2020 January 21 Tuesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഇന്ത്യയില്‍ ആപ്പിള്‍ റീട്ടെയില്‍ ഷോറൂം വൈകാതെ തുറക്കും; നേരിട്ടുള്ള ഓണ്‍ലൈന്‍ വില്‍പ്പനയും തുടങ്ങും

 

ആപ്പിളിന്റെ ഉല്‍പ്പനങ്ങള്‍ വൈകാതെ ഇന്ത്യന്‍ വിപണിയില്‍ സജീവമാകും. ആദ്യ ഷോറൂം തുറക്കാനുള്ള ആകാംക്ഷയിലാണ് തങ്ങളെന്ന് ആപ്പിള്‍ മേധാവി ടിം കുക്ക് പറഞ്ഞു. സിംഗിള്‍ ബ്രാന്റ് റീട്ടെയിലില്‍ ലോക്കല്‍ സോഴ്‌സിങ് ലളിതമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെയാണ് നടപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയാണ് ടിം കുക്കിന്റെ ട്വീറ്റ്. ‘ഇതു സാധ്യമാക്കാന്‍ കഠിനപ്രയത്‌നം ചെയ്ത പ്രധാനമന്ത്രി മോദിയെയും അദ്ദേഹത്തിന്റെ ടീമിനെയും ഞങ്ങള്‍ അഭിനന്ദിക്കുന്നു’വെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ആദ്യ റീട്ടെയില്‍ ഷോറൂം തുറക്കുന്നതിന് കുറച്ച് സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, ഇന്ത്യയില്‍ നേരിട്ടുള്ള ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കും ആപ്പില്‍ തയ്യാറായിക്കഴിഞ്ഞു. വിവിധ മേഖലകളിലെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഇളവുചെയ്യാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചതോടെയാണ് ഇതിനു വഴി തെളിഞ്ഞത്. ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട്, പേടിഎം മാള്‍ എന്നിവയുമായുള്ള ഓണ്‍ലൈന്‍ വില്‍പ്പന പങ്കാളിത്തമാണ് ഇപ്പോള്‍ ആപ്പിളിന് ഇന്ത്യയിലുള്ളത്.

ഉല്‍പാദന മേഖലയിലും ഏക ബ്രാന്‍ഡ് ചില്ലറ വ്യാപാര മേഖലയിലും കല്‍ക്കരി ഖനനമേഖലയിലും ഡിജിറ്റല്‍ മാധ്യമരംഗത്തുമാണ് സര്‍ക്കാര്‍ ഇളവുകള്‍ വരുത്തിയത്. വിദേശ സിംഗിള്‍ ബ്രാന്‍ഡ് കമ്പനികള്‍ക്ക് വെബ് സ്റ്റോറുകള്‍ വഴി നേരിട്ടുള്ള വില്‍പ്പനയ്ക്ക് അനുമതി നല്‍കാനും ഇതിന്റെ ഭാഗമായി തീരുമാനമെടുത്തു.

ഇന്ത്യന്‍ വിപണിക്കായുള്ള തങ്ങളുടെ പ്രത്യേക വെബ് സ്റ്റോര്‍ അടുത്ത 35 മാസങ്ങളില്‍ വരാന്‍ സാധ്യതയുണ്ടെന്ന് ആപ്പിളിന്റെ സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു. 12-18മാസത്തിനുള്ളില്‍ മുംബൈയില്‍ വിപുലമായ ആപ്പിള്‍ സ്റ്റോര്‍ സ്ഥാപിക്കാനും യു.എസ് കമ്പനിക്ക് പദ്ധതിയുണ്ട്.

ലളിതവല്‍ക്കരണം ഇങ്ങനെ

ഏക ബ്രാന്‍ഡ് ചില്ലറവില്‍പ്പനരംഗത്ത് വിദേശനിക്ഷേപം നടത്തണമെങ്കില്‍ 30 ശതമാനം രാജ്യത്തിനകത്തുനിന്ന് സംഭരിക്കണമെന്ന ചട്ടം ലളിതമാക്കിയത് ആപ്പിള്‍ പോലുള്ള കമ്പനികള്‍ക്കു ഗുണകരമാകും. 30 ശതമാനത്തിന്റെ നിര്‍വചനത്തില്‍ ഇനി ഇന്ത്യയില്‍ വില്‍ക്കുന്നതും കയറ്റി അയക്കുന്നതും ഉള്‍പ്പെടും. ഒരുകൊല്ലത്തില്‍ 30 ശതമാനം സംഭരിക്കണം എന്നതായിരുന്നു മുന്‍ വ്യവസ്ഥ. അതിനുപകരം ആദ്യത്തെ അഞ്ചു കൊല്ലത്തിനിടയില്‍ 30 ശതമാനം സംഭരിച്ചാല്‍ മതിയാകും ഇനി.

വിദേശ കുത്തകകള്‍ക്ക് വാഴാം

വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ കരാറിലേര്‍പ്പെട്ടുകൊണ്ട് ഉല്‍പാദനം നടത്താനും ഇനി എളുപ്പമായിരിക്കും. ഈ രംഗത്ത് 100 ശതമാനം വിദേശ നിക്ഷേപമാവാം. സ്വന്തം നിലയ്ക്ക് ഉല്‍പാദന മേഖലയില്‍ നിക്ഷേപം നടത്താനുള്ള അനുമതിക്ക് പുറമേയാണിത്.

കല്‍ക്കരി ഖനനം, കല്‍ക്കരി സംസ്‌കരണം, അതുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യം തുടങ്ങിയ മേഖലകളില്‍ 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ചു. അച്ചടി മാധ്യമരംഗത്തേതുപോലെ ഡിജിറ്റല്‍ മാധ്യമരംഗത്തും 26 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി നല്‍കി. ടി.വി ചാനലുകള്‍ക്ക് 49 ശതമാനം വിദേശനിക്ഷേപം നടത്താന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.