2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ദുരന്തകാലത്തെ സന്നദ്ധപ്രവര്‍ത്തനം

ദുരന്തത്തിലകപ്പെട്ട ഓരോ വ്യക്തിയും സ്വാഭാവികമായും മാനസികസംഘര്‍ഷം അനുഭവിക്കുന്നുണ്ട്. അക്കാര്യം മനസ്സിലാക്കി അവരെ വേണ്ട തരത്തില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ മാസങ്ങള്‍ക്കുശേഷം 'പോസ്റ്റ് ട്രോമാറ്റിക്ക് സ്‌ട്രെസ് ഡിസോര്‍ഡര്‍' എന്ന മാനസികാവസ്ഥയിലെത്തും, വിഷാദം ബാധിക്കും, ആത്മഹത്യ കൂടും. നമ്മുടെ സമൂഹത്തില്‍ ഇങ്ങനെയൊരു വാക്കു സമൂഹം കേട്ടിട്ടു കൂടിയില്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുന്നതു 'ഭ്രാന്തുള്ളവര്‍' മാത്രമാണെന്നാണു സമൂഹം ചിന്തിക്കുന്നത്.

മുരളി തുമ്മാരുകുടി

 

രണ്ടുദിവസമായി രാത്രി ഉറക്കമിളച്ച് എഴുത്തും വായനയും ചര്‍ച്ചകളും തന്നെയായിരുന്നു. വിഷയം, കേരളത്തിലെ വെള്ളപ്പൊക്കം തന്നെ. അബുദബിയിലുള്ള ഞാന്‍ ഇത്രയും തിരക്കിലാണെങ്കില്‍ കേരളത്തിലുള്ളവര്‍, പ്രത്യേകിച്ചു ദുരന്തത്തില്‍പ്പെട്ടവരും ദുരന്തനിവാരണത്തിലേര്‍പ്പെട്ടവരും എത്രമാത്രം കഷ്ടപ്പെടുന്നുണ്ടാകും. മുഖ്യമന്ത്രി മുതല്‍ പഞ്ചായത്തു മെമ്പര്‍വരെ, റിലീഫ് കമ്മിഷണര്‍ മുതല്‍ വില്ലേജ് ഓഫിസര്‍ വരെ എല്ലാവരുടെയും കാര്യത്തില്‍ ഇതു ശരിയാണ്.

കേരള ജനതയൊട്ടാകെ സന്നദ്ധപ്രവര്‍ത്തനത്തിനു തയാറായി നില്‍ക്കുകയാണ്. എന്താണവര്‍ ചെയ്യേണ്ടത്.
ഏതൊരു ദുരന്തകാലത്തും ഏറ്റവുമാദ്യം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതു ഫയര്‍ഫോഴ്‌സോ ആര്‍മിയോ അല്ല. കൂടുതലാളുകളെ രക്ഷിക്കുന്നതും അന്താരാഷ്ട്രസംഘങ്ങളോ ഐക്യരാഷ്ട്രസഭയോ അല്ല. ആ പ്രദേശത്തുതന്നെയുള്ള, സമൂഹത്തിന്റെ ചുറ്റുമുള്ള കാര്യങ്ങളില്‍ ഇടപെടുന്ന സാധാരണക്കാരാണ്. പതിനെട്ടിലെ പ്രളയകാലത്തും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.
രക്ഷാപ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ടം കഴിഞ്ഞിരിക്കയാണ്. നൂറുവര്‍ഷത്തെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനും ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തത്തിനുമാണു കഴിഞ്ഞയാഴ്ച കേരളം സാക്ഷ്യം വഹിച്ചത്. കേരളത്തെ മൊത്തം ബാധിച്ച ദുരന്തം മൂന്നോ നാലോ ദിവസമേ നീണ്ടുനിന്നുള്ളൂവെങ്കിലും ഭൗതികവും മാനസികവുമായ വലിയ ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. ഇതില്‍നിന്നു നാടിനെയും ജനങ്ങളെയും പുനരുജ്ജീവിപ്പിക്കാന്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷവും ആയിരക്കണക്കിനു കോടി രൂപയും ആവശ്യമായി വരും.
