കാവി വത്കരിക്കുകയാണെന്ന ധാരണ പൊതു സമൂഹത്തില്‍ ഉണ്ടാകാന്‍ സര്‍ക്കാറിന്റെ ഈ വിഷയത്തിലുള്ള ഉദാസീനത കാരണമാവുകയും ചെയ്തു.ഈ അവസരം മുതലെടുത്താണ് എസ്.ഡി.പി.ഐ പ്രചാരണം നടത്തിയതും 8648 വോട്ടുകള്‍ നേടിയതും.

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദ് രാജ്യത്തെ തന്നെ ഏറ്റവുംവലിയ ഭൂരിപക്ഷത്തോടെ മലപ്പുറം മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എസ്.ഡി.പി.ഐ അന്ന് നേടിയ ഒന്‍പതിനായിരത്തില്‍പരം വോട്ടുകളുടെ അടുത്തെത്താന്‍ കഴിഞ്ഞില്ല എന്നത് മണ്ഡലത്തിലെ മതേതര ജനാധിപത്യവിശ്വാസികളുടെ വിജയം തന്നെയാണ്. എന്നാല്‍ പോലും ഇവരെ വേണ്ടുംവിധം പ്രതിരോധിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞില്ല.

കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബി.ജെ.പി മുദ്രാവാക്യത്തോട് സാമ്യം നില്‍ക്കുന്ന കോണ്‍ഗ്രസ് മുക്ത കേരളമെന്ന സി.പി.എമ്മിന്റെ മുദ്രാവാക്യം മതേതര ജനാധിപത്യ വിശ്വാസികളെ ആശങ്കപ്പെടുത്തുന്നതായിരുന്നു. കോണ്‍ഗ്രസിന് ഉണ്ടാകുന്ന തകര്‍ച്ച ബി.ജെ.പി ക്കായിരിക്കും ഗുണം ചെയ്യുക എന്നത് ഏതൊരാള്‍ക്കും അറിയാവുന്ന വസ്തുതയാണ്. ഇത് സാധിപ്പിച്ചെടുക്കാനായിരുന്നു ബി.ജെ.പിയോടും ആര്‍.എസ്.എസിനോടും പൊലിസ് മൃദുസമീപനം സ്വീകരിച്ചു കൊണ്ടിരുന്നതെന്നും ഇതിന്റെ പ്രത്യുപകാരമായിട്ടാണ് ബി.ജെ.പിയില്‍ നിന്ന് സി.പി.എമ്മിലേക്ക് വോട്ട് ഒഴുക്ക് ഉണ്ടായത് എന്നും സംശയിക്കുന്നതില്‍ തെറ്റൊന്നുമില്ല. 2016ല്‍ ബി.ജെ.പിക്ക് കിട്ടിയ വോട്ടിനേക്കാളും ബി.ജെ.പിക്ക് വോട്ടു കുറഞ്ഞിട്ടുണ്ട്. ബി.ജെ.പി യുടെ ജന രക്ഷായാത്ര മണ്ഡലത്തെ ‘ഇളക്കിമറിച്ച്’ കടന്നു പോയിട്ടും അതിന്റെ ഗുണം ബി.ജെ.പി ക്ക് വോട്ടാക്കി മാറ്റാന്‍ കഴിയാതെ വന്നത് പിന്നെ എന്ത് കൊണ്ടാണ്? പാലക്കാട് സ്‌കൂളില്‍ ആര്‍.എസ്.എസ് മേധാവി ദേശീയ പതാകയെ അപമാനിക്കും വിധം ഉയര്‍ത്തിയപ്പോള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായില്ല. നടപടിയെടുത്ത ജില്ലാ കലക്ടറെ സ്ഥലം മാറ്റുകയും ചെയ്തു.
ജനരക്ഷായാത്രയിലൂടെ അമിത് ഷാക്ക് കടന്ന് പോകാന്‍ അതിശയിപ്പിക്കുന്ന സൗകര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്ത് കൊടുത്തത്.വര്‍ധിച്ച വോട്ടില്‍ നിന്ന് പോലും ബി.ജെ.പിക്ക് വോട്ട് കിട്ടിയില്ല എന്ന വസ്തുതയില്‍ നിന്ന് പിന്നെ എന്താണ് മനസ്സിലാക്കേണ്ടത്. ഭരണത്തിന്റെ വിലയിരുത്തലാവില്ല ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ഭരണം നല്ല നിലയിലായിരുന്നില്ല എന്നതിന്റെ കുറ്റസമ്മതമായിരുന്നു. യു.ഡി. എഫ് ഭരണകാലത്ത് ഉണ്ടായ അരുവിക്കര ഉപതെരഞ്ഞെടുപ്പ് ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് അന്നത്തെ സര്‍ക്കാര്‍ പറയുക യും യു.ഡി.എഫ് സ്ഥാനാര്‍ഥി ശബരിനാഥ് വിജയിക്കുകയും ചെയ്തു വേങ്ങര ഉപതെരഞ്ഞെടുപ്പ് ഫലം പ്രതിപക്ഷത്തിന്റേയും വിലയിരുത്തലാകുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞതും വിസ്മരിക്കാനാവില്ല. വേങ്ങരയില്‍ പി.കെ കുഞ്ഞാലിക്കുട്ടി 40,000ത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്. കെ.എന്‍.എ ഖാദറിനാകട്ടെ 23,310 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ കിട്ടിയുള്ളൂ.

കുഞ്ഞാലിക്കുട്ടി മണ്ഡലത്തിലെ തദ്ദേശവാസിയും വ്യക്തിപരമായി വോട്ടുകള്‍ നേടുവാന്‍ പ്രാപ്തിയുള്ള ആളാണെന്നതും അദ്ദേഹത്തിന്നു അനുകൂലമായ ഘടകങ്ങളാണെങ്കിലും മണ്ഡലത്തിലെ യു.ഡി.എഫ് സംവിധാനത്തിലെ കെട്ടുറപ്പില്ലായ്മ മറച്ച് വച്ചിട്ട് കാര്യമില്ല. യു.ഡി.എഫ് സംവിധാനത്തെ ശക്തിപ്പെടുത്തി മുന്നോട്ട് പോയാല്‍ മാത്രമേ യു.ഡി.എഫ് രാഷ്ട്രീയത്തിന്നു ഭാവിയുള്ളൂ. ഇടത്പക്ഷം അവര്‍ക്ക് പറ്റിയ വീഴ്ചകള്‍ മനസ്സിലാക്കി തെറ്റുതിരുത്തുകയും, സംഘടനാ സംവിധാനം ശക്തിപ്പെടുത്തുവാന്‍ യു.ഡി.എഫ് നേതാക്കള്‍ മുന്നിട്ടിറങ്ങുകയും ചെയ്യുമ്പോള്‍ മാത്രമേ ആരോഗ്യകരമായ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പ് മത്സരങ്ങളും ഉണ്ടാകൂ. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന മതേതര ജനാധിപത്യ വിശ്വാസികളും അതാണ് ആഗ്രഹിക്കുന്നത് അതാണ്. വേങ്ങര ഉപതെരഞ്ഞെടുപ്പ് നല്‍കുന്ന മുന്നറിയിപ്പുകളും.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.