2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഫാസിസത്തിനെതിരേ ഒന്നിക്കണമെന്ന് ഇ. അഹമ്മദ് അനുസ്മരണ സമ്മേളനം

 

ന്യൂഡല്‍ഹി: രാജ്യത്തെ ഭൂരിപക്ഷ ഫാസിസത്തിന്റെ അപകടത്തില്‍ നിന്നും രക്ഷിക്കാന്‍ പ്രാദേശിക ഭിന്നതകള്‍ മറന്ന് മതേതര കക്ഷികള്‍ ഒന്നിക്കേണ്ടത് അനിവാര്യമെന്ന് ഡല്‍ഹിയില്‍ കെ.എം.സി.സി സംഘടിപ്പിച്ച ഇ. അഹമ്മദ് അനുസ്മരണ സമ്മേളനം. ‘ദേശം അപകടത്തില്‍, ഭരണഘടന ഉയര്‍ത്തിപ്പിടിക്കുക’ എന്ന വിഷയത്തിലാണ് അനുസ്മരണം സംഘടിപ്പിച്ചത്.

സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ഭിന്നതകള്‍ മാറ്റിവച്ച് ദേശീയതലത്തില്‍ പാര്‍ട്ടികള്‍ക്ക് ഒന്നിക്കാന്‍ കഴിയണമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞു. ഇ. അഹമദിന്റെ മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് തനിക്ക് പൂര്‍ണമായി ഇനിയും മോചിതനാവാന്‍ കഴിഞ്ഞിട്ടില്ലെന്നും എല്ലാ അര്‍ഥത്തിലും യഥാര്‍ഥ ഇന്ത്യയെ പ്രതിനിധീകരിച്ച നേതാവായിരുന്നു അദ്ദേഹമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
ഇടത്പക്ഷം എക്കാലത്തും വര്‍ഗീയ ശക്തികളെ അധികാരത്തില്‍ നിന്നകറ്റി നിര്‍ത്താന്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും 2019ലും അതേ നിലപാട് തുടരുമെന്നും തുടര്‍ന്ന് സംസാരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

ഭരണഘടന സംരക്ഷിക്കാന്‍ മറ്റ് മതേതര പാര്‍ട്ടികളുമായി യോജിച്ച് നില്‍ക്കും. 2004ലെ പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ വിജയിച്ച ബഹുഭൂരിപക്ഷം ഇടത് എം.പിമാരും കോണ്‍ഗ്രസിനെതിരേ പൊരുതിയാണ് ജയിച്ചത്. എന്നിട്ടും വര്‍ഗീയ ശക്തികളെ പ്രതിരോധിക്കാന്‍ യു.പി.എയെ പിന്തുണക്കാനാണ് ഇടത്പക്ഷം തീരുമാനിച്ചതെന്നും യെച്ചൂരി ഓര്‍മിപ്പിച്ചു. തെരഞ്ഞടുപ്പിന് ശേഷം രാജ്യത്ത് പ്രതിപക്ഷ ഐക്യം രൂപപ്പെടുമെന്നും അതിനുള്ള ശ്രമങ്ങളില്‍ ജനതാദള്‍ എസ്. മുന്‍പന്തിയിലുണ്ടാവുമെന്നും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി ഡാനിഷ് അലി പറഞ്ഞു.

രാജ്യം ഇന്നേവരെ അനുഭവിച്ചതില്‍ ഏറ്റവും അപകടകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോവുന്നതെന്നും പ്രധാനമന്ത്രി പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണന്നും ലോക്താന്ത്രിക് ജനതാദള്‍ നേതാവ് ശരത് യാദവ് പറഞ്ഞു.

പ്രത്യക്ഷത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം നിലവിലുണ്ടെന്ന് തോന്നുമെങ്കിലും വിവിധ രീതിയിലുള്ള സമ്മര്‍ദങ്ങളിലൂടെ മാധ്യമങ്ങളെ വിലക്കെടുത്തും മൗനികളാക്കിയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തന്നെ രാജ്യത്ത് സംഘ്പരിവാര്‍ അപകടത്തിലാക്കിയിരിക്കുകയാണെന്ന് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധാര്‍ഥ് വരദരാജന്‍ പറഞ്ഞു.
മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, ആര്‍.എസ്.പി ദേശീയ സെക്രട്ടേറിയറ്റ് അംഗം എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മുഹമ്മദ് നദീമുല്‍ ഹഖ്, കെ. സോമപ്രസാദ് എം.പി, എം.കെ രാഘവന്‍ എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് തുടങ്ങിയവര്‍ സംബന്ധിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.