2019 July 23 Tuesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

Editorial

സംസ്ഥാനം വിറങ്ങലിച്ച ദുരിതപ്പെയ്ത്ത്


രണ്ടു ദിവസമായി കോരിച്ചൊരിയുന്ന മഴയും അതുമൂലമുണ്ടായ ഉരുള്‍പൊട്ടലുകളും വെള്ളക്കെട്ടും സംസ്ഥാനത്തുടനീളം ദുരിതം വിതച്ചിരിക്കുകയാണ്. മുപ്പതുവര്‍ഷത്തിനിടയില്‍ ഇതുപോലൊരു പേമാരിയും ഉരുള്‍പൊട്ടലുകളുമുണ്ടായിട്ടില്ലെന്നാണ് പഴമക്കാര്‍ ഓര്‍ത്തെടുത്തു പറയുന്നത്. പ്രളയഭീഷണിയില്‍ സംസ്ഥാനം സ്തംഭിച്ചുനില്‍ക്കുകയാണ്. അതീവ ഗുരുതരമായ ഒരവസ്ഥയാണിപ്പോഴുള്ളതെന്നു മുഖ്യമന്ത്രി കഴിഞ്ഞദിവസം മാധ്യമങ്ങളോടു പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്.

ഇരുപതിലധികംപേര്‍ മരിച്ചു. പലരെയും കാണാതായി. നാടിനെ പ്രളയജലത്തില്‍ മുക്കാന്‍പോന്നത്ര പേമാരിയും ഉരുള്‍പൊട്ടലുമാണ് ഉണ്ടായിരിക്കുന്നത്. ഇടുക്കിയിലാണ് ഏറ്റവും ജീവനാശമുണ്ടായത്. പന്ത്രണ്ടു പേര്‍ ഇവിടെ മരിച്ചു. ഉരുള്‍പൊട്ടലില്‍ ജീവന്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്കാണ്. ഇടുക്കി പദ്ധതിപ്രദേശത്തിനു ചുറ്റം നാല് പ്രാവശ്യം ഉരുള്‍പൊട്ടലുണ്ടായി.
ഇതു കാരണമാണ് ഇടുക്കി ഡാമിലേക്ക് അപ്രതീക്ഷിതമായ ജലപ്രവാഹമുണ്ടായത്. ഇതിനെ തുടര്‍ന്ന് ചെറുതോണി ഡാമിന്റെ മധ്യത്തിലെ ഷട്ടര്‍ പന്ത്രണ്ടു മണിയോടെ അമ്പത് സെന്റീമീറ്റര്‍ ഉയരത്തില്‍ തുറക്കേണ്ടിവന്നു. രാത്രി മുഴുവന്‍ ഷട്ടര്‍ തുറന്നിടുമെന്നാണ് കെ.എസ്.ഇ.ബി അധികൃതര്‍ ഇന്നലെ വ്യക്തമാക്കിയത്. ഇടുക്കി ഡാമിന്റെ ചരിത്രത്തില്‍ മൂന്നാംതവണയാണു ഷട്ടര്‍ തുറക്കുന്നത്. 1981 ലും 1992 ലുമാണ് ഇതിനുമുമ്പ് ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറന്നത്.

