2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

ഇ.സി.ജി സുദര്‍ശന്‍: ഐന്‍സ്റ്റീന്‍ സിദ്ധാന്തത്തെ വെല്ലുവിളിച്ച പ്രതിഭ

ശഹീര്‍ കോട്ടയം

ശാസ്ത്രലോകത്തെ അതികായനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെ വെല്ലുവിളിച്ച അതുല്യ പ്രതിഭയെയാണ് എണ്ണയ്ക്കല്‍ ചാണ്ടി ജോര്‍ജ് സുദര്‍ശന്‍ എന്ന ഇ സി ജി സുദര്‍ശനിലൂടെ കേരളത്തിനും ഇന്ത്യക്കും ലഭിച്ചത്. ഐന്‍സ്റ്റീന്റെ വിശേഷ ആപേക്ഷിക സിദ്ധാന്തമനുസരിച്ച്് പദാര്‍ഥത്തിന്് ഒരിക്കലും പ്രകാശത്തിന്റെ വേഗത കൈവരിക്കാനാവില്ലെന്നാണ് പറയുന്നത്. വേഗത കൂടുന്നതനുസരിച്ച്് അതിന്റെ പിണ്ഡം വര്‍ധിക്കുകയും പ്രകാശത്തിന്റെ വേഗതയെത്തുമ്പോള്‍ പിണ്ഡം അനന്തമാവുകയും ചെയ്യുമെന്ന് ഐന്‍സ്റ്റീന്റെ സിദ്ധാന്തത്തെ വെല്ലുവിളിക്കാന്‍ പിന്നീടുള്ള അരനൂറ്റാണ്ടുകാലം ആരും ധൈര്യം കാണിച്ചില്ല. ഒരിക്കലും പ്രകാശത്തിന്റെ വേഗത കൈവരിക്കാനാവാത്ത കണങ്ങളെ പോലെ എപ്പോഴും പ്രകാശത്തേക്കാള്‍ വേഗതയില്‍ സഞ്ചരിക്കുന്ന കണങ്ങളുമുണ്ടാവാമെന്ന്്് പ്രവചനവുമായാണ് സുര്‍ശന്‍ ശാസ്ത്രലോകത്തെ ഞെട്ടിച്ചത്.

ഈ കണങ്ങള്‍ക്ക് ശാസ്ത്രലോകം ടാക്യോണുകളെന്ന്് പേരിട്ടു. ഇതോടെ ശാസ്ത്രത്തിന് മേലുള്ള പാശ്ചാത്യ കുത്തകയെയും അദ്ദേഹം ചോദ്യം ചെയ്യുക കൂടിയായിരുന്നു. ടാക്യോണുകളെ സംബന്ധിച്ച് 1962 ല്‍ ആദ്യപ്രബന്ധം പ്രസിദ്ധീകരിച്ച ശേഷം ബിലാനിയൂക് അടക്കമുള്ള ഗവേഷകരുമായി സഹകരിച്ച് എട്ട് പഠനപ്രബന്ധങ്ങള്‍ രണ്ടുപതിറ്റാണ്ടിനിടെ സുദര്‍ശന്‍ പ്രസിദ്ധീകരിച്ചു. സുദര്‍ശന്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ ഗ്രീക്കില്‍ ‘വേഗ’മെന്ന അര്‍ഥം വരുന്ന പദമാണ് ‘ടാക്യോണ്‍’.
റവന്യൂ സൂപ്പര്‍വൈസറായിരുന്ന ഇ ഐ ചാണ്ടിയുടെയും സ്‌കൂള്‍ അധ്യാപികയായിരുന്ന അച്ചാമ്മയുടെയും മകനായി കോട്ടയം പള്ളം എണ്ണയ്ക്കല്‍ തറവാട്ടില്‍ 1931 സപ്തംബര്‍ 16നായിരുന്നു ഇ.സി.ജിയുടെ ജനം. കോട്ടയം സിഎംഎസ് കോളജിലും പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളജിലുമായിരുന്നു പഠനം. 1952ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന്് ബിരുദാനന്തര ബിരുദം നേടിയശേഷം മുംബൈയിലെ റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ കുറച്ചുകാലം ഗവേഷണങ്ങളിലായിരുന്നു.