ഈ പുനര്‍നിര്‍മാണം സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ സാധിക്കുന്ന ഒന്നല്ല. ലോകത്തെവിടെയും സന്നദ്ധപ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ ഇടപെടാറുണ്ട്. കേരളത്തിലെ കാര്യത്തിലും ഇതു വ്യത്യസ്തമാകേണ്ട ഒന്നല്ല. കേരളത്തിന് അകത്തുനിന്നും പുറത്തുനിന്നും ഏറെയാളുകള്‍ സന്നദ്ധസേവനം നടത്താന്‍ തയാറാണ്. കേരളത്തിലെത്താന്‍ പറ്റാത്ത മലയാളികളും വിദേശങ്ങളിലിരുന്ന് കഴിയുന്ന രീതിയില്‍ സന്നദ്ധ സേവനം നടത്താന്‍ സന്നദ്ധരാണ്. ഇനിയുള്ള ഏതാനും ദിവസങ്ങള്‍ സന്നദ്ധസേവനത്തിന്റെ കാര്യത്തില്‍ പ്രധാനമാണ്.
എട്ടുലക്ഷത്തോളമാളുകള്‍ ക്യാംപുകളിലുണ്ട്. വെള്ളമിറങ്ങുന്നതോടെ സ്വന്തം വീടുകളിലേയ്ക്ക് ഓടിയെത്താനാണ് അവരെല്ലാം ശ്രമിക്കുക. വീടുകള്‍ പലതും വെള്ളത്തിനടിയിലായിരുന്നതിനാല്‍ നാശനഷ്ടങ്ങള്‍ ഏറെയുണ്ടാകും. ആ വീടുകള്‍ വീണ്ടും ജീവിതയോഗ്യമാക്കണമെങ്കില്‍ ഒരാഴ്ചവരെ വേണ്ടിവരും. ഇക്കാലത്ത് ഇവരെ സഹായിക്കാന്‍ ആയിരക്കണക്കിനു സന്നദ്ധപ്രവര്‍ത്തകരുടെ ആവശ്യമുണ്ട്.
നിലവിലെ സാഹചര്യത്തില്‍ സ്വന്തം താല്‍പ്പര്യത്തില്‍, സ്ഥലത്തെ ഏതെങ്കിലും ഒരു ചെറിയ ഗ്രൂപ്പിന്റെ കൂടെ, സ്വന്തം കഴിവുകള്‍ക്കു പ്രത്യേക പ്രാധാന്യം കൊടുക്കാതെ, ഒരു മാര്‍ഗനിര്‍ദേശവുമില്ലാതെയാണു കേരളത്തിലെ യുവാക്കള്‍ സന്നദ്ധപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത്. ഇതു നല്ല മനോഭാവമാണെങ്കിലും കാര്യക്ഷമമല്ല.
സന്നദ്ധപ്രവര്‍ത്തകര്‍ എന്താണു ചെയ്യേണ്ടത്. എങ്ങനെയാണ് അവരെ സംയോജിപ്പിക്കേണ്ടത്.

അടുത്തദിവസങ്ങളില്‍ തീര്‍ച്ചയായും വേണ്ടിവരുന്ന ചില സേവനങ്ങള്‍ പറയാം.