പാലക്കാട് ജില്ല ചരിത്രത്തിലാദ്യമായി വെള്ളപ്പൊക്കത്തില്‍ അമര്‍ന്നിരിക്കുകയാണ്. മലമ്പുഴ അണക്കെട്ടു തുറന്നുവിട്ടതിനെ തുടര്‍ന്ന് നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വെള്ളം കയറി. പാലക്കാട്ടു മാത്രം അമ്പതോളം വീടുകള്‍ തകര്‍ന്നു.
ഇടമലയാര്‍ ഡാം തുറന്നതോടെ പെരിയാര്‍ നിറഞ്ഞുകവിഞ്ഞ് എറണാകുളം ജില്ലയിലെ താഴ്ന്നപ്രദേശങ്ങളെല്ലാം മുങ്ങി. പലരുടെയും സമ്പാദ്യങ്ങളും വിലപ്പെട്ട രേഖകളും വിലപിടിപ്പുള്ള വസ്തുക്കളും തൊഴിലുപകരണങ്ങളുമെല്ലാം നഷ്ടപ്പെട്ടു. ബുധനാഴ്ച പകല്‍ തുടങ്ങിയ കനത്തമഴ ശമനമില്ലാതെ തുടരുന്നതിനാല്‍ നാശനഷ്ടങ്ങളും ഭീതിദമാംവിധം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മണ്ണിടിഞ്ഞു കുത്തൊഴുക്കില്‍പ്പെട്ടും റോഡുകള്‍ തകര്‍ന്നു ഗതാഗതം തടസ്സപ്പെട്ടതിനാല്‍ പല സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ല.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം എറണാകുളം, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ദുരന്തനിവാരണസേനയെ നിയോഗിക്കാനും ഇടുക്കിയിലും ഒറ്റപ്പെട്ടുപോയ വയനാട്ടിലും സൈന്യത്തിന്റെ സേവനം ലഭ്യമാക്കാനും തീരുമാനമെടുത്തിട്ടുണ്ട്. അത് ആശ്വാസകരമായ നടപടിയാണ്. ഒറ്റപ്പെട്ടവരെ ഹെലികോപ്റ്റര്‍ വഴി രക്ഷപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. അതു പെട്ടെന്നു പ്രാവര്‍ത്തികമാകുമെന്നു കരുതാം.

നാശനഷ്ടങ്ങള്‍ എത്രയും പെട്ടെന്നു തിട്ടപ്പെടുത്തി അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പാവപ്പെട്ടവരും ഇടത്തരക്കാരുമാണ് പ്രളയക്കെടുതി ഏറ്റവും അനുഭവിക്കുന്നത്. അവര്‍ക്ക് എത്രയും പെട്ടെന്ന് അടിയന്തരസഹായം ലഭ്യമാക്കണം.
പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണിത്. എത്രയോ കാലമായി പശ്ചിമഘട്ടത്തെവരെ മനുഷ്യന്റെ കരങ്ങള്‍ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്. പരിസ്ഥിതിലോല പ്രദേശങ്ങളിലെ മനുഷ്യന്റെ കടന്നുകയറ്റം പ്രകൃതിയുടെ നിലനില്‍പ്പിനെ അസ്ഥിരപ്പെടുത്തിയെന്നു മാധവ്ഗാഡ്ഗില്‍ കേന്ദ്രസര്‍ക്കാരിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാടില്ലാതാകുമ്പോള്‍, പുഴകള്‍ മരിക്കുമ്പോള്‍, വെള്ളത്തിന്റെ ഒഴുക്കു തടഞ്ഞു നിര്‍മാണപ്രവര്‍ത്തനം നടത്തുമ്പോള്‍, പശ്ചിമഘട്ട മലനിരകളില്‍ ക്വാറികള്‍ പെരുകുമ്പോള്‍, വെള്ളച്ചാലുകള്‍ നികത്തി കോണ്‍ക്രീറ്റ് കുന്നുകള്‍ നിര്‍മിക്കുമ്പോള്‍ ഓരോ മഴയോടൊപ്പം പ്രളയവും ഉരുള്‍പൊട്ടലുകളും ഉണ്ടാകുമെന്നു ഗാഡ്ഗില്‍ സമര്‍ഥിക്കുന്നുണ്ട്.

ലോകത്തിലെ 35 ജൈവവൈവിധ്യങ്ങളാല്‍ സമ്പന്നമാണു പശ്ചിമഘട്ടമെന്നു ക്വാറിമാഫിയക്ക് അറിയില്ല. അറിയുന്ന സര്‍ക്കാര്‍ അതു സംരക്ഷിക്കാനും ഒരുക്കമല്ല. നവലിബറല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിവച്ച വിനകളാണു കാലവര്‍ഷത്തോടൊപ്പം കേരളം അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളുടെ മുഖ്യകാരണം. ശക്തമായ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ കേരളംതന്നെ മുങ്ങിപ്പോകുന്ന അവസ്ഥയുണ്ടായേക്കാം. അങ്ങനെ സംഭവിക്കാതിരിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കാനേ ഭീതിപടര്‍ത്തിക്കൊണ്ടിരിക്കുന്ന ഈ ദുരിതപ്പെയിത്തില്‍ നമുക്കു കഴിയൂ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.