2020 April 05 Sunday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

Editorial

മന്ത്രിമാര്‍ക്ക് ഉല്ലാസയാത്ര ദരിദ്രര്‍ക്ക് മണ്ണുതീറ്റ


 

 

കേരളം കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ദുരിതപൂര്‍ണമായ അവസ്ഥ ഒരൊറ്റ ഫ്രെയിമില്‍ ദൃശ്യപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ ചില സംഭവങ്ങള്‍. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും കുടുംബങ്ങളും പരിവാരസമേതം വിദേശയാത്ര നടത്തുവാന്‍ പുറപ്പെട്ട ഭരണസിരാകേന്ദ്രത്തിന്റെ തൊട്ടപ്പുറത്ത് ഒരുകുടുംബം പട്ടിണി സഹിക്കാനാവാതെ മണ്ണ് തിന്നുകയായിരുന്നുവെന്നതും സര്‍ക്കാര്‍ ഉദ്യോഗസ്ഥ ലോബിയുടെ ബന്ദിയാണോ എന്നുള്ള ഹൈക്കോടതിയുടെ ചോദ്യവും അഴിമതിയിലൂടെ ഹെലികോപ്റ്റര്‍ വാങ്ങാന്‍ നടത്തുന്ന ശ്രമവും എല്ലാം ഈ ഫ്രെയിമില്‍ പ്രത്യക്ഷപ്പെട്ടതായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രത്യേകത.
സാമൂഹ്യ സുരക്ഷാ പദ്ധതികളുടെപേരില്‍ മേനിനടിക്കുന്ന സര്‍ക്കാരിന്റെ മൂക്കിന് ചുവട്ടിലാണ് ഒരുകുടുംബത്തിലെ പിഞ്ചുകുട്ടികള്‍ മണ്ണ് തിന്ന് വിശപ്പടക്കുന്ന വാര്‍ത്ത പുറത്തുവന്നത്. പട്ടിണിയില്ലാതായെന്നും ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍പോലും വിശപ്പില്ലാതെ കഴിയുന്നുണ്ടെന്നുമുള്ള സര്‍ക്കാരിന്റെ വീമ്പുപറച്ചിലിനേറ്റ പ്രഹരമായിരുന്നു സെക്രട്ടേറിയറ്റിന് കഷ്ടിച്ച് ഒരുകിലോമീറ്റര്‍ മാത്രം ദൂരത്തുള്ള ഉപ്പിടാംമൂട് പാലത്തിന് സമീപം റെയില്‍വേ പുറമ്പോക്ക് കോളനിയിലെ ഒരുകുടുംബത്തിന്റെ മണ്ണ് തീറ്റവാര്‍ത്ത. വിശപ്പടക്കാനായി ഒരമ്മയുടെ ആറ് പിഞ്ചുമക്കളില്‍ നാലുപേരും മണ്ണ് വാരിതിന്നുകയായിരുന്നു. ഭരണകൂട സിരാകേന്ദ്രത്തിന്റെ തൊട്ടരികെ ഒരുകുടുംബം ഇങ്ങിനെ പട്ടിണികിടക്കുന്നത് സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് വരുമ്പോള്‍ ഭരണകൂടങ്ങളും ജനപ്രതിനിധികളും അടിസ്ഥാനവര്‍ഗങ്ങളുടെ ജീവല്‍പ്രശ്‌നങ്ങളില്‍നിന്നും എത്രമാത്രം അകന്ന് പോയിരിക്കുന്നുവെന്ന സത്യമാണ് തെളിയുന്നത്.
എം.എല്‍.എ വി.എസ് ശിവകുമാറിന്റെ പരാമര്‍ശത്തില്‍പോലുമുണ്ട് ജനപ്രതിനിധികള്‍ സാധാരണക്കാരനില്‍നിന്ന് അകന്ന്‌പോയതിന്റെ ചിത്രം. എല്ലാ വീടുകളും കയറി ഇറങ്ങാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയില്ലെന്നാണ് ശ്രീദേവി എന്ന കുടുംബിനിയുടെ കരള്‍പിളര്‍ക്കും കഥ അറിഞ്ഞപ്പോള്‍ എം.എല്‍.എ വി.എസ് ശിവകുമാര്‍ പ്രതികരിച്ചത്. സ്വന്തം ഗ്രൂപ്പിലെ കുതികാല്‍ വെട്ടുകാരെയും എതിര്‍ഗ്രൂപ്പിലെ എതിരാളികളെയും ഒതുക്കേണ്ടതെങ്ങിനെ എന്നാലോചിച്ച് തലപുണ്ണാക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് പട്ടിണികിടക്കുന്ന സാധാരണക്കാരന്റെ വിശപ്പിന്റെവിളി കേട്ടുകൊള്ളണമെന്നില്ല.
