2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

സാക്കിര്‍ നായിക്കിന് ഇനി മലേഷ്യയില്‍ എവിടെയും പ്രസംഗിക്കാനാവില്ല, വിലക്ക് വന്നത് വിവാദ പ്രഭാഷണത്തിനൊടുവില്‍; ഇന്നലെ നായിക്കിനെ ചോദ്യംചെയ്തത് പത്ത് മണിക്കൂറോളം

 

ക്വലാലംപുര്‍: വിവാദ പ്രസംഗത്തിന്റെ പേരില്‍ പ്രമുഖ സലഫി പ്രഭാഷകന്‍ സാക്കിര്‍ നായികിനെതിരെ മലേഷ്യയില്‍ നടപടി. സാകിര്‍ നായികിന് ഇനിമുതല്‍ മലേഷ്യയില്‍ പ്രസംഗിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തി. ഇതുസംബന്ധിച്ച് അധികൃതര്‍ മുഴുവന്‍ പൊലിസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയതായി റോയല്‍ മലേഷ്യന്‍ പൊലിസ് മേധാവി ദതൂക് അസമാവതി അഹമ്മദിനെ ഉദ്ധരിച്ച് മലയ് മെയില്‍ റിപ്പോര്‍ട്ട്‌ചെയ്തു. ദേശസുരക്ഷയും രാജ്യത്തെ സൗഹാര്‍ദ അന്തരീക്ഷവും പരിഗണിച്ചാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് രാജ്യത്തെ ആറു സംസ്ഥാനങ്ങള്‍ സാകിര്‍ നായിക്കിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. വിലക്ക് നിലവില്‍ വന്ന സംസ്ഥാനങ്ങളിലെ ഔദ്യോഗിക മുസ്‌ലിം മത സംഘടനകളും സാകിര്‍ നായിക്കിന്റെ നടപടികളില്‍ വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊതുപരിപാടികളില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിന് രാജ്യത്തുടനീളം സാകിര്‍ നായിക്കിന് വിലക്കുവീണത്.
ഇന്ത്യയില്‍ വിവിധ കേസുകളില്‍ വിചാരണ നേരിടുന്നതിനിടെ മലേഷ്യയിലെത്തി അവിടെ അഭയത്തില്‍ കഴിയുന്ന സാകിര്‍ നായിക്കിന് പുതിയ നടപടി കനത്ത തിരിച്ചടിയാണ്.

 

ചോദ്യംചെയ്യലിന് വിധേയമായ ശേഷം ബുകിത് അമന്‍ പൊലിസ് ആസ്ഥാനത്തുനിന്ന് മടങ്ങുന്ന നായിക്‌

 

സാകിര്‍ നായികിനെ വിട്ടുകിട്ടാന്‍ ഇന്ത്യ പലതവണ ശ്രമം നടത്തിയിരുന്നുവെങ്കിലും മലേഷ്യന്‍ സര്‍ക്കാര്‍ ആവശ്യം തള്ളുകയായിരുന്നു. മലേഷ്യയില്‍ നിന്ന് വിട്ടുകിട്ടാനും അദ്ദേഹത്തിനെതിരേ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അടക്കമുള്ള ഇന്ത്യയുടെ ഏജന്‍സികളുടെ ആവശ്യം ഇന്റര്‍പോള്‍ മൂന്നുതവണയാണ് തള്ളിയത്. നായികിനെതിരേ ഇന്ത്യന്‍ ഏജന്‍സികള്‍ ആരോപിക്കുന്ന കുറ്റങ്ങളില്‍ തെളിവില്ലെന്നു ചൂണ്ടിക്കാണിച്ചായിരുന്നു മലേഷ്യയുടെ നടപടി. നായികിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മലേഷ്യക്ക് ഇന്ത്യ 12 അപേക്ഷകളാണ് നല്‍കിയത്. മുഴുവന്‍ മലേഷ്യ തള്ളുകയാണുണ്ടായത്. നിലവില്‍ മലേഷ്യയുടെ പൗരത്വം സ്വന്തമാക്കി അവിടെ കഴിയുകയാണ് സാക്കിര്‍ നായിക്.

ഓഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവില്‍ നടത്തിയ പ്രഭാഷണത്തിനിടെ ഹിന്ദുക്കളെയും ചൈനീസ് വംശജരെയും ലക്ഷ്യംവച്ചു നടത്തിയ പ്രസംഗമാണ് നായികിന് വിനയായത്. ‘പഴയ അതിഥി’കളായ മലേഷ്യയിലെ ചൈനീസ് വംശജര്‍ ഉടന്‍ രാജ്യംവിടണമെന്നും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്കുള്ളതിനെക്കാള്‍ നൂറിരട്ടി അവകാശങ്ങള്‍ മലേഷ്യയിലെ ഹിന്ദുക്കള്‍ക്കുണ്ടെന്നുമായിരുന്നു നായിക്കിന്റെ പരാമര്‍ശം. മലേഷ്യയിലെ (പ്രധാനമന്ത്രി) മഹാതീര്‍ മുഹമ്മദിനെക്കാള്‍ ഇന്ത്യയിലെ നരേന്ദ്രമോദിയോടാണ് ഇവിടത്തെ ഹിന്ദുക്കള്‍ക്ക് ഇഷ്ടമെന്നും നായിക് പ്രസംഗിച്ചിരുന്നു. പ്രസംഗം വിവാദമായതോടെ അതുവരെ നായികിനെ പിന്തുണച്ച പ്രധാനമന്ത്രി മഹാതീര്‍ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ കൈവിട്ടു. നായിക്ക് വംശീയരാഷ്ട്രീയം കളിക്കാനാഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന പരാമര്‍ശമാണിതെന്നായിരുന്നു മഹാതിര്‍ മുഹമ്മദ് പ്രതികരിച്ചത്. വംശീയവികാരങ്ങളെ ആളിക്കത്തിക്കാനാണ് നായിക്ക് ശ്രമിക്കുന്നത്. മതപ്രസംഗം നടത്താനുള്ള അവകാശം നായിക്കിനുണ്ട്. എന്നാല്‍, അദ്ദേഹം അതല്ല ചെയ്യുന്നത്. രാജ്യത്ത് രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ നായിക്കിന് അവകാശമില്ല. വിവാദപ്രസ്താവന രാജ്യത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടോയെന്ന് പോലിസ് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മഹാതീര്‍ മന്ത്രിസഭയിലെ ഹിന്ദു അംഗം ഉള്‍പ്പെടെയുള്ളവരും രംഗത്തുവന്നതോടെ അദ്ദേഹത്തിനെതിരെ അന്വേഷണം നടന്നു. ഇതിന്റെ ഭാഗമായി ഇന്നലെ പത്തുമണിക്കൂറോളം നേരമാണ് നായികിനെ പൊലിസ് ചോദ്യംചെയ്തത്. ചോദ്യംചെയ്യലിന് വിധേയമായ ശേഷം ബുകിത് അമന്‍ പൊലിസ് ആസ്ഥാനത്തുനിന്ന് ടൊയോട്ട ഇന്നോവ കാറില്‍ നിന്ന് സാകിര്‍ നായിക് മടങ്ങുന്ന ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടു. പൊതുസമാധാനം ഭംഗംവരുത്തുന്നതു സംബന്ധിച്ച വകുപ്പ് പ്രകാരമാണ് നായികിനെതിരെ മലേഷ്യന്‍ പൊലിസ് അന്വേഷണം നടത്തുന്നത്.

Dr Zakir Naik now banned from giving speeches anywhere in Malaysia


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News