2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

Editorial

ജനതക്ക് ദുരിതംവിതറാന്‍ മത്സരിക്കുന്ന സര്‍ക്കാരുകള്‍


 

രണ്ടാം മോദി സര്‍ക്കാരും സംസ്ഥാനം ഭരിക്കുന്ന ഇടത് മുന്നണി സര്‍ക്കാരും ജനങ്ങള്‍ക്ക് ദുരിതം വിതറാന്‍ മത്സരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചപ്പോള്‍ ഒട്ടും വൈകാതെ സംസ്ഥാന സര്‍ക്കാര്‍ വൈദ്യുതി നിരക്കും വര്‍ധിപ്പിച്ചു. രൂക്ഷമായ വിലക്കയറ്റം കാരണം സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിയിരിക്കുന്ന അവസരത്തിലാണ് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റ് പ്രഹരത്തിലൂടെ അവരുടെ കുടുംബ ബജറ്റ് തകര്‍ത്തുകളഞ്ഞത്. എണ്ണവില വര്‍ധിപ്പിച്ചുകൊണ്ടായിരുന്നു ഇത്.
ഇപ്പോഴിതാ സംസ്ഥാന സര്‍ക്കാരും സാധാരണക്കാരെ വൈദ്യുതികൊണ്ട് ഷോക്കടിപ്പിച്ചിരിക്കുന്നു. വോട്ട് നല്‍കി അധികാരത്തിലേറ്റി എന്ന ‘പാപം’ മാത്രമേ വോട്ടര്‍മാര്‍ ഇരുസര്‍ക്കാരുകളോടും ചെയ്തിട്ടുള്ളൂ. അതിനുള്ള കൊടിയ ശിക്ഷയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.
സാധാരണ ജനങ്ങള്‍ രണ്ടറ്റം മുട്ടിക്കാന്‍ പ്രയാസപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുവേളയിലാണ് മൃഗീയ ഭൂരിപക്ഷത്തോടെ ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നത്. ഈ പ്രാവശ്യം ജനോപകാരപ്രദമായ നടപടികള്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുണ്ടാകുമെന്ന് അവര്‍ ന്യായമായും പ്രതീക്ഷിച്ചു. നിര്‍മലാ സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത് വരെ. കോര്‍പ്പറേറ്റുകളെ പതിവുപോലെ സന്തോഷിപ്പിച്ച കേന്ദ്രബജറ്റ് സാധാരണക്കാരന്റെ കണ്ണീര് ഈപ്രാവശ്യവും കാണാതെപോയി.
ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം വര്‍ധിപ്പിക്കുമ്പോള്‍ കമ്പോളത്തില്‍ അതിന്റെ ആഘാതം വലുതാണ്. ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ ഇതരസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങേണ്ട കേരളത്തിന് ആ ഇനത്തില്‍വരുന്ന കടത്ത്കൂലി ഭീമമായിരിക്കും. അതിരൂക്ഷമായ വിലക്കയറ്റമായിരിക്കും അതിന്റെ അനന്തരഫലം. ഇത് വഹിക്കേണ്ടത് അഷ്ടിക്ക് വകയില്ലാത്ത സാധാരണക്കാരനും.
വീട്ടാവശ്യത്തിനുള്ള വൈദ്യുതി നിരക്കില്‍ 11.4 ശതമാനം വര്‍ധനവ് വരുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഷോക്കേല്‍പിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രഹരമേറ്റ് പുളഞ്ഞിരിക്കുന്ന അവസരത്തില്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.
മാസം 50 യൂണിറ്റിന് 2.90 രൂപ (യൂണിറ്റ് അടിസ്ഥാനത്തില്‍) ഉണ്ടായിരുന്നതാണ് ഒറ്റയടിക്ക് 3.15 രൂപയായി കുത്തനെ വര്‍ധിപ്പിച്ചത്. ഇന്ധന നിരക്ക് വര്‍ധനവില്‍ ശ്വാസംമുട്ടി നില്‍ക്കുന്ന ജനങ്ങള്‍ക്ക് അല്‍പമെങ്കിലും ആശ്വാസം പകരാന്‍ വര്‍ധനവ് മൂലം കിട്ടുന്ന അധിക നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തുനിഞ്ഞതുമില്ല. നികുതി വേണ്ടെന്ന് വയ്ക്കില്ലെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്ക് സുസ്‌മേരവദനനായി പറയുകയും ചെയ്തു. പിറകെ വൈദ്യുതി നിരക്ക് കൂട്ടി അവസാനത്തെ ആണിയും അടിച്ചു സര്‍ക്കാര്‍. ഇടത് മുന്നണി അധികാരത്തില്‍ വന്നതിന് ശേഷം ഇത് രണ്ടാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്.
