2020 August 10 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

Editorial

വിദ്യാഭ്യാസ മേഖലയിലെ അപചയത്തിന് ഉത്തരവാദി ആര്?


 

ബത്തേരി സര്‍ക്കാര്‍ സര്‍വജന ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ഷഹ്‌ല ഷെറിന്റെ മരണം കേരളീയ മനഃസാക്ഷിയില്‍ ഇപ്പോഴും നൊമ്പരമായിത്തന്നെ തുടരുകയാണ്. ക്ലാസില്‍ പാമ്പുകടിയേറ്റ് തക്ക സമയത്ത് ചികിത്സ കിട്ടാതെ മരിച്ച കൊച്ചു ബാലികയുടെ ചിരിക്കുന്ന മുഖം ഇപ്പോഴും മനസിന്റെ ഭിത്തിയില്‍നിന്ന് മാഞ്ഞുപോയിട്ടില്ല. ജില്ലാ ജഡ്ജി എ. ഹാരിസ്, സിറ്റി ജഡ്ജി ബൈജുനാഥ്, ജില്ലാ ലീഗല്‍ അതോറിറ്റി ചെയര്‍പേഴ്‌സനും സബ് ജഡ്ജിയുമായ കെ.പി സുനിത എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു നടത്തിയ പരിശോധനയില്‍ സ്‌കൂളില്‍ ഗുരുതര വീഴ്ച കണ്ടെത്തുകയും ചെയ്തു. സര്‍വജനയിലെ വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കെതിരേ രൂക്ഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നഗരത്തില്‍ പ്രകടനം നടത്തി. പ്രതിഷേധം കനത്തതോടെ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിനെയും സ്‌കൂള്‍ ഹെഡ്മാസ്റ്ററെയും മറ്റൊരു അധ്യാപകനെയും വിദ്യാഭ്യാസവകുപ്പ് സസ്‌പെന്‍ഡ് ചെയ്തു. പി.ടി.എ പിരിച്ചുവിട്ടു. അധ്യാപകര്‍ക്കും പരിശോധനയില്‍ വീഴ്ച്ച വരുത്തിയ ഡോക്ടര്‍ക്കുമെതിരേ പൊലിസ് കേസെടുക്കുകയും ചെയ്തു. അറസ്റ്റില്‍നിന്ന് ഒഴിവാകാന്‍ കേസില്‍പെട്ട അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപ്പിച്ചിരിക്കുകയാണിപ്പോള്‍.
അലംഭാവത്തിന്റെ ഉത്തരവാദികള്‍ എന്ന നിലയില്‍ അധ്യാപകര്‍ക്കെതിരേ കേസെടുത്തിട്ടുണ്ടെങ്കിലും സംഗതികളെ ഇത്തരമൊരു പശ്ചാത്തലത്തില്‍ എത്തിച്ചതിന്റെ കാരണക്കാര്‍ അധ്യാപകര്‍ മാത്രമാണോ? പല സ്‌കൂളുകളിലും അടിസ്ഥാന സൗകര്യങ്ങളില്ല. ക്ലാസ് മുറികളില്‍ പൊത്തുകളും മാളങ്ങളും മാലിന്യക്കൂമ്പാരങ്ങളും ഏറെയുണ്ട്. സര്‍വജന സംഭവത്തിനുശേഷം യുദ്ധകാല അടിസ്ഥാനത്തിലെന്നപോലെയാണ് പല വിദ്യാലയങ്ങളിലും കാടുകള്‍ വെട്ടിത്തെളിയിക്കാനും ക്ലാസ് മുറികള്‍ വൃത്തിയാക്കാനും തുടങ്ങിയത്. അധ്യാപകരാണ് സ്‌കൂളിലെ കുട്ടികളുടെ രക്ഷിതാക്കള്‍ എന്ന പൊതുസമൂഹത്തിന്റെ വിശ്വാസം ദൃഢമാണ്. അതുകൊണ്ടാണ് എന്തെങ്കിലും പാകപ്പിഴവുകള്‍ സ്‌കൂളുകളില്‍ ഉണ്ടാവുമ്പോള്‍ അധ്യാപകര്‍ക്കുനേരെ രക്ഷിതാക്കള്‍ തിരിയുന്നത്. പല സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നത് അപകടകരമായ അവസ്ഥയിലാണ്. ഓരോ വിദ്യാഭ്യാസവര്‍ഷവും ആരംഭിക്കുന്നതിനു മുമ്പ് അറ്റകുറ്റപ്പണികള്‍ തീര്‍ത്തുകൊള്ളണമെന്നാണ് നിയമം. എന്നാല്‍ ചില സ്‌കൂളുകള്‍ ഇതു പാലിക്കാറില്ല. ഇത്തരം സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവരും സ്‌കൂളുകളിലെ അപകടങ്ങള്‍ക്കും തകര്‍ച്ചകള്‍ക്കും ഉത്തരവാദികളാണ്.
