2020 May 27 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍: പരസ്യ പ്രചാരണം നാളെ അവസാനിപ്പിക്കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ റാലിക്കു പിന്നാലെ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ട പശ്ചിമബംഗാളില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മിഷന്‍. സംസ്ഥാനത്തെ പരസ്യപ്രചാരണം നാളെ രാത്രി 10 മണിയോടെ നിര്‍ത്തിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ അമിത്ഷായുടെ റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മിഷന്റെ അസാധാരണ നടപടി.
അതോടൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വിശ്വസ്ഥരായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ചുമതലകളില്‍ നിന്ന് മാറ്റി. കൊല്‍ക്കത്ത മുന്‍ പോലിസ് മേധാവിയും ഇപ്പോള്‍ സി.ഐ.ഡി എ.ഡി.ജി.പിയുമായ രാജീവ് കുമാര്‍, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി അദ്‌റി ഭട്ടാചാര്യ എന്നിവരെ തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് കമ്മിഷന്‍ നീക്കംചെയ്തു. രാജീവ് കുമാറിനോട് ഉടന്‍ ബംഗാള്‍ വിടാനും ഇന്ന് 10 മണിയോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും കമ്മിഷന്‍ ആവശ്യപ്പെട്ടു. ഭട്ടാചാര്യയുടെ ചുമതല ചീഫ് സെക്രട്ടറിക്ക് നല്‍കി.
അമിത്ഷായുടെ റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങള്‍ സംബന്ധിച്ച് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയതിന് പിന്നാലെയാണ് കമ്മിഷന്റെ നടപടി. ഭരണഘടനയിലെ പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 324 പ്രകാരമാണ് പ്രചാരണം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം. രാജ്യത്ത് ആദ്യമായാണ് കമ്മിഷന്‍ ഈ അധികാരം പ്രയോഗിക്കുന്നത്. ബംഗാളിലെ 9 സീറ്റുകളിലേക്കുള്ള തെരഞ്ഞെപ്പ് ഞായറാഴ്ചയാണ് നടക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണി വരെ പരസ്യപ്രചാരണം നടക്കേണ്ടതായിരുന്നു. ഇതില്‍നിന്ന് ഒരു ദിവസമാണ് വെട്ടിക്കുറച്ചത്. നാളെ 10 മണി വരെ സമയം നല്‍കിയത് ബംഗാളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന് തെരഞ്ഞെടുപ്പ് റാലികള്‍ പൂര്‍ത്തിയാക്കാന്‍ അവസരം നല്‍കാനാണെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
അമിത്ഷായുടെ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ ബംഗാള്‍ നവോദ്ധാന നായകന്‍ വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തിരുന്നു. വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തത് കടുത്ത വിഷമം ഉണ്ടാക്കുന്നതാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. അന്വേഷണം നടത്തി അക്രമികളെ നിയമത്തിനു മുന്നില്‍ക്കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്മിഷന്‍ പറഞ്ഞു. ഡംഡം, ബറാസാത്ത്, ബസീര്‍ഹട്ട്, ജയ്‌നഗര്‍, മധുരാപൂര്‍, ജാദവ്പൂര്‍, ഡയമണ്ഡ് ഹാര്‍ബര്‍, സൗത്ത് കൊല്‍ക്കത്ത, നോര്‍ത്ത് കൊല്‍ക്കത്ത എന്നീ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് ബാക്കിയുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളാണിതെല്ലാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.