1. സര്‍വേ അറിയാവുന്നവര്‍ ഈ വെള്ളപ്പൊക്കം പുഴയില്‍നിന്ന് എത്ര ദൂരെയെത്തിയെന്ന് ഓരോ പുഴയുടെയും ഇരുകരകളിലും ട്രാന്‍സെക്റ്റ് എടുത്തുവയ്ക്കണം. കുറച്ചുനാള്‍ കഴിഞ്ഞു ഭാഗ്യമുണ്ടെങ്കില്‍ ഈ സ്ഥലത്തിന്റെ ഉപഗ്രഹ ചിത്രം കിട്ടിയെന്നു വരാം. അപ്പോള്‍ ഈ വിവരം ഗ്രൗണ്ട് ട്രൂത്തിങ്ങിന് ഉപയോഗിക്കാം. ഉപഗ്രഹചിത്രം കിട്ടാതിരിക്കുകയും (ക്ലൗഡ് കവര്‍ കാരണം) സര്‍വേ നടത്താതിരിക്കുകയും ചെയ്താല്‍ 1924 ലെ തലമുറ സുപ്രധാനമായ വിവരങ്ങള്‍ നഷ്ടപ്പെടുത്തിയതുപോലെ നമ്മളും നഷ്ടപ്പെടുത്തും. അടുത്ത തലമുറ വീണ്ടും വെള്ളത്തില്‍ മുങ്ങിമരിക്കും. സര്‍വേ പഠിച്ചിട്ടുള്ള റിട്ടയര്‍ ചെയ്ത വില്ലേജ് ഉദ്യോഗസ്ഥര്‍ തൊട്ടു സര്‍വേ സ്‌കൂളിലും പോളി ടെക്‌നിക്കുകളിലും എന്‍ജിനീയറിങ് കോളജിലും സിവില്‍ എന്‍ജിനീയറിങ് പഠിച്ച ആര്‍ക്കും ഈ പഠനമേറ്റെടുക്കാം. അവര്‍ തയാറാണോ ?
2. കെട്ടിടങ്ങളുടെ സ്ട്രക്ച്വറല്‍ സേഫ്റ്റി: പതിനായിരക്കണക്കിനു വീടുകളിലാണു വെള്ളം കയറിയിട്ടുള്ളത്. അതിലോരോന്നും ഒരു സിവില്‍ എന്‍ജിനീയര്‍ സ്റ്റാന്‍ഡേര്‍ഡ് ചെക്‌ലിസ്റ്റ് അനുസരിച്ചു കെട്ടിടത്തിന്റെ സുരക്ഷ അവലോകനം ചെയ്യണം. വീടുകളെ മൂന്നു ഗ്രൂപ്പുകളായി (എ) ഒരു കുഴപ്പവും ഇല്ലാതെ കയറി താമാസിക്കാവുന്നവ (പച്ച സിഗ്‌നല്‍), (ബി) അത്യാവശ്യം റിപ്പയര്‍ നടത്തി താമസിക്കാവുന്നത് (ഓറഞ്ച് സിഗ്‌നല്‍), (സി) സുരക്ഷിതം അല്ലാത്തത് (ചുവപ്പ് സിഗ്‌നല്‍) തരംതിരിക്കണം.
കെട്ടിടത്തിന്റെ സുരക്ഷയുടെ മാനദണ്ഡമനുസരിച്ച് എന്തൊക്കെ കാര്യങ്ങളാണു ചെയ്യേണ്ടതെന്ന റിപ്പോര്‍ട്ട് തയാറാക്കുക. പി.ഡബ്ല്യൂ.ഡിയില്‍ നിന്നും എന്‍ജിനീയറിങ് കോളജില്‍ നിന്നും വിരമിച്ച സിവില്‍ എന്‍ജിനീയര്‍മാരും ഇപ്പോള്‍ കോളജിലും പോളിടെക്‌നിക്കിലും പഠിക്കുന്ന കുട്ടികളും ഒരുമിച്ചു ചേര്‍ന്നു മൂവായിരം പേരുടെ സംഘമുണ്ടാക്കിയാല്‍ ഓണാവധി കഴിയുമ്പോഴേയ്ക്ക് ഈ സര്‍വേ പൂര്‍ത്തിയാക്കാം.
3. ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍മാരുടെ സേവനവും അത്യാവശ്യമാണ്. വൈദ്യുതി കണക്ഷന്‍, വയറിങ്, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഇവയൊക്കെ പരിശോധിച്ച് ഉപയോഗശൂന്യമായത്, റിപ്പയര്‍ ചെയ്ത് ഉപയോഗിക്കാവുന്നത്, ഉടനെ ഉപയോഗിക്കാവുന്നത് എന്നു തരംതിരിച്ചു കൊടുത്താല്‍ വലിയ ആശ്വാസമാകും. വീട്ടില്‍ എവിടെയെങ്കിലും വയറിങ് മോശമായിട്ടുണ്ടോ, ഷോക്കടിക്കാന്‍ സാധ്യതയുണ്ടോ എന്നൊക്കെ പരിശോധിക്കണം. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റില്‍ നിന്നു വിരമിച്ചവരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ കോളജിലും പോളിടെക്‌നിക്കിലും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിക്കുന്ന കുട്ടികള്‍ ഒരുമിച്ചു ചേര്‍ന്നു മൂവായിരം പേരുടെ സംഘമുണ്ടാക്കിയാല്‍ ഈ ഓണാവധി കഴിയുമ്പോഴേക്ക് ഈ സര്‍വ്വേയും പൂര്‍ത്തിയാക്കാം.
4. അതിശയകരമായ വിവരങ്ങളാണു റിമോട്ട് സെന്‍സിങ് വഴി ലഭ്യമാകുന്നത്. വെള്ളപ്പൊക്കത്തിനും ഉരുള്‍പൊട്ടലിനും മുന്‍പുള്ള കേരളം, വെള്ളപ്പൊക്ക സമയത്തെ കേരളം, വെള്ളം ഇറങ്ങിയതിനു ശേഷമുള്ള കേരളം, വെള്ളത്തില്‍ നിന്ന വിളകളും കളകളും ചീഞ്ഞുണങ്ങിയ കേരളം എന്നിങ്ങനെ പല ദിവസങ്ങളിലെ വിവിധ വ്യാപ്തിയുള്ള ഉപഗ്രഹചിത്രങ്ങള്‍ ലഭ്യമാക്കണം. അതനുസരിച്ചു മൊത്തം വെള്ളത്തിനടിയിലായ പ്രദേശങ്ങള്‍, വീടുകളുടെയും സ്ഥാപനങ്ങളുടെയും എണ്ണം, വിളനഷ്ടം, ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമുണ്ടായ പ്രദേശങ്ങള്‍ എന്നിങ്ങനെ പലതും കണ്ടുപിടിക്കാം.
ഇതു കേരളത്തില്‍ നിന്നുകൊണ്ടു വേണമെന്നില്ല. കേരളത്തില്‍ നിന്നുള്ള റിമോട്ട് സെന്‍സിങ്ങില്‍ പരിചയമുള്ള അനവധി ആളുകളുണ്ട്. അവരും കോളജ് അധ്യാപകരും കൂടി ശ്രമിച്ചാല്‍ ഇതു സാധിക്കും. (പത്തുവര്‍ഷമായിട്ടും നെല്‍വയലുകളുടെ ഉപഗ്രഹചിത്ര ഡാറ്റ ബേസ് ഉണ്ടാക്കാത്തവരാണു കേരളത്തിലുള്ളതെന്നു വിസ്മരിക്കുന്നില്ല.)
5. കുടിവെള്ളപരിശോധന:
കിണറുകളും, കുടിവെള്ളസംഭരണികളും പൈപ്പുകളും മിക്കയിടത്തും മലിനജലം കയറി ഉപയോഗശൂന്യമായിട്ടുണ്ടാകാം. ദുരന്തത്തില്‍ മരിച്ചവരേക്കാള്‍ അധികം മരണം വിതയ്ക്കാന്‍ കുടിവെള്ളത്തിലെ മാലിന്യം കാരണമാകും. പരിസ്ഥിതി എന്‍ജിനീയര്‍മാരും നഴ്‌സുമാരും (നഴ്‌സിങ് വിദ്യാര്‍ഥികളും ജോലിയില്‍ അല്ലാത്തവരും) നല്ല പൊതുജനാരോഗ്യ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ കേരളത്തിലെ ഓരോ വീട്ടിലെയും സ്ഥാപനത്തിലെയും കുടി വെള്ളം പരിശോധിക്കണം. ഇതിനൊക്കെ വേണ്ട പ്രോട്ടോകോള്‍ ഇപ്പോള്‍ തന്നെയുണ്ട്. ടെസ്റ്റിംഗ് കിറ്റുകള്‍ അയക്കാന്‍ മറുനാട്ടിലെ മലയാളികള്‍ തയാറാണ്.
