2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഹൃദയം തൊട്ടറിഞ്ഞ ഡോ.കുഞ്ഞാലി

രണ്ടാം ലോകമഹായുദ്ധത്തില്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരുന്ന യുദ്ധ തടവുകാരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ നിന്നുമാണ് തന്റെ ചികിത്സാരീതിയിലേക്കുള്ള ഒരു 'ഇന്‍ഡയറക്ട് എവിഡന്‍സ്' ഡോക്ടര്‍ കണ്ടെത്തിയത്

 

 

തയ്യാറാക്കിയത്
ഹാസിഫ് നീലഗിരി

 

ഹൃദയ ചികിത്സാ രംഗത്ത് വേറിട്ട ചികിത്സാ രീതികള്‍ വിജയകരമായി പരീക്ഷിച്ച് വിജയിച്ച ഒരു മലബാറുകാരനായ ഡോക്ടറാണ് കോഴിക്കോട് മലബാര്‍ ഹോസ്പിറ്റലിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. കെ കുഞ്ഞാലി.

ശസ്ത്രക്രിയയും ആന്‍ജിയോപ്ലാസ്റ്റിയും മാത്രമേ പരിഹാരമുള്ളുവെന്ന് പല വിദഗ്ധരും വിധി എഴുതിയ നിരവധി രോഗികള്‍ക്കാണ് തന്റേതായ ചികിത്സാരീതികള്‍ വഴി ഇദ്ദേഹം ആശ്വാസം പകരുന്നത്. ശസ്തക്രിയ കൂടാതെ രോഗിയുടെ ഹൃദയധമനിയിലെ തടസം 100 ശതമാനം നീക്കിയ ലോകത്തെ ആദ്യ ഡോക്ടറെന്ന റെക്കോഡ്, കാസര്‍കോട്ടെ ഒരു കുഗ്രാമത്തില്‍ കന്നഡ മീഡിയം മാത്രം പഠിച്ച് വളര്‍ന്ന ഇദ്ദേഹത്തിന്റെ പേരിലാണിപ്പോള്‍.

വൈദ്യശാസ്ത്ര രംഗത്തെ ആധികാരിക പ്രസിദ്ധീകരണം ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ (ബി.എം.ജെ) കഴിഞ്ഞ നവംബര്‍ 27 ന് ഡോക്ടര്‍ തയ്യാറാക്കിയ ഒരു 39കാരന്റെ കേസ് ഡയറി പ്രസിദ്ധീകരിച്ചതോടെയാണ് ഇദ്ദേഹത്തിന്റെ ചികിത്സാരീതി ലോക ശ്രദ്ധ നേടുന്നത്.
ഹൃദ്രോഗിയായ ആ 39 കാരന്‍ കോയമ്പത്തൂരില്‍ നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ ഇടത് ഹൃദയധമനി 80 മുതല്‍ 90 ശതമാനം വരെ അടഞ്ഞതായി കണ്ടെത്തിയെങ്കിലും പ്രവാസിയായ ഇയാള്‍ അവിടെ തുടര്‍ ചികിത്സ നടത്താതെ മടങ്ങി. പിന്നീട് 2010ലാണ് ഇയാള്‍ ഡോ. കുഞ്ഞാലിയുടെ തേടിയെത്തിയത്.
അവിടെ വെറും പത്ത് ദിവസത്തെ ചികിത്സകൊണ്ട് രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമായി. തുടര്‍ന്ന് ജോലിക്കായി ജിദ്ദയിലേക്കു തിരിച്ചു. രണ്ടു വര്‍ഷത്തിന് ശേഷം നടത്തിയ പരിശോധനയില്‍ 50 ശതമാനം തടസം നീങ്ങിയതായും 2017ല്‍ അത് 100 ശതമാനം മാറിയതായും കണ്ടെത്തി.
ചില സാങ്കേതിക തടസങ്ങള്‍ കൊണ്ടു മാത്രം ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ കയറാന്‍ പറ്റാതെ പോയെങ്കിലും നിരവധി അംഗീകാരങ്ങളാണ് ഇദ്ദേഹത്തെ തേടി പിന്നീടെത്തിയത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ‘അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സ്’.

ചികിത്സാരീതി

‘ഓപ്പണിങ് ഹാര്‍ട്ട് പ്രോഗ്രാം’ (ഒ.എച്.പി) എന്നാണ് ഈ ചികിത്സാരീതിയെ ഡോക്ടര്‍ വിശേഷിപ്പിക്കുന്നത്. എല്ലാവരേയും പോലെ ഒരു ഹൃദ്രോഗിക്ക് ആദ്യം തന്നെ ആന്‍ജിയോപ്ലാസ്റ്റി നിര്‍ദ്ദേശിക്കാതെ ഭക്ഷണ ക്രമീകരണം നടത്തി, തൂക്കം കുറച്ച്, വിത്യസ്ത വ്യായാമങ്ങള്‍ പരിശീലിപ്പിച്ച്, ജീവിതശൈലിയില്‍ തന്നെ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടു വന്ന് രോഗികളെ ചികിത്സിക്കുന്നതാണ് ഡോക്ടറുടെ രീതി.