ഓരോ ഹൈസ്‌കൂളുകളിലും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും എഫ്.ടി.എം എന്നൊരു വകുപ്പുണ്ട്. ഫുള്‍ടൈം മീനിയല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ തസ്തിക കൊണ്ട് ഉദ്ദേശിക്കുന്നത് മുഴുവന്‍സമയ ശുചിത്വ പ്രവര്‍ത്തനം എന്നാണ്. ഓരോ സ്‌കൂളുകളിലും അഞ്ചും ആറും പേര്‍ ഇത്തരത്തില്‍ ജോലിചെയ്യുന്നവരായി ഉണ്ട്. ഇവര്‍ യഥാക്രമം അവരുടെ ജോലി ചെയ്തിരുന്നെങ്കില്‍ ബത്തേരിയിലേ സര്‍വജന ഗവ. ഹൈസ്‌കൂളില്‍ ഉണ്ടായതു പോലെയുള്ള ദുരന്തങ്ങള്‍ ഉണ്ടാവുമായിരുന്നില്ല. പാമ്പുകള്‍ക്ക് മാളമൊരുക്കാന്‍ ക്ലാസ് മുറികള്‍ സജ്ജമാകുന്നുണ്ടെങ്കില്‍ ഇരുപതിനായിരവും അതിനു മുകളിലും ശമ്പളം പറ്റുന്ന ശുചിത്വ ജീവനക്കാരാണ് അതിന്റെ ഉത്തരവാദികള്‍. പല ക്ലാസ് മുറികളിലും പക്ഷികളുടെയും മൃഗങ്ങളുടെയും മാലിന്യങ്ങള്‍ വൃത്തിയാക്കുന്നതും തൂത്തുവാരുന്നതും വിദ്യാര്‍ഥികളാണ്. ചിതലുകളും മാറാലകളും തട്ടി വൃത്തിയാക്കുന്നതും അവര്‍ തന്നെ.
ഫുള്‍ടൈം മീനിയല്‍ ജീവനക്കാരില്‍ പലരും സ്റ്റാഫ് റൂമുകളില്‍ ചടഞ്ഞിരിക്കുകയല്ലേ പതിവ്. ഇവരെകൊണ്ട് യഥാസമയം ജോലി ചെയ്യിപ്പിക്കാന്‍ ഹെഡ്മാസ്റ്റര്‍മാരും ഉത്സാഹിക്കാറില്ല. മാനേജ്‌മെന്റ് ഹൈസ്‌കൂളുകളില്‍ ഇതിനു കാരണവും ഉണ്ട്. പല സ്വകാര്യ മാനേജ്‌മെന്റ് ഹൈസ്‌കൂളുകളിലും മാനേജറുടെ ഭാര്യയുടെയോ മക്കളുടെയോ പേരിലായിരിക്കും ശുചിത്വ തസ്തിക. എന്നാല്‍ അവരാരും സ്‌കൂളിലേക്കു വരികയോ വൃത്തിയാക്കുകയോ ചെയ്യില്ല. രണ്ടോ മൂന്നോ മാസം കഴിയുമ്പോള്‍ ഏതെങ്കിലും തൊഴിലാളിയെ വിളിപ്പിച്ച് മാനേജര്‍മാര്‍ സ്‌കൂളുകളില്‍ തട്ടിക്കൂട്ടല്‍ വൃത്തിയാക്കല്‍ നടത്തും. ശുചിത്വ ജീവനക്കാരുടെ ശമ്പളം അവരുടെ വീടുകളിലേക്ക് എത്തിക്കുകയും ചെയ്യും. സ്‌കൂളുകളിലെ എഫ്.ടി.എം ജീവനക്കാര്‍ ആത്മാര്‍ഥതയോടെ ജോലി ചെയ്തിരുന്നുവെങ്കില്‍ സര്‍വജന ഹൈസ്‌കൂളില്‍ ഷഹ്‌ല ഷെറിന്‍ പൊത്തില്‍നിന്ന് പാമ്പുകടിയേറ്റ് മരിക്കില്ലായിരുന്നു. സ്‌കൂള്‍ മുറ്റത്ത് മണ്‍പുറ്റുകളും പാഴ്‌ചെടികളും വളരുകയും ഇല്ലായിരുന്നു.