6. ഓരോ മഴക്കാലത്തും മൊത്തം നാശനഷ്ടത്തിന്റെ കണക്കെടുക്കുന്ന പരിപാടി കേരളത്തിലുണ്ട്. ഇതൊരു ട്രാജഡിയും കോമഡിയും ചേര്‍ന്ന ഏര്‍പ്പാടാണ്. യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്ത കണക്കാണുണ്ടാക്കുന്നത്. നഷ്ടം അയ്യായിരം കോടിയെന്നു ജില്ലാകലക്ടര്‍ പറയും. കേന്ദ്രസംഘത്തിലെയാളും പണ്ടു കലക്ടറായിരുന്നതിനാല്‍ ഈ കണക്കൊക്കെ കോമഡിയാണെന്നു തിരിച്ചറിയും. അവസാനം രാഷ്ട്രീയമൊക്കെ നോക്കി അമ്പതു മുതല്‍ അഞ്ഞൂറു കോടി വരെ കിട്ടും.
കിട്ടിയതു കിട്ടിയെന്നു കരുതി നമ്മള്‍ യാത്ര തുടരും. ഈ സ്ഥിതി മാറ്റണം. ദുരന്തത്തിന്റെ കണക്കെടുപ്പു പ്രൊഫഷണലാക്കണം. കുറച്ചു സിവില്‍ എന്‍ജിനീയര്‍മാരും, കൊമേഴ്‌സുകാരും, കൃഷി ശാസ്ത്രജ്ഞരും ഒത്തുകൂടി കൂടുതല്‍ ആധുനികമായ പ്രോട്ടോക്കോള്‍ ഉണ്ടാക്കണം. ഈ വിഷയത്തിലുള്ള വിദ്യാര്‍ഥികളെ സംഘടിപ്പിച്ചു കണക്കെടുക്കണം.
7. ദുരന്തത്തിലകപ്പെട്ട ഓരോ വ്യക്തിയും സ്വാഭാവികമായും മാനസികസംഘര്‍ഷം അനുഭവിക്കുന്നുണ്ട്. അക്കാര്യം മനസ്സിലാക്കി അവരെ വേണ്ട തരത്തില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ മാസങ്ങള്‍ക്കുശേഷം ‘പോസ്റ്റ് ട്രോമാറ്റിക്ക് സ്‌ട്രെസ് ഡിസോര്‍ഡര്‍’ എന്ന മാനസികാവസ്ഥയിലെത്തും, വിഷാദം ബാധിക്കും, ആത്മഹത്യ കൂടും. നമ്മുടെ സമൂഹത്തില്‍ ഇങ്ങനെയൊരു വാക്കു സമൂഹം കേട്ടിട്ടു കൂടിയില്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുന്നതു ‘ഭ്രാന്തുള്ളവര്‍’ മാത്രമാണെന്നാണു സമൂഹം ചിന്തിക്കുന്നത്.
