2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ആംബുലന്‍സിന് വഴിമാറിയില്ലെങ്കില്‍ 10,000 പിഴ, ഹെല്‍മെറ്റില്ലെങ്കില്‍ 1,000 പിഴയും ലൈസന്‍സ് റദ്ദാക്കലും; കടുത്ത വകുപ്പുകളുള്ള മോട്ടോര്‍ വാഹന ബില്ലിലെ മറ്റു നിര്‍ദേശങ്ങള്‍ ഇവയാണ്

 

ന്യൂഡല്‍ഹി: വിദേശ രാജ്യങ്ങളിലേതു പോലെ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നവിധത്തില്‍ മോട്ടോര്‍ വാഹന നിയമം ഭേദഗതിചെയ്ത് സര്‍ക്കാര്‍. ഇനി മുതല്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തിര സര്‍വ്വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10,000 രൂപ പിഴ ഉള്‍പ്പെടെയുള്ള ഭേദഗതികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്. മദ്യപിച്ച് വാഹനം ഓടിച്ചാലും 10,000 രൂപ വീതം പിഴ ഈടാക്കാനാണ് നിര്‍ദേശം. 18 സംസ്ഥാനങ്ങളിലെ ഗതാഗതമന്ത്രിമാരുടേതാണ് ഈ ഭേദഗതി നിര്‍ദേശങ്ങള്‍. ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കളെ മൂന്നു വര്‍ഷം ജയിലില്‍ അടയ്ക്കാനും പുതിയ ബില്ലില്‍ നിര്‍ദേശമുണ്ട്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭ ഭേദഗതി ബില്ലിന് അംഗീകാരം നല്‍കി. ബില്ല് അംഗീകാരത്തിനായി നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും.

ബില്ലിലെ പ്രധാന വ്യവസ്ഥകള്‍

* അമിത വേഗത്തിന് 1,000 മുതല്‍ 2,000 രൂപ വരെ പിഴ.

* ഇന്‍ഷുറന്‍സില്ലാത്ത വാഹനമോടിച്ചാല്‍ 2000 രൂപ പിഴ

* ഹെല്‍മെറ്റില്ലാതെ ബൈക്കോടിച്ചാല്‍ 1000 രൂപ പിഴയും 3 മാസം ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഷനും.

* ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ 100 രൂപയില്‍ നിന്ന് 500 രൂപയാക്കും.

* അധികൃതരുടെ ഉത്തരവുകള്‍ അനുസരിക്കാത്തവര്‍ക്ക് കുറഞ്ഞ പിഴ 2000 രൂപ.

* ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ 5000 രൂപ പിഴ.

* അപകടകരമായ ഡ്രൈവിങിന് 5000 രൂപ പിഴ.

* ഓവര്‍ലോഡ് കയറ്റിയാല്‍ 20,000 രൂപ പിഴ.

* സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍ 1000 രൂപ പിഴ.

* ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപ പിഴ.

* ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശേഷം വാഹനമോടിച്ചാല്‍ 10,000 രൂപ പിഴ.

* മോട്ടര്‍ വാഹന നിയമങ്ങള്‍ ലംഘിക്കുന്ന ആപ് അടിസ്ഥാനമാക്കിയുള്ള ടാക്‌സികള്‍ക്കും റെന്റ് എ കാര്‍ സര്‍വീസുകള്‍ക്കും മറ്റും ഒരു ലക്ഷം രൂപ വരെ പിഴ.

* പ്രായപൂര്‍ത്തിയാകാത്തവര്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചാല്‍ അവരുടെ രക്ഷകര്‍ത്താക്കളോ വാഹനത്തിന്റെ ഉടമയോ കുറ്റക്കാരാവും. വാഹന രജിസ്‌ട്രേഷന്‍ റദ്ദാക്കും

* അപകടങ്ങള്‍ക്ക് കാരണമാകുന്ന റോഡുകളുടെ തെറ്റായ രൂപകല്‍പന, ശോചനീയാവസ്ഥ എന്നിവയ്ക്ക് കോണ്‍ട്രാക്ടര്‍മാര്‍, നഗരാധികൃതര്‍ എന്നിവര്‍ ഉത്തരവാദികളാകും.

* ഡ്രൈവിങ് ലൈസന്‍സിന്റെ കാലാവധി തീരുന്നതിന് മുമ്പും ശേഷവും പുതുക്കാനുള്ള സമയ പരിധി ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ

* വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനും ആധാര്‍ നിര്‍ബന്ധം.

* അപകടത്തില്‍പ്പെടുന്നയാളെ രക്ഷിക്കുന്നവര്‍ക്ക് സിവില്‍, ക്രിമിനല്‍ നിയമങ്ങളുടെ സംരക്ഷണം.

* പ്രത്യേക സാഹചര്യങ്ങളിലുള്ള അപകടങ്ങള്‍ക്കായി മോട്ടോര്‍ വാഹന ഫണ്ടില്‍നിന്ന് ഇന്ത്യയിലെ എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ബന്ധിത ഇന്‍ഷൂറന്‍സ് പരിരക്ഷ

* നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആറ് മാസം.

* അംഗവൈകല്യമുള്ളവര്‍ക്കുതകുന്ന രീതിയില്‍ വാഹനത്തിന്റെ രൂപം മാറ്റാം.

 

Drink driving may now cost you Rs 10,000 & parents of minor drivers could face jail term


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.