ഹോമി ഭാഭാ ഡയറക്ടറായിരുന്ന അക്കാലത്ത് ഹരീഷ്ചന്ദ്ര, ഡിറാക്, ടൊമൊനാഗ തുടങ്ങിയ പ്രശസ്ത ശാസ്ത്രജ്ഞര്‍ അവിടെ നിത്യസന്ദര്‍ശകരായിരുന്നു. അവിടെയെത്തിയ പ്രശസ്തനായ റോബര്‍ട്ട് മാര്‍ഷക് എന്ന സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്‍, സുദര്‍ശന്റെ കഴിവുകള്‍ കണ്ട്് ഒപ്പംകൂട്ടി. അങ്ങനെ 1955ല്‍ റോച്ചസ്റ്റര്‍ സര്‍വകലാശാലയിലേയ്ക്ക് പലയാനം ചെയ്തു. 1958ല്‍ ഡോക്ടറേറ്റെടുത്ത ശേഷം രണ്ടുവര്‍ഷം റോച്ചസ്റ്ററില്‍ തന്നെ അസി. പ്രഫസറായി സേവനുമനുഷ്ഠിച്ചു. പിന്നീട് അസോസിയേറ്റ് പ്രഫസറുമായി. തുടര്‍ന്ന് സൈറക്യൂസ് സര്‍വകലാശാലയില്‍ ഫിസിക്‌സ് പ്രഫസറും എലിമെന്ററി പാര്‍ട്ടിക്കിള്‍ ഫിസിക്‌സ് സംബന്ധിച്ച ഗവേഷണ വിഭാഗത്തിന്റെ ഡയറക്ടറുമായി. ഹാര്‍വഡ് സര്‍വകലാശാലയില്‍ ജൂലിയന്‍ ഷ്വിംഗര്‍ എന്ന പ്രഗത്ഭനായ ഭൗതികശാസ്ത്രജ്ഞനോടൊപ്പം പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തില്‍ പങ്കാളിയായി.

1970ല്‍ സി വി രാമന്‍ പുരസ്‌കാരം, 1976ല്‍ പത്മഭൂഷണ്‍, 1977ല്‍ ബോസ് മെഡല്‍, 2006ല്‍ മൂന്നാംലോക അക്കാദമിയുടെ പുരസ്‌കാരം, 2007ല്‍ പത്മവിഭൂഷണ്‍ തുടങ്ങിയവയാണ്് അദ്ദേഹത്തിനു ലഭിച്ച പ്രധാന ബഹുമതികള്‍. നോബേല്‍ സമ്മാനം, ഫീല്‍ഡ്‌സ് മെഡല്‍, വുള്‍ഫ് ഫൗണ്ടേഷന്‍ സമ്മാനം എന്നിവ ലഭിക്കാത്തവര്‍ക്ക് മാത്രം നല്‍കുന്ന പുരസ്‌കാരമാണ്് സുദര്‍ശന് ലഭിച്ച ഇന്റര്‍നാഷനല്‍ സെന്റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്‌സി (ഐസിടിപി)ന്റെ ഡിറാക് മെഡല്‍. പ്രപഞ്ചത്തിലെ നാല് അടിസ്ഥാന ശക്തികളില്‍ ഒന്നിന്റെ രഹസ്യത്തിന്റെ കണ്ടെത്തലിലേക്ക് വഴിതുറന്നിട്ട സുദര്‍ശന് ലോകം കരുതിവച്ചത് അവഗണനകളാണ്. ആറുതവണ സുദര്‍ശന്റെ പേര്് നൊബേല്‍ സമ്മാനത്തിനായി നിര്‍ദേശിക്കപ്പെട്ടു. 1979ലും 2005ലും നോബേല്‍ സമ്മാനത്തിന് സജീവമായി പരിഗണിക്കപ്പെട്ടെങ്കിലും അത് നിഷേധിക്കപ്പെടുകയായിരുന്നു. വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദര്‍ശന്‍ നടത്തിയ ക്വാണ്ടം സീനോ ഇഫക്ട് എന്ന കണ്ടെത്തലിന് 2005 ല്‍ നൊബേല്‍ പുരസ്‌കാര ലബ്ധിയുടെ വക്കോളമെത്തിയിരുന്നു. ശാസ്ത്രലോകം മുഴുവന്‍ സുദര്‍ശനുവേണ്ടി വാദിച്ചെങ്കിലും ഒരുവര്‍ഷം മൂന്നില്‍ കൂടുതല്‍ പേരെ നോബേലിന് പരിഗണിക്കാനാവില്ലെന്ന ന്യായം നിരത്തി സ്വീഡിഷ് അക്കാദമി പുരസ്‌കാരം നിഷേധിച്ചു. 2005ലെ നോബേല്‍ സമ്മാനം റോയ് ജെ ഗ്ലാബ്ലര്‍ക്കാണ് ലഭിച്ചത്. ആധുനിക ഭൗതികശാസ്ത്രത്തിന് ഇന്ത്യയുടെ ഏറ്റവും വലിയ സംഭാവനയെയാണ് സുദര്‍ശന്റെ വിയോഗത്തിലൂടെ നഷ്ടമായത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.