2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

കറിവേപ്പിലയുടെ സ്ഥാനമല്ല അവരുടേത്; നിപാ കാലത്ത് സേവനം ചെയ്ത നഴ്‌സുമാരെ പിരിച്ചുവിട്ടതിനെതിരെ ഡോ. ഷിംന അസീസ്

 

കോഴിക്കോട്: നിപാ കാലത്ത് സ്വജീവന്‍ പണയപ്പെടുത്തി സേവനം ചെയ്ത താല്‍ക്കാലിക നഴ്‌സുമാരെ പിരിച്ചുവിട്ട നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി യുവ ഡോക്ടറും എഴുത്തുകാരിയുമായ ഡോ. ഷിന അസീസ്. താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് ആദ്യമായിട്ടല്ലെങ്കിലും ഇത്രയേറെ ത്യാഗം ചെയ്ത് കൂടെ നിന്നവരെ ഒഴിവാക്കുന്നതില്‍ ശരികേടുണ്ടെന്ന് ഡോക്ടര്‍ പറയുന്നു.

ആപത്തില്‍ കൂടെ നിന്നവരെ പറഞ്ഞയക്കുന്നത് നന്ദികേടാണ്. ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത വിധത്തില്‍ വന്നൊരു അത്യാഹിതത്തില്‍ കൂടെ നിന്നവരെ എന്തിന്റെ പേരിലായാലും സംരക്ഷിക്കേണ്ടതുണ്ട്. അവര്‍ക്ക് അവരര്‍ഹിക്കുന്ന സ്ഥാനം കൊടുക്കണം. കറിവേപ്പിലയുടെ സ്ഥാനമല്ല അവരുടേത്. സമരം ചെയ്യാനായി അവര്‍ ഒരു പന്തലില്‍ ഇറങ്ങിയിരുന്നു എന്നത് പോലും നമുക്ക് അപമാനമാണെന്നും ഡോക്ടര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഡോ. ഷിംന അസീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണമായി വായിക്കാം

ഡ്യൂട്ടിക്കിടെ ഒരു വൈകുന്നേരമാണ് നാട്ടില്‍ ഇതുവരെ കേള്‍ക്കാത്ത എന്തോ ഒരു പനി പടര്‍ന്ന് പിടിക്കുന്നു, കോഴിക്കോട് അതേക്കുറിച്ചുള്ള ഒരു അടിയന്തര ചര്‍ച്ച നടക്കുന്നുണ്ട് എന്നു കേട്ടത്. ഇതുകേട്ട് അന്തിച്ച് പുതിയ വല്ല ഫേക്ക് മെസേജുമാണെന്ന് കരുതി വാട്‌സ്ആപ്പിലും ഫേസ്ബുക്ക് മെസഞ്ചറിലും ഗ്രൂപ്പുകളിലും എല്ലാം കയറി പരതി. പലയിടത്തുനിന്നും ഒരു നോട്ടീസ് കിട്ടി,ഒരു രോഗം പടരുന്നുണ്ട്, നിപ്പ രോഗം ആയിരിക്കാനാണ് സാധ്യത എന്ന് മാത്രമറിഞ്ഞു. ഒന്നും മനസ്സിലാകാതെ ഇതെന്ത് രോഗമെന്നറിയാന്‍ ഗൂഗിളിലേക്ക് ഊളിയിട്ടു, ഫലം കണ്ട് ഞെട്ടി.

പതുക്കെ പരിശോധനകളുടെ ഫലം വന്നു, നിപ്പ സ്ഥിരീകരിച്ചു. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത രോഗത്തെക്കുറിച്ച് ഒരുപാട് ആലോചനകളും ചര്‍ച്ചകളും കൊഴു കൊഴുത്തു. കോഴിക്കോട് നഗരം ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായി. യുദ്ധകാലാടിസ്ഥാനത്തില്‍ ജനങ്ങളും മാധ്യമങ്ങളും അതേറ്റെടുത്തു. കൂടെ എഴുതിക്കൊണ്ടിരുന്ന, പറഞ്ഞുകൊണ്ടിരുന്ന ഞങ്ങളും. ജോലിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ നിപ്പ വന്ന് മരിച്ചവരുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോഴാണ് സംഗതിയുടെ യഥാര്‍ത്ഥ ഭീകരത കാണാനായത്. മരണവാഹകരായ എന്തോ ഒന്ന് ചിറക് വിടര്‍ത്തി തലക്ക് മീതെയെന്നോണം നില്‍ക്കുന്നുവെന്ന മട്ടില്‍ കുറേ പേര്‍… മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ എന്ന് ഞങ്ങളെ പരിചയപ്പെടുത്തുമ്പോള്‍ പലരും വല്ലാതെ ഉറ്റുനോക്കുന്നത് കണ്ടു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സ്ഥിതി ഇതിലും ഭീകരമായിരുന്നു. ആളുകള്‍ ആ സ്ഥാപനത്തെ വല്ലാതെ ഭയന്നിരുന്നു. ആരും അങ്ങോട്ട് പോകാറില്ല, രോഗമുണ്ടെങ്കിലും പോകില്ല എന്ന അവസ്ഥ. എന്നിട്ടും അവിടെ രോഗികളെ പരിശോധിച്ചും അവര്‍ക്ക് മരുന്ന് എഴുതിയും അവര്‍ക്ക് വേണ്ടത് ചെയ്തുകൊടുത്തു ബഹിരാകാശ സഞ്ചാരികളെ അനുസ്മരിപ്പിക്കുന്ന വസ്ത്രം ധരിച്ച് ഡോക്ടര്‍മാരും അവരോട് തോള്‍ ചേര്‍ന്ന് നഴ്‌സുമാരും നഴ്‌സിംഗ് അസിസ്റ്റന്റുകളും ക്ലീനിംഗ് തൊഴിലാളികളും ജോലി ചെയ്തു.