ചില പ്രത്യേക യോഗാമുറകളും മനശാസ്ത്ര കൗണ്‍സിലിങും ഈ ചികിത്സാരീതിയുടെ പ്രധാന ഭാഗമാണ്. ഇത്തരം വിത്യസ്ത മുറകളിലൂടെ രോഗിയുടെ കൊഴുപ്പിന്റെ അളവ് ഗണ്യമായി കുറക്കുവാനും ധമനികളിലെ തടസങ്ങള്‍ പൂര്‍ണ്ണമായി നീക്കുവാനും സാധിക്കുമെന്ന് തന്റെ ഗവേഷണ പഠനങ്ങളിലൂടെയാണ് ഡോക്ടര്‍ കണ്ടെത്തിയത്.

രണ്ടാം ലോക മഹായുദ്ധവും ഡോ. കുഞ്ഞാലിയും

രണ്ടാം ലോകമഹായുദ്ധത്തില്‍ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരുന്ന യുദ്ധ തടവുകാരുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളില്‍ നിന്നുമാണ് തന്റെ ചികിത്സാരീതിയിലേക്കുള്ള ഒരു ‘ഇന്‍ഡയറക്ട് എവിഡന്‍സ്’ ഡോക്ടര്‍ കണ്ടെത്തിയത്.
അന്ന് യുദ്ധത്തില്‍ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവരുടെ ധമനികളില്‍ ബ്ലോക്കുള്ളതായും മാസങ്ങളോളം തടവില്‍ പട്ടിണി കിടന്ന്, ശോഷിച്ച് മരിച്ചവര്‍ക്ക് ബ്ലോക്ക് നീങ്ങിയതായും ശ്രദ്ധയില്‍ പെട്ടു. ഈ സംഭവമാണ് ഇത്തരമൊരു ചിന്തയിലേക്ക് തന്നെ കൊണ്ടെത്തിച്ചതെന്ന് ഡോക്ടര്‍ പറയുന്നു.

രോഗിയെ ചേര്‍ത്ത് പിടിക്കുന്ന ഡോക്ടര്‍

ഡോ.കുഞ്ഞാലിയെ തേടിയെത്തുന്നവരിലൊരുപാട് പാവപ്പെട്ട രോഗികളുമുണ്ട്. ഭാരിച്ച ചികിത്സാ ചെലവുകള്‍ താങ്ങാനാവാതെ എത്തുന്ന രോഗികള്‍ ശസ്ത്രക്രിയ കൂടാതെ തന്നെ പത്ത് ദിവസങ്ങള്‍ കൊണ്ടാണ് രോഗലക്ഷണങ്ങള്‍ മാറി സംതൃപ്തരായി മടങ്ങുന്നത്.
അപൂര്‍വം ചില രോഗികള്‍ക്ക് മാത്രമേ ഇദ്ദേഹം ആന്‍ജിയോപ്ലാസ്റ്റി നിര്‍ദ്ദേശിക്കാറൊള്ളു.

ബാഫഖിതങ്ങളും ഡോക്ടറും

ഡോക്ടര്‍ക്ക് പിതൃതുല്യനാണ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍. പി.എസ്.സി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും നിയമനം ലഭിക്കാതിരുന്നപ്പോള്‍ ബാഫഖി തങ്ങള്‍ സി.എച്ചിന് എഴുതിയ ‘ ഇത് എന്റെ സ്വന്തം ആളാണ്. യോഗ്യത നേടിയ ഇയാള്‍ക്ക് തടസങ്ങള്‍ എല്ലാം നീക്കി നിയമനത്തിന് വേണ്ട എല്ലാ കാര്യങ്ങളും വേഗത്തിലാക്കണം’ എന്ന കുറിപ്പടിയിലാണ് തനിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയമനം ലഭിച്ചതെന്ന് സ്‌നേഹസ്മരണയോടെ ഡോക്ടര്‍ ഓര്‍ത്തെടുക്കുന്നു.

നിയന്ത്രണങ്ങളില്ലാത്ത അമിതഭക്ഷണ ശീലം, വ്യാഴാമക്കുറവ്, പുകയില ഉപയോഗം ഇവയെല്ലാമാണ് ഹൃദയരോഗങ്ങളുടെ പ്രധാന ഹേതു.
കൃത്യമായി നിയന്ത്രിച്ചാല്‍ ശസ്ത്രക്രിയ ഇല്ലാതെ തന്നെ ഹൃദ്രോഗത്തെ ചെറുക്കാമെന്നാണ് ഡോക്ടര്‍ കുഞ്ഞാലിയുടെ അനുഭവസാക്ഷ്യം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.