2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

മോദിക്ക് പണി കിട്ടുമോ? മിഷന്‍ ശക്തി പ്രസംഗം പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മിഷന്‍ ശക്തി’ പ്രസംഗത്തെച്ചൊല്ലി വിവാദം തുടരുന്നതിനിടെ, തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിക്കൊരുങ്ങുന്നു. പ്രസംഗം തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട ലംഘനമാണോയെന്ന കാര്യത്തില്‍ കമ്മിഷന്‍ ‘ആഭ്യന്തര ഉപദേശം’ തേടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രസംഗത്തിന്റെ പകര്‍പ്പ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരില്‍ നിന്ന് ഉടന്‍ ആവശ്യപ്പെടുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഈ പ്രസംഗം നടത്തേണ്ടതിന്റെ അത്യാവശ്യം എന്തായിരുന്നു എന്നതിനെപ്പറ്റിയും അന്വേഷണം നടക്കും.

ബുധനാഴ്ച 11.16 ന് നടത്തിയ മിസൈല്‍ പരീക്ഷണത്തെപ്പറ്റി ഒരു മണിക്കൂര്‍ പിന്നിടുന്നതിനു മുന്‍പ് രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചത് രാഷ്ട്രീയ നേട്ടത്തിനാണെന്ന ആക്ഷേപം ശക്തമായതിനിടെയാണ് കമ്മിഷന്‍ ഇടപെടുന്നത്. പദ്ധതി യു.പി.എ കാലത്തു തന്നെ വിജയിച്ചതാണെന്നും ഇന്ന് ഇതൊരു വിജയമായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന ചോദ്യവും ഉയരുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ബാക്കിനില്‍ക്കേയാണ് മോദി മാധ്യമങ്ങളെ അറിയിച്ചു കൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇതിനു മുന്‍പ് 2016 നവംബര്‍ എട്ടിന് നോട്ട് നിരോധനം പ്രഖ്യാപിക്കാന്‍ വേണ്ടി മാത്രമാണ് മോദി ഇങ്ങനെയൊരു അഭിസംബോധന നടത്തിയത്.

എന്നാല്‍ ദേശീയ സുരക്ഷയും ദുരന്ത നിവാരണവും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ വരില്ലെന്നാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്തായാലും മോദിയുടെ പ്രസംഗത്തിനെതിരെ കടുത്ത വികാരം ഇളക്കിവിടാന്‍ പ്രതിപക്ഷത്തിനായിട്ടുണ്ട്. മിസൈല്‍ പരീക്ഷണം വിജയിച്ച ഡി.ആര്‍.ഡി.ഒയെ അഭിനന്ദിക്കുന്നുവെന്നും മോദിക്ക് ലോക തിയറ്റര്‍ ദിനം ആശംസിക്കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News