സാമൂഹ്യ സുരക്ഷാപദ്ധതികളുടെ നേട്ടങ്ങളെക്കുറിച്ച് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അവകാശവാദങ്ങളൊക്കെയും പൊള്ളയാണ്. വൈകിവന്ന ഒരുഫോണ്‍വിളിയില്‍ ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ അറിഞ്ഞിരുന്നില്ലെങ്കില്‍ ഒരുവേള ഈ കുടുംബിനിയുടെ ദുരന്തകഥ പുറംലോകം അറിയാതെ പോകുമായിരുന്നു. സാമൂഹ്യ സുരക്ഷാപദ്ധതികളുടെ ഗുണഫലങ്ങളൊന്നും അതര്‍ഹിക്കുന്നവര്‍ക്ക് കിട്ടുന്നില്ല എന്നതിന് ഇതിനപ്പുറം ഒരുതെളിവ് ആവശ്യമില്ല. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇതേപോലെ ഒരുതുള്ളി കഞ്ഞിവെള്ളംപോലും കിട്ടാതെ യാതനാനിര്‍ഭരമായ ജീവിതം അനുഭവിച്ച് തീര്‍ക്കുന്നവരുണ്ടാകാം. കീറിപ്പറിഞ്ഞ ഫ്‌ളക്‌സ് ഷീറ്റുകള്‍കൊണ്ട് മറച്ച പുറമ്പോക്കില്‍ ഒരു കുടുംബം സെക്രട്ടേറിയറ്റിന് വിളിപ്പാടകലെ കഴിഞ്ഞ്കൂടിയിട്ടും അവരെക്കുറിച്ചറിയാത്ത ഭരണകൂട പ്രതിനിധികളാണിപ്പോള്‍ പാവങ്ങള്‍ക്ക് രക്ഷതേടി വിദേശത്തേക്ക് പറന്നിരിക്കുന്നത്.
ശ്രീദേവിയുടെ കുടുംബത്തിന് വൈദ്യുതിയില്ല. റേഷന്‍കാര്‍ഡില്ല. ആധാര്‍ കാര്‍ഡില്ല. ഇതൊന്നും അന്വേഷിക്കുവാന്‍ ഭരണകൂടത്തില്‍ ആരും ഉണ്ടായതുമില്ല. സാമൂഹ്യ സുരക്ഷാപദ്ധതിയുടെ കീഴിലുള്ള വിശപ്പ് രഹിതനഗരമെന്ന പദ്ധതിയില്‍ എന്തേ വിശന്ന് വലഞ്ഞ ഈ ആറുകുട്ടികളും ഒരമ്മയും പെട്ടില്ല. ഇത്തരം ആളുകള്‍ക്ക് ഒരുനേരത്തെ സൗജന്യ ഭക്ഷണം നല്‍കുന്ന പദ്ധതി തിരുവനന്തപുരം നഗരത്തില്‍ ഉണ്ടായിട്ടാണല്ലൊ ഈ കുടുംബം മണ്ണ് തിന്ന് കഴിയേണ്ടിവന്നത്.
മന്ത്രിമാര്‍ക്ക് താല്‍പര്യം വിദേശപര്യടനം നടത്തുന്നതിലാണെന്ന ഹൈക്കോടതിയുടെ പരാമര്‍ശം എത്രയാഥാര്‍ഥ്യം. ജനങ്ങള്‍ക്ക് എന്ത് ക്ഷേമ ഐശ്വര്യങ്ങള്‍ നല്‍കാനാണ് മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും അവരുടെ കുടുംബങ്ങളും ജപ്പാനിലും ദക്ഷിണ കൊറിയയിലും സന്ദര്‍ശനം നടത്തുന്നത്. ഓരോ ജനതക്കും അവരര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടുമെന്ന പ്രശസ്ത ആംഗ്ലോ-ഐറിഷ് ചിന്തകനും നാടകകൃത്തുമായ ബര്‍ണാഡ്ഷായുടെ ഉദ്ധരണി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആവര്‍ത്തിച്ചുവെങ്കില്‍ അതിനപ്പുറം ഒരു സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഈ സര്‍ക്കാരിന് കിട്ടാനില്ല. പ്രളയാനന്തരം ജനങ്ങളോട് മുണ്ട് മുറുക്കിയുടുക്കാന്‍ പറഞ്ഞാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും വിമാനം കയറിയിരിക്കുന്നത്. 