മാസം 50 യൂണിറ്റ് ഉപയോഗിച്ചിരുന്ന ഉപയോക്താക്കള്‍ 18 രൂപയും 500 യൂണിറ്റ് ഉപയോഗിച്ചിരുന്നവര്‍ 250 രൂപയും ഇനി അധികമായി അടക്കണം. 2017ല്‍ അഞ്ച് ശതമാനമായിരുന്നു വര്‍ധനയെങ്കില്‍ ഇപ്പോഴത് 6.8 ശതമാനമായി കൂട്ടി. ഈ അമിത നിരക്ക് ഈടാക്കുന്നതിലൂടെ 900 കോടിയാണ് കെ.എസ്.ഇ.ബിക്ക് അധിക വരുമാനമായി ലഭിക്കുന്നത്. എന്നാല്‍ കോടികള്‍ നല്‍കാനുള്ള വമ്പന്മാരെ തൊടുന്നുമില്ല. വന്‍കിടക്കാരുടെ കുടിശ്ശിക പിരിച്ചെടുക്കാന്‍ വൈദ്യുതി ബോര്‍ഡ് അവരുടെ അലംഭാവം പതിവുപോലെ തുടരുകയും സാധാരണക്കാരന്റെമേല്‍ അമിതഭാരം കെട്ടിവയ്ക്കുകയും ചെയ്യുന്നു. ജനങ്ങള്‍ക്ക് ഏല്‍പിക്കാന്‍ അണിയറയില്‍ വേറെയും പ്രഹരങ്ങള്‍ക്ക് വട്ടംകൂട്ടുന്നുണ്ട് സര്‍ക്കാര്‍. പ്രളയ സെസ് അതില്‍പെടുന്നതാണ്.
ഓരോ വര്‍ഷം കഴിയുന്തോറും കെ.എസ്.ഇ.ബിക്ക് കിട്ടാനുള്ള കുടിശ്ശിക കോടികളായി ഉയരുകയാണ്. ഇപ്പോഴത് 1388.20 കോടിയിലെത്തിയിരിക്കുന്നു. വൈദ്യുതി മന്ത്രി എം.എം മണി നിയമസഭയില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞത് കുടിശ്ശിക പിരിച്ചെടുക്കുന്നതിന് സമയബന്ധിതമായ നടപടികള്‍ ആവിഷ്‌കരിച്ചിട്ടില്ല എന്നായിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍ കമ്പനികളും കുടിശ്ശിക തീര്‍ക്കുന്നതില്‍ വീഴ്ച വരുത്തിയവരാണ്. 937.48 കോടിയോളം വരും ഈ തുക.
ലാഭം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തന്നെയാണ് കുടിശ്ശിക തീര്‍ക്കുന്നതില്‍ വീഴ്ച വരുത്തിക്കൊണ്ടിരിക്കുന്നത്. കെ.എസ്.ഇ.ബി അത് പിരിച്ചെടുക്കുന്നതില്‍ അമാന്തം കാണിക്കുന്നതിന്റെ പിന്നിലെ രഹസ്യങ്ങളാണ് ചുരുളഴിയേണ്ടത്. വന്‍കിടക്കാരില്‍നിന്നും കിട്ടാനുള്ള കുടിശ്ശിക പിടിച്ചെടുക്കുമെന്നായിരുന്നു അധികാരത്തില്‍ വന്നയുടനെ ഇടത് മുന്നണി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.
അത് സംഭവിച്ചില്ലെന്ന് മാത്രമല്ല സാധാരണക്കാരന്റെമേല്‍ രണ്ട് തവണ നിരക്ക് വര്‍ധന അടിച്ചേല്‍പിക്കുകയും ചെയ്തു. കുടിശ്ശിക പിരിച്ചെടുക്കാന്‍ കെ.എസ്.ഇ.ബി ശുഷ്‌കാന്തി കാണിച്ചിരുന്നെങ്കില്‍ സാധാരണക്കാരന്‍ ഇത്രവലിയ ഭാരം ചുമക്കേണ്ടിവരില്ലായിരുന്നു.
ഏത് സര്‍ക്കാര്‍ വന്നാലും പാവങ്ങളെ സംബന്ധിച്ചിടത്തോളം അവന്റെ ദൈനംദിന ജീവിതം ക്ലേശഭരിതം തന്നെയായിരിക്കും എന്നാണ് ഇതില്‍നിന്നെല്ലാം മനസിലാകുന്നത്. ഇടതുപക്ഷം വരും എല്ലാം ശരിയാകുമെന്ന വാഗ്ദാനം വാക്കുകളില്‍ തീര്‍ത്ത ആത്മാര്‍ഥതയില്ലാത്ത വെറുമൊരു മുദ്രാവാക്യം മാത്രമായിരുന്നു എന്ന സത്യം ഇപ്പോള്‍ ജനം തിരിച്ചറിയുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങേണ്ടിവന്ന ഇടതുമുന്നണി അവശേഷിക്കുന്ന ഭരണകാലം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിശ്വസിച്ചത് വെറുതെയായി. ജനങ്ങളെ ദ്രോഹിക്കുന്ന ഒരു സര്‍ക്കാരിനെ എങ്ങനെയാണ് ജനങ്ങള്‍ അംഗീകരിക്കുക.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.