നിപ്പ രോഗമുള്ളവരുടെ ശരീരത്തില്‍ നിന്നും ഉണ്ടാകുന്ന സ്രവങ്ങള്‍ കടുത്ത രീതിയില്‍ രോഗം പടര്‍ത്തും എന്നറിഞ്ഞിട്ടും അവര്‍ എല്ലാം അവഗണിച്ച് അവരെ പരിചരിച്ചു. അവരുടെ ശരീരത്തില്‍ നിന്നും വന്നതെല്ലാം നശിപ്പിക്കാനും അവര്‍ മരണപെട്ടപ്പോള്‍ അവരുടെ മൃതദേഹം പിടിക്കാനും ഇവരല്ലാതെ ആരുമുണ്ടായിരുന്നില്ല. മറ്റെല്ലാവരും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ പാഞ്ഞൊളിച്ചപ്പോള്‍, താല്‍ക്കാലിക നിയമനാടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ട ഈ ജീവനക്കാര്‍ കേരളം നേരിട്ട ഏറ്റവും വലിയ ഭീതികളില്‍ ഒന്നിനെ ധീരതയോടെ, ആത്മവിശ്വാസത്തോടെ തങ്ങളുടെ കടമയായി ഏറ്റെടുത്തു.

അവരെ പിരിച്ചുവിട്ടിരിക്കുന്നു. താല്‍ക്കാലിക ജോലിക്കാരെ പിരിച്ചു വിടുന്നത് ഇത് ആദ്യമായിട്ടല്ലെന്നത് നേര്. പക്ഷേ, ഡോക്ടര്‍മാര്‍ തനിച്ച് കൂട്ടിയാല്‍ കൂടാത്തൊരിടത്ത് ‘എന്തും വരട്ടെ’ എന്ന മനുഷ്യത്വത്തിന്റെ ചോര മണക്കുന്ന ധൈര്യവുമായി നില കൊണ്ടവരാണ് അവര്‍. അവരെ കൈയ്യൊഴിയുന്നതില്‍ ഒരു ശരികേടുണ്ട്. നിസ്സംശയം അവര്‍ കൂടുതല്‍ ആദരവ് അര്‍ഹിക്കുന്നുണ്ട്.

ആ കാലത്ത് നമ്മളൊക്കെ വലിയ ആഘോഷമായി നെഞ്ചിലേറ്റിയ ഒരു ചിത്രമുണ്ടായിരുന്നു. പെരുമഴയത്ത് നിപ്പ രോഗികള്‍ ഉപയോഗിച്ച വസ്തുക്കള്‍ നശിപ്പിക്കാനായി അതെല്ലാം സ്‌ട്രെച്ചറില്‍ കൂട്ടിയിട്ട് കടന്നുപോകുന്ന രണ്ടു പേരുടെ ചിത്രം. ആ ചിത്രം ജീവിതത്തിനും മരണത്തിനുമിടക്കുള്ള ഏതോ തലത്തില്‍ ഊര്‍ദ്ധശ്വാസം വലിക്കുന്ന മനുഷ്യരുടെ ഒരു നിമിഷം മരവിപ്പിച്ച് പതിച്ചെടുത്തതായിരുന്നു.

അതില്‍ മനുഷ്യത്വം ഉണ്ടായിരുന്നു, കടമകളും കടപ്പാടുകളും ഉണ്ടായിരുന്നു. നമ്മളെല്ലാം ആ ഹീറോകളെ കാണാന്‍ ആഗ്രഹിച്ചു. ഇന്ന് അവര്‍ ആരാലും വേണ്ടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നിലെ സമരപ്പന്തലില്‍ ഇരിപ്പുണ്ട്. തങ്ങളെ തിരിച്ചെടുക്കണം, തങ്ങള്‍ക്ക് ജീവിക്കണം, തങ്ങള്‍ക്ക് ഇനിയും ജോലി ചെയ്യണം എന്ന് പറഞ്ഞുകൊണ്ട്…

ആപത്തില്‍ കൂടെ നിന്നവരെ പറഞ്ഞയക്കുന്നത് നന്ദികേടാണ്. ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത വിധത്തില്‍ വന്നൊരു അത്യാഹിതത്തില്‍ കൂടെ നിന്നവരെ എന്തിന്റെ പേരിലായാലും സംരക്ഷിക്കേണ്ടതുണ്ട്. അവര്‍ക്ക് അവരര്‍ഹിക്കുന്ന സ്ഥാനം കൊടുക്കണം. കറിവേപ്പിലയുടെ സ്ഥാനമല്ല അവരുടേത്. സമരം ചെയ്യാനായി അവര്‍ ഒരു പന്തലില്‍ ഇറങ്ങിയിരുന്നു എന്നത് പോലും നമുക്ക് അപമാനമാണ്.

അവരോടൊപ്പമാണ്… ആയിരിക്കുകയും ചെയ്യും.

Dr.Shimna Azeez


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.