2019 July 16 Tuesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

വരണ്ട കാലത്തിന്റെ പ്രാര്‍ഥനകള്‍

#പി.ആര്‍ രഘുനാഥ്

 

മരണം ശ്വസിക്കുകയായിരുന്നു അച്ഛന്‍.
ഇലകളില്‍ പതിഞ്ഞുവീശുന്ന കാറ്റില്‍, പുതപ്പു നീക്കിയ ഓറഞ്ചല്ലികളുടെ നിഷ്‌കളങ്ക മധുരത്തില്‍, വിളറിയ സാന്ധ്യവെളിച്ചത്തില്‍, പിന്നെ ഡെറ്റോള്‍ മണക്കുന്ന സിസ്റ്ററുടെ വെള്ളക്കോട്ടില്‍ മരണം മുദ്രവയ്ക്കുന്നു.
ആശുപത്രി ഒരു കോട്ടയാണ്. ഇരുട്ടിന്റെ നിറമുള്ള മരണത്തിന്റെ കോട്ട.
ഓരോന്നോര്‍ത്ത് അയാളിരുന്നു. അയാള്‍ക്കരികില്‍, പച്ചവിരിപ്പിച്ച ഇരുമ്പുകട്ടിലില്‍ അച്ഛന്‍ കിടന്നു. പുതപ്പു നീങ്ങിയ ശോഷിച്ച നെഞ്ചിന്‍കൂട്ടില്‍ വെള്ളരിപ്പിറാക്കള്‍ കുറുകി. ഡ്രിപ് സ്റ്റാന്‍ഡില്‍നിന്ന് കൈഞരമ്പിലേക്കു ജീവജലം മുറിഞ്ഞൊഴുകി.

ഒരിക്കല്‍ മുഖവുരയേതുമില്ലാതെ അച്ഛന്‍ പറഞ്ഞു: ”ഞാന്‍ മരിച്ചാല്‍ മെഡിക്കല്‍ കോളജിനു കൊടുക്കണം ബോഡി. കുട്ടികള്‍ അതു കീറിമുറിച്ചു പഠിക്കട്ടെ.”
ഉള്ളിലെ ക്ഷോഭം പുറത്തുകാണിക്കാതെ അയാള്‍ തലകുലുക്കി. ലോകത്തിന്റെ ക്ഷേമത്തിനു വേണ്ടി ജീവിച്ച ഒരാള്‍ അതേ ലോകത്തിനു മരണത്തിനുശേഷം തന്നെ വിട്ടുകൊടുക്കുന്നു. പക്ഷെ, ഇന്നലെ….
ഇന്നലെയാണ് അവര്‍ വന്നത്. രണ്ടു ചെറുപ്പക്കാര്‍. ചലനങ്ങളില്‍ പോലും കൃത്യത പാലിച്ച് അവരില്‍ ഒരാള്‍ പറഞ്ഞു:
”മിസ്റ്റര്‍ മോഹന്‍, അച്ഛന്‍ വൈകാതെ മരിക്കും. ബോഡി ഞങ്ങളുടെ കോളജിനു തരിക. വെറുതെ വേണ്ട. നല്ല തുക തരാം.”
എന്തു പറയണമെന്നറിയാതെ അന്തിച്ചുനില്‍ക്കെ മൊബൈല്‍ നമ്പര്‍ തന്ന് അവര്‍ പോയി. അപ്പോള്‍ പ്രാരാബ്ധങ്ങളുടെ പെരുക്കപ്പട്ടിക അയാളെ തൊട്ടു. മക്കളുടെ വിദ്യാഭ്യാസം, ബാങ്ക് ലോണുകള്‍… അങ്ങനെ ഒരുപാട് കാര്യങ്ങള്‍.
അയാള്‍ അച്ഛനെ നോക്കി. കണ്ണുകളടച്ച്, ഏതോ ഓര്‍മകളില്‍ സ്വയം നഷ്ടപ്പെട്ടു കിടക്കുകയായിരുന്നു അച്ഛന്‍. നരച്ച പട്ടുപോലുള്ള മുടിയിഴകള്‍ കാറ്റില്‍ പതിയെ ഇളകി. അപ്പോള്‍ അയാള്‍ സ്വയം വിചാരണ ചെയ്യാന്‍ തുടങ്ങി. ഒരു മരണം കൊണ്ടു മറ്റൊരാളുടെ ജീവിതം രക്ഷപ്പെടുമെങ്കില്‍ അതില്‍ എന്താണൊരു തെറ്റ്?
നാളെ തന്റെ മക്കള്‍ തന്റെ മരണത്തിനായി പ്രാര്‍ഥിക്കും, തീര്‍ച്ച!

അതിന്റെ ഒരു തുടക്കം പോലെ അയാള്‍ കണ്ണുകളടച്ച് അച്ഛന്റെ മരണത്തിനായി പ്രാര്‍ഥിക്കാന്‍ തുടങ്ങി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.