ആണുങ്ങള്‍ കരയില്ലെന്നും അവര്‍ക്ക് ഒരു പിന്തുണയും വേണ്ടെന്നും സമൂഹം കരുതുന്നു. അതു പൊട്ടത്തെറ്റാണ്. നമ്മുടെ സമൂഹത്തെ മൊത്തം അടുത്ത ആഴ്ചകളിലും മാസങ്ങളിലും കൗണ്‍സല്‍ ചെയ്യാനുള്ള ആയിരക്കണക്കിനു സന്നദ്ധപ്രവര്‍ത്തകര്‍ വേണ്ടതുണ്ട്. അവര്‍ പുറമേനിന്നു വരില്ല. അഞ്ചോ പത്തോ പേര്‍ വന്ന് അവര്‍ കേരളത്തിലിപ്പോള്‍ തൊഴിലില്ലാതെ നില്‍ക്കുന്ന ആയിരം നഴ്‌സുമാരെ പരിശീലിപ്പിച്ചാല്‍ മാത്രം മതി.
ഇങ്ങനെ എവിടെയും ഹൈ സ്‌കില്‍ഡ് സന്നദ്ധസേവനത്തിന്റെ ആവശ്യമുണ്ട്. ചെയ്യാന്‍ കഴിവുള്ളവരുമുണ്ട്. ഇവരെ തമ്മില്‍ തമ്മില്‍ ബന്ധിപ്പിക്കാനുള്ള സംവിധാനമാണില്ലാത്തത്. ഇപ്പോള്‍ ഒറ്റക്കൊറ്റക്ക് ആളുകള്‍ക്ക് വേണമെങ്കില്‍ റെസ്‌ക്യൂ ചെയ്യാം. ആയിരക്കണക്കിനു സന്നദ്ധ പ്രവര്‍ത്തകര്‍ ഒരുമിച്ച്് ഒരേ പ്രോട്ടോക്കോള്‍ അനുസരിച്ചു ചെയ്യേണ്ട ജോലി അന്‍പതുപേര്‍ അന്‍പതുതരത്തില്‍ ചെയ്യുന്നതു വ്യക്തിപരമായി സന്തോഷമുണ്ടാക്കുന്നതാണെങ്കിലും പ്രായോഗികമായി ഉപയോഗശൂന്യമാണ്. അതുപോലെ തന്നെ ഹൈലി സ്‌കില്‍ഡ് ആയിട്ടുള്ളവര്‍ സന്നദ്ധസേവനം നടത്തുന്നതിനായി കെട്ടിടത്തിലെ ചെളിമാറ്റാന്‍ പോകുന്നത് ഈച്ചയെ കൊല്ലാന്‍ കലാഷ്‌നിക്കോവുമായി നടക്കുന്ന മണ്ടന്മാരെയാണ് ഓര്‍മിപ്പിക്കുന്നത്.
പുതിയ തലമുറയോട് ഇതേ പറയാനുള്ളൂ, ജീവിതത്തിലെ നിര്‍ണായകമായ ഘട്ടത്തിലൂടെയാണിപ്പോള്‍ കടന്നു പോകുന്നത്. നിങ്ങള്‍ക്കു രണ്ടു സാധ്യതകളുണ്ട്. മറ്റുള്ളവര്‍ കാര്യങ്ങള്‍ സംഘടിപ്പിച്ചു നിങ്ങളെ അതില്‍ ഭാഗഭാക്കാക്കുമെന്നു വിചാരിച്ച് ഓണാവധി കഴിക്കുക. അല്ലെങ്കില്‍ നേതൃത്വഗുണം കാണിച്ചു മുന്‍പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ നോക്കുക. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ ജീവിതം വ്യക്തിപരമായി മാറിമറിയും. ഒരു ദുരന്ത നിവാരണ വിദഗ്ദ്ധന്‍ ആകാന്‍ ഏറ്റവും എളുപ്പം ഒരു ദുരന്തത്തിലൂടെ കടന്നുപോകണം. ദുരന്തത്തിന്റെ കണക്കെടുപ്പു മുതല്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് വരെ കേരളത്തിലെ ദുരന്തകാലത്തു ചെയ്തവര്‍ക്കു പില്‍ക്കാലത്ത് ആ രംഗത്തില്‍ ഏറെ ജോലി സാധ്യതയുണ്ടാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.