2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എന്‍.ഐ.എ: ലീഗ് മറിച്ച് വോട്ട് ചെയ്താല്‍ ന്യൂനപക്ഷങ്ങള്‍ രാജ്യവിരുദ്ധരെന്ന പ്രചാരണം നടത്താന്‍ ബി.ജെ.പിക്കും സഹായമാവുമെന്ന് ഇ.ടി

 

ന്യൂഡല്‍ഹി: എന്‍.ഐ.എ ബില്ലിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവാദം തുടരുന്നു. തിങ്കളാഴ്ച ലോക്‌സഭയില്‍ ബില്‍ വോട്ടിനിട്ടപ്പോള്‍ മുസ്്‌ലിം ലീഗ് അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചതാണ് വിവാദമായതെങ്കില്‍ ബുധനാഴ്ച രാജ്യസഭയില്‍ ബില്ലെത്തിയപ്പോള്‍ സി.പി.എം ഉള്‍പ്പടെയുള്ള ഇടത് എം.പിമാര്‍ എതിര്‍ത്ത് വോട്ടു ചെയ്യാതെ മാറി നിന്നതാണ് വിവാദമായിരിക്കുന്നത്. ലോക്‌സഭയില്‍ സി.പി.എം അംഗങ്ങളായ എ.എം ആരിഫ്, പി.ആര്‍ നടരാജന്‍, സി.പി.ഐയുടെ കെ. സുബ്ബരായന്‍ എന്നിവര്‍ ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തിരുന്നു. എന്നാല്‍ രാജ്യസഭയില്‍ സി.പി.എമ്മിന് കേരളത്തില്‍ നിന്നുള്ള എം.പിമാരുള്‍പ്പടെ അഞ്ചംഗങ്ങളും ഒരു സി.പി.ഐ അംഗവുമുണ്ടായിട്ടും അവര്‍ എതിര്‍ത്ത് വോട്ടു ചെയ്യാതെ മാറി നില്‍ക്കുകയായിരുന്നു.

ബില്ലിനെ അനുകൂലിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നതെങ്കിലും കേരളത്തില്‍ നിന്നുള്ള കെ. മുരളീധരന്‍ ഉള്‍പ്പടെയുള്ള ചില അംഗങ്ങള്‍ മാറി നിന്നു. ലോക്‌സഭയിലും രാജ്യസഭയിലും രണ്ടു നിലപാട് സ്വീകരിച്ചത് ബില്ലിലുള്ള നിലപാട് സംബന്ധിച്ച് ഇടത് എം.പിമാര്‍ക്കിടയിലെ ആശയക്കുഴപ്പം മൂലമാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതിനിടെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ രംഗത്തെത്തി.

ഇന്ത്യയുടെ ആഭ്യന്തര സുരക്ഷിതത്വം, പരമാധികാരം എന്നിവ സംബന്ധിച്ച ഒരു കുറ്റം ഇന്ത്യക്ക് പുറത്ത് നടന്നാല്‍ അവര്‍ക്കെതിരേ ആ നാട്ടിലെ നിയമത്തിന്റെ പിന്‍ബലത്തോടുകൂടി കേസെടുക്കാന്‍ എന്‍.ഐ.എക്ക് അധികാരം നല്‍കുന്ന ബില്ലിനെ മുസ്‌ലിംലീഗിന് എതിര്‍ക്കേണ്ട കാര്യമില്ലെന്ന് ഇ.ടി മുഹമ്മബ് ബഷീര്‍ പറഞ്ഞു. എന്നാല്‍ ഇത് ദുരുപയോഗം ചെയ്യരുതെന്നും നിരപരാധികളെ ഉപദ്രവിക്കാനുള്ള ഉപകരണമായി ദേശീയ അന്വേഷണ ഏജന്‍സി മാറരുതെന്നും പറയേണ്ട ബാധ്യത ലീഗിനുണ്ട്. ആ ബാധ്യത പാര്‍ലമെന്റില്‍ കൃത്യമായി നിര്‍വഹിച്ചിട്ടുണ്ടെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി.

ഇത്തരം ഒരു നിയമത്തില്‍ മറിച്ച് വോട്ട് ചെയ്താല്‍ അത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ രാജ്യ താത്പര്യത്തിനെതിരായി നില്‍ക്കുന്നവരെന്ന പ്രചാരണം നടത്താന്‍ ഫാസിസ്റ്റ് ശക്തികള്‍ക്കും ബി.ജെ.പിക്കും സഹായമാവും. സി.പി.എമ്മും ഉവൈസിയും എടുത്ത നിലപാടിന്റെ കൂടെ നില്‍ക്കാമായിരുന്നില്ലേയെന്ന ചോദ്യം വിവേകപൂര്‍വമല്ല. മുസ്‌ലിം ലീഗ് വോട്ട് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും മറ്റുള്ളവര്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കിയല്ല. താത്കാലികമായ ഒരു കൈയ്യടിക്ക് വേണ്ടിയുമല്ല. ലോക്‌സഭയില്‍ എതിര്‍ത്ത് വോട്ട് ചെയ്ത സി.പി.എം എന്തുകൊണ്ടാണ് രാജ്യസഭയില്‍ അതേ നിലപാട് സ്വീകരിക്കാതെ ഇറങ്ങിപ്പോയതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ചോദിച്ചു. എന്‍.ഐ.എ ബില്ലിനെ സി.പി.എം പഠിച്ചിട്ടില്ല. ഈ വിഷയത്തില്‍ സി.പി.എമ്മിന് വ്യക്തതയില്ലെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ കുറ്റപ്പെടുത്തി.

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.