പണ്ടുകാലത്തെ അധ്യാപകരുമായി ഇപ്പോഴത്തെ അധ്യാപകരെ താരതമ്യം ചെയ്യുന്നത് ശരിയാണെന്നു തോന്നുന്നില്ല. പൊതു സമൂഹത്തിനു മുന്‍പില്‍ സ്‌കൂള്‍ എന്നാല്‍ അധ്യാപകരാണെന്ന യാഥാര്‍ഥ്യം മറക്കുന്നുമില്ല. അതുകൊണ്ടാണ് സര്‍വജന ഹൈസ്‌കൂളിലുണ്ടായ ദുരന്തത്തിന്റെ പേരില്‍ സ്‌കൂളിലെ മുഴുവന്‍ അധ്യാപകര്‍ക്കു നേരെയും പൊതുസമൂഹം പ്രതിഷേധിച്ചത്. അധ്യാപകര്‍ യഥാസമയം വേണ്ടത് ചെയ്തില്ല എന്നത് അവരുടെ വീഴ്ച്ച തന്നെയാണെന്ന് സമ്മതിക്കുന്നതോടൊപ്പം അധ്യാപകര്‍ക്ക് അധ്യാപനത്തിനു പുറമെ വേറേയും ധാരാളം ജോലികളും ഉണ്ടെന്ന് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കണം.
പണ്ട് അവര്‍ക്ക് അധ്യാപനം മാത്രമായിരുന്നു തൊഴില്‍. അതിനാല്‍ കുട്ടികളെ കാര്യമായി ശ്രദ്ധിക്കാനും കഴിഞ്ഞിരുന്നു. വിദ്യാഭ്യാസത്തിന്റെ മേഖലകള്‍ പലവിധ കൈവഴികളായി പിരിഞ്ഞതോടെ അതൊരു വിപുലമായ മേഖലയായി മാറി. അതോടൊപ്പം അധ്യാപകരുടെ ജോലിഭാരവും കൂടി. പഠന സംബന്ധമായും കരിക്കുലത്തിന്റെ പുറത്തുള്ളതുമായ കാര്യങ്ങളുടെയും എല്ലാവിധ റെക്കോര്‍ഡുകളും തയാറാക്കേണ്ട ചുമതല അധ്യാപകര്‍ക്കായി. ഇത്തരം റെക്കോര്‍ഡുകള്‍ തയാറാക്കാന്‍ മാസങ്ങള്‍ തന്നെ പിടിക്കും. സ്‌കൂളുകളിലെ ഉച്ചഭക്ഷണം തയാറാക്കലും ഭക്ഷ്യ വസ്തുക്കളുടെ സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിക്കലും അധ്യാപകരുടെ ചുമതലയാണ്. ഭക്ഷണത്തില്‍ പാറ്റയോ ഗൗളിയോ വീഴുന്നതും ശ്രദ്ധിക്കണം. സ്‌പോര്‍ട്‌സ്, യുവജനോത്സവം, ശാസ്ത്രമേള എന്നിവ സബ്ജില്ല , ജില്ലാ, സംസ്ഥാന തലങ്ങളില്‍ നടത്തേണ്ട ചുമതലയും അധ്യാപകര്‍ക്കാണ്. എസ്.എസ്.എല്‍.എസി പരീക്ഷയോടനുബന്ധിച്ചുള്ള സ്‌പെഷല്‍ ക്ലാസുകളും ജയഭേരിയും രാത്രി ക്യാംപുകളും നടത്തേണ്ട ബാധ്യതയും അധ്യാപകര്‍ക്കു തന്നെ.
അതിനുപുറമെ സ്വയം നവീകരിക്കുന്നതിനുള്ള ക്ലാസുകളിലും ഹാജരാവണം. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ അതിന്റെ ഡ്യൂട്ടിയും സെന്‍സസ് എടുക്കേണ്ടി വരുമ്പേള്‍ അതിന്റെ ഭാരവും അധ്യാപകര്‍ക്കാണ്. ചുരുക്കത്തില്‍ അധ്യാപകര്‍ക്ക് അധ്യാപനത്തിനു പുറമെ വേറെയും ജോലികള്‍ ഉണ്ടെന്നു സാരം. എന്നാല്‍ സമൂഹം അവരെ കാണുന്നത് അവരുടെ കുട്ടികളെ പ്രകാശപൂര്‍ണമായ വീഥികളിലൂടെ വഴി നടത്തുന്ന വിളക്കു മരങ്ങളായിട്ടാണ്. അതു സഫലമാക്കാന്‍ പല അധ്യാപകര്‍ക്കും കഴിയാതെ പോവുകയും ചെയ്യുന്നുണ്ടെങ്കില്‍ അധ്യാപനത്തിനു പുറമെയുള്ള അവരുടെ ജോലിഭാരവും അതിന് കാരണമാണ്. ഇത്തരമൊരു അവസ്ഥയില്‍ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഒരു പൊളിച്ചെഴുത്തിനു സര്‍ക്കാര്‍ തയാറാകേണ്ടിയിരിക്കുന്നു. ഷഹ്‌ല ഷെറിന്റെ മരണം ഇത്തരം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സര്‍ക്കാരിനൊരു നിമിത്തമാവട്ടെ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.