2016 മുതല്‍ 13 വിദേശയാത്രകളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നടത്തിയത്. ഒട്ടുമിക്ക യാത്രകളിലും അഴിമതിയാരോപണ വിധേയനും സര്‍ക്കാരിനോട് അനുമതിവാങ്ങാതെ മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് ഇംഗ്ലീഷ് പത്രത്തില്‍ ലേഖനമെഴുതിയ ചീഫ് സെക്രട്ടറി ടോംജോസും ഉണ്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥലോബിയുടെ ബന്ധികളാണെന്ന ഹൈക്കോടതി പരാമര്‍ശം എങ്ങിനെ തള്ളിക്കളയാനാകും.
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ ട്രഷറി ഞെരുങ്ങുമ്പോഴാണ് കോടികള്‍ ദുര്‍വ്യയം ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തിയിരിക്കുന്നത്. ഇതിനൊക്കെ പുറമെയാണ് മാവോയിസ്റ്റുകളെ പിടിക്കാനെന്ന വ്യാജേന കോടികള്‍ മുടക്കി ഹെലികോപ്റ്റര്‍ വാടകക്ക് എടുക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. മാവോയിസ്റ്റ് ഭീഷണി പുറമേക്ക് പറഞ്ഞ് മന്ത്രിമാര്‍ക്കും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ആകാശയാത്ര നടത്താനാണ് അഴിമതി ഇടപാടിലൂടെ ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നത്. മാവോയിസ്റ്റാക്രമണം ഏറ്റവും രൂക്ഷമായി നടക്കുന്ന ചത്തീസ്ഗഡില്‍ കേരളം വാടകക്കെടുക്കുന്നതിന്റെ പകുതി തുക കൊടുത്താണ് ഹൈദരാബാദിലെ വിങ് ഏവിയേഷനില്‍നിന്നും ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. 25 മണിക്കൂറിന് 85 ലക്ഷം രൂപ വാടകയാണ് വിങ് ഏവിയേഷന്‍ വാങ്ങിയതെങ്കില്‍ അവരെ ഒഴിവാക്കി 20 മണിക്കൂറിന് ഒരുകോടി ഒരുലക്ഷം രൂപക്കാണ് പുറമെനിന്നുള്ള കമ്പനിക്ക് കേരളം കരാര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. മുഖ്യമന്ത്രിയും പരിവാരങ്ങളും നടത്തിയ വിദേശയാത്രയെക്കുറിച്ചും അതിലുണ്ടായ നേട്ടങ്ങളെക്കുറിച്ചും വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയപ്പോഴും നിയമസഭയില്‍ ചോദ്യം ഉന്നയിച്ചപ്പോഴും സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കാത്തതില്‍നിന്നുതന്നെ വ്യക്തമല്ലേ